എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

21 നവംബർ 2009

എന്റെ ചെറിയ നാടകമോഹങ്ങളില്‍ ഒരു വലിയ കൊച്ചുബാവ


എം.ടി. , മുകുന്ദന്‍, പദ്മനാഭന്‍, വിജയന്‍ (സര്‍വ്വ ശ്രീ) എന്നിവര്‍ക്കപ്പുറമൊരു കഥാലോകമില്ലെന്നു വിശ്വസിച്ചിരുന്നവരും അല്ലാത്തവരുമായ സ്കൂള്‍- കോളേജ് സുഹൃത്തുക്കള്‍ക്കുമുന്നില്‍ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ പ്രിയപ്പെട്ട കഥാകൃത്തായി ഞാന്‍ അവതരിപ്പിച്ചിരുന്നത് ശ്രീ. ടി. വി. കൊച്ചുബാവയെയായിരുന്നു. അദ്ഭുതത്തോടെ പലരും എന്തുകൊണ്ടങ്ങനെ എന്ന് ചോദിച്ചിരുന്നെങ്കിലും മൌനം ദീക്ഷിക്കുകയോ ചില ബു.ജീ. സ്റ്റയില്‍ മറുപടികള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളുകള്‍ക്കു ശേഷമാണ്.

നാട്ടിലെ ക്ലബ്ബുകള്‍ക്കും വായനാശാലകള്‍ക്കും പൂരകമ്മിറ്റികള്‍ക്കും വേണ്ടി വര്‍ഷത്തില്‍ മൂന്നും നാലും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന അച്ചന്റെ അഭിനയക്കമ്പത്തില്‍ നിന്നുമായിരുന്നു ഞാന് ‍വായനയുടെ ലോകത്തേക്ക് ജാലകങ്ങള്‍ തുറക്കുന്നത്. വാങ്ങിയതും വായനാശാലയില്‍ നിന്നും കൊണ്ടുവന്നതുമായ കുറെയേറെ നാടകപുസ്തകങ്ങള്‍ സീസനായാല്‍ വീട്ടില്‍ നിറയും. സി. എല്‍. ജോസ് , ശ്രീമൂലനഗരം മോഹന്‍..... തുടങ്ങിയ ഒട്ടനവധി പ്രൊഫഷനല്‍ നാടകകൃത്തുക്കള്ടെ പേര്‍ എനിക്ക് സുപരിചിതമാകുകയും ചെറുതായിരിക്കുമ്പോള്‍ തന്നെ എന്റെ വായനാശീലം അവരില്‍ നിന്നും ആരംഭിക്കുകയുമായിരുന്നു. ഇതിനു സമാനമായ തീമുകളുള്ള ലഘു നാടകങ്ങള്‍ എന്നൊക്കെ പറയാവുന്ന പലതും ഞാന്‍ കുത്തിക്കുറിച്ചു

അഞ്ചാം ക്ലാസ്സുമുതലുള്ള എന്റെ പഠനം നാട്ടിലെ പല പരിമിതികളും കാരണം ഷൊറണ്ണൂര്‍ ഹൈസ്കൂളിലേക്ക് മാറ്റപ്പെട്ടു. ഒരു നാടന്‍ സ്കൂളിന്റെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുള്ള ബോര്‍ഡിംഗ് വിദ്യാഭ്യാസം. ഇവിടെ എല്ലാ വര്‍ഷവും ഹോസ്റ്റല്‍ ഡേ നടക്കാരുണ്ട്. അപ്പര്‍ പ്രൈമറി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും പ്രത്യേകം പ്രത്യേകം പരിപാടികള്‍ അവതരിപ്പിക്കും. ഹൈസ്ക്കൂളുകാര്‍ നാടകവും മറ്റും അവതരിപ്പിക്കുമ്പോള് ‍പ്രൈമറിക്കാര്‍ സാധാരണ ചെയ്യുന്നത് ചെറിയ സ്കിറ്റും മറ്റുമാണ്. ഞങ്ങള്‍ക്കും ഒരു നാടകം വേണമെന്ന് ചിന്തിക്കുന്നത് UP ക്കാരുടെ നേതാവ് സന്തോഷേട്ടന്‍. പക്ഷെ നാടകം എവിടെ നിന്ന് ? ചിലതെല്ലാം എഴുതിയിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. 'പ്രതികാരം' എന്നാ നാടകം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു. എല്ലാവര്ക്കും തൃപ്തിയായി. കൃത്യമായ കഥ ഓര്‍മ്മയില്ലെങ്കിലും കള്ളനോട്ട് , പോലീസ്, കൊലപാതകം എന്നിങ്ങനെയുള്ള എല്ലാ മസാലകളും ആ അഞ്ചാം ക്ലാസ്സുകാരന്റെ നാടകത്തിലുന്ടായിരുന്നു.

ആദ്യ നാടകം തന്നെ സെന്‍സര്‍ കുരുക്കില്‍പ്പെട്ടു. പരിപാടികള്‍ കാണാന്‍ മാനേജര്‍, അദ്ദേഹത്തിന്റെ പത്നി എന്നിവരെല്ലാം വരും. അവര്‍ക്ക് മുന്നില്‍ ഇത്തരം നാടകങ്ങള്‍ അവതരിപ്പിച്ചുകൂടാ. - കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകമല്ലേ, ഇങ്ങനെയാണോ കഥ. ? പരിപാടികളെല്ലാം പ്രിവ്യൂ ചെയ്യുന്നത് സ്കൂളിലെ അദ്ധ്യാപകനും വാര്‍ടനുമായ ഗിരീശന്‍ മാഷാണ്. നാടകം നിരോധിക്കപ്പെട്ടു.

ഇനിയെന്തുവേണമെന്നായി. സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു-അല്പം ഗുണപാഠമുണ്ടയാല്‍ സമ്മതിക്കുമായിരിക്കും. എല്ലാവരും അംഗീകരിച്ചു. അങ്ങനെ ഞാനെന്റെ നാടകം ചെറുതായി മാറ്റിയെഴുതി. ഏതോ ഒരു നാടകത്തില്‍ കണ്ടതോ വായിച്ചതോ ആയ കോടതി രംഗങ്ങള്‍ ഓര്‍മ്മയിലെത്തി. പ്രതികാരത്തിനും കൊലപാതകത്തിനും പകരം പുതുതായി കൂട്ടി ചേര്‍ക്കപ്പെട്ട ജഡ്ജിയുടെ ശിക്ഷാ വിധിയായി അന്ത്യരങ്ങങ്ങളില്‍ ഒന്ന്. 'സഭ പിരിച്ചുവിടുന്നു' എന്നൊക്കെയായിരുന്നു ഡയലോഗ്. നാടകത്തിന്റെ പേര് മാറ്റിയത് എന്തായിരുന്നെന്നു ഓര്‍മ്മയിലില്ല. നാടകം ഏതായാലും വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

എന്റെ 'നടനാ'യുള്ള അരങ്ങേറ്റത്തിന് കളമൊരുക്കിയതു ആ സെന്സര്‍ഷിപ്പായിരുന്നു. നാടകത്തിന്റെ ആദ്യരൂപത്തില്‍ ഞാനില്ലായിരുന്നു. മാറ്റം വരുത്തിയപ്പോള്‍ ജട്ജിയുറെ വേഷത്തില്‍ ഞാന്‍ അരങ്ങിലെത്തി.- ഉര്‍വ്വശി ശാപം ഉപകാരം.

അടുത്തവര്‍ഷം സ്കൂള്‍ ‍ യുവജനോത്സവ തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ ഹോസ്റ്റല്‍ നിവാസിയായ ഒന്‍പതാം ക്ലാസ്സിലെ റാഫി മൊയലന്‍ എന്നെ സമീപിച്ച് ഒരു നാടകം വേണമെന്നാവശ്യപ്പെട്ട. 25 നു മേലെ ഡിവിഷനുകളുള്ള ഇവിടെ ഓരോ ഡിവിഷന്കാര്‍ക്കും നാടകം അവതരിപ്പിക്കാം. യുവജനോത്സവ നാടകാവതരണം തന്നെ ഒന്നൊന്നര ദിവസം എടുക്കും. നാടകത്തിന്റെ ഒന്നോ രണ്ടോ പരസ്യങ്ങള്‍ (വരച്ചവ) ഒരു പ്രത്യേക ബോര്‍ഡില്‍ പ്രദര്ശിപ്പിക്കാം. പതിവ് ചേരുവകള്‍ നിറഞ്ഞ ആ നാടകത്തിന്റെ പേരെന്തായിരുന്നുവെന്നു എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ആ പേരിനു താഴെ 'രചന, സംവിധാനം : റാഫി മൊയലന്‍ ' എന്നാണ് വച്ചിരുന്നത്. അത് കണ്ടപ്പോള്‍ ഉണ്ടായ ഇച്ഛഭംഗം അത്രമേലായിരുന്നു.

എന്റെ ഡിവിഷന്‍ നാടകമൊന്നും അവതരിപ്പിചിരുന്നില്ല. അതുകൊണ്ടുതന്നെ റാഫിചേട്ടന്‍ നാടകത്തിന്റെ ഗ്രീന്‍ റൂമിലായിരുന്നു അന്ന് ഞാന്‍ ഏറെ സമയവും. എല്ലാവരും മേയ്ക്കപ്പൊക്കെ ഇട്ടു കഴിഞ്ഞു. ഫൈനല്‍ റിഹേര്‍സലും നടന്നു. അരങ്ങില്‍ പ്രവേശിക്കുന്നതിനുള്ള ഉഴം കാത്തിരിപ്പാണ്. അപ്പോള്‍ റാഫിച്ചേട്ടന്‍ എല്ലാവരോടുമായി പ്രഖ്യാപിച്ചു : ഈ നാടകം എഴുതിയത് ഞാനല്ല. പിന്നെ ആരാണെന്നരിയാമോ ? ഈ നില്‍ക്കുന്നവനാണ്. എല്ലാവരും കയ്യടിച്ചു. എന്നിക്ക് കിട്ടിയ 'ഓസ്കാര്‍'.ആ ആറാം ക്ലാസ്സുകാരന്റെ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു.

തട്ടുപൊളിപ്പന്‍ നാടകങ്ങള്‍ക്കൊപ്പം അവിടെ ഏതാനും അമേച്വര്‍ നാടകങ്ങളും അരങ്ങിലെത്തിയിരുന്നു. ഏഴാം ക്ലാസിലെക്കാവുംപോഴേക്കും ഞങ്ങള്‍ തൃശ്ശൂരിനടുത്തെക്ക് താമസം മാറ്റി. അമേച്വര്‍ നാടകങ്ങളെ ശരിയായി മനസ്സിലാക്കുന്നത് ഈ കാലഘട്ടത്തിലാണ്.

നാടുമാറിയതോടെ അച്ഛന്റെ നാടകാഭിനയവും നിന്നു എന്ന് പറയാം. നാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടക അരങ്ങുകള്‍ പ്രൊഫഷനല്‍ ട്രൂപ്പുകള്‍ കൈക്കലാക്കി. പൂരപറമ്പ്കളിലും പള്ളിയന്കണങ്ങളിലും ബാലെയും നാടകവും കാണാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടിയിരുന്നു. പ്രോഫഷനലിനും അമേച്വരിനും ഇടയില്‍പ്പെടുത്താവുന്ന എനിക്ക് നല്ലതെന്ന് തോന്നിയ വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ ഈ വേദികളില്‍ ദൃശ്യമായുള്ളൂ. അതേസമയം അകാദമിയിലും ടൗന്‍ഹാളിലുമൊക്കെ അരങ്ങേറിയ ചില പരീക്ഷണ നാടകങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാണാന്‍ കഴിഞ്ഞത് നാടകത്തെക്കുറിച്ചുള്ള പുതിയ ചില മാനങ്ങള്‍ ഉരുത്തിരിയുന്നതിനു സഹായകമായി.


ഇതിന്റെ ചുവടുപിടിച്ച് മൂന്നോ നാലോ നാടകങ്ങള്‍ പൂര്‍ണ്ണമായോ അപൂര്‍ണ്ണമായോ ഒക്കെ എഴുതുകയുണ്ടായി. തൃശൂര്‍ സി. എം. എസ. ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഏതാനും വര്‍ഷത്തെ ഇടവേളക്കു ശേഷം നാടകക്കളരിയില്‍ ഞാന്‍ വീണ്ടും ഇറങ്ങുന്നത്. "കുരുതി' എന്നായിരുന്നു നാടകത്തിന്റെ പേര്‍. ആദിവാസികള്‍, ചില ദുരാചാരം, അവര്‍ക്കിടയില്‍ നിന്നും അവരുടെ മോചനത്തിനായി പോരാടിയ ഒരു റിബല്‍.... ഇതൊക്കെയായിരുന്നു കഥാതന്തു. സുഹൃത്തുക്കല്മായി ചേര്‍ന്ന് അതിനെ ഒന്നുകൂടി ശരിയാക്കി എടുത്തു. സംവിധാന ചുമതല സജി എന്ന സുഹൃത്തും ഞാനും ചേര്‍ന്ന് ഏറ്റെടുത്തു. സംഘാങ്ങങ്ങളില്‍ ഒരുവനായി ചെറിയ ഒരു റോളും എനിക്കുന്ടായിരുന്നു. സ്കൂള്‍ യുത്ത് ഫെസ്റിവലിനായിരുന്നു നാടകം അവതരിപ്പിച്ചത്. തരക്കേടില്ലാതെ നാടകം അരങ്ങേറി.

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു നാടകം അവതരിപ്പിക്കാനുള്ള ശ്രമം ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ നടത്തിയെങ്കിലും എന്തുകൊണ്ടോ പാതിവഴിയില്‍ ഉപേക്ഷിച്ചു. വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജില്‍ എത്തുന്നതോടെയാണ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. കോളേജില്‍ ഒരു ക്യാമ്പസ് തീയറ്റര്‍ വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പിന്നീറ്റ് അവിടത്തെ പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയുമോക്കെയായ രാധാകൃഷ്ണന്‍ സാര്‍ ആയിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. ഡ്രാമ സ്കൂളില്‍ നിന്നും ഏതാനും അധ്യാപകരും മുതിര്‍ന്ന വിദ്ധ്യാര്‍ഥികളും സെലക്ഷനായി വന്നു. പതിനഞ്ചോളംപേരെ തെരഞ്ഞെടുത്തതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അഭിനയത്തിലുപരി രചന, സംവിധാനം ഇവയിലോക്കെയാണ് എന്റെ താത്പര്യം എന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ക്യാമ്പസിലെ രാഷ്ട്രീയ -സാമൂഹിക- കലാരന്ഗങ്ങളില്‍ഒരു വിധം സജീവമായിരുന്നതിനാലാകണം രാധാകൃഷ്ണന്‍ സാര്‍ ക്യാമ്പസ് തിയറ്ററിന്റെ നേതൃത്വം എന്നെ ഏല്‍പ്പിച്ചു.

അങ്ങനെ സ്ഥിരം ഫോര്‍മാറ്റിലുള്ള ഒന്ന് രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായ രീതിയിലുള്ള എന്തെങ്കിലും ഒന്ന് ചെയ്യണമെന്നു ഞങ്ങള്‍ക്ക് തോന്നുന്നത്. എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്തു. ഒരു സഹൃത്ത് പറഞ്ഞു- പുതിയ എഴുത്തുകാരുടെ ഏതെങ്കിലും ചെറു കഥ എന്തുകൊണ്ട് നാടകമാക്കിക്കൂടാ . ഞാനെന്റെ പ്രിയപ്പെട്ട കഥാകൃത്തിന്റെ ചെറുകഥകളിലേക്ക് ഒരിക്കല്‍ക്കൂടി ഇറങ്ങിച്ചെന്നു . അദ്ഭുതം ! മിക്കവാറും എല്ലാ കഥകളും നാടക രൂപത്തിന് യോജിക്കുന്നതുതന്നെ. സംഭാഷണം പോലും അതെപടിയുണ്ട്. എനിക്ക് മനസ്സിലായി അന്ന്, എന്തുകൊണ്ട് കൊച്ചുബാവ കഥകള്‍ എനിക്ക് പ്രിയങ്കരമായി എന്ന്- എന്നെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ നാടകത്തിന്റെ അനുരണനം ഈ കഥകളില്‍ മുഴങ്ങുന്നത് തന്നെ.

'പറുദീസാ' - ശ്രീ കൊച്ചുബാവയുടെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കഥയാണ് നാടക രൂപാന്തരത്തിനായി ഞാന്‍ തെരഞ്ഞെടുത്തത്. വലിയ ബുദ്ധിമുട്ടില്ലാതെ നാടക രൂപമുന്ടാക്കുകയും ചെയ്തു. എല്ലാവരും അത് ശരിവച്ചു. അഭിനേതാക്കളെ തീരുമാനിച്ചു. അപ്പോഴാണ്‌ ആരോ അഭിപ്രായപ്പെടുന്നത് -ഒരു പക്ഷേ, രാധാകൃഷ്ണന്‍ സാറായിരുന്നിരിക്കണം - കഥാകൃത്തിന്റെ അനുമതി വാങ്ങിയില്ലെങ്കില്‍ പ്രശ്നമാവുമെന്ന് . കൊച്ചുബാവയുടെ അനുമതി വാങ്ങിയിട്ട് മതി നാടകം കളിക്കല്‍ എന്ന തീരുമാനത്തിലെത്തി. രാധാകൃഷ്ണന്‍ സാര്‍ കഥാകൃത്തിനു കത്തെഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. പ്രിയപ്പെട്ട എഴുത്തുകാരന് ഒരു കത്ത്, അതും അദ്ദേഹത്തിന്റെ കഥയ്ക്ക് ഞാന്‍ (ഞങ്ങളല്ല !) നാടക രൂപമെഴുതുന്നതിനായി..... എന്റെ സന്തോഷം കുറച്ചോന്നുമായിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മറുത്തെന്തെങ്കിലും പറയുമോഎന്ന ആശങ്കയും ഉണ്ടായിരുന്നു. 'ഗള്‍ഫ് വോയ്സില്‍' നിന്നുമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വിലാസം തരപ്പെടുത്തി. അനുമതി ചോദിച്ചുകൊണ്ട് കത്തെഴുതി. പത്തിരുപതു ദിവസത്തിനി ശേഷം മറുപടി വന്നു- ഇന്ന ദിവസം തൃശൂര്‍ ടൗന്‍ ഹാളില്‍ ( അതോ അകാദമി ഹാളിലോ ) ഒരു ചടങ്ങില്‍ ഞാന്‍ സംബന്ധിക്കുന്നുണ്ട്. അന്ന് സംസാരിക്കാം.


വൈകുന്നേരമായിരുന്നു പരിപാടി. ഞാനും ഒരു സുഹൃത്തും നാടക രൂപവുമായി കാത്തുനിന്നു. കൊച്ചുബാവ വേദിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ച്ചെന്നു നിന്നു. കത്തയച്ചത് അദ്ദേഹത്തിനു ഓര്‍മ്മയുണ്ടായിരുന്നു. ഞങ്ങളുടെ തിയ്യറ്റര്‍ ഏതൊക്കെ നാടകങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചു. എന്തുകൊണ്ട് തന്റെ കഥ എന്നായി പിന്നെ. അദ്ദേഹത്തിനു കണ്‍വിന്‍സിങ്ങാവുന്ന വിധം തന്നെയായിരുന്നു എന്റെ ഉത്തരം. തന്റെ കഥയില്‍ നാടകത്തിന്റെ എലെമെന്റ് ധാരാളം ഉണ്ടെന്നുള്ള എന്റെ കണ്ടെത്തല്‍ പുതിയ അറിവാണെന്ന് പറഞ്ഞു. പിന്നെ സ്ക്രിപ്ടിലൂടെ പൊടുന്നനെ കടന്നു പോയി. രംഗങ്ങളും സംഭാഷണവും വളരെ നന്നായിട്ടുണ്ട് എന്നും അഭിപ്രായപ്പെട്ടു. സംഭാഷണങ്ങളെല്ലാം സാറിന്റെ കഥയില്‍ തന്നെയുള്ളവയാണ്‌. അതില്‍ ഒന്നുപോലും ഞങ്ങളുടെതായിട്ടില്ല. എന്റെ മറുപടിക്ക് അങ്ങനെയോ എന്ന് അദ്ദേഹം അദ്ഭുതംകൂറി. നാടകം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രതികരണം എന്തായിരുന്നെന്നു തന്നെ അറിയിക്കണം എന്ന നിര്‍ദേശത്തോടെ അവതരണാനുമതി നല്‍കി.

അതിനിടക്ക് ഞങ്ങള്‍ മറ്റൊരു നാടകവുമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. പലകാരണങ്ങളാല്‍ ഈ നാടകം പിന്നീട് ഞങ്ങളുടെ സജീവ പരിഗണനയില്‍ വന്നില്ല. 'യാചക നിരോധന മേഖല' , 'നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി' , ശ്രീ. ജി. ശങ്കരപ്പിള്ളയുടെ 'രാപക്ഷികള്‍' , 'മൂന്നു പണ്ടിതന്മാരും പരേതനായ ഒരു സിംഹവും' തുടങ്ങി ആറോളം നാടകങ്ങള്‍ രണ്ടുവര്‍ഷത്തിനിടയില്‍ അവതരിപ്പിച്ചു. തൊണ്ണൂരുകളുടെ ആദ്യ വര്‍ഷങ്ങളായിരുന്നു അത്.

രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ ഞാന്‍ എന്റെ പ്രിയപ്പെട്ട കഥാകൃത്തിനെ കാണുന്നത്. ഒരു സെമിനാറോ പുസ്തക പ്രസാധന ചടങ്ങോ ആയിരുന്നു അത്. പരിപാടിക്ക് ശേഷം ഞാന്‍ അദ്ദേഹത്തിനെ ച്ചെന്നു കണ്ടു. പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിനും ഓര്‍മ്മയുണ്ടായിരുന്നു. നാടകം അരങ്ങിലെത്തിയില്ല എന്ന് പറഞ്ഞപ്പോള്‍ അതിനു ശ്രമിക്കാന്‍ ആവശ്യപ്പെട്ടു. മറ്റേതു കഥ വേണമെങ്കിലും ഉപയോഗിക്കാനുള്ള അനുമതിയും നല്‍കി. പക്ഷേ, എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കുകയും ഉദ്യോഗപര്‍വ്വത്തില്‍ തെളിയുന്നതിനായി പയറ്റിക്കൊന്റിരിക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. നാടകം എന്ന കളരി ഞാന്‍ പാടേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. പാര്‍ട്ട് ടൈം മോഹങ്ങള്‍ മാത്രമായിരുന്നു നാടകാമേഖലയില്‍ പണ്ടും എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇനി ആ ലോകത്തേക്ക് ഒരു മടക്ക യാത്ര ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെ വെറും ഒരു തലയാട്ടലില്‍ ഞാന്‍ എന്റെ മറുപടി ഒതുക്കി.

1999 നവംബറില്‍ എന്റെ ഔദ്യോഗിക ലാവണത്തില്‍ തപാലില്‍ വന്നെത്തിയ പത്രത്താളില്‍ ടി. വി. കൊച്ചുബാവയുടെ മരണം രേഖപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം മരിച്ചു മൂന്നോ നാലോ ദിവസം പിന്നിട്ടുകഴിഞ്ഞിരുന്നു. പത്രം മടക്കി വച്ചു. ഏതാണ്ടൊരു മണിക്കൂര്‍ കൊച്ചുബാവക്കും അദ്ദേഹത്തിന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍‍ക്കുമോപ്പമായിരുന്നു ഞാന്‍. അരങ്ങിലെത്താത്ത കഥകള്‍, കഥാപാത്രങ്ങള്‍. ..




(2009 നവംബര്‍ 24 നു ശ്രീ ടി.വി. കൊച്ചുബാവ സാഹിത്യ കേരളത്തോടു വിട പറഞ്ഞിട്ട് 10 വര്ഷം പിന്നിടുന്നു)

17 സെപ്റ്റംബർ 2009

ആഗോളക്കരാറുകളുടെ കാലത്തെ ചൈനീസ്‌ പടയോട്ടം ; ഇന്ത്യയുടെ കീഴടങ്ങലും.



ലാല്‍ജോസ് -ശ്രീനിവാസന്‍ ടീമിന്റെ 'അറബിക്കഥ' എന്ന ചിത്രത്തില്‍ ലോകമെങ്ങും ഡ്യൂപ്ലിക്കേറ്റ്‌ സാധനങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ്‌ ചെയ്യുന്നവരാണ് ചൈനക്കാര്‍ എന്ന്‍ ഏറെക്കുറെ അര്‍ത്ഥം വരുന്ന ഒരു പരാമാര്‍ശമുണ്ട്. 'Made in China' എന്ന് കാണുമ്പോള്‍ ഒരു ശരാശരി മലയാളി ഏതാണ്ട് ഇതിന് സമാനമായ് ഒരു ധാരണയോടുകൂടി തന്നെയാണ് ആ ഉത്പന്നങ്ങളെ കാണുന്നത്.
.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ രണ്ടു വീട്ടുപകരണങ്ങള്‍ വാങ്ങുകയുണ്ടായി. 'യുറേക്കാ ഫോബ്സി'ന്റെ (ഒരു ടാറ്റ ഗ്രൂപ്‌ കമ്പനി) ഒരു വാക്വം ക്ലീനറും 'ക്രോംടന്‍ ഗ്രീവ്സ്'ന്റെ ഒരു പെഡസ്റ്റല്‍ ഫാനും. രണ്ടും കാണാന്‍ വളരെ ഭംഗിയുള്ളത്‌. സ്പെസിഫിക്കേഷനും മോശമല്ല. ഈ രണ്ടു ഉത്പന്നങ്ങള്‍ക്കുമുള്ള 'സ്റ്റിഗ്മ' രണ്ടും ചൈനീസ്‌ നിര്മ്മിതമാണെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരന്വേഷണം നടത്തിയപ്പോള്‍ അറിവായ കാര്യങ്ങള്‍ (ഇതില്‍ പലതും നമുക്ക്‌ അറിവുള്ളതാണ്) ഇങ്ങനെ കുറിക്കാം. ഒട്ടുമിക്കവാറും പ്രമുഖ ബ്രാന്റുകളുടെ ഒരു നിര്‍ദ്ദിഷ്ട വിലനിലവാരമുള്ള ഫാനുകളെല്ലാം പെട്ടിപാക്കിങ്ങോടെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍്സ് എന്നുപറയാവുന്ന വിഭാഗത്തില്‍ വരുന്ന പല ഉത്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളുടെ ചില ടി. വി. മോഡലുകള്‍ ഉള്‍പ്പെടെ, ചൈനയില്‍ ഉണ്ടാക്കി വരുന്നവയാണ്. വിപണിയില്‍ ലഭ്യമായ പല ഹാന്‍ഡ്‌ സെറ്റുകള്‍ക്കും ചൈനക്കാരോടുതന്നെ കടപ്പാട്. ഡ്രില്ലിംഗ് മെഷിന്‍, ഗ്രൈണ്ടിംഗ് മെഷിന്‍ തുടങ്ങിയ ഒട്ടനവധി ഇലക്ട്രിക്‌, ഇലക്ട്രോണിക് ചൈനീസ്‌ വ്യാവസായോപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കളിക്കോപ്പുകളുടേയും മറ്റും കാര്യം എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.
.
നമ്മള്‍ ഇത്രയുമധികം ചൈനീസ്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു ; ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നവരില്‍ അസംതൃപ്തരായ വിഭാഗം വളരെ ചെറിയൊരു ശതമാനം മാത്രമാണ്. എന്നിട്ടും നമ്മളവയെ 'സബ്സ്റ്റാന്റേര്‍ഡ്' 'ഡ്യൂപ്ലിക്കേറ്റ്‌' എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ...?
.
നമുക്കു മുന്‍പുണ്ടായിരുന്ന ഒരു തലമുറ പരിമിതമായ തോതിലെങ്കിലും കാറുകള്‍ ഉപയോഗിച്ചിരുന്നു. അംബാസിദര്‍, പ്രീമിയര്‍, ഫീയറ്റ്‌. ഈ കാറുകള്‍ അവര്‍ ഉപയോഗിച്ചിരുന്നത് ഇരുപതും ഇരുപത്തഞ്ചും കൊല്ലമൊക്കെയാണ്.അതായത്‌ 'ഒരായുഷ്കാലം'. പക്ഷേ സുഹൃത്തെ, നിങ്ങള്‍ ഒരു പുതിയ കാറെടുത്താല്‍ എത്രകാലം ഉപയോഗിക്കും- രണ്ടുവര്‍ഷം ..... ? നാലുവര്‍ഷം .....? ഒരു മൊബൈല്‍ ഫോണാണെന്കിലോ ...... ആറുമാസം ? എങ്ങനെയായാലും ഒന്നുരണ്ടു വര്‍ഷത്തിനും മേലെ പോകാന്‍ ഇടയില്ല. ഞാനൊരു ടി. വി. വാങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നതെയുള്ളൂ. ഒന്നു രണ്ടു വര്‍ഷത്തിനകം ഞാനതൊഴിവാക്കി LCD TV വാങ്ങും. മുന്‍പ്‌ എന്റെ അച്ഛന്‍ ടി.വി.യും ഫ്രിഡ്ജും വി.സി.ആറും എല്ലാം വാങ്ങുമ്പോള്‍ മുന്തിയ ബ്രാന്റും ജപ്പാന്‍ നിര്‍മ്മിതിയും ഒക്കെ നോക്കിയിരുന്നു. - ചുരുങ്ങിയത്‌ ഒരു പതിനഞ്ച് കൊല്ലമെങ്കിലും ഉപയോഗിക്കണമെന്ന മുന്‍ വിധിയോടെ.
.
തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ചൈനീസ്‌ ഉപകരണങ്ങല്‍ക്കൊന്നും ഇപ്പറയുന്ന ജീവിതകാല ഗാരന്റിയൊന്നും ഉണ്ടാകുകയില്ല. പല പാര്‍ട്ടുകളും ചിലവുകുറഞ്ഞ സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച നിര്മ്മിചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്. അമേരിക്കയിലും യൂറോപ്പിലും കാറും ടി.വി.യും അല്പകാലം ഉപയോഗിച്ച ശേഷം വലിച്ചെറിയും എന്ന കഥ അഥവാ കാര്യം കുട്ടിക്കാലത്ത്‌ കേള്‍ക്കുമ്പോള്‍ വാപൊളിച്ചു നിന്നിട്ടുള്ളവനാണ് ഈയുള്ളവന്‍. നല്ലതായാലും ചീത്തയായാലും ഇന്ന്‍ നമ്മളും ആ നിലവാരത്തിലേക്ക് 'വളര്‍ന്നി'രിക്കുന്നു. Use and Throw, Value for Money തുടങ്ങിയ ആശയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് ഇവ വിപണി കീഴടക്കുന്നതും. ഈ ആശയങ്ങളെ അപ്പാടെ നിരാകരിക്കുന്നവരാണ് ഇതിന്റെ വിമര്‍ശകര്‍.
.
ഞാനീ 'ചൈനീസ്‌ ഉത്പന്നങ്ങള്‍ ' വാങ്ങുന്ന സമയത്തുതന്നെയാണ് ആസിയാന്‍ (ASEAN) കരാറിനെക്കുറിച്ച് ഘോരഘോരം ചര്‍ച്ച തുടങ്ങുന്നത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. WTO യുടെ ദോഹ റൌണ്ട് ചര്‍ച്ചകള്‍ഇന്ന്‍ മറ്റൊരു വഴിക്ക്‌ പുരോഗമിക്കുന്നു. ഇത് ആഗോള കരാറുകളുടെ കാലമാണ്. കയ്യൂക്കുള്ളവനും തന്ത്രപരമായി നീങ്ങുന്നവനും ഇവിടെ വിജയിക്കും.

ഗൃഹോപകരണ മേഖലയിലും കളിപ്പാട്ട വിപണിയിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല ചൈനയുടെ പടയോട്ടം. നമ്മുടെ വിപണിയ്ക്ക് അപരിചിതമാണെങ്കിലും ആഗോള കമ്പോളത്തില്‍ ചൈനയുടെ കാര്‍ഷികോത്പന്നങ്ങള്ക്കും നിറ സാന്നിദ്ധ്യമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളോട് പൊതുവേ വാണിജ്യ വിമുഖത പുലര്‍ത്തുന്ന പ്രദേശമാണ് ലാറ്റി്ന്‍ അമേരിക്ക. എന്നാല്‍ ഇന്ന ലാറ്റി്ന്‍ അമേരിക്കന്‍ നാടുകളുമായി വളരെ വിപുലമായ വാണിജ്യ ബന്ധമാണ് ചൈനക്കുള്ളത്. 2008-ല്‍ 143 ബില്യണ്‍ ഡോളറിന്റെ വാണിജ്യമാണ് ചൈന ഈ നാടുകളുമായി ചെയ്തിട്ടുള്ളത്‌. 2000-ല്‍ ഇത് വെറും 12.6 ബില്യണ്‍ ഡോളറായിരുന്നു എന്ന്‍ ഓര്‍ക്കുക. 2008-ല്‍ ഇന്ത്യ, ലാറ്റി്ന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി നടത്തിയിട്ടുള്ള വാണിജ്യ ഇടപാടുകള്‍ 16 ബില്യണ്‍ ഡോളരിന്റേത് മാത്രമാണ് എന്ന് കൂടി മനസ്സിലാക്കുക .
ചൈനയുടെ മേല്ക്കോയ്മക്കും ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കുമുള്ള കാരണമെന്താണ് ? ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്തത്തിന്റെ അഭാവം എന്ന്‍ ഒററവരിയില്‍ ഉത്തരം നല്‍കാം. ശരിയായ അസ്സൂത്രണമില്ലായ്ക അനുബന്ധ കാരണം.
1948-ല്‍ നിലവില്‍ വന്ന General Agreement on Tarifs & Trade (GATT) ന്റെ 23 സ്ഥാപകാംഗങ്ങളില്‍പ്പെട്ടവരാണ് ഇന്ത്യയും ചൈനയും. 1986 മുതല്‍ 1993 വരെ നീണ്ടു നിന്ന GATT ന്റെ ഉറുഗ്വേ റൌണ്ട് ചര്‍ച്ചകളുടെ പരിസമാപ്തിക്ക് ശേഷം 1995 ജാനുവരി 1-നു World Trade Organisation (WTO) നിലവില്‍വന്നപ്പോള്‍ ആദ്യം കരാറൊപ്പിട്ടവരുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യവും ഉണ്ടായിരുന്നു. കരാറൊപ്പിടും, ഇടരുത്, ഇടണം, ഒപ്പിടില്ല എന്നൊക്കെയുള്ള അനേകനാളത്തെ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗ്വോ ഗ്വോ വിളികള്ക്കൊടുവില്‍് ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്കരുതലുമില്ലാതെ നമ്മള്‍ കരാറില്‍ ഒപ്പിട്ടു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന ഡെങ്ങ്സിയാവോ പിങ്ങിന്റെ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും നയ വ്യതിയാനം വരുത്തിയിരുന്ന ചൈനക്ക് പക്ഷേ ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല- ഞങ്ങള്‍ ഒപ്പിടും ; പക്ഷേ സാവകാശം വേണം. 2001 ഡിസംബര്‍ അവസാനം മാത്രമാണ് ചൈന ഈ കരാറില്‍ ഒപ്പിടുന്നത്. അതിനിടയിലുള്ള 6-7 വര്‍ഷത്തിനിടയില്‍ അവര്‍ അവരുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ ഉത്പാദനക്ഷമവും വിപണിയെ മത്സരക്ഷമവും ആക്കിയിരുന്നിരിക്കണം. കരാറൊപ്പിട്ടതിന്റെ അടുത്ത ദിവസം മുതല്‍ ചൈനീസ്‌ ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു ലോക വിപണികളിലേക്ക്. അതായത്‌ കരാറിന്റെ പരമാവധി ആനുകൂല്യം ആ രാജ്യം നേടിയെടുത്തു എന്ന ചുരുക്കം.

ആസിയാന്‍ കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് പട്ടിക, എക്സ്ക്ലൂഷന്‍ ലിസ്റ്റ്, സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അനുകൂലമായും പ്രതികൂലമായും പല വാദമുഖങ്ങളും നിരത്തപ്പെടുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഏതായാലും ഈ പോസ്റ്റിനു ഉദ്ദേശമില്ല. ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് കാര്‍ഷിക വിഭവങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവയാണ് ഇവിടെ നമ്മെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. ഉദാഹരണത്തിന് , ഘട്ടം ഘട്ടമായി കാപ്പിയുടേയും തേയിലയുടേയും ഇറക്കുമതി തീരുവ നിലവിലുള്ള 100% -ല്‍ നിന്നും 45% ആയി കുറയ്ക്കും. കുരുമുളകിന്റെയും എലത്തിന്റെയും കാര്യത്തില്‍ അത് 70%-ല്‍ നിന്നും 50% ആയി മാറും. വിയറ്റ്നാം പോലുള്ള പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ പറയുന്ന കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദന ക്ഷമത നമ്മുടെ നാട്ടിലെതിലും ഇരട്ടിയിലേറേയാണ് എന്നിരിക്കെ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നാം ആശന്കപ്പെടേണ്ടിയിരിക്കുന്നു. യഥാര്ത്ഥ ആസിയാന്‍ കരാര്‍ 2003-ല്‍ തന്നെ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട ചില കരാറുകളാണ് ഈ ആഗസ്റ്റില്‍ ഒപ്പുവച്ചത്. സേവനങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട കരാറും അടുത്തുതന്നെ നടപ്പിലാകും. കഴിഞ്ഞ 6 വര്‍ഷക്കാലത്തിനിടയില്‍, നമ്മള്‍ നമ്മുടെ കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളെ ഈ കരാര്‍ മുന്നില്‍ കണ്ടുകൊണ്ട് സുസജ്ജമാക്കാന്‍ എന്തെങ്കിലും ചെയ്തോ എന്ന കാര്യം സംശയമാണ്. അടുത്ത പത്തു വര്‍ഷ കാലത്തിനിടയ്ക്കാണ് തീരുവ ഇളവുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാകുക. അപ്പോഴെക്കെങ്കിലും നമ്മുടെ കാര്‍ഷികം ഉള്‍പ്പെടെയുള്ള മേഖലകളുടെ ഉത്പാദനക്ഷമത കൂട്ടി കയറ്റുമതിക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമോ?

അടുത്തകാലത്തായി ഇന്ത്യ എടുത്ത പല നടപടികളും കയറ്റുമതി കുറയ്ക്കാനും ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ആണ് സഹായകമായത്‌. ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെന്നു പറഞ്ഞ് 6-7 വര്‍ഷം മുമ്പ്‌ FCI കളിലെ കരുതല്‍ ധാന്യ ശേഖരം മുഴുവന്‍ വിറ്റഴിച്ചു. പില്‍ക്കാലത്ത്‌ ഉത്പാദനം കുറയുകയും, ആവശ്യം വര്‍ദ്ധിക്കുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വില വര്‍ദ്ധനവിന് കാരണമാകുകയും ചെയ്തപ്പോള്‍ അത് പിടിച്ചുനിറുത്തുന്നതിനായി ഉപയോഗിക്കാന്‍ ഇവിടെ ഭക്ഷ്യശേഖരം ഇല്ലായിരുന്നു. ഇതിനുള്ള പോംവഴിയായി സര്‍ക്കാര്‍ കൈക്കൊണ്ട നയം കയറ്റുമതി റദ്ദാക്കുകയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. കേരളത്തില്‍ നിന്നും, പ്രത്യേകിച്ച് കാലടി മേഖലയില്‍ നിന്നും ഗള്‍ഫ്‌ നാടുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തേടി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നതാണ് പുഴുക്കല്ലരി. അരിയുടെ കയറ്റുമതി നിരോധം ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും അതിന്റെ വിദേശ ഉപഭോക്താക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന അരിയെ ആശ്രയിക്കേണ്ടതായി വന്നു. ശീലിച്ച സ്വാദിനോട് വിടപറഞ്ഞ അവര്‍ ഇന്ന് ഫിലിപ്പീന്‍സില്‍ നിന്നും തായ്ലാന്റില്‍ നിന്നും വരുന്ന താരതമ്യേന വിലകുറഞ്ഞ അരിയുടെ ഉപഭോക്താക്കളാണ്. ഇനി ഒരു തിരിച്ചുവരവിന്‍ അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി, ഇനി കയറ്റുമതി നിരോധനം നീക്കിയാല്‍ തന്നെ, തിരിച്ചു പിടിക്കാന്‍ കേരളത്തില്‍ നിന്നും പോകുന്ന അരിക്ക് കഴിയുമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
2001-ല്‍ തുടങ്ങിയ ദോഹ റൌണ്ട് ചര്‍ച്ചകളുടെ ഈ ഘട്ടത്തില്‍ നടക്കുന്നത് പ്രധാനമായും കര്‍ഷകര്‍ക്കുള്ള സബ്സിഡിയെ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ്. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലക്ക് പരമാവധി സബ്സിഡിനല്കുകയും വികസ്വര രാഷ്ട്റങ്ങളിലെ കര്‍ഷകര്‍ക്ക്‌ അത് നിഷേധിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായി മുന്നോട്ടുവന്നത് ചൈനയും ഇന്ത്യയുമാണ്. ഇതിന്റെ തീരുമാനം എന്തൊക്കെയായാലും അകനുകൂലമായ രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ നമുക്ക്‌ കഴിയുമോ എന്ന ആശങ്ക ബാക്കിനില്‍ക്കുന്നു.

ആഗോള വാണിജ്യ കരാറുകള്‍ കുറെയെണ്ണത്തിലെന്കിലും ഇന്ത്യ ഭാഗഭാക്കാണ്. നമ്മുടെ വിപണി മറ്റുള്ളവര്ക്ക് തുറന്നു കൊടുക്കാനല്ലാതെ വിദേശ വിപണികളിലേക്ക് കടന്നുകയറ്റം നടത്തുന്നതില്‍ നാം ഇപ്പോഴും വളരെ പുറകിലാണ്. (ഒരു പക്ഷേ , ചരിത്രപരവും പൈതൃകവും ആയുള്ള നമ്മുടെ ശീലത്തിന്റെ ഭാഗമാകാമിത്‌.) നേരത്തേ കണ്ടതുപോലെ ചൈനീസ്‌ ഉത്‌പന്നങ്ങളുടെ ഒരു പ്രളയമാണ് ഇന്ത്യന്‍ വിപണികളില്‍. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഏതാണ്ട് 17 ഇനം പച്ചക്കറി- പഴ വര്‍ഗ്ഗങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഇന്ത്യ , ചൈനയുമായി ചര്‍ച്ച നടത്തിക്കൊണ്ടി്രിക്കുകയാണ്. ഇതുവരെ മൂന്നിനങ്ങള്‍ക്ക്‌ മാത്രമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ വെന്നിക്കൊടി പറപ്പിച്ചിട്ടുള്ള ഐ. ടി. സെക്ടറിന്റെ കഥയും വ്യത്യസ്തമല്ല. Infosys, TCS തുടങ്ങിയ കമ്പനികള്‍ ചൈനയില്‍ ഓഫീസ്‌ തുറന്നിട്ടുണ്ടെന്കിലും അവിടുത്തെ വലിയ കരാറുകള്‍ എടുക്കുന്നതിനു പലപ്പോഴും അനുമതി നിഷേധിക്കപ്പെടുന്നു. ചൈന തങ്ങളുടെ വിപണിയെ എങ്ങനെ പരിരക്ഷിക്കുന്നു എന്ന്‍ ഇത് വ്യക്തമാക്കുന്നു.

ചൈനയെ പ്രകീര്‍ത്തിക്കുക എന്നതോ വ്യാപാരക്കരാറുകളെ സ്വാഗതം ചെയ്യുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ആഗോള വാണിജ്യക്കരാറുകളുടേയും സ്വതന്ത്ര വ്യാപാര മേഖലകളുടേയും ഇന്നത്തെ ലോകത്ത്‌ അതില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക എന്നത് പ്രാവര്‍ത്തികമല്ല. ചൈന അവസരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിനിയോഗിക്കുന്നു. നമ്മള്‍ സാധ്യതകള്‍് ഒരുപരിധിവരെ കളഞ്ഞുകുളിക്കുന്നു. ക്രിയാത്മകവും ഇഛാശക്തിയുമുള്ള ഒരു രാഷ്ട്രീയ നേതൃത്തത്തിന്റെ കീഴില്‍ (രാഷ്ട്രീയ കക്ഷി ഏതായാലും ) ഒരു നാള്‍ ഇന്ത്യയും പടയോട്ടം നടത്തും എന്ന് നമുക്കു ആശിക്കാം.
===#===

04 സെപ്റ്റംബർ 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -3)

.
(ഭാഗം -2 ന്റെ തുടര്‍ച്ച)
സ്ഥലകാലഭ്രംശം

മഹാബലിയുടെ സാമ്രാജ്യം എത്രത്തോളം വിപുലമായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ബലി, കേരളക്കരയില്‍ തൃക്കാക്കര കേന്ദ്രമാക്കിയായിരുന്നു വാണിരുന്നതെന്നും അവിടെ വച്ചുതന്നെയാണ് വാമനനാല്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടതെന്നും വശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരപ്പന്‍ ക്ഷേത്രം ഇവിടെ വന്നത് അങ്ങനെയത്രെ. ചെന്നൈക്കടുത്തുള്ള മഹാബലിപുരം ബലി രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു എന്നും പറയുന്നു.

ബലിയുടെ രണ്ടു തലമുറ മുന്പുള്ള ഹിരണ്യാക്ഷന്റേയും ഹിരണ്യകശിപുവിന്റേയും കഥകളുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലോ ആന്ധ്രയിലോ ആണ്. ആന്ധ്രയിലെ കര്ണൂല്‍ ജില്ലയിലുള്ള ആഹോബിലം എന്ന സ്ഥലത്തു വച്ചാണ് നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചതത്രെ. ഇവിടെ നരസിംഹ മൂര്‍ത്തി ക്ഷേത്രമുണ്ട്. നരസിംഹ മൂര്‍ത്തി ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ മറ്റു രണ്ടു സ്ഥലങ്ങലാണ് ആന്ധ്രയില്‍ തന്നെയുള്ള സിംഹാചലവും കദിരിയും.

ഹിരണ്യകശിപുവിന്റെ കാലത്തുതന്നെ അസുരന്മാര്‍ (ദ്രാവിഡര്‍) ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക്‌ നീങ്ങുവാന്‍ തുടങ്ങിയതായി ഇതില്‍ നിന്നും അനുമാനിക്കാം. ഹിരണ്യകശിപുവിനെ വധിച്ച് അവിടവും കീഴടക്കിയ ദേവന്മാര്‍ (ആര്യന്മാര്‍) , പ്രഹ്ലാദനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി ഭാരത ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേമൂലയില്‍ അവരോധിച്ചിരിക്കാം. തുടര്‍ന്നു വന്ന വിരോചനനും ആര്യമേല്ക്കൊയ്മക്കെതിരെ ഒന്നും ചെയ്യാന്‍ കെല്‍പ്പുള്ളവനായിരുന്നില്ല. എന്നാല്‍, പ്രബലനായ ബലി തൃക്കാക്കര ആസ്ഥാനമാക്കി ആര്യന്മാരെ തുരത്തി ഓടിച്ച് മഹാരാഷ്ട്രവരെ (ദക്ഷിണ മറാത്ത പ്രദേശത്തെ നാടന്‍ പാട്ടുകളിലും നാട്ടു കഥകളിലും ബലി എന്ന മഹാനായ രാജാവിന്റെ സാന്നിദ്ധ്യം ഉണ്ട്) , ഉത്തര ഭാരതത്തിന്റെ കവാടത്തിലേക്ക് ദ്രാവിഡ സാമ്രാജ്യം വ്യാപിപ്പിച്ചു എന്ന് വേണം കരുതാന്‍.

ബലിപുത്രനായ ബാണനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുമായി നിലകൊള്ളുന്ന പ്രദേശം അസമിലെ തേസ്പൂരാണ്. നിഷ്കാസിതനായ പിതാവിന്റെ പുത്രന്‍ അസമിനടുത്ത് എത്തിയെങ്കില്‍ രണ്ടു സാദ്ധ്യതകളാണ് ഉള്ളത്‌. ഒന്ന്: ബലി സാമ്രാജ്യം ഉത്തര-പൂര്‍വ്വ ഭാരതത്തിലെക്കും വ്യാപിച്ചിരുന്നു. രണ്ട് : പിതാവിനെ വധിച്ചപ്പോള്‍ താരതമ്യേന സുരക്ഷിതമായ പ്രദേശത്തേക്ക് ബലിപുത്രന്‍ പലായനം ചെയ്തു.

അതെന്തായാലും ദക്ഷിണ ഭാരതം മുഴുവന്‍ ബലി തന്റെ അധീനതയിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. അതുകഴിഞ്ഞ് ഇന്ദ്രാദികള്‍ വാഴുന്ന ഉത്തര ഭാരതത്തിലേക്ക് പടയോട്ടം വ്യാപിപ്പിച്ചതായിരിക്കണം , ബലി ഇന്ദ്രപഥം മോഹിച്ച് ദേവന്മാരെ ആക്രമിച്ചതായി പുരാണങ്ങളില്‍ പറയുന്ന കഥയ്ക്കാധാരം.

ശ്രീമദ് ഭാഗവതം പ്രകാരം ബലിയെ വാമനന്‍ വധിച്ചിട്ടില്ല. പ്രഹ്ലാദന്റെ പിന്മുറക്കാരെ വധിക്കില്ല എന്ന ഉറപ്പ്‌ വിഷ്ണു പഹ്ളാദനു കൊടുത്തിട്ടുണ്ട്. അത് കൊണ്ട് 'സുതല' എന്ന ഒരു പ്രത്യേക ഗോളത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. (ശ്രീ. ഭാ. 8.22.32)

സന്ദര്‍ഭത്തില്‍ ആദ്യകാല ആര്യന്മാരുടെ പ്രപഞ്ച സങ്കല്പം എങ്ങിനെയായിരുന്നു എന്ന്‍ നോക്കേണ്ടിയിരിക്കുന്നു. അതിനെ ഇങ്ങനെ സംക്ഷേപിക്കാം. ലോകം എന്നത് ഭാരത ഉപഭൂഖണ്ഡവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമുദ്രവും മാത്രമാകുന്നു. ഈ ഭൂവിഭാഗത്തിന്റെ തന്നെ വടക്കുവശം ഏറേ ഉയര്‍ന്നുകിടക്കുന്ന ഒന്നും തെക്കോട്ട്‌ പോകും തോറും താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും ആണ്. ഇതുപ്രകാരം ആര്യന്മാര്‍ (ദേവന്മാര്‍) വസിക്കുന്ന ഉത്തരേന്ത്യ , ദ്രാവിഡര്‍ വസിക്കുന്ന ദക്ഷിണേന്ത്യയേക്കാള് ഒരു തട്ട് മുകളിലാണ്. അതിനെ സ്വര്‍ഗം തുടങ്ങിയ പദങ്ങളാല്‍ വിശേഷിപ്പിചിരിക്കുന്നു. എന്നാല്‍ ദ്രാവിഡര്‍ അധിവസിക്കുന്നത് ഭൂമിയിലാണ്. ഭൂമിക്കുതാഴെ (അതായത്‌ ദക്ഷിണ ഭാരതത്തിനും തെക്ക്‌) പാതാളമാണ്.

വാമനന്‍ ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ട ഐതിഹ്യങ്ങള്‍ പറയുമ്പോഴും 'സുതല' എന്ന പ്രദേശത്തേക്ക് വിട്ടു എന്ന്‍ പുരാണങ്ങള്‍ പറയുമ്പോഴും നാം മനസ്സിലാക്കേണ്ടത്, അദ്ദേഹത്തെ ദക്ഷിണ ഭാരതത്തില്‍ നിന്നും തെക്കുള്ള ഒരു നാട്ടിലേക്ക്‌ വാമനന്‍ ഓടിച്ചു എന്നാണ്. ആ തെക്കുള്ള നാട് ഒരു പക്ഷേ , ഇന്നത്തെ ശ്രീലന്കയോ അല്ലെങ്കില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ദക്ഷിണ -പൂര്‍വ്വേഷ്യന്‍ രാജ്യങ്ങലേതെങ്കിലുമോ ആവാം.

നാലഞ്ചു പതീറ്റാണ്ടു മുമ്പ്‌ ഇന്തോനെഷ്യയിലെ ബാലി ദ്വീപ്‌ സന്ദര്‍ശിച്ച ശ്രീ. എസ്.കെ.പൊറ്റേക്കാട് തന്റെ യാത്രാ വിവരണങ്ങളില്‍ ബാലിദ്വീപിനു കേരളവുമായുള്ള അദ്വിതീയ സാമ്യത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. (ഇന്ന്‍ ടൂറിസത്തിന്റെ അതിപ്രസണരതാല്‍ ബാലി ദ്വീപിന്റെ മുഖഛായ മാറിയിരിക്കുന്നത്രേ). എന്തുകൊണ്ടാകാം ഇത്തരമൊരു സമാനതയ്ക്ക് കാരണം? ബാലി ദ്വീപിന്റെ പേരില്‍ ബലി ശബ്ദം വന്നതെങ്ങനെ ? ഒരു പക്ഷേ, ബലി പലായനം ചെയ്തത് ഈ പ്രദേശത്തേക്കായിരിക്കാം. എന്നാല്‍ ചരിത്രപരമായ ലിങ്കുകളൊന്നും ഇതിന് ഉപോല്‍ബലമായി ലഭ്യമായിട്ടില്ല.

ബലിയുടെ അസ്സീറിയന്‍ ബന്ധം

ദ്രാവിഡരുടെ മൂല വംശങ്ങളില്‍് ഒന്ന്‍ അസ്സീറിയന്‍ മേഖലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മധ്യധരണ്യാഴി വംശമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അര്‍മേനിയയില്‍ ടൈഗ്രിസ്‌ നദിക്കും ഗോര്‍ദിയന്‍ പര്‍വ്വത നിരക്കും ഇടക്കാണ് പുരാതന അസ്സീറിയന്‍ സാമ്രാജ്യം നിലനിന്നിരുന്നതായി കരുതുന്നത്. അസ്സീറിയന്‍ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുര്‍. അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന്‍ പറയുന്നതായും അസ്സീറിയന്‍ ചരിത്രത്തിലുണ്ട്. (Dr. Stater -"Anthropology in India")

ഈ വാദത്തിന്റെ ചുവടുപിടിച്ച് ശ്രീ.എന്‍. വി കൃഷ്ണവാരിഅരുറെ നിരീക്ഷണം ഇങ്ങനെയാന്‍: അസ്സീറിയന്‍ തലസ്ഥാനമായ നിനെവയില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 'ബല' ശബ്ദത്തോടുകൂടിയ പലരാജാക്കന്മാരും നിനെവയില്‍ വാണിരുന്നതായി കാണുന്നുണ്ടത്രേ. ഇതിന്റെ സംസ്കൃത രൂപമാകണം 'ബലി' എന്നത്. ബലി ഒന്നിലധികം രാജാക്കന്മാരാണ്. അക്കാലത്ത് അവിടെ അനുഷ്ഠിച്ചിരുന്ന ഒരാഘോഷം പില്‍ക്കാലത്ത് അസ്സീറീ്യക്കാര്‍ ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍ അവരോടൊത്ത്‌ കൊണ്ടുപോന്നു. അതത്രേ ഇന്നു നാം കാണുന്ന ഓണം.

ഓണവും ദക്ഷിണേന്ത്യന്‍ ചരിത്രവും

BC 1150 നോടടുത്ത്‌ ഭരിച്ചിരുന്ന മാവേലിചേര എന്ന രാജാവാണ് മഹാബലി എന്ന ഒരു ചരിത്രമോഴിയുണ്ട്. എന്നാല്‍ ഇതിന് സുവ്യക്തമായ അടിസ്ഥാനങ്ങളൊന്നും കാണുന്നില്ല.

ദക്ഷിണഭാരതത്തിലെ സംഘകാലത്തിന്റെ കാലഗണനയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അതിനെ AD 1-ആം നൂറ്റാണ്ടുമുതല്‍് ഏതാണ്ട് AD 6-ആം നൂറ്റാണ്ടുവരെയുള്ള കാലം എന്ന്‍ സാമാന്യവത്കരിക്കാം. സംഘകാല കൃതികളില്‍ ഓണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ബ്രാഹ്മണര്‍ പില്‍ക്കാലത്ത്‌ ബൌദ്ധദര്‍ശനങ്ങളെ നശിപ്പിച്ചതുപോലെ തന്നെ സംഘകാല സാഹിത്യത്തിലും ചില കൈ കടത്തലുകള്‍ നടത്തിയിട്ടുണ്ട്.

സംഘകാല കൃതിയായ 'മധുരൈക്കാന്ചി'യില്‍ ഓണാഘോഷത്തെക്കുറിച്ച് പറയുന്നണ്ടത്രേ. (പി.കെ.ഗോപാലകൃഷ്ണന്‍- 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം ') . മഹാബലിയെ ജയിച്ച വാമന മൂര്‍ത്തിയുടെ സ്മരണക്കായിരുന്നു ഈ ആഘോഷം എന്നും വിവരിക്കുന്നുണ്ടത്രേ. AD 9-ആം നൂറ്റാണ്ടില്‍ ജീവിച്ച പെരിയാഴ്വാര്‍ അദ്ദേഹത്തിന്റെ 'തിരുപല്ലാണ്ട്' ഗാനത്തിലും ഓണത്തെ സ്മരിക്കുന്നുണ്ടത്രേ. ഇതെല്ലാം വച്ച് ഏതാണ്ട് എ.ഡി.10-ആം നൂറ്റാണ്ടുവരെ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നതായി കാണാം.

AD 8-ആം നൂറ്റാണ്ടോടെ ശക്തി പ്രാപിച്ച വൈഷ്ണവ പ്രസ്ഥാനം അക്കാലത്തു തന്നെ തൃക്കാക്കരയില്‍ വാമനമൂര്‍ത്തി രൂപത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിച്ചതോടെയാണ് കേരളക്കരയിലും ഓണാഘോഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം AD 8-ആം നൂറ്റാണ്ടില്‍ കുലശേഖര പെരുമാളുടെ കാലത്താണ് ഓണാഘോഷം ആരംഭിക്കുന്നത്. അക്കാലത്ത്‌ ചിങ്ങമാസം മുഴുവനും ഓണം ആഘോഷിച്ചിരുന്നത്രേ. ഏതായാലും ആ കാലഘട്ടം മുതല്‍ ഓണം കേരളീയരുടെ ദേശീയോത്സവമാണ്.

വൈഷ്ണവാഘോഷം അഥവാ വാമനന്റെ ഓണം

ദ്രാവിഡന്മാരുടെ, അഥവാ അസുരന്മാരുടെ ദൈവമായിരുന്നു ശിവന്‍ എന്ന ചരിത്രമതം. (ശിവന്റെ പ്രാകൃത രൂപം ശ്രദ്ധിക്കുക!) വിഷ്ണു എന്നത് ആര്യ ദൈവവും. പില്‍ക്കാലത്ത് ശിവനേയും തങ്ങളുടെ ദൈവമായി ആര്യന്മാര്‍, അഥവാ ദേവന്മാര്‍ അംഗീകരിചിട്ടുണ്ട്. എന്നാല്‍ 'സുപ്രീം ഗോഡ്' എന്ന പദവി വിഷ്ണുവിന് തന്നെയായിരുന്നു.

പൌരോഹിത്യം ബ്രാഹ്മണ്യത്തിലേക്ക് വഴിമാറുകയും ബ്രാഹ്മണര്‍ സമൂഹത്തിന്റെ നിയന്ത്രാതാക്കളാകുകയും ചെയ്യുന്ന എ.ഡി. ആദ്യ ശതകങ്ങളിലാണ് ഓണം ഒരു ഉത്സവമായി ആരംഭിക്കുന്നത് എന്ന്‍ നാം കണ്ടു. ബ്രാഹ്മണരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. - വൈഷ്ണവ ബ്രാഹ്മണരും ശൈവ ബ്രാഹ്മണരും. ഇതില്‍ വൈഷ്ണവ ബ്രാഹ്മണര്‍ ആര്യ ലീനിയെജ്‌ ഉള്ളവരായിരുന്നു ; ശൈവര്‍ ദ്രാവിഡരും . ഇവര്‍ക്കിടയില്‍ തന്നെ മേധാവിത്തം വൈഷ്ണവര്‍കായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ശിവഭക്തനായ മഹാബലിയുടെ ഓര്മ്മക്കെന്നതിലുപരിയായി വിഷ്ണുവിന്റെ അവതാരമായ വാമനന്റെ വിജയാഘോഷമായിട്ടായിരിക്കണം ആദ്യ കാലഘട്ടങ്ങളില്‍ ഓണം കൊണ്ടാടപ്പെട്ടുവന്നത്. അതായത്‌ ഹിന്ദുമത കഥകളുമായി ബന്ധപ്പെടുത്തി ഹിന്ദു മതത്തിന്റെ പ്രചാരണത്തിനായി ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്. കാലത്തിന്റെ പരിണാമഗുപ്തിക്കനുസൃതമായി പിന്നെയെപ്പോഴോ ഓണം ഒരു ജനകീയ ഉത്സവമായി മാറി. ഈ സന്ദര്‍ഭത്തിലായിരിക്കണം ബലിക്ക്‌ പ്രാധാന്യം കൈവന്നത്.

സമൃദ്ധിയുടെ ബലിപര്‍വ്വം

ബലിയെക്കുറിച്ചും വാമനനെപ്പറ്റിയും വേദങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിക്കുകയാണെങ്കില് ഇനിയുമൊരുപാടൊരുപാട് അറിയപ്പെടാത്ത കഥകള്‍ കണ്ടെത്താനായേക്കാം. അതിന്റെ ഉള്‍പ്പിരിവുകളില്‍ നിന്നും ഒട്ടേറെ സമസ്യ പൂരണങ്ങളും നടത്താന്‍ കഴിയുമായിരിക്കും. രേഖകളുടെയും സ്ഥലകാലങ്ങളുടേയും പിന്‍ബലത്തില്‍ ചരിത്രകാരന്മാര്‍ക്കും അവരുടേതായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയും.

ഈ കഥകളിലുപരിയായി ഓണത്തിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം അത് ഒരു കാര്ഷികോത്സവമായാണ് തുടങ്ങുന്നത് എന്നുള്ളതാണ്. സ്വച്ഛസുന്ദരമായ വസന്തകാലത്തില്‍, വിളഞ്ഞുകിടക്കുന്ന നെല്‍ വയലേലകളില്‍ നടക്കുന്ന വിളവെടുപ്പുത്സവ കാലം - സമൃദ്ധിയുടെ നാളുകള്‍. (സമൃദ്ധിയുടെ കാലമായതിനാലാകാം കൊല്ലവര്‍ഷം ആദ്യമാസമായ ചിങ്ങം, ഈ സമയത്തായി ഉറപ്പിച്ചത്‌.)

ഇക്കാരണംകൊണ്ടുതന്നെ, വാമനനേയും ബലിയേയും മറ്റൊരു കാഴ്ച്ചപ്പാടിലൂടെ കാണാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. മഹാബലി എന്നത് സമ്പദ്സമൃദ്ധി നിറഞ്ഞ നാളുകളുടെ പ്രതീകമാണ്. ആ ബലിയെ ചവിട്ടിമെതിച്ചുകൊണ്ട് വറുതിയും കഷ്ടപ്പാടും നിറഞ്ഞ കാലം അധീശത്തം നേടുന്നു. ഈ കാലത്തിന്റെ ബിംബകല്പനയാണ് വാമനന്‍. വര്‍ഷം തോറും ബലി നാട് സന്ദര്‍ശിക്കുമ്പോള്‍ , അതായത്‌, ആണ്ടുതോറും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും നാളുകള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമ്പോള്‍ (തീര്‍ച്ചയായും വിളവെടുപ്പുകാലം തന്നെ) ജനങ്ങള്‍ ആഘോഷത്തിമര്‍പ്പിലാറാടുന്നു- അതാണ് നമ്മുടെ ഓണം.

===================(സമാപ്തം)=========================

24 ഓഗസ്റ്റ് 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -2)

.
( ഭാഗം -1 ന്റെ തുടര്‍ച്ച )

വാമനനെന്ന ബ്രാഹ്മണന്‍

വി. ഡി. കൊസംബി എന്ന പ്രമുഖ ചരിത്ര പണ്ഡിതന്റെ അഭിപ്രായത്തില്‍ ( "The Culture and Civilization of Ancient India in Historical Outline") ആദ്യ കാലഘട്ടങ്ങളില്‍ പൌരോഹിത്യം എന്നത് കുലത്തൊഴിലല്ലായിരുന്നു. ഗോത്രത്തിലെ നിര്‍ദ്ദിഷ്ട വ്യക്തികള്‍ക്ക്‌ ചെയ്യാവുന്ന ഒരനുഷ്ടാനം മാത്രമായിരുന്നു അത്. എന്നാല്‍, കാലക്രമത്തില്‍ പൌരോഹിത്യം എന്നത് ഒരു വിഭാഗത്തിന്റെ കുത്തകയായി മാറുകയായിരുന്നു. അവര്‍ പിന്നീട് ബ്രാഹ്മണര്‍ എന്ന പേരില്‍ വിരാജിതരായി. പഠിക്കുക, പഠിപ്പിക്കുക, യാഗം നടത്തുക, യാഗം നടത്തിക്കൊടുക്കുക, ദാനം വാങ്ങുക, ദാനം കൊടുക്കുക എന്നിവയെല്ലാമായി അവരില്‍ നിക്ഷിപ്തമായ ജോലികള്‍ .


ജാതി വ്യവസ്ഥയുടെ സൂചനകള്‍ പുരാണങ്ങളില്‍ പ്രബലമായി കടന്നുവരുന്നത്‌ വാമനചരിതത്തിലാണ്. ബലിയുടെ ശക്തിക്ക് കാരണമായിപോലും പറയപ്പെടുന്നത് ഭ്രുഗുവിന്റെ പിന്ഗാമി ശുക്രാചാര്യന്‍A എന്ന ബ്രാഹ്മണന്റെ സാന്നിദ്ധ്യമാണ്. (ശ്രീ. ഭാ. 8.15.28). അതിന് മുമ്പൊരിടത്തും ശുക്രാചാര്യനോ, അദ്ദേഹത്തിന്റെ പൂര്‍വ്വ ഗാമികളൊ ശക്തമായ രീതിയില്‍ ബ്രാഹ്മണ സംഞ്ജയാല്‍ വിശേഷിക്കപ്പെട്ടിട്ടില്ല.



ഇങ്ങനെ ഒരു ബ്രാഹ്മണന്റെ ഇടപെടലുണ്ടായിട്ടും എന്തുകൊണ്ട് ബലി പരാജയപ്പെട്ടു ? അതിന് കാരണമായി പറയുന്നത് ബ്രാഹ്മണന്റെ അപ്രീതിയാണ്. വാമനന്റെ ചതി തിരിച്ചറിഞ്ഞ ശുക്രാചാര്യന്‍ ബലിയെ ഉപദേശിക്കുന്നുണ്ടെന്കിലും തന്റെ സത്യത്തെ മുറുകെപ്പിടിച്ച് ബലി ദാനത്തിനു തയ്യാറാകുന്നു. എങ്ങനെയെങ്കിലും അതിന് ഭംഗം വരുത്തുന്നതിനായി ശുക്രാചാര്യര്‍ ഒരു ചെറുപ്രാണി്യായ്, ദാനത്തിനുമുന്പ്‌ വാമനന്റെ കാല്‍ കഴുകാനായെടുക്കുന്ന കിണ്ടിയുടെ ദ്വാരം തടസ്സപ്പെടുത്തുന്നു. ഇതറിയാതെ ദര്ഭമുനയാല്‍ തടസ്സം നീക്കാനൊരുങ്ങുന്ന ബലി വാസ്തവത്തില്‍ ചെയ്യുന്നത് പ്രാണിയായി മാറിയിരിക്കുന്ന ശുക്രാചാര്യരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയാണ്. ബലിയുടെ പതനം ആരംഭിക്കുന്നത് ഇവിടെയാണ്.ഉടനെ മറ്റൊരു ബ്രാഹ്മണനായ വാമനന്‍ ബലിയെ ചവിട്ടിത്താഴ്ത്തുകയായി.


എന്നാല്‍, വാമാനാവതാരത്തില്‍ നിന്ന്‍ തുടര്‍ന്നുള്ള വിഷ്ണുവിന്റെ അവതാരങ്ങളിലേക്ക് കടക്കുമ്പോള്‍ ബ്രാഹ്മണ്യമോ മറ്റ് ഉപരി വര്‍ണ്ണ സ്ഥിതിയോ നേര്‍ത്ത് ഇല്ലാതാകുന്നുണ്ട്.



വാമനന് ശേഷം അവതരിക്കുന്ന പരശുരാമന്‍ ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും ഒരു മിശ്രനമാണ്. ജമദഗ്നീ പുത്രനായ പരശുരാമന്റെ മാതൃ മാതുലന്‍, വിശ്വാമിത്രന്‍, ക്ഷത്രിയനാണ് എന്നതില്‍ നിന്നും ഇത് സുവ്യക്തം. ശ്രീരാമനില്‍ ബ്രാഹ്മണാംശമില്ല, ക്ഷത്രിയനാണ്. ശ്രീ കൃഷ്ണന്‍ ആര്യ-ക്ഷത്രിയ വംശമായ വൃഷ്ണികുലത്തിലാണ് പിറന്നതെങ്കിലും ആര്യന്മാരിലെത്തന്നെ പിന്നോക്കം നില്‍ക്കുന്നതോ ദ്രാവിഡരോ ആയി കരുതപ്പെടുന്ന ഒരു വംശമായ യാദവ കുലത്തിലാണ് വളര്‍ന്നുവന്നത് . ഗൌതമബുദ്ധന്‍ ജനിച്ച ശാക്യകുലം ആര്യവംശത്തേക്കാളേറെ ഒരു ദ്രാവിഡ കുലമായിരിക്കനാണ് സാധ്യത എന്ന് പറയുന്നവരുണ്ട്. ബുദ്ധന്റെ പിതാവുള്പ്പെടെയുള്ള എല്ലാ ശാക്യരും നിലമുഴുതിരുന്നത്രേ.



സവര്‍ണ്ണനായ അവതാര പുരുഷനായിരുന്നു വാമനന്‍ എന്നത് മേലുദ്ധരിച്ചതെല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നു.



ഒന്നിലധികം 'ബലി'മാര്‍


കൊസംബിയുടെ കാലഗണന വച്ചു നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത് BC8-ആം നൂറ്റാണ്ടിലാണ് . രാമായണ കഥ നടക്കുന്നത് BC 7000 ത്തിനും ബ്ക്‌ 2000 ത്തിനും ഇടയില്‍ എപ്പോഴോ ആണ്. (പലര്‍ക്കും പല അഭിപ്രായം). പുരാണങ്ങളനുസരിച്ച് രാമായണ കാലഘട്ടത്തിനും മുമ്പാണ് ബലി ജീവിച്ചിരുന്നത്. അതായത്‌ ബലിക്കും കൃഷ്ണനും ഇടയില്‍ ചുരുങ്ങിയത് 1000-1500വര്ഷങ്ങളെന്കിലും അന്തരമുണ്ട്.


ബലിയുടെ നൂറുമക്കളില്‍ മൂത്തവനായ ബാണനെ ശ്രീകൃഷ്ണന്‍ പരാജയപ്പെടുത്തുന്നതും ബാണ പുത്രി ഉഷയെ കൃഷ്ണന്റെ പേരക്കുട്ടി വേള്‍ക്കുന്നതും ശ്രീമദ് ഭാഗവതത്തില്‍ ഉണ്ട്. ഇതിനുള്ള സാധ്യത തുലോം കുരവാണ്. കഥാകഥനത്തില്‍ എവിടെയെങ്കിലും വിടവുകള്‍ വന്നിരിക്കാം. ഒന്നുകില്‍ ഒന്നിലധികം ബലിമാര്‍ ഉണ്ടായിരിക്കണം- ബലിമാരുടെ ഒരു വംശാവലി. അല്ലെങ്കില്‍ ബലി പുത്രനായ ബാണന്റെ ഒരു വംശാവലി. ബലിയുടെ നൂറു പുത്രരില്‍ മൂത്തവനായി, സഹസ്രഭുജനായി ഒക്കെയാണ് കൃഷ്ണനുമായി എറ്റുമുട്ടുന്ന ബാണനെ വിവരിച്ചിരിക്കുന്നത്. ഒരേ സ്പെസിഫിക്കേഷനിലുള്ള ഒന്നിലധികം ബാണന്മാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം കുറവ്‌. അതുകൊണ്ടുതന്നെ ബലിമാര്‍ ഒന്നിലധികം ഉണ്ടായിരുന്നു, അവരില്‍ പ്രമുഖനായ അഥവാ മഹാനായ ബലിയായിരുന്നു മഹാബലി, അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരനായ മറ്റൊരു ബലിയുടെ മകനാണ് ബാണന്‍ എന്നിങ്ങനെ നിരീക്ഷിക്കാവുന്നതാണ്.

ആര്യ - ദ്രാവിഡ സംഘര്‍ഷം

വേദങ്ങളും അതിനെ തുടര്‍ന്നുണ്ടായ ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും എല്ലാം പ്രാചീനത അവകശപ്പെടാവുന്നവയാണ്. വായ്മൊഴിയായാണ് ഇവ പ്രാഗ് കാലം മുതല്‍ തലമുറകളിലേക്ക്‌ പകര്‍ന്നിരുന്നത്. വേദങ്ങള്‍ , അതിനാല്‍ ശ്രുതി എന്ന പേരിലും അറിയപ്പെടുന്നു. പുരാണങ്ങള്‍ പലതും പില്‍ക്കാലത്ത്‌ എഴുതപ്പെട്ടിട്ടുള്ളവയാണ്. ശ്രീമദ് ഭാഗവതം എഴുതിയിട്ടുള്ളത്‌ 13-)൦ നൂറ്റാണ്ടിലാണെന്ന് അതിലെ ഭാഷയും പ്രയോഗങ്ങളും വച്ച് വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ , വാമൊഴിയായി അതിന് മുമ്പുതന്നെ നിലനിന്നിരിക്കാം. വേദങ്ങളില്‍ നിന്നും അതതു കാലത്തെ ചിന്തയുടെയും ജീവിതക്രമാത്തിന്റെയും രൂപം എറേക്കുറെ ലഭിക്കുന്നുണ്ടത്രേ. എന്നാല്‍, പുരാണങ്ങളില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ തേടുന്നതില്‍ വലിയ അര്ത്ഥമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ, അവ കഥകലാണെന്കില്‍ കൂടി ആ കാലത്തെ സംഭവങ്ങളുടേയോ വ്യവസ്ഥകളുടേയോ പ്രതിഫലനം തീര്‍ച്ചയായും കാണുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇവര്‍ പുരാണങ്ങളില്‍ നിന്നും ചരിത്രം കുറച്ചൊക്കെ കണ്ടെത്തിയിട്ടുമുണ്ട്.


ബലി-വാമന മുഖാമുഖമുള്‍പ്പെടെയുള്ള ദേവാസുര സംഘര്‍ഷങ്ങളെല്ലാം ആര്യ- ദ്രാവിഡ യുദ്ധത്തിന്റെ പകര്‍പ്പുകളാണെന്നാണ് കൊസംബി മുതല്‍ റോമില ഥാപ്പര്‍ വരെയുള്ള ചരിത്ര പണ്ടിതര്‍ അഭിപ്രായപ്പെടുന്നത്.


മനുവിന്റെ പിന്മുറക്കാരാണ് കശ്യപ-അദിതി പുത്രന്മാരായ ദേവന്മാരും, കശ്യപ-ദിതി പുത്രന്മാരായ അസുരന്മാരും എന്നതിനാല്‍ അവരെല്ലാം മനുഷ്യരാണെന്നുള്ള 'ക്ലൂ' പുരാണങ്ങള്‍ തന്നെ നമുക്ക്‌ തരുന്നുണ്ട്. അല്ലാതെ, പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അഭൗമരായ ഇതരഗോള വാസികളല്ല ദേവന്മാരും അസുരന്മാരും.


'പ്രാകൃതം' എന്നതിന് സമാനമായ സംസ്കൃതപദമായാണ് 'ദ്രാവിഡര്‍' എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നതെന്ന് കരുതുന്നു. ഈ ദ്രാവിഡര്‍ ആണ് ഭാരതഖണ്ഡത്തിലെ ആദ്യകാല സിവിലൈസ്ഡ് സൊസൈറ്റി. ഇവരെ 'ദ്രാവിഡര്‍ ' എന്ന്‍ വിശേഷിപ്പിച്ചത് പില്‍ക്കാല ആര്യന്മാര്‍ ആയിരിക്കണം. 'മനുസ്മൃതി' പ്രകാരം വേദാനുസൃത അനുഷ്ഠാനങ്ങള്‍ നടത്താത്തവരെയാണ് ദ്രാവിഡര്‍ എന്ന്‍ വിശേഷിപ്പിക്കുന്നത്. അവരെ ഏറെ നികൃഷ്ടരായി കരുതിയിരുന്നതായും പറയുന്നണ്ടത്രേ.


'ആര്യ' ശബ്ദത്തിനര്‍ത്ഥം സ്വതന്ത്രര്‍ , ശ്രേഷ്ഠന്‍ എന്നൊക്കെയാണ്. കൊസംബിയുടെ നിരീക്ഷണ പ്രകാരം ബി. സി. രണ്ടാം സഹസ്രാബ്ദം മുതല്‍ക്കുള്ള ഇന്തോ- ഇറാനിയന്‍ യോദ്ധൃ സഞ്ചാരീ സമൂഹത്തിനാണത്രേ ആര്യ വര്‍ഗം എന്ന വിശേഷണം യോജിക്കുന്നത്. ഈ ആര്യ വര്‍ഗത്തിന്റെ സംസ്കാരമാണ് പില്‍ക്കാലത്ത്‌ ഭാരതമൊട്ടുക്ക് പാടി പുകഴ്ത്തപ്പെട്ടത്. തദ്ദേശീയരുടെ ഭാഷയെ അസംസ്കൃതമായി കണ്ട അവര്‍ ' സംസ്കൃതം ' എന്ന പുതിയ ഭാഷയില്‍ മുദ്രണങ്ങള്‍ നടത്തി. അവര്‍ ഉത്കൃഷ്ടരായ ദേവന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ ആര്യന്മാര്‍ പലപ്പോഴായി ആക്രമിച്ചു നശിപ്പിച്ചിരുന്ന ബി.സി. മൂന്നാം സഹസ്രാബ്ദ നാഗരിക സംസ്കാരങ്ങളോട് (ദ്രാവിഡ- സൈന്ധവ സംസ്കാരം) തുലനം ചെയ്യുമ്പോള്‍ അവര്‍ പരിഷ്കൃതരായിരുന്നില്ല എന്ന്‍ കൊസംബി പറയുന്നു. ആര്യ സംസ്കാരത്തിന്റെത് എന്ന്‍ വിവരിക്കാവുന്ന തനതായ ഉപകരണങ്ങളോ, മണ്പാത്രങ്ങളോ ഒന്നും ഇല്ലത്രേ. ലോകചരിത്രത്തില്‍ അവര്‍ക്കു പ്രാധാന്യം നേടിക്കൊടുത്തത്‌, ഭക്ഷ്യപ്രഭവമായ മാടുകളെ കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നതും , യുദ്ധത്തില്‍ കുതിര പൂട്ടിയ രഥങ്ങള്‍ ഉപയോഗിച്ചിരുന്നതും, സാധനങ്ങള്‍ കടത്താന്‍ കാളവണ്ടി ഉപയോഗിച്ചിരുന്നതും ഒക്കെയത്രേ. ഇതില്‍ നിന്നും ലഭ്യമായ ചലനാത്മകത ഉപയോഗിച്ച ചെറിയ സമൂഹങ്ങളെ യുദ്ധത്തില്‍ തോല്‍പ്പിച്ച് (അസുര വധങ്ങള്‍) , അവരുടെ സാങ്കേതിക വിദ്യകള്‍ കൈക്കൊണ്ട് ശക്തി പ്രാപിച്ച ഒരു സമൂഹമായിരുന്നു ആര്യന്മാരുടേത്. ആര്യ- ദ്രാവിഡ യുദ്ധങ്ങളുടെ ഫലമായി ഉത്തരേന്ത്യയില്‍ നിന്നും തെക്കോട്ടോ അല്ലെങ്കില്‍ വികാസം പ്രാപിക്കാത്ത മറ്റു പ്രദേശങ്ങളിലേക്കോ നീങ്ങുവാന്‍ ദ്രാവിഡര്‍ നിര്‍ബന്ധിതരായി.


ഋഗ് വേദത്തില്‍ ഇന്ദ്രന്‍ സേനാധിപതി എന്ന നിലയിലും ദൈവം എന്ന നിലയിലും ആരാധിക്കപ്പെടുന്നുണ്ടത്രേ. ഇന്ദ്രന്‍ എന്നത് ആദ്യ കാലങ്ങളില്‍ സേനാധിപതിപ്പട്ടമായിരുന്നെന്നും, അനേകം ഇന്ദ്രന്മാരുണ്ട് എന്നുമാണ് രാഹുല്‍ സാംകൃത്യായന്റെ അഭിപ്രായം ( 'വോള്‍ഗ മുതല്‍ ഗംഗ വരെ')


ശ്രീ. പോഞ്ഞിക്കര റാഫിയുടെ ( 'ശുക്ര ദശയുടെ ചരിത്രം') നിരീക്ഷണ പ്രകാരം പ്രാചീന ദ്രാവിഡര്‍ , സപ്തര്‍ഷികുലമെന്ന ഏഴ് കുലങ്ങളില്‍പ്പെടുന്നു.
1.ഭൃഗുകുലം
2.അംഗിരസ്സുകുലം
3.മരീചി കുലം
4.അത്രി കുലം
5.വസിഷ്ഠ കുലം
6.പുലസ്ത്യ കുലം
7.പുലഹ കുലം


ഇതില്‍ ബൃഹസ്പതിയുടെ നേതൃത്വത്തിലുള്ള അംഗിരസ്സ് കുലമാണ് ആര്യന്മാരെ സ്വാഗതം ചെയ്തതെന്നും അങ്ങനെയാണ് ബൃഹസ്പതി ദേവഗുരുവായതെന്നും ശ്രീ. റാഫി അഭിപ്രായപ്പെടുന്നു. ഇക്കാലത്തുതന്നെ അത്രി കുലവും ആര്യന്മാരോട് കൂടെ ചേര്‍ന്നു. അംഗിരസ്സ് കുലവുമായി മുന്‍പുതന്നെ ശീത സമരത്തിലേര്‍പ്പെട്ടിരുന്ന പുലസ്ത്യ-പുലഹ കുലങ്ങള്‍ ഒടുക്കം വരേയും ആര്യന്മാരുമായി യുദ്ധം ചെയ്തു. ആദ്യകാലത്ത്‌ ഭൃഗു - മരീചി- വസിഷ്ഠ കുലങ്ങളും അവരോടൊപ്പം നിന്നിരുന്നു. ആര്യന്മാരുടെ വിജയക്കുതിപ്പുകള്‍ കണ്ടപ്പോള്‍ മരീചികുലവും വസിഷ്ടകുലവും ആര്യന്മാരോടോത്തു. ഒടുവില്‍, ഭൃഗുകുലവും. എന്നാല്‍, ആര്യന്മാരോട് കീഴ്പ്പെടാനിഷ്ടപ്പെടാതിരുന്ന പുലഹ-പുലസ്ത്യ കുലാംഗങ്ങള്‍ അവരോട് ഏറ്റുമുട്ടി മരിക്കുകയോ ദക്ഷിണ ഭാരതത്തിലേക്കും വനാന്തരങ്ങളിലേക്കും ഗമിക്കുകയോ ചെയ്തു.


ഈ കുലങ്ങള്‍ തമ്മിലുള്ള 'സൌന്ദര്യപ്പിണക്ക' ത്തിന്റെതായ ഇടപെടലുകള്‍ ബലി കഥയെ ഗ്രസിക്കുന്നുണ്ട്. അതിങ്ങനേയാണ്. ഭൃഗുകുലത്തിന്നധിപതിയായ ഭൃഗുവിന്റെ പുത്രനാണ് ശുക്രന്‍. മറ്റൊരു കുല നാഥനായ അംഗിരസ്സിന്റെ കീഴില്‍ ധര്‍മ്മ ശസ്ത്രാദികള്‍ പഠിക്കുവാനായി അദ്ദേഹം പോകുന്നു. അംഗിരസ്സിന്റെ പുത്രന്‍ , ബൃഹസ്പതിയും സഹാപാഠിയായുണ്ട്. അംഗിരസ്സന്‍, പുത്രനായ ബൃഹസ്പതിയോട് കാണിക്കുന്ന പക്ഷപാതം കണ്ട് മനം മടുത്ത ശുക്രന്‍ അവിടെ നിന്നും ഇറങ്ങിത്തിരിക്കുന്നു. ശുക്രനും ബൃഹസ്പതിയും അഥവാ ഭൃഗുകുലവും അംഗിരസ്സുകുലവും തമ്മിലുള്ള വൈരം ആരംഭിക്കുന്നത് ഇങ്ങനെയാണ്.


ബൃഹസ്പതി ആര്യന്മാരുടെ ആധ്യാത്മികാചാര്യനായപ്പോള്‍, ഹിരണ്യ കശിപുവിന്റെ മകള്‍ ഉഷാനയുടെ പുത്രന്‍ കൂടിയായ ശുക്രന്‍ സ്വാഭാവികമായും ദൈത്യന്മാരുടെ ആചാര്യനാകുന്നു. ശുക്രാചാര്യരുടെ നിര്ദ്ദേശാനുസരണമാണ് ബലി 'വിശ്വജിത്' എന്ന യജ്ഞത്തിനൊരുങ്ങുന്നത്, ഇന്ദ്രപഥത്തിനായി. ഇതില്‍ ഭയചകിതനാകുന്ന ഇന്ദ്രനോട്, ബലിക്ക് പിന്നിലുള്ള ശക്തി ശുക്രനാണ് എന്ന് പറയുന്നത് ബൃഹസ്പതിയാണ്. പിന്നീടുള്ള സംഭവങ്ങള്‍ക്ക് ചരട് വലിക്കുന്നതും ബൃഹസ്പതി തന്നെ. ഇങ്ങനെ രണ്ടു കുലങ്ങള്‍ തമ്മിലുള്ള സ്പര്ദ്ദയുടെ ബലി്യാടാണ് ബലി എന്ന് വേദങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചരിത്രത്തെ പുരാണങ്ങളില്‍ സന്നിവേശി്പ്പിക്കുമ്പോള്‍ കാണാന്‍ കഴിയും.

(ഭാഗം- 3 ല്‍ തുടരും)

18 ഓഗസ്റ്റ് 2009

ബലി - വാമന ചരിതം : പുരാണങ്ങളുടേയും ചരിത്രത്തിന്റേയും ചില ഇടപെടലുകള്‍ (ഭാഗം -1)


ഏതൊരു ഉത്സവത്തിനും ആഘോഷത്തിനും അതിന്റെ പിന്നില്‍ ഐതിഹ്യങ്ങള്‍ കാണും. അതിന് നാടും മതവും എന്ന ഭേതമേതുമില്ല. മലയാളികള്‍ കൊണ്ടാടുന്ന ഓണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
.
ഓണത്തിനു പിന്നിലുള്ള ഐതിഹ്യത്തെ ഏറെക്കുറെ ഇങ്ങിനെ സമ്ഗ്രഹിക്കാവുന്നതാണ് :
.
കേരള നാട് വാണിരുന്ന മഹാബലി എന്ന മഹാരാജാവ്‌. സമത്വ സുന്ദര സോഷ്യലിസ്റ്റ്‌ നാടിന്നധിപതി. ധര്‍മ്മിഷ്ടന്‍ , ദാനശീലന്‍, സത്യസന്ധന്‍. അദ്ദേഹത്തിന്റെ പുകള്‍ ലോകമെങ്ങും വ്യാപിക്കുന്നു. ക്രമേണ സര്‍വ്വ ലോകത്തിനും അരചനായി ഭവിക്കുന്നു. ഇതില്‍ അസൂയ പൂണ്ട ഇന്ദ്രാദികള്‍, അല്ലെങ്കില്‍ തങ്ങളുടേതായ സ്വര്‍ലോകം കൂടി ബലി കീഴടക്കുമോ എന്ന് ഭയന്ന ദേവകള്‍. വിചാരവിഷണ്ണനായ മകന്റെ വിഷമാവസ്ഥ സഹിക്കാനാവാതെ ഇന്ദ്രമാതാവ്, അദിതി മഹാവിഷ്ണുവിനെ ഭജിക്കുന്നു. അവരുടെ അഭ്യര്‍ഥന പ്രകാരം വാമനന്‍ എന്ന കുറിയ ബ്രാഹ്മണനായി അവതരിക്കുന്ന വിഷ്ണു, മഹാബലിയുടെ യാഗശാലയില്‍ എത്തിച്ചേരുന്നു. വാമനന്റെ ആഗമനത്തില്‍ പ്രീതനായ ബലി ദാനമെന്തുവേണമെന്നാരായുന്നു. ഏറെ നേരത്തെ നിര്‍ബന്ധത്തിനു ശേഷം മൂന്നടി മണ്ണ് മതിയെന്ന് പറയുന്നു വാമനന്‍. ദാനത്തിനു തയ്യാറാകുന്ന മഹാബലിയുടെ മുന്നില്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ച വാമനന്‍, പാദം കൊണ്ട് ആദ്യത്തെ ചുവടുവെപ്പില്‍ ഭൂമിയും മറ്റൊരടി കൊണ്ട് മറ്റ് പ്രപഞ്ച ഗോളങ്ങളും നക്ഷത്രങ്ങളും അളന്നു കഴിയുന്നു. മൂന്നാമത്തെ അടി വയ്ക്കുവാനായി തന്റെ ശിരസ്സ് കാട്ടികൊടുക്കുവാന്‍ ബലി നിര്‍ബന്ധിതനാവുന്നു. അങ്ങിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട ബലിക്ക്‌ ഒരു ദയാവായ്പ്‌ വാമനന്റെ വക. ആണ്ടുതോറും അതെനാള്‍ തന്റെ പ്രജകളെ കാണാനായി പാതാളത്തില്‍ നിന്നും നാട്ടിലേക്ക്‌ എഴുന്നളളാം. മഹാബലിയുടെ വര്‍ഷവുമുള്ള നാട് സന്ദര്ശനമാണ് നാം ഓണമായി ആഘോഷിക്കുന്നത്.
.

സാധാരണ ഏതൊരു പുരാണകഥയുടേയോ ഇതിഹാസത്തിന്റെയോ ഐതിഹ്യത്തിന്റെയോ കാതല്‍ തിന്മയുടെ മേലുള്ള നന്മയുടെ വിജയമായിരിക്കും. എന്നാല്‍ ബലി-വാമന ചരിതം അത്തരമൊരു ഫോര്‍മുലയെ തിരുത്തി എഴുതുന്നു. ഇത്രയും മഹാനായ, നന്മയുടെ പ്രതീകമായ, തിന്മയുടെ അനുരണനങ്ങള്‍ ഒട്ടും തീണ്ടാത്ത ഒരു ഭരണാധികാരിയെ നിഷ്കാസിതനാക്കാന്‍ ഇന്ദ്രാദികളായ ദേവന്മാര്‍ക്കോ സ്ഥിതിയുടെ ഈശനായ വിഷ്ണുവിനോ ഉണ്ടായ ചേതോ വികാരം എന്താണ് ? അതും തികച്ചും ചതിയുടെ വഴിയിലൂടെ ?

.

എന്നാല്‍, ബാലിചരിതത്തിനുള്ള മറ്റൊരു അവാന്തരം ഒരു ഐതിഹ്യത്തിന്റെ സ്ഥിരം രൂപത്തിന് ഏറെക്കുറെ ഒത്തുപോകുന്ന, നേരത്തെ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറുന്ന ഒന്നാണ്. ആ കഥ ഇങ്ങിനെയാണ്:

.

മഹാനായ ബലി ചക്രവര്‍ത്തി എല്ലാ ഗുണങ്ങളും തികഞ്ഞവനെങ്കിലും ഒരു ദൂഷ്യം അദ്ദേഹത്തില്‍ മുറ്റി്നില്ക്കുന്നു.- അഹംബോധം. അത് നശിപ്പിച്ച് ബലിയെ സംപൂര്‍ണനാക്കി മോക്ഷം നല്കുക- ഇങ്ങിനെ ഒരു ഉദ്ദേശത്തോടെയാണ് ഭഗവാന്‍ വിഷ്ണു വാമന രൂപത്തില്‍ വന്ന്‍ അദ്ദേഹത്തെ പരീക്ഷിക്കുന്നത്. മഹാബലിയുടെ ശിരസ്സില്‍ പാദമൂന്നുക വഴി അദ്ദേഹത്തിലടങ്ങിയിരിക്കുന്ന അഹംബോധത്തെ ഉന്മൂലനം ചെയ്തുവെന്ന് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.

.

ബലിയോ വാമനനോ ?

.
ശ്രീമദ് ഭാഗവതത്തില്‍ ബലിയെ ഏറ്റവും പ്രമുഖനായ ഒരു അസുര ചക്രവര്ത്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. വാമാനാവതാരവും ബലിയുടെ ദാനേതിഹാസവും വിരചിക്കുന്നതിനായി ഏറെ താളുകള്‍ ശ്രീമദ് ഭാഗവതത്തില്‍ നീക്കി വച്ചിട്ടുണ്ട്. (ശ്രീ. ഭാ. : 8.15- 8.23). വിഷ്ണു വേഷം മാറി വന്നതാണ് വാമനന്‍ എന്ന്‍ മനസ്സിലാക്കുന്ന അസുരഗുരു ശുക്രാചാര്യര്‍ ദാനത്തില്‍ നിന്നും ബാലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പറഞ്ഞ വാക്കില്‍ നിന്നും മാറാനുള്ള വിമുഖത, ബലി തത്വ ചിന്താപരമായ വാക്കുകളിലൂടെ വിവരിക്കുന്നതായും ഈ ഗ്രന്ഥത്തില്‍ നമുക്കു കാണാം. (ശ്രീ. ഭാ. 8.20). വിഷ്ണുമാഹാത്മ്യം ഏറെ വര്‍ണിക്കുന്ന ഭാഗവതത്തില്‍ വാമനാവതാരത്തിന്റെ മഹത്വം ബലിയുടെ പ്രഭവത്തിനു മുന്‍പില്‍ ഇല്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

.
വേട്ടയാടപ്പെടുന്ന വംശാവലി

.
ബലിയുടെ വംശാവലിയുടെ അടിവേരുകള്‍ ഹിന്ദു മിഥോളജി പ്രകാരം ഇങ്ങിനെയാണ് :

.
ബ്രഹ്മാവ്‌ എന്ന സൃഷ്ടിയുടെ ദൈവത്തില്‍ നിന്നും സ്വയംഭൂവായി മനു ജാതനാകുന്നു. മനുവിന്റെ പിന്ഗാമികളായി ബ്രഹ്മാവിന്റെ തന്നെ മാനസപുത്രന്മാരായി പത്ത്‌ പ്രജാപതികള്‍ സൃഷ്ടിക്കപ്പെടുന്നു. അവരിലൊരാളായ കശ്യപപ്രജാപതി, മറ്റൊരു പ്രജാപതിയായ ദക്ഷന്റെ പുത്രിമാരെ വിവാഹം കഴിക്കുന്നു. (സതി എന്ന ദക്ഷന്റെ വേറൊരു പുത്രിയെ വേള്‍ക്കുന്നത് ശിവനാണ്) . കശ്യപ പത്നിമാരില്‍ ഒരുവളായ അദിതിക്കുണ്ടാകുന്ന പുത്രന്മാരാണ് ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍. ദിതിക്കുണ്ടാകുന്ന രണ്ടു പുത്രന്മാരാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും (ശ്രീ. ഭാ. 6.18.11). ദിതിയില്‍ നിന്നും ഉണ്ടാകയാല്‍ ഇവര്‍ ദൈത്യന്മാര്‍ എന്നറിയപ്പെടുന്നു. അതില്‍ ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്റെ മകന്‍ വിരോചനന്‍. വിരോചനപുത്രനാണ് ബലി.

.
കശ്യപ സപത്നിമാര്‍ തമ്മിലുള്ള കലഹത്തിന്റെ ബാക്കിപത്രമാണ് ദേവ-ദൈത്യ സംഘട്ടനങ്ങളെന്ന് ഈ വംശാവലി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇതില്‍ ദേവന്മാര്‍ അമൃത് കഴിച്ച് അമരത്വം നേടുന്നു. ദൈത്യന്മാര്‍ക്ക് മരണം സംഭവിക്കുകയും പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകുകയും ചെയ്യുന്നു. വിഷ്ണു എന്ന മായവിദ്യക്കാരനായ സംരക്ഷകന്റെ സഹായത്തോടെ അദിതി പുത്രന്മാരാല്‍ വേട്ടയാടപ്പെടുന്നവരാണ് ദിതിയുറെ പുത്രന്മാരും സന്തതി പരമ്പരകളുമെന്ന് പുരാണങ്ങളില്‍ നിന്നും വായിച്ചെടുക്കാം.

.
വിഷ്ണുവിന്റെ മിക്കവാറും അവതാരങ്ങള്‍ ദേവന്മാര്‍ക്ക് വേണ്ടി ദിതിയുടെ സന്തതി പരമ്പരകളെ ഉന്മൂലനം ചെയ്യാനാണ് ഉണ്ടായിട്ടുള്ളത്. കൂര്‍മ്മാവതാര ലക്ഷ്യം ദേവന്മാര്‍ക്ക്‌ അമരത്വത്തിനുള്ള അമൃതിനായി പാലാഴിമഥനം നടത്തുമ്പോള്‍ മന്ദര പര്‍വ്വതത്തെ താങ്ങി നിര്‍ത്തുക എന്നതായിരുന്നു. സഹായികളായ ദൈത്യന്മാര്‍ അമൃതപാനത്തിനൊരുങ്ങുമ്പൊള്‍ അവരെ കബളിപ്പിച്ച്, അവര്‍ക്ക്‌ അമരത്വം നിഷേധിച്ച് ദേവന്മാര്‍ക്ക്‌ നിത്യ യൌവനം പ്രദാനം ചെയ്യുന്നതിന്നായി ആയിരുന്നു മോഹിനി അവതരിക്കുന്നത്. ഹിരണ്യാക്ഷന്‍ എന്ന ദിതിയുടെ പുത്രനെ വരാഹരൂപത്തില്‍ വന്ന്‍ വധിച്ചതും വിഷ്ണുവായിരുന്നു. ഇതില്‍ പ്രകോപിതനായ ഹിരണ്യാക്ഷന്റെ ജ്യേഷ്ടഭ്രാതാവ് ഹിരണ്യകശിപു ചില പ്രത്യേക വരങ്ങളുടെ / കഴിവുകളുടെ സംരക്ഷണത്താല്‍ ഇന്ദ്രാദികളെ തുരത്തി സ്വര്ഗലോകമുള്‍പ്പെടെയുള്ള സര്‍വ്വ ലോകങ്ങളും പിടിച്ചടക്കി. എന്ത് ചെയ്യേണ്ടൂ എന്നറിയാത്ത ദേവന്മാര്‍ വിഷ്ണുവിനെ തന്നെ അഭയം പ്രാപിക്കുന്നു. ഹിരണ്യകശിപുവിനെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാതിരുന്ന അദ്ദേഹം പാളയത്തില്‍ പടതീര്‍ത്താണ് വിജയം കൈവരിക്കുന്നത്. ഹിരണ്യകശിപു ഇല്ലാത്ത നേരങ്ങളില്‍ തന്റെ അനുസാരിയായ നാരദനെ , ഗര്‍ഭിണിയായ ഹിരണ്യകശിപുവിന്റെ പത്നിയുടെ അടുത്തേക്ക് വിടും. വിഷ്ണു മാഹാത്മ്യങ്ങള്‍ ഏറെ വര്‍ണ്ണിക്കും നാരദന്‍. ഗര്‍ഭാവസ്ഥയിലുള്ള പ്രഹ്ലാദനെ ലക്ഷ്യം വച്ചായിരുന്നു ഇത്. പ്രഹ്ലാദന്‍ ഇതു കേട്ട് വളരുകയും, പിന്നീട് സ്വപിതാവിന്റെ നേരെ തിരിയുകയും ചെയ്യുന്നു. നരസിംഹം എന്ന അവതാരത്തിലൂടെ ഏറെ താമസിയാതെ വിഷ്ണു, ഹിരണ്യകശിപുവിനെ വധിച്ച് ഇന്ദ്രന് സ്വര്‍ഗം തിരിച്ചേകുന്നു. പ്രഹ്ലാദനും തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ പുത്രനായ വിരോചനനും ഏതാണ്ട് ദേവന്മാരുടെ സാമന്തന്മാരായാണ് ഭരണം കൈക്കൊണ്ടത്. എന്നാല്‍ വിരോചന പുത്രന്‍ ബലി പരാക്രമിയായിരുന്നു. തന്റെ പ്രപിതാമാഹന്മാര്‍ നേടിയെടുത്ത യശസ് വീണ്ടെടുക്കുന്നതിനായി പരമാവധി യത്നിച്ചു. ആ ബലിയെ വകവരുത്തുന്നതിനായാണ് വാമനാവതാരം ഉണ്ടാകുന്നത്.

.
നേരത്തെ ഐതിഹ്യത്തില്‍ കണ്ടതുപോലെ അദിതിയുടെ അഭ്യര്‍ഥന അനുസരിച്ച് ദേവന്മാരെ സഹായിക്കാനാണ് വിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിക്കുന്നത്. (ശ്രീ. ഭാ. 6.18.9). അങ്ങനെ വരുമ്പോള്‍ വാമനാവതാര ലക്ഷ്യം സ്വസഹോദരനായ ഇന്ദ്രന്റെ യശസ് വീണ്ടെടുക്കുക എന്നതാകുന്നു, അതും സ്വന്തം പിതൃരക്തത്തില്‍ പിറന്നവനെ ഉന്മൂലനം ചെയ്തുകൊണ്ട്.

.
ഈ വേട്ടയാടലിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. ബലിയുടെ മൂത്ത മകനായ ബാണന്റെ ആയിരം കൈകളില്‍ നാലെണ്ണമൊഴികെ മറ്റെല്ലാം ചേദിച്ചു കളയുന്നത് വേറൊരു അവതാരമായ കൃഷ്ണനാണ്.

.
എന്നാല്‍ തലമുറകളായി തുടരുന്ന സംഘര്‍ഷം ശുഭപര്യവസാനിയാകുന്നത് എങ്ങിനെയെന്നും പുരണങ്ങളിലുണ്ട്. ബാണ പുത്രി ഉഷ, കൃഷ്ണന്റെ പുത്രന്‍ പ്രദ്യുമ്നന്റെ മകന്‍ അനിരുദ്ധനെ മോഹിക്കുകയും പ്രണയബദ്ധരാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നു.
.

ബലി- അവസാനത്തെ അസുര രാജാവ്‌

.
ശ്രീമദ് ഭാഗവതത്തിന്റെ ഇതിവൃത്തം വച്ച് ബലിചരിതത്തെ വിലയിരുത്തുകയാണെന്കില്‍ അത് ദേവാസുര സംഘട്ടനത്തിലെ ഒരു എപ്പിസോഡാണ്. ഇന്ദ്രന്‍ എന്ന ദേവരാജനും അസുര രാജാക്കന്മാരും തമ്മില്ലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഒരു പക്ഷേ, അവസാനത്തെ അദ്ധ്യായം.

.
വിഷ്ണു, വരാഹവും നരസിംഹവും ആയി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ അസുരരാജക്കന്മാരായ ഹിരണ്യാക്ഷനെയും ഹിരണ്യകശിപുവിനെയും ഉന്മുലനംചെയ്യാനാണ്. അടുത്ത ജന്മത്തില്‍ ഇവര്‍ തന്നെയാണ് രാവണനും കുംഭകര്‍ണനും ആയി ജനിക്കുന്നത്. (ശ്രീ. ഭാ. 7.10.37). പക്ഷെ ത്രേതായുഗത്തില്‍ ശ്രീരാമാനാല്‍ വധിക്കപ്പെടുവാനായി ഇവര്‍ പുനര്‍ജനിക്കുമ്പോള്‍ അറിയപ്പെടുന്നത് അസുരന്മാര്‍ എന്ന പേരിലല്ല. 'രാക്ഷസര്‍' എന്ന നാമത്തിലാണ്. രാമായണത്തില്‍ അസുരവംശം എന്ന പ്രയോഗം ഏറെ കാണ്മാനില്ല. പകരം, ദുഷ്ടതയുടെയും ക്രൌര്യത്തിന്റെയും പര്യായമായി രാക്ഷസ ശബ്ദമാണ് കടന്നുവരുന്നത്‌.
.
മറ്റൊരു വിഷ്ണു അവതാരമായ കൃഷ്ണനാല്‍ ദ്വാപരയുഗത്തില്‍ വധിക്കപ്പെടുന്ന ശിശുപാലന്‍, ദന്താവക്ത്രന്‍ എന്നീ രാജാക്കന്മാര്‍ നേരത്തെ പറഞ്ഞവരുടെ മൂന്നാം ജന്മമാണ് പുരാണങ്ങള്‍ പ്രകാരം. (ശ്രീ. ഭാ. 7.10.38) (അതോടെ അവര്‍ മോക്ഷാര്‍ഹരാകുന്നുവത്രേ) . രാക്ഷസരെക്കുരിച്ചുള്ള വിവരണം അവിടവിടെയായി കാണാമെങ്കിലും 'മഹാഭാരത'ത്തില്‍ ദുഷ്ടതയുടെ പര്യായമായി ചില മനുഷ്യ രാജാക്കന്മാരെതന്നെയാണ് കൊടുത്തിരിക്കുന്നത്.
.
മഹാബലി എന്ന അസുര ചക്രവര്ത്തിയുടെ പുത്രന്‍ ബാണന്‍ 'മഹാഭാരത'ത്തില്‍ ഒരു മര്‍ത്യ രാജാവാണ്. ശക്തനും ദുഷ്ടനും അഹങ്കാരിയുമായ ഒരു രാജാവ്‌. ഭാഗവതത്തിലും ബാണന്റെ അസുരാംശത്തിനു പ്രാധാന്യ കൊടുത്തു കാണുന്നില്ല.
.
ഹിന്ദു പുരാണങ്ങളിലെ കാലക്രമമനുസരിച്ച് വാമാനാവതാരവും മഹാ ദാനവും നടക്കുന്നത് ത്രേതായുഗത്തിന്റെ ആരംഭാകാലത്താണ്. അതിനുമുന്പുള്ള സത്യയുഗത്തിലാണ് അസുരന്മാരെക്കുറിച്ചുള്ള കഥകള്‍ മുഴുവന്‍ നിറയുന്നത്. ത്രേതായുഗത്തില്‍ രാക്ഷസന്മാരെക്കുറിച്ചാണ് ഏറിയകൂറും പരാമര്‍ശിക്കുന്നത്. ദ്വാപരയുഗത്തിലെത്തുമ്പോള് രാക്ഷസ പരാമര്‍ശമുണ്ടെന്കിലും സാധാരണ മനുഷ്യന്മാര്തന്നെയാണ് പ്രതിനായകര്‍.
.
ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ബലിയെ അവസാനത്തെ അസുരരാജാവായി കണക്കാക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ബലി തന്റെ ജനപ്രിയത കൊണ്ട് അസുരവംശത്തിനു പുതിയ മാനങ്ങള്‍ രചിച്ചതാകാം ഇതിന് കാരണം. കാലചംക്രമണത്തില്‍ അസുര ശബ്ദം കുറേക്കൂടി ജനകീയമായി മാറിയതുമാകാം.
.
ഡാര്‍വ്നും വാമനനും മറ്റ് അവതാരങ്ങളും

.

പുരാണങ്ങള്‍ പ്രകാരം മഹാവിഷ്ണു എന്ന ദേവ ദൈവം ഏതാണ്ട് 25 അവതാരങ്ങള്‍ എടുത്തതായി കാണുന്നു, വിവിധ സന്ദര്‍ഭങ്ങളിലായി. ഇവയില്‍ പത്തു എണ്ണമാണ് ഏറെ പ്രാധാന്യമര്‍്ഹിക്കുന്നത്. അവയെ ദാശാവതാരങ്ങള്‍ എന്ന്‍ പറയുന്നു. ദശാവതാരങ്ങളും അതിന്റെ പുരാണ കാലക്രമവും ഇനി പറയുന്ന പ്രകാരമാണ്.
1.മത്സ്യം - സത്യയുഗം
2.കൂര്‍മ്മം -സത്യയുഗം
3.വരാഹംസത്യയുഗം
4.നരസിംഹം - സത്യയുഗം
5.വാമനന്‍ -ത്രേതായുഗം
6.പരശുരാമന്‍ - ത്രേതായുഗം
7.ശ്രീരാമന്‍ - ത്രേതായുഗം
8. ശ്രീകൃഷ്ണന്‍ - ദ്വാപരയുഗം
9.ബുദ്ധന്‍ - കലിയുഗം
10. കല്കി - കലിയുഗം

.
മേല്പ്പറഞ്ഞവയില്‍ തര്‍ക്കത്തിനിട നല്കിയിട്ടുള്ളത്‌ ഒന്‍പതാമത്തെ അവതാരമായ ബുദ്ധന്റെ കാര്യത്തിലാണ്. ആദ്യകാലങ്ങളില്‍ ഇങ്ങിനെയുള്ള ഒരു വിശ്വാസ പ്രമാണമാണ് വച്ചുപുലര്ത്തിയിരുന്നതെന്നാണ് വിദഗ്ദ മതം. അങ്ങിനെയെങ്കില്‍ ഗൌതമബുദ്ധന്‍ പില്‍ക്കാലത്ത്‌ ഈ പട്ടികയില്‍ നിന്നും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു.? അതിന്റെ സ്ഥാനത്ത്‌ അംശാവതാരമായ ബലരാമന്‍ കടന്നു വന്നതെങ്ങനെ? എന്തുകൊണ്ട് പുരാണങ്ങളില്‍ ബുദ്ധ പരാമര്‍ശമില്ല ?

.
ഉത്തരം വളരെ ലളിതമാണ്. ബുദ്ധമതത്തെ എതിര്‍ത്തു കൊണ്ടായിരുന്നു പില്‍ക്കാലത്ത്‌ ശ്രീശങ്കരന്‍ ഉള്പ്പെടെയുള്ളവരുടെ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ കീഴില്‍ ഹിന്ദുമതം ഉയിര്‍ക്കൊള്ളുന്നത്. വേദങ്ങളും ഉപനിഷത്തുകളും സനാതന ധര്‍മ്മത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച് പുരാണങ്ങള്‍ ചമച്ചപ്പോള്‍ തീര്ച്ചയായും ശത്രുവിന്റെ നാമം അതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് വേണം കരുതാന്‍. ശ്രീമദ് ഭാഗവതം അടക്കമുള്ള പുരാണങ്ങളൊന്നും തന്നെ ബലരാമനെ വിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായി കല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. അനന്തന്റെ അവതാരമായാണ് അതിലെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.

.
മേല്‍പ്പറഞ്ഞ ദശാവതാര സീക്വന്സ് ഏതാണ്ട് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനു സമാനമാണ് എന്ന് കാണാം.: ജലജീവിയായ മത്സ്യത്തില്‍ നിന്നും ഉഭയ ജീവിയായ (amphibia) കൂര്‍മ്മത്തിലെക്കും, ഒരു കര മൃഗമായ വരാഹത്തിലേക്കും , മനുഷ്യമൃഗമായ നരസിംഹത്തിലേക്കും ഉള്ള പരിണാമ ഗുപ്തി ഇവിടെ ദൃശ്യമാണ്. വാമനില്‍ നിന്നുമാണ് മനുഷ്യ പര്‍വ്വം തുടങ്ങുന്നത്. വാമനനെ ചിത്രീകരിച്ചിരിക്കുന്നതാകട്ടെ കുറിയവനായും. അതുകൊണ്ടുതന്നെ ഒരു പൂര്ണ്ണ മനുഷ്യനല്ല. അടുത്ത അവതാരമായ പരശുരാമന്‍ പൂര്‍ണാകായനായ ഒരു മനുഷ്യനാണ്. എന്നാല്‍ വനവാസിയാണ്. ശ്രീ രാമനിലെത്തുമ്പോള്‍ നാഗരികനായ മനുഷ്യനിലേക്കുള്ള പ്രയാണം പൂര്‍ത്തിയാകുന്നു. അവിടെനിന്നും തത്വ ജ്ഞാനിയായ കൃഷ്ണനിലെക്കും (64 ശാസ്ത്ര-കലാദികളില്‍ നിപുണനത്രേ കൃഷ്ണന്‍- ഭഗവദ്‌ ഗീത ഉത്തമോദാഹരണം.) ധര്മ്മജ്ഞാനിയായ ബുദ്ധനിലെക്കും ഉള്ള പരിവര്‍ത്തനം വിസ്മയാവഹമാണ്. ദശാവതാരങ്ങളില്‍ വാമനാവതാരത്തിന്റെ സ്ഥാനം അദ്വിതീയമാകുന്നത്, അത് വിഷ്ണുവിന്റെ ആദ്യത്തെ മനുഷ്യാവതാരം എന്ന നിലയ്ക്കാണ്.

(ശേഷം ഭാഗം - 2 ല്‍ )

22 മേയ് 2009

ഹതഭാഗ്യര്‍ക്ക് 'പറുദീസാ' ഒരുക്കുന്ന നമ്മള്‍

*
ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പത്രത്തില്‍ വന്ന വാര്‍ത്തയാണ് മേല്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങളിലും പത്രവാര്‍ത്തകളിലും എല്ലാം നിത്യേനയെന്നോണം സമാനമായ എത്രയോ സംഭവങ്ങള്‍ കടന്നുവരുന്നു. പക്ഷേ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയും വാര്‍ത്തകള്‍ വിസ്മരിക്കുകയുമാണ് പതിവ്‌. അതുകൊണ്ടു തന്നെ തക്ക സമയത്ത്‌ ചികിത്സയോ സഹായമോ ലഭിക്കാതെ 'പറുദീസാ' പൂകുന്ന ഹതഭാഗ്യര്‍ അനെകരാണ്.

ഏതാണ്ടൊരു മാസം മുന്‍പ്‌ തൃശ്ശൂരിനടുത്ത് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഒരു പൊളിടെക്നിക്ക്‌ വിദ്യാര്ത്ഥി ട്രെയിന്‍ തട്ടി മരിക്കുകയുണ്ടായി. കാലത്ത്‌ പാസ്സഞ്ചര്‍ വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിച്ചതായിരുന്നു. ഞാനെത്തുമ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടുകഴിഞ്ഞിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ വിജനമായ ആ ചെറിയ സ്റെഷനിലെ പ്ലാട്ഫോമില്‍ ഒരാള്‍ മാത്രം ഭയാശന്കകളോടെ നില്പ്പുണ്ട്. മകനെ എല്ലാ ദിവസവും സ്കൂട്ടറില്‍ കൊണ്ടു വിടുന്ന മദ്ധ്യവയസ്കനായ ഒരു പിതാവ്‌. അദ്ദേഹം പറഞ്ഞു : ''ഒരു കുട്ടി ചാടിക്കയറാന്‍ ശ്രമിച്ചു. പക്ഷേ താഴെ വീണു. എന്തുപറ്റി എന്നറിയില്ല. " വണ്ടിയിലെ ഗാര്‍ഡോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോ സംഭവം അറിഞ്ഞിട്ടില്ല. കുറച്ചു മുന്നില്‍ ട്രാക്കിലേക്ക്‌ നോക്കിയപ്പോള്‍ ഒരു ശരീരം അവിടെ കിടക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: "വരൂ... നമുക്കു പോയി നോക്കാം." പക്ഷേ, അദ്ദേഹത്തിന്റെ മുഖം ഭീതിയാല്‍ പൂരിതമായിരുന്നു. എല്ലാ ദിവസവും ട്രെയിനില്‍ പോയി തിരിച്ചുവരുന്ന സമപ്രായക്കാരനായ തന്റെ മകന്റെ ചിന്ത ആളുടെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടായിരിക്കാം. ഏതായാലും ഞാന്‍ അടുത്തു ചെന്നു നോക്കി. കമിഴ്ന്നു കിടക്കുന്ന ശരീരത്തെ രണ്ടു കഷണമാക്കി മാറ്റിയിരിക്കുന്നു തീവണ്ടി ചാക്രങ്ങള്‍. ആള്‍ മരിച്ചു എന്ന്‍ ഉറപ്പായിരുന്നു. സ്റ്റേഷന്‍ അധികൃതരെ ഉടന്‍ തന്നെ വിവരമറിയിച്ചു. അവരും സംഭവ സഥലത്തെത്തി. ശരീരത്തിനടുത്ത് കിടക്കുന്ന ബാഗ് തുറന്നു നോക്കി അതാരാണെന്ന് അറിയണമെന്നുണ്ടായിരുന്നു. ഒരു സഹയാത്രികന്റെ ആകാംക്ഷ. ഞാനാരാഞ്ഞപ്പോള്‍ റെയില്‍വേ ഉദ്യൊഗസ്ഥര്‍ തടയുകയായിരുന്നു. അവര്‍ നിസ്സംഗരായി പറഞ്ഞു : പോലീസ്‌ വരട്ടെ , അതാണ് അതിന്റെ രീതി. ഇയാള്‍ മരിച്ചിട്ടില്ലാത്ത അവസ്ഥയിലാണെന്കില് എന്തായിരിക്കും ഇവരുടെ സമീപനം എന്ന്‍ ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഉണ്ടായ ഒരു റെയില്‍ യാത്രാ സംഭവം കൂടി ഇവിടെ കുറിക്കുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകനും ജോലികഴിഞ്ഞ് തിരിച്ചു വരുന്നു. സീറ്റില്ല. നില്‍ക്കുന്നത്‌ ഡോറിനു സമീപം. അമ്പത് വയസ്സിനടുത്ത്‌ പ്രായമുള്ള ഒരാള്‍ ചവിട്ടുപടിക്ക് സമീപം ഇരിക്കുന്നുണ്ട്. ഇരിങ്ങാലക്കുടക്കും തൃശ്ശൂരിനും ഇടയ്ക്കുള്ള നെല്ലായി എന്ന പ്രദേശത്തുകൂടിയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. പെട്ടന്നൊരു ശബ്ദം. ചവിട്ടുപടിയില്‍ ഇരുന്നിരുന്ന ആള്‍ താഴെ എത്തിയിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഏതാനും സെകന്റുകള്‍. അതിനിടയില്‍ വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി രണ്ടു കി. മീ. എങ്കിലും പിന്നിട്ടു കാണും. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ഉടന്‍ തന്നെ വിളിച്ചു വിവരം പറഞ്ഞു. പ്രതികരണം നിര്‍വ്വികാരമായിരുന്നു. അയാളുടെതെന്ന് കരുതാവുന്ന ഒരു സഞ്ചി ഡോറിനു സമീപം തന്നെ ഉണ്ടായിരുന്നു. അയാള്‍ മരിച്ചാലും ഇല്ലെങ്കിലും അജ്നാതനായിരിക്കരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ സഞ്ചി സ്റ്റേഷന്‍ മാസ്റ്റ്രേയൊ RPF നെയോ എല്പ്പിക്കാംഎന്ന്‍ ഞാന്‍ അഭിപ്രായപ്പെട്ടു. ചുറ്റും കൂടിയവരുടെ ചോദ്യം ഇങ്ങിനെയായിരുന്നു- എന്തിനാ സുഹൃത്തെ വെറുതെ പൊല്ലാപ്പ് പിടിക്കുന്നത്. ഏതായാലും ഞാന്‍ ആ സഞ്ചി പ്ലാട്ഫോമില്‍ ഇറക്കിവച്ച് തൃശ്ശൂരിലെ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. പരിചയക്കാരായിരുന്നു എന്നതിനാലായിരിക്കാം എനിക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ചില സന്നദ്ധപ്രവര്‍ത്തകര്‍ അയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചതായും സഞ്ചിയില്‍ നിന്നും മനസ്സിലാക്കിയ വിലാസപ്രകാരം ബന്ധുക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞതായും പിന്നീറ്റ്‌ അറിയാന്‍ കഴിഞ്ഞു .

ഏകദേശം പത്തുവര്‍ഷം മുന്‍പുണ്ടായ ഒരു ആത്മഹത്യ സംഭവവും ഓര്‍മയില്‍ തങ്ങി നില്ക്കുന്നു. അയല്‍വാസിയായ യുവാവാണ് കഥാനായകന്‍. അന്നൊരു ബന്ദ് ദിനം. സമയം പകല്‍ പത്തുപത്തര ആയിക്കാണും. ഞാന്‍ വായിച്ചു കൊണ്ടിരിക്കയാണ്. പൊടുന്നനെ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍. ഞാന്‍ ഓടിച്ചെന്നു. അതിന് തൊട്ടടുത്ത വീട്ടിലെ ഒരു സുഹൃത്തു കൂടിഅപ്പോഴേക്കും എത്തിയിരുന്നു. ആ വീട്ടിലെ അമ്മയും ഭാര്യയുമാണ് നിലവിളിക്കുന്നത്. അയാള്‍ ഒരു മുറിയില്‍ കയറി കതകടചിരിക്കുന്നു. വീട്ടുകാരുമായി തെറ്റി ആത്മഹത്യ ഭീഷണി മുഴക്കിയാന്‍ കയറിയിരിക്കുന്നത്. അഞ്ചു മിനുട്ടെന്കിലും ആയിക്കാണും. എത്രമുട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഞങ്ങള്‍ കതക്‌ ഇടിച്ചുതുറന്ന് അകത്തു കടന്നപ്പോള്‍ കാണുന്ന കാഴ്ച അയാള്‍ തൂങ്ങി നില്ക്കുന്നതാണ്. മാറിമാറി ഞങ്ങള്‍ പള്‍സ്‌ നോക്കി. കിട്ടുന്നില്ല. ശരീരത്തിന് നല്ല ചൂട് അപ്പോഴുമുണ്ട്. അല്പം കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ഏറിയകൂറും എത്തിക്കഴിഞ്ഞിരുന്നു. എങ്ങിനെയെങ്കിലും അയാളെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് എന്റെ അമ്മ അടക്കമുള്ള സ്ത്രീകളില്‍ പലരും വിളിച്ച് മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്റെയും സുഹൃത്തിന്റെയും ആഗ്രഹവും അങ്ങനെത്തന്നെ ആയിരുന്നു. പക്ഷെ ഞങ്ങളെ പലരും തടഞ്ഞു. പോലീസ്‌ വരുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആ ബന്ദ് ദിനത്തില്‍ ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ്‌ എത്തിയത്‌. അയാളെ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിചിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ ഒരു അവസരം ലഭിക്കുമായിരുന്നോ.? അതിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ഇപ്പോഴും എനിക്കാകുന്നില്ല.

നേരില്‍ കണ്ട ഏതാനും അത്യാഹിതങ്ങള്‍, അതില്‍ ചെറുതായെങ്കിലും എന്റെ ഇടപെടല്‍ ഉണ്ടായവ ഇവിടെ കുറിച്ചെന്നു മാത്രം. പക്ഷേ, ഇതിലുമധികം സംഭവങ്ങളോട് ഞാന്‍ വിമുഖതയോടെ പ്രതികരിച്ചിട്ടുണ്ട് , കണ്ടില്ലെന്ന്‍ നടിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരത്തിലെ ഫുട് പാത്തുകളിലൂടേയും തേക്കിന്‍കാട് മൈതാനത്തുകൂടേയും ഒക്കെ നടക്കുമ്പോള്‍ അവിടെയും ഇവിടേയുമൊക്കെയായി വീണുകിടക്കുന്ന അനേകരെ കാനാരുന്റ്റ്‌. സാംസ്കാരിക തലസ്ഥാനത്തുള്ള ഞങ്ങള്‍ തൃശ്ശൂര്ക്കാര്ക്കുള്ള മറ്റൊരു ബഹുമതിയാണല്ലോ ആസ്ഥാന മദ്യപാനികള്‍ എന്നുള്ളത്. അതുകൊണ്ടുതന്നെ ഇങ്ങിനെ വീണു കിടക്കുന്നവരെല്ലാം 'വെള്ളമടിച്ച് ഫിറ്റായി' കിടക്കുന്നവരാണ് എന്ന് വി്ശ്വസിക്കാനാണ് ഞാനടക്കമുള്ളവര്‍ക്ക് താത്പര്യം, പിറ്റെനാളിലെ പത്രം അത അങ്ങിനെയല്ല എന്ന് തെളിയിക്കാറുണ്ടെങ്കിലും.

അത്യാഹിത സാഹചര്യങ്ങളില്‍ ഇടപെട്ട് പുലിവാലുപിടിക്കുവാന്‍ വിധേയമാവുന്നവരുടെ എണ്ണവും കുറവല്ല. ഞാനറിയുന്ന ഒരു ഓട്ടോ ഡ്രൈവര്‍ അതിലൊരാളാണ്. വഴിയില്‍ വീണ ചോരയൊലിച്ചുകിടക്കുന്ന മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചതാണ്. തിരിച്ചുവരുന്ന വഴി "നീയാരാണ്ടാ @#...#*. " എന്ന ചോദ്യവും ചെകിട്ടത്തുവീണ അടിയും മാത്രം ഓര്മയുണ്ട് നമ്മുടെ സുഹൃത്തിന്. കുറച്ചുദിവസം ഓട്ടം മുടങ്ങിയത്‌ അതിന് തുടര്‍ച്ച. ആശുപത്രിയിലെത്തിച്ച ആള്‍ക്ക്‌ എന്ത് സംഭവിച്ചു എന്ന്‍ പിന്നെ തിരക്കിയില്ലത്രേ.

പരിചയമുള്ള പാരലല്‍ കോളേജ്‌ അദ്ധ്യാപകന് നേരിടേണ്ടി വന്നത് ഇതിലും വലിയൊരു കുരുക്കാണ്. നഗരത്തിലെ ഒരു ജംഗ്ഷനില്‍ വച്ച് അദ്ദേഹത്തിന്റെ കാറിനു മുന്നില്‍ പോകുകയായിരുന്ന ഒരു ഇരു ചക്രവാഹനം അപകടത്തില്‍പ്പെട്ടു. അതിലുണ്ടായിരുന്ന യുവാവ്‌ ബോധരഹിതനാകുന്നു. ഇടിച്ച വണ്ടി നിറുത്താതെ പോകുന്നു. തിരക്കുള്ള സമയമല്ല. മാനുഷിക പരിഗണന വച്ച് ഇദ്ദേഹം ആളെ എടുത്ത്‌ തന്റെ കാറില്‍ കയറ്റാന്‍ ഒരുങ്ങുന്നു. സഹായത്തിനായി വിളിച്ചെങ്കിലും അപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുമൂന്നുപേര്‍ പതുക്കെ സ്ഥലം കാലിയാക്കുന്നു. പിന്നീടുവന്നവര്‍ സഹായിചെങ്കിലും അപകടത്തിനു കാണക്കാരന്‍ ഇയാളാണെന്ന് കരുതുന്നു. ഹോസ്പിറ്റലില്‍ വച്ച് ബോധം വന്ന യുവാവും കരുതുന്നത് തന്നെ ഇടിച്ചു വീഴ്ത്തിയത് അധ്യാപകന്റെ കാര്‍ തന്നെയാന്‍ എണ്ണാന്‍. തന്റെ നിരപരാധിത്തം തെളിയിക്കാന്‍ ഇദ്ദേഹത്തിന്‍ കേസുമായി വര്‍ഷങ്ങള്‍ പലതു നടക്കേണ്ടി വന്നു.

നമ്മള്‍ എന്തുകൊണ്ട് ഹതഭാഗ്യര്‍ക്ക്‌ പറുദീസാ ഒരുക്കുന്നവരാകുന്നു എന്നതിന് ചോദ്യവും ഉത്തരവും മേല്‍ വിവരിച്ച സംഭവങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. മനുഷ്യസഹജമായ ഭയം അതില്‍ ഒന്നാണ്. മരണം, ചോര എന്നിവയോടുള്ള പേടി ഇതില്‍പ്പെടുന്നു. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടയില്‍ ഞാന്‍ എന്റെ കാര്യം എന്ന് കരുതുന്ന സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുറെതെന്നത് മറ്റൊരു സത്യം. നഗരത്തില്‍ നിന്നും നാട്ടിന്‍ പുറ്ങ്ങളിലെക്ക് മാറുമ്പോള്‍ ഈ സാമൂഹിക പ്രതിബദ്ധത നിശ്ശേഷം മാഞ്ഞുപോയിട്ടില്ല എന്ന യാഥാര്ഥ്യവും നമുക്കു കാണാവുന്നതാണ്. സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധിക്രുതരുറെ അനാസ്ഥ മറ്റൊരു പ്രശ്നമാണ്. സഹായിക്കാന്‍ ചെല്ലുന്നവരെ ആവശ്യത്തിനും അനാവശ്യത്തിനും ശാരീരികമായും മാനസികമായും പീഠിപ്പിക്കുന്ന നീതി-നിയമ വ്യവ്സ്ഥയാണ് മറ്റൊരു കടമ്പ. ഗുണ്ടാ സംഘങ്ങളുടെയും അധോലോകത്തിന്റെയും ഇടപെടലുകള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്ന ധാരണയും പലപ്പോഴും അപകടങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുന്നതിനു തടസ്സമാകുന്നു.

ഹതഭാഗ്യരെ സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും അത്തരം ആളുകളെ കൂടുതല്‍ ചുറ്റിക്കെട്ടിക്കാതിരിക്കുന്ന അധികൃതരുടെ സമീപനവും ഉണ്ടെങ്കില്‍ തന്നെ കുറെയേറെ പ്രശ്നങ്ങള്‍ ദൂരീകൃതമാകും. സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന് വിചാരിക്കുന്നവരെ നേരിടാന്‍ ശക്തമായ നിയമ വ്യവസ്ഥതന്നെ വേണ്ടി വരും. ചില രാജ്യങ്ങളിലൊക്കെ ഉള്ളതായി പറയപ്പെടുന്ന അപകടങ്ങളില്‍ സഹായിക്കാത്തവരെ കര്‍ശനമായി ശിക്ഷിക്കുന്ന സംവിധാനം ഇവിടെയും വരേണ്ടതാണ്.

ഹതഭാഗ്യര്‍ക്ക്‌ സഹായ ഹസ്തം നീട്ടുന്ന 'നമ്മു'ടെ ഒരു ലോകം നമുക്ക്‌ സ്വപ്നം കാണാം.

=======

05 മേയ് 2009

നാണയപ്പെരുപ്പത്തിന്റെ രാഷ്ട്രീയം



കഴിഞ്ഞ ഒന്നൊന്നര വര്‍ഷങ്ങളായി നമ്മള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് നാണയപ്പെരുപ്പം (inflation) എന്നത്. സാമ്പത്തിക ശാസ്ത്ര പ്രകാരം ഈ പദം സൂചിപ്പിക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും വിലയില്‍ ഒരു നിശ്ചിത കാലത്തിനുള്ളില്‍ ഉണ്ടാവുന്ന വര്‍ദ്ധനവിനെയാണ്. നാണയപ്പെരുപ്പ നിരക്ക്‌ 10% ആണ് എന്ന് പറഞ്ഞാല്‍ നാം മനസ്സിലാക്കേണ്ടത്‌ പോയവര്‍ഷം ഇതേ സമയത്ത്‌ രൂ. 100 കൊടുത്ത്‌ വാങ്ങിയിരുന്ന ഒരു സാധനത്തിന്‍ ഇപ്പോള്‍ രൂ. 110 കൊടുക്കേണ്ടി വരും എന്നതാണ്.
.
2008 ആഗസ്റ്റ്‌-സപ്തംപര്‍ മാസങ്ങളില്‍ നാണയപ്പെരുപ്പ നിരക്ക്‌ 13% ത്തിന്‍ അടുത്തുവരെ എത്തിയിരിന്നു. നിത്യോപയോഗ സാധനങ്ങളുടെ വില സ്ഫോടനാത്മകമായ നിലയില്‍ വര്‍ദ്ധിക്കുന്നതും അതിനനുസൃതമായി ജീവിതച്ചെലവ് കൂടുന്നതും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദൃശ്യമായിരുന്നു. സെപ്റ്റംബര്‍ 2008-നു ശേഷം നാണയപ്പെരുപ്പ നിരക്ക് കുറയുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍, ഈ ഇലക്ഷന്‍ കാലത്ത്‌, നാം സംസാരിക്കുന്നതാകട്ടെ നാണയചൊരുക്കത്തെ (deflation) കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും നാണയപ്പെരുപ്പം മിതമായ തോതില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഒക്കെയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞെന്നും ജീവിതചെലവ്‌ ലഘൂകരിക്കപ്പെട്ടെന്നും വിശ്വസിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് മറുവശത്ത്‌ സാധനങ്ങളുടെ വില അനസ്യൂതം കൂടിക്കൊണ്ടിരിക്കുന്നു.
.
ഇത്തരുണത്തില്‍ ആരുംn ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് സാര്‍ഥകമല്ലാത്ത ഒരു സാമ്പത്തിക സൂചികയുടെ ആവശ്യമെന്താണ് എന്നത്. നാണയപ്പെരുപ്പം എന്ന കണ്‍്സേപ്ടിന്റെ രാഷ്ട്രീയം കടന്നു വരുന്നത് ഇവിടെയാണ് . വില വര്‍ദ്ധന പിടിച്ചു നിറുത്തി എന്ന ധാരണ മാധ്യമ വര്‍ഗത്തിനിടയില്‍ (ഇവരാണല്ലോ ചാഞ്ചാടുന്ന വോട്ടു ബാങ്കുകള്‍) പരത്താന്‍ നാണയപ്പെരുപ്പം കുറഞ്ഞു എന്ന പ്രൊപഗാണ്ട ഒരു പരിധിവരെ സഹായകരമാണ്. ഈ ഇലക്ഷന്‍ കാലത്ത്‌ ഇതിന്റെ പ്രസക്തി എത്രകണ്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
.
നമ്മുടെ രാജ്യത്ത്‌ നാണയപ്പെരുപ്പ നിര്‍ണയത്തിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ രാഷ്ട്രീയം ഇതില്‍ മാത്രം അവസാനിക്കുന്നില്ല. Wholesale Price index (WPI) നെ അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത്‌ നാണയപ്പെരുപ്പം കണക്കാക്കുന്നത്. പ്രാധിനിത്യ സ്വഭാവമുള്ള വിവിധ മേഖലകളില്‍ ഉള്‍പ്പെടുന്ന 435 ഓളം ചരക്കുകളുടെ ഉത്‌പാദക വിലയാണ് WPIകൊണ്ട് സൂചിതമാകുന്നത്. ഉത്‌പാദക ബിന്ദുവിലുള്ള (producers' point) വിലയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അവിടെ നിന്നും പല തട്ടുകള്‍ കടന്ന്‍ ഉപഭോക്തൃ ബിന്ദുവില്‍ (consumers' point) എത്തുമ്പോള്‍ ചരക്കിന്റെ വിലയില്‍ വരുന്ന വൈജാത്യം വളരെയേറെയാണ്. ഇക്കാരണത്താല്‍ തന്നെ മിക്കവാറും രാജ്യങ്ങള്‍ നാണയപ്പെരുപ്പം കണക്കാക്കുന്നതിന്‍ Consumer Price index (CPI) ആണ് മാനദണ്ഡമാക്കുന്നത്. CPI എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ ചരക്കിനും സേവനത്തിനും വരുന്ന ശരാശരി വിലയാണ്. വിലയില്‍ വരുന്ന മാറ്റം ബിസിനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുന്നതിനാണ് ഇതര രാജ്യങ്ങളില്‍ WPI ഉപയോഗിക്കുന്നത്. 90-കളുടെ ആദ്യത്തില്‍ സാമ്പത്തിക നയം മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ദനായ ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ WPI-യെ നാണയപ്പെരുപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡമായെടുത്തത് വെറുമൊരു കയ്യബദ്ധമൊന്നുമായിരിക്കാനിടയില്ല. തികച്ചും ആസൂത്രിതം തന്നെയായിരുന്നിരിക്കണം അത്. സാമ്പത്തിക നയം മാറ്റം വിപണിയിലുണ്ടാക്കുന്ന ആഘാതം താരതമ്യേന ലഘൂകരിച്ചു കാണിക്കാന്‍ സഹായകരമാകുക CPI- യേക്കാള്‍ WPI-യെ അധികരിച്ചുകൊണ്ടുള്ള നാണയപ്പെരുപ്പ കണക്കുകളാണല്ലോ.
.
ഹോള്‍ സെയില്‍ പ്രൈസ്‌ ഇന്റെക്സിന്റെ കൃത്യതയാണ് മറ്റൊരു തര്‍ക്ക വിഷയം . പല സാമഗ്രികളുടെയും വിലനിലവാരം പലപ്പോഴും മിക്ക ആഴ്ചകളിലും ലഭ്യമാകുകയില്ല. അതുകൊണ്ടുതന്നെ മുന്‍ ആഴ്ച്ചയിലെയോ അതിന് മുന്പുള്ള ആഴ്ച്ചകളിലെയോ വിലകല്‍ WPI കണക്കാക്കുന്നതിന്‍ സ്വീകരിക്കേണ്ടതായി വരുന്നു. സാധനങ്ങളുടെ വിലയില്‍ കാര്യമായ വ്യതിയാനം വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാരണത്താല്‍ WPI അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ സൂചിക മിക്കവാറും യാഥാര്‍ഥ്യത്തിന്റെ ശരിയായ പ്രതിഫലനമല്ല നല്‍കുന്നത്‌. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി സൂചികകളെ മാനിപുലേറ്റ് ചെയ്യാന്‍ നിഴല്പ്പാവകള്‍ക്ക് 'വില ലഭ്യമല്ലാത്ത' സാഹചര്യം വേദിയൊരുക്കുന്നു.
.
ഇവിടെ WPI കണക്കാക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ 435 സാധനങ്ങളുടെ വില ആധാരമാക്കിയാണ്. ഈ സാമഗ്രികളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തിരിച്ച് വെയിറ്റേജും നല്കിയിട്ടുണ്ട്. അവ താഴെ പറയും പ്രകാരമാണ്.
1.Primary Articles (food grains, oilseeds, pulses, spices etc. ) : 22.025% വെയിറ്റേജ്.
2.Fuel, Power, Light, Lubricants etc. : 14.226% വെയിറ്റേജ്
3.Manufactured Products (Aatta,biscuits, edible oil, cloth, automobile etc. ) : 63.749% വെയിറ്റേജ്.
.
2008, 2009 എന്നീ വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള നാണയപ്പെരുപ്പ നിരക്കും WPI- ഉം താഴെ കൊടുക്കുന്നു. (സൂചിക ; 2008, ഏപ്രില്‍ 11 ; 2009 ഏപ്രില്‍ 12 ; വ്യതിയാനശതമാനം എന്നീ ക്രമത്തില്‍ )
WPI of Primary അര്‍തിക്ലെസ് ; 238.5 ; 248.5 ; +4.36%
WPI of Fuel, Power etc. ; 342.7 ; 322.6 ; -5.87 %
WPI of Mfrd. Products ; 199.1 ; 200.9 ; +൦.90%
WPI (Gross. Avg.) ; 228.2 ; 228.8 ; +൦.26%
Inflation ; 7.95% ; ൦.26%
മേല്‍ സൂചിപ്പിച്ച പട്ടികയില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്ന Primary Articles- ന്റെ ശരാശരി വില 4.36% ഇപ്പോഴും കൂടിതന്നെയാണ് നില്‍ക്കുന്നത്‌ എന്ന്‍ വളരെ വ്യക്തമാണ്. നാണയപ്പെരുപ്പത്തെ ഭരണകൂടതാത്പര്യങ്ങല്ക്കനുസൃതമായി കരുപ്പിടിപ്പിക്കാന്‍ സഹായിച്ചത്‌ ഇന്ധനവും ഊര്‍ജവും ഉള്‍പ്പെടുന്ന മേഖലയില്‍ 6% നടുത്ത് ഉണ്ടായ വിലക്കറവാണ്. (ക്രൂഡിന് വില ബാരലിന്‍ 150 ഡോളറില്‍ നിന്നും ഇപ്പോള്‍ 60 ഡോളറിനും താഴേക്ക് വന്ന വസ്തുത നമുക്കു മുന്നിലുണ്ട്.) ഇതും ഹോള്‍സെയില്‍ മാര്കെറ്റിലാണെന്ന് ഓര്‍ക്കുക. ഉത്‌പന്നങ്ങളുടെ വിലയുംഒരു ശതമാനത്തിനടുത്ത് വര്‍ദ്ധിചിരിക്കുന്നതായി കാണാം.
.
യാഥാര്ഥ്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെ നാണയ ചോരുക്കത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ ഈ അവസരത്തില്‍ വിധിയ്ക്കപ്പെട്ട നമ്മള്‍ നാണയപ്പെരുപ്പ നിരക്കിനു പിന്നിലുള്ള രാഷ്ട്രീയത്തിന് മുന്നില്‍ കബളിക്കപ്പെടുകയല്ലേ.
==============


24 ഏപ്രിൽ 2009

ജനാധിപത്യത്തിനുളള ചെലവും ജനവിധിയുടെ സമ്പദ്ശാസ്ത്രവും



അഞ്ചു ഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ ഇപ്പോള്‍ പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ചെലവ് എത്രകണ്ടുവരും എന്നതിനെ ക്കുറിച്ച് പല ഏജന്‍സികളും പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് Centre for Media Studies in India യുടേതാണ്. അവര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഈ സംഖ്യ 10,൦൦൦ കോടി രൂപയ്ക്ക് മേലേയാണ്. അതായത് ഒരു വര്‍ഷം നീണ്ടുനിന്ന അമേരിക്കന്‍ പ്രസിഡന്‍്ഷ്യല്‍ തെരഞ്ഞെടുപ്പ് മാമാങ്കത്തെക്കാള്‍ കൂടിയ തുക നാം വെറും 2- 2 1/2 മാസങ്ങള്‍ക്കുള്ളില്‍ ചെലവാക്കുന്നു.

ഈ ചെലവ് ആരെല്ലാം വഹിക്കുന്നു എന്നത് വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി താഴേപ്പറയും പ്രകാരം സംഗ്രഹിക്കാവുന്നതാണ്.
1. ഇലക്ഷന്‍ കമ്മീഷന്‍ : Rs. 1300 കോടി
2.മറ്റ് സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ : Rs. 700 കോടി
3.രാഷ്ട്രീയ പാര്‍ട്ടികള്‍
കോണ്‍ഗ്രസ് & ബി. ജെ. പി. : Rs. 2000 കോടി
മറ്റു കക്ഷികള്‍ : Rs. 650 കോടി
4.സ്ഥാനാര്ത്ഥികള്‍
ദേശീയ പാര്‍ട്ടികള്‍ : Rs. 4350 കോടി
പ്രാദേശിക പാര്‍ട്ടികള്‍ : Rs. 1000 കോടി

ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട മിക്കവാറും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് (പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ബത്ത ഉള്‍പ്പെടെ ) ഇലക്ഷന്‍ കമ്മീഷന്റെയും വിവിധ കേന്ദ്ര-സംസ്ഥാന എജന്‍സികളുടേയും പരിധിയില്‍ വരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്ത്ഥികളും പണമിറക്കുന്നത് പ്രധാനമായും പ്രചരണം കൊഴുപ്പിക്കുന്നതിന് വേണ്ടിയാണ്. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്നതും പലയിടത്തും നടക്കുന്നുണ്ട്. റാലികള്‍ക്കും റോഡ് ഷോകള്‍ക്കും പൈസകൊടുത്ത് ആളെ ഇറക്കുന്നതും അത്ര അപൂര്‍വമല്ല. ഒരു സ്ഥാനാര്ത്ഥിക്ക് 35 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കാനാവൂ എന്ന മാനദന്ഡമുണ്ടെന്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കലുടേയും എല്ലാം പേരില്‍ അത് അക്കൌണ്ട് ചെയ്യപ്പെടുന്നു.

ഇതെല്ലാം കണക്കില്‍പ്പെട്ടതും കണക്കില്പ്പെടാത്തതുമായ ചെലവുകള്‍. ഇതിനപ്പുറമുള്ള കണക്കുകള്‍ മറ്റു പലതാണ്. വിവിധ സ്ഥലങ്ങളിലായി 20 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ഈ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും 71.4 കോടി വോട്ടര്‍മാരുടെ സുരക്ഷക്കും വേണ്ടി നിയോഗിക്കേണ്ടതായി വരുന്നു. മുംബൈ ഭീകരാക്രമണത്തിന്റേയും മാവോയിസ്റ്റ് ഭീഷണികളുടേയും പശ്ചാത്തലത്തില്‍ സുരക്ഷാ ചെലവ് 2004-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 50% എങ്കിലും കൂടുമെന്നാണ് കരുതുന്നത്. രാജ്യത്തെ 543 ലോകസഭാ മണ്ഡലങ്ങളില്‍ ഏതാണ്ട് 100 എണ്ണം 'പെയ്മെന്റ് സീറ്റുകളാണെന്ന് ആരോപണം നിലനില്ക്കുന്നു. 50 ലക്ഷം രൂപമുതല്‍ 5 കോടി രൂപവരെയാണ് സ്ഥാനാര്ത്ഥികള്‍ ഇതിനായി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആര്ക്കും ഭൂരിപക്ഷമില്ലാത്ത ഒരു അവസ്ഥ സംജാതമാകുമ്പോള്‍ (അതിനാണല്ലോ സാധ്യത കൂടുതല്‍) കുതിരക്കച്ചവടത്ത്തിനും ചാക്കിട്ടുപിടുത്തത്തിനുമായി കോടികള്‍ പിന്നെയും ഒഴുകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും റോഡ് ഷോകളും ഉന്നത് നേതാക്കന്മാരുടെ സാന്നിധ്യവും എല്ലാം പലപ്പോഴും ഗതാഗത സ്തംഭനത്തിനും സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. ഇതുകൊണ്ട് സംഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങള്‍ നിരവധിയാണ്. ഇതുപോലെ ഹിഡ്ഡന്‍് കോസ്റ്റ് എന്നോ ഒപ്പോര്ച്ചുനിറ്റി കോസ്റ്റ് എന്നോ ഒക്കെ പറയാവുന്ന ഒരു വിഭാഗം കൂടി തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും.
ചുമരെഴുത്തിന്റേയും നോട്ടീസ് ഒട്ടിക്കലിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. മള്‍ട്ടി കളര്‍ ഫ്ലക്സ് ബോര്‍ഡുകളും ബ്രോഷറുകളുമാണ് ഇപ്പോളത്തെ തരംഗം. വന്‍ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ പലപ്പോഴും ഈവന്‍റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് സംഘടിപ്പിക്കുന്നത്. പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പ്രമുഖ പരസ്യ ഏജന്‍സികളും. കൊണ്‍ഗ്രസ്സിനു വേണ്ടി Percept, Crayons, James Walter Thompson എന്നീ പരസ്യ കമ്പനികള്‍ മുന്‍ നിരയിലുണ്ട്. ബി. ജെ. പി. യുടെ പരസ്യ ഏജന്‍സികള്‍ Frank Simoes ഉം Utopia യും ആണ്. റാലികള്‍ക്ക് ആളെ എത്തിക്കുന്നതിനും വാഹനപ്രച്രരണത്തിനും എല്ലാം വിവിധ സര്‍വ്വീസ് പ്രോവൈഡേഴ്സ് മുന്‍ നിരയില്‍ തന്നെയുണ്ട്. അടുത്തകാലത്ത് വേണ്ടത്ര പരസ്യങ്ങള്‍ ലഭ്യമാകാതിരിക്കുകയോ താരിഫുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്ത ദൃശ്യ മാധ്യമങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലം അല്പം ആശക്ക് വക നല്കുന്നുണ്ടത്രേ.

റാലികളിലും മറ്റും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന ദിവസക്കൂലിയും, വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന കൈക്കൂലിയും , തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിക്കുന്ന പണവും (കാര്യമായ ഓഡിറ്റിന് വിധേയമാകാത്ത തെരഞ്ഞെടുപ്പ് ചെലവിന്റെ ഒരു വിഹിതം മുഖ്യ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെയെല്ലാം പോക്കറ്റിലെത്തുന്നുണ്ടത്രേ. ) ഒഴുകിയെത്തുന്നത് മദ്യത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും മാര്ക്കറ്റിലേക്കാണ്. ഈ മേഖലയിലുള്ള കമ്പനികളുടെയും പ്രവര്‍ത്തനം ഇക്കാലത്ത് ത്വരിതപ്പെട്ടെന്നു വരാം.
ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് 2-3 മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 20,൦൦൦ കോടി രൂപയുടെ സാമ്പത്തിക വിനിമയം നമ്മുടെ രാജ്യത്ത് നടക്കുമെന്ന്‍ പ്രതീക്ഷിക്കപ്പെടുന്നു. ഈ കൊടുക്കല്‍ വാങ്ങലുകള്‍ മാന്ദ്യത്തിലായിരിക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉപകരിച്ചേക്കും. ഏതാനും മേഖലകളിലുള്ള കോര്പ്പറേറ്റുകള്‍ക്ക് നേരത്തെ വിവരിച്ചതുപോലെ തെരഞ്ഞെടുപ്പ് കാലം മാന്ദ്യാവസ്ഥയില്‍ നിന്നും പുനര്‍ ജീവനത്തിന് വഴിയൊരുക്കുന്നുണ്ട്. ദലാല്‍ സ്ട്രീറ്റിലെ കാളകള്‍ പതുക്കെ മുക്രയിടാന്‍ തുടങ്ങിയത് ഇതിന്റെ സൂചനയാണോ ആവോ?
റിസഷന്‍ ആണെന്ന്‍ പറയുന്നുണ്ടെങ്കിലും ഭീമമായ തുക സമാഹരിക്കുന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്ത്ഥികള്‍ക്കോ പ്രയാസമുണ്ടായിട്ടില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമാഹരണം മിക്കവാറും നടന്നത് ചെറുതും വലുതുമായ വ്യവസായ പ്രമുഖന്മാരില്‍ നിന്നും തന്നെയായിരിക്കും. അതുകൊണ്ടുതന്നെ കഥ ഇനിയും തുടരും. മാന്ദ്യ കാലത്തെ സഹായത്തിന്‍ വ്യവസായ-വാണിജ്യ പ്രമുഖര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം നാമമാത്രമായിരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ആര്‍ അധികാരത്തില്‍ വന്നാലും സാധാരണക്കാരന്റേയും കര്‍ഷകന്റെയും ഒക്കെ നെഞ്ഞത്തു കയറിയിരുന്നാണെന്കില്‍ കൂടിയും ഇവര്‍ക്കനുകൂലമായ നയങ്ങളായിരിക്കും രൂപപ്പെടുത്താന്‍ സാധ്യത. അങ്ങനെ കോര്‍പ്പറേറ്റ് സമ്പദ് വ്യവസ്ഥ തെരഞ്ഞെടുപ്പിന് ശേഷം പുതു മാനങ്ങള്‍ തേടി മുന്നേറുന്ന കാഴ്ച നമുക്കു മുന്നില്‍ ദൃശ്യമാകും.
xxxxxxxxxx





06 ഏപ്രിൽ 2009

അമ്മാത്തുനിന്നും ഇല്ലത്തേക്ക് .......: മാന്ദ്യകാലത്തെ ചില പൊതുമേഖലാ ചിന്തകള്‍

ലോകം പല കാലഘട്ടങ്ങളിലായി വിവിധ സാമ്പത്തിക വ്യവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. ഫ്യൂഡലിസം ആയിരുന്നു ഇതില്‍ ആദ്യത്തേത് - രാജാക്കന്മാരും ഇടപ്രഭുക്കളും നാടുവാഴികളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്തിന്റെ സംഭാവന. ചില പാശ്ചാത്യ രാജ്യങ്ങള്‍ വിഭവശേഷിയില്‍ മുന്നില്‍‌ നില്ക്കുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും കോളനികള്‍ സ്ഥാപിച്ച് വാണിജ്യ ചൂഷണം ആരംഭിച്ചതോടെയാണ് മേര്‍കന്റാലിസം എന്ന വ്യവസ്ഥിതി ആരംഭിക്കുന്നത്. കാര്‍ഷിക വ്യവസ്ഥയില്‍ നിന്നും സമൂഹം വ്യാവസായികമായി പുരോഗമിച്ചപ്പോള്‍ ഫ്യൂഡലിസത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഒന്നായിരുന്നു ക്യാപിറ്റാലിസം. ഫ്യൂഡലിസവും ക്യാപിറ്റലിസവും സമൂഹത്തിലെ വരേണ്യ വിഭാഗക്കാരെ കൂടുതല്‍ സമ്പന്നരാക്കിയെങ്കില്‍ മേര്കന്റാലിസത്തില്‍ ഒരു രാജ്യമോ സ്റ്റേറ്റ് സ്പോണ്സേഡ് കമ്പനികളോ (ഉദാ: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ആയിരുന്നു അധീശത്തം നേടിയിരുന്നത്. ഇതിന് ബദലായി ആദ്യം രൂപം കൊണ്ട വ്യവസ്ഥയായിരുന്നു ലെസ്സിസ് ഫെയര്‍ എന്നത്. ഇതില്‍ താഴെ തട്ടിലുള്ള വ്യക്തികള്‍ക്ക് പോലും ഉത്പാദനത്തിനും വാണിജ്യത്തിനും പ്രോത്സാഹനം ലഭിച്ചു. പക്ഷെ, ആത്യന്തികമായി അത് പുതിയ ചില സമ്പന്നരെ സൃഷ്ടിക്കുന്നതിനു മാത്രമാണ് സഹായകമായത്. സമൂഹത്തില്‍ സമ്പത്തിന്റെ തുല്യ വിനിമയം എന്ന ആശയവുമായി സാഹചര്യത്തിലാണ് സോഷ്യലിസം എന്ന വ്യവസ്ഥിതിയുടെ കടന്നുവരവ്.



ഭാരതം സ്വതന്ത്രമാകുമ്പോള്‍ ശക്തമായി നിലനിന്നിരുന്ന രണ്ട് വ്യവസ്ഥിതികളായിരുന്നു ക്യാപിറ്റലിസവും സോഷ്യലിസവും. പ്രായോഗമതികളായ അന്നത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ രണ്ടിന്റെയും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മിശ്ര സാമ്പത്തിക വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) ഇവിടെ രൂപപ്പെടുത്തി. ഭീമമായ മുതല്‍ മുടക്കിന്‍ സ്വകാര്യ സംരംഭകര്‍ക്ക് കഴിവില്ലാതിരുന്ന ആ ഒരു കാലഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ നാടിന്റെ വികസനത്തിനായി ഉത്പാദന-സേവന സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ വന്‍തോതില്‍ മുതല്‍ മുടക്കി. നമ്മുടെ രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കടന്നു വരുന്നത് അങ്ങിനെയാണ്. തുടര്‍ന്നുള്ള ദശകങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സംതുലിത വികസനത്തിന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ് . പക്ഷേ എണ്പതുകളുടെ അവസാനമാകുമ്പോഴേക്കും പൊതുമേഖലാ അഴിമതിയുടെയും കെടുകാര്യസ്തതയുടേയും പര്യായമായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.



പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന അഴിമതി തുടച്ചു നീക്കുന്നതിനോ അവയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ മിനക്കെടാതെ, തൊണ്ണൂറുകളില്‍ നടപ്പാക്കിയ ഉദാരീകരണത്തിന്റേയും ആഗോളവത്കരണത്തിന്റേയും പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമാമാണ് പിന്നീട് നടന്നത്. 1991-92 ലേക്കുള്ള ബട്ജറ്റ് സ്പീച്ച് , 1991 ജൂലൈയില്‍ വന്ന ഇന്ഡസ്ട്റിയല്‍ പോളിസി സ്റ്റേറ്റ്മെന്റ്, രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് (ബാങ്കിംഗ്), മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് (ഇന്‍ഷൂറന്‍സ്) എന്നിവയെല്ലാം ആദ്യ ഘട്ടത്തില്‍ സാമ്പത്തിക രംഗത്തെ പരിവര്ത്തനത്തിനും പോതുമേഖലയുടെ സ്വകാര്യവത്കരണത്തിനും ചുക്കാന്‍ പിടിച്ചു. 1999 ല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിസ് ഇന്വസ്റ്റ്മെന്റ് സ്ഥാപിച്ചും 2001 ല്‍ അതിനെ ഒരു മന്ത്രാലയമാക്കി മാറ്റി അരുണ്‍ ഷൂരി എന്ന മന്ത്രിയെ പ്രതിഷ്ടിച്ചും സ്വകാര്യവത്കരണത്തിന്റെ ആക്കം കൂട്ടി. പോതുമേഖലയുടെ ഡിസ് ഇന്‍വസ്റ്റുമെന്റും പ്രൈവറ്റൈസേഷ്യനും വഴി ഇതുവരെയും ഏതാണ്ട് 51608 കോടി രൂപ ലഭിചെന്നാണ് കണക്ക്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് നാഷണല്‍ ഇന്വസ്റ്റ്മെന്റ് ഫണ്ടിലേക്ക് തിരിച്ചുവിടും ഈ തുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും വലിയൊരു പങ്കും അവിടെ എത്തിയില്ല. മാരുതി, മോഡേണ്‍ ഫുഡ്സ് , വി എസ് എന്‍ എല്‍ തുടങ്ങിയ പല പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളായി.


രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ മേധാവിത്തം സ്ഥാപിക്കുമ്പോള്‍ സംഭവിക്കാവുന്ന കടന്നുകയറ്റങ്ങളും ചൂഷണവും തടയുവാന്‍ ഇവിടത്തെ നിയന്ത്രണ ഏജന്‍സികള്‍ പര്യാപ്തമാണെന്നായിരുന്നുപരക്കെ വിശ്വസിപ്പിക്കപ്പെട്ടിരുന്നത്. 6-7 വര്‍ഷം മുമ്പ് ലോക്കല്‍ ലൂപ്പില്‍ ടെലഫോണ്‍ സേവനം നല്‍കാന്‍ അനുമതി ലഭിച്ച റിലയന്‍സ് നിയമത്തിലെ പഴുതും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മൊബയില്‍ സേവന ദാതാക്കളായി മാറിയ ചിത്രം നമുക്കു മുന്നിലുണ്ട്. ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


സ്വകാര്യവത്കരണത്തിനെ അറിഞ്ഞും അറിയാതേയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സാധാരണ പൊതുജനങ്ങള്‍ക്ക് തന്നെയാണ് അതിന്റെ തിക്ത ഫലങ്ങള്‍ ആദ്യം അനുഭവിക്കേണ്ടി വന്നതും.


മുംബയിലെ ഇലക്ട്രിസിറ്റി വിതരണം നടത്തുന്നത് ബി എസ് ഇ എസ് ലിമിടഡ് (റിലയന്‍സ് എനര്‍ജി) എന്ന കമ്പനിയാണ്. 2005-ല്‍ മുംബയിലുണ്ടായ മഹാ പ്രളയത്തില്‍ അവിടത്തെ വൈദ്യുതി വിതരണം അപ്പാടെ താറുമാറായി. പക്ഷേ അത് ശരിയാക്കുന്നതിന് തക്ക വൈദഗ്ദ്യമുള്ള ആളുകളോ അടിസ്ഥാന സൌകര്യങ്ങളോ റിലയന്‍സിന്‍ ഇല്ലായിരുന്നു. ഒടുവില്‍ ഒരു കാലത്ത് മുംബൈ വാസികള്‍ തള്ളിപ്പറഞ്ഞ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തന്നെ വരേണ്ടിവന്നു സംവിധാനങ്ങള്‍ ശരിയാക്കി വൈദ്യുത വിതരണം പുനസ്ഥാപിക്കുവാന്‍.


ആറേഴു വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ വലിയൊരു കണ്ടുപിടുത്തമായിരുന്നു ഇന്ത്യ ഭക്ഷ്യ സ്വയം പര്യാപ്തത നേടി എന്നത്. അതിന്റെ തുടര്‍ച്ചയായി ഫുഡ് കോര്‍പ്പരേഷന്‍ വഴിയുള്ള സംഭരണം പരമാവധി കുറച്ചു. ധാന്യങ്ങളുടേയും മറ്റും ഉള്ള സ്റ്റോക്കാകട്ടെ കയറ്റുമതി ചെയ്ത് അവസാനിപ്പിച്ചു. ഒഴിഞ്ഞ ഫുഡ് കോര്പ്പറേഷന്‍ ഗോഡവ്ണുകള്‍ ആര്‍ക്കും വേണ്ടാത്ത നോക്കുകുത്തികളായി. പല ഗോഡവ്ണുകളും അടച്ചു പൂട്ടി. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും പിന്മാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി. ഒടുവില്‍ 2007-ഓടെ ആഗോള കാര്ഷികോല്പ്പാദനം ശരാശരിയിലും താഴേക്ക് പോയപ്പോള്‍ അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിറുത്തുവാന്‍ കെല്‍പ്പില്ലാതെ , പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒഴിഞ്ഞു കിടക്കുന്ന നമ്മുടെ ധാന്യപ്പുരകള്‍ കേണിട്ടുണ്ടായിരുന്നിരിക്കണം.

നാട്ടില്‍ റിലയന്‍സിന്റെയും എസ്സാറിന്റേയും ഒക്കെ പെട്രോള്‍ ബങ്കുകള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ഓയിലിന്റെയും ഭരത് പെട്രോളിയത്തിന്റെയും ഔട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന് വാദിച്ചവരുണ്ട്. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 150 ഉം 160 ഉം ഡോളറിന് മേലെ പോയപ്പോള്‍ ജനങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും കാര്യമായ വിലവര്‍ധനവ് നടപ്പിലാക്കിയില്ല. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ നേരത്തെ പറഞ്ഞ കമ്പനികള്‍ അവയുടെ ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടി. അതിന്‍ അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ലാഭമില്ലാതെ മുന്നോട്ടു പോകുവാന്‍ സ്വകാര്യ സംരംഭകന് കഴിയില്ലല്ലോ. ലാഭേച്ഛയില്ലാതെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നിടത്താണല്ലോ പോതുമേഖലയുടെ പ്രസക്തി.

ഉയര്‍ന്ന ടിക്കറ്റ് നിരക്കും താരതമ്യേന മോശം സേവനവും നല്കിയുരുന്ന പൊതുമേഖലാ എയര്‍ലൈനുകള്‍ക്ക് മത്സരമുയര്‍ത്തിക്കൊണ്ടാണ് ഏതാനും സ്വകാര്യ എയര്‍ലൈനുകള്‍ ഈ ദശകത്തിന്റെ ആദ്യത്തില്‍ മുന്നോട്ടുവന്നത്. ആകാശം മത്സരക്ഷമമായതോടെ യാത്രാ നിരക്കുകള്‍ കുറഞ്ഞു. പക്ഷേ, ചെറിയ മത്സ്യങ്ങളെ വമ്പന്മാര്‍ (കിംഗ്ഫിഷര്‍, ജെറ്റ് ) വിഴുങ്ങുന്ന കാഴ്ച്ചയാണ് ഏവിയേഷന്‍ രംഗത്ത് അടുത്ത കാലത്ത് കാണാനായത്. വീണ്ടും എയര്‍ലൈന്‍ നിരക്കുകള്‍ ഉയര്‍ന്നു. ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ പൊതുമേഖലാ മോണോപൊളിയില്‍ നിന്നും ഒളിഗോപൊളിയും കടന്ന്‍ പെര്‍ഫെക്റ്റ് കൊമ്പിറ്റീഷനിലെത്തി ഉപഭോക്താക്കള്‍ക്ക് മേധാവിത്തം ലഭിക്കുമെന്ന സാമ്പത്തിക വിദഗ്ദരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒരു സംഭവമായിരുന്നു ഇത്. ഇത് ഒരു തുടക്കം മാത്രമായിരിക്കാം. ബാങ്കിംഗ്, ഇന്ഷുറന്‍സ്, ടെലകോം തുടങ്ങിയ മേഖലകളിലെല്ലാം ഇത് ആവര്ത്തിക്കപ്പെട്ടേക്കാം.

സാമ്പത്തിക മാന്ദ്യത്തിന്റെ എരിതീയില്‍ തൊഴില്‍ രഹിതരായ ഐ. ടി, റിടൈല്‍, ഏവിയേഷന്‍ എന്നീ മേഖലകളിലെ അനേകരുടെ കഥകള്‍ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നു. തട്ടിപ്പും ദുര്‍ വിനിയോഗവും പ്രതിസന്ധിയിലാക്കിയ കമ്പനികളുടെ നിര 'സത്യ'ത്തിലും 'സുഭിക്ഷ'യിലും നില്ക്കുമെന്ന് തോന്നുന്നില്ല. പൊതുമേഖലയിലുള്ള ഡല്‍ഹി മെട്രോ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ബംഗളൂരു മെട്രോ പദ്ധതി പുരോഗമിക്കുകയും ചെയ്യുമ്പോള്‍ സ്വകാര്യ മേഖലയിലെ 'മയ്റ്റാസ്' നെ ഏല്‍പ്പിച്ച ഹൈദെരാബാദ് മെട്രോയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന്‍ നോക്കുക.

നമ്മള്‍ ഇല്ലത്തുനിന്നും അമ്മാത്ത് എത്താനുള്ള തത്രപ്പാടിലായിരുന്നു. അതായത് മിക്സെഡ് ഇകൊണോമിയില്‍ നിന്നും ക്യാപിറ്റലിസത്തിലേക്കുള്ള യാത്ര കഴിഞ്ഞ ഒന്നര ദശകങ്ങളായി പുരോഗമിച്ചു വരികയായിരുന്നു. ഏതായാലും അമ്മാത്ത് എത്തിയില്ല. അതിനുമുമ്പ് തന്നെ റിസഷന്റെ പശ്ചാത്തലത്തില്‍ യുനൈറ്റഡ് സ്റ്റേറ്റും മിക്ക പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും അമ്മാത്ത് നിന്നും മടങ്ങുന്നത് കാണാന്‍ തരായി. അവരുടെ മടക്കം ഇല്ലത്തേക്ക് തന്നെ ആയിരിക്കും.....സംശല്ല്യ. എണ്പതുകളുടെ അവസാനത്തിലും തോണ്ണൂറുകളുടെ ആദ്യത്തിലും സോഷ്യലിസം അഥവാ മാര്‍ക്സിസത്തില്‍ നിന്നും വളയമില്ലാതെ ക്യാപിറ്റലിസത്തിലേക്ക് എടുത്തുചാടി തകര്‍ന്നുപോയ സോവിയറ്റ് യുനിയന്റെയും പൂര്‍വ്വ യുറോപ്യന്‍ രാജ്യങ്ങളുടേയും ചരിത്രവും സോഷ്യലിസത്തില്‍ നിന്നും മിക്സെഡ് ഇകൊണോമി എന്നുപറയാവുന്ന ഒരു വ്യവസ്ഥയിലേക്കു വന്ന്‍ അനുദിനം പുരോഗമിക്കുന്നതായി പറയുന്ന ചൈനയുടെ വര്‍ത്തമാനവും നമുക്കു മുന്നിലുണ്ട്. പൊതുമേഖലയും സ്വകാര്യ മേഖലയും പരസ്പരപൂരകങ്ങളായി നില്ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) തന്നെയാണ് നമുക്ക് അഭികാമ്യം എന്ന്‍ ഇതില്‍ നിന്നെല്ലാം സുവ്യക്തമാണ്.

ന്നാ നമക്കങ്ങട് ഇല്ലത്തേക്ക് മടങ്ങാം......ന്താ...?

***************************

25 മാർച്ച് 2009

-സുന്ദരികളും തെരുവുപട്ടികളും പിന്നെ ഓസ്കാറും-


തൊണ്ണൂറുകളുടെ ആദ്യ പാദം വരേയും ഒരു റീത്ത ഫാരിയയുടെ (1966) പേരുമാത്രമായിരുന്നു ലോകസുന്ദരിപ്പട്ടം (മിസ് വേള്‍ഡ്) നേടിയവരുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഉണ്ടായിരുന്നത്. അതായത് നാല് പതീറ്റാണ്ടുകള്ക്കിടയില്‍ ഇന്ത്യയില്‍ നിന്നും ഒരു ലോക സുന്ദരി മാത്രമാണ് സൃഷ്ടിക്കപെട്ടത്. എന്നാല്‍ തുടര്‍ന്നുള്ള 6-7 വര്‍ഷങ്ങള്‍ക്കിടയില്‍ 4 ഇന്ത്യന്‍ സുന്ദരികള്‍കൂടി ഈ പട്ടികയില്‍ കയറിപ്പറ്റി. (ഐശ്വര്യ റായ്-1994, ഡയാന ഹെയ്ഡന്‍-1997, യുക്ത മുഖി-1999, പ്രിയന്ക ചോപ്ര-2000).

1952-ല്‍ ആരംഭിച്ച വിശ്വസുന്ദരിപ്പട്ടം (മിസ് യൂനിവേര്‍സ്) കിട്ടുന്നതിനും ഒരു ഇന്ത്യക്കാരിക്ക്‌ (സുസ്മിത സെന്‍) 1994 വരെ കാത്തിരിക്കേണ്ടാതായിവന്നു . 2000-ല്‍ ലാറ ദത്തയിലൂടെ ഒരിക്കല്‍ കൂടി ഈ കിരീടം ഇന്ത്യയില്‍ എത്തി. 2000-ല്‍ തന്നെ ദിയ മിര്‍സക്ക് മിസ് ഏഷ്യ പസഫിക് കിരീടം കൂടി ലഭിച്ചതോടെ ഇന്ത്യന്‍ സുന്ദരികള്‍ ലോക സൌന്ദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.

എന്തായിരുന്നു തൊണ്ണൂറുകളിലെ ഈ സുന്ദരി പട്ടങ്ങളുടെ രഹസ്യമെന്ന്‍ അന്നതിനെ വിമര്‍ശിച്ചിരുന്നവരുടെ വാദം ശരിവച്ചുകൊണ്ട് വിപണിവിദഗ്ദര്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യയില്‍ നടപ്പിലാക്കി വന്ന പുതിയ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും എല്ലാം ചുവടു പിടിച്ച് ഇന്ത്യന്‍ വിപണിയില്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനു ഈ സുന്ദരികളെ ബ്രാന്റ് അംബാസിഡര്‍മാരായി ഉപയോഗിക്കുകയായിരുന്നു. ആഗോള വിപണി തേടിയിരുന്ന മാര്‍ക്കറ്റിംഗ് വിദഗ്ദരുടെ / വ്യവസായ ഭീമന്മാരുടെ കയ്യിലെ വെറും ഒരു ഉപകരണം മാത്രമായിരുന്നു അഥവാ ആകുന്നു സുന്ദരിപ്പട്ടങ്ങളും സുന്ദരികളും എന്ന് ചുരുക്കം.

ഇത്രയും ഇവിടെ കുറിച്ചത് ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരവാര്‍ത്തകളിലൂടെ കടന്നു പോകുമ്പോഴാണ്. ഒളിഞ്ഞും തെളിഞ്ഞുമായൊക്കെ 'സ്ലം ഡോഗ് മില്ല്യണയര്‍'ലും 'പിങ്കി സ്മൈലി' ലും ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്. ഹോളിവുഡ് സിനിമകളെ കേന്ദ്രീകരിച്ചുള്ള ഓസ്കാര്‍ അവാര്‍ഡ് ഇതര രാജ്യങ്ങളിലെ ഫിലിം ഇന്ഡസ്ട്റിയിലുള്ളവര്‍ നേടുക എന്നത് എളുപ്പമുള്ള ഒന്നല്ല. 1982-ല്‍ ഭാനു അതയ്യക്കും ('ഗാന്ധി- വസ്ത്രാലങ്കാരം )അതിന് പത്ത് വര്‍ഷത്തിനു ശേഷം സത്യജിത് റായ്ക്കുമാണ് (ലൈഫ് ടൈം അച്ചീവ്മെന്റ്) റഹ്മാനും ഗുല്‍സാറിനും പൂക്കുട്ടിക്കും മുമ്പ് ആനുവല്‍ അകാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

തൊണ്ണൂറുകളില്‍ ലഭിച്ച സുന്ദരിപ്പട്ടങ്ങളോട് ചേര്‍ത്തുവച്ചു തന്നെ വേണം ഇപ്പോള്‍ ലഭിച്ച ഓസ്കാര്‍ പുരസ്കാരങ്ങളേയും കാണാന്‍. ഇതിനര്‍ത്ഥം മേല്പ്പറഞ്ഞവരൊന്നും കഴിവില്ലാത്തവരോ അവാര്‍ഡിന് അര്‍ഹരല്ലാത്തവരോ ആണ് എന്നല്ല. സിനിമയുടെ കഥാഗതിയുമായി ബന്ധമില്ലാത്ത ഒരു പാട്ടിനാണ് ഇതില്‍ കിട്ടിയ ഒസ്കാറുകളില്‍ ഒന്ന്‍. (മികച്ച വിദേശ ചിത്രത്തിനായുള്ള വിഭാഗത്തില്‍ ഓസ്കാറിനു മത്സരിക്കാന്‍ തിരഞ്ഞെടുത്ത 'കാലാപാനി' (1996) എന്ന മലയാളം ചിത്രത്തിലെ പാട്ടുകള്‍ വെട്ടിമാറ്റി സമര്‍പ്പിച്ചത് ഓര്‍ത്തുപോകുന്നു ഈ അവസരത്തില്‍). റഹ്മാന്‍ പോലും 'ജൈഹൊ' അദ്ദേഹത്തിന്റെ മികച്ച ആവിഷ്കാരമാണെന്ന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇതിനുമുമ്പും ഹോളിവുഡി്ല്‍ ഇന്ത്യന്‍ പ്രമേയത്തോടും പശ്ചാത്തലത്തിലും സിനിമകളും ഹ്രസ്വചിത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഇത്തവണ ഭവിയ്ക്കാന്‍ കാരണമെന്തേ?

ബോളിവുഡുമായി ഒരു നൂല്‍പ്പാലം കെട്ടാനുള്ള ഹോളിവുഡിന്റെ ഒരു ശ്രമത്തിന്റെ ഭാഗംതന്നേയാണ് ഇത്. ഹോളിവുഡ്ഡ് സിനിമകള്‍ക്ക് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ സാമാന്യം നല്ല ഒരു വിപണി ഉണ്ട്. അത് ഒന്നുകൂടി വിപുലമാക്കാനുള്ള ശ്രമം കണ്ടേക്കാം. പക്ഷേ അതിന് ഇത്രമാത്രം കെട്ടുകാഴ്ച്ചകളുടെ ആവശ്യമുണ്ടെന്നു് തോന്നുന്നി‌ല്ല. ലോകം മുഴുവന്‍ വിഴുങ്ങി വിഹരിക്കുന്നതായി പറയപ്പെടുന്നു സാമ്പത്തിക മാന്ദ്യം ഹോളിവുഡിനേയും ഗ്രസിച്ച്ചുകഴിഞ്ഞിരിക്കുന്നുവത്രേ. അതിനെ അതിജീവിക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്
ഇത്തരമൊരു ബോളിവുഡ്ഡ് ബാന്ധവം കൊണ്ട് ഹോളിവുഡിനു എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകുന്നത് എന്ന്‍ നാം ചിന്തിക്കേണ്ടതാണ്. ഇപ്പോള്‍ തന്നെ ഹോളിവുഡ്ഡ് സിനിമകളുടെ പല പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും (അനിമേഷന്‍, മിക്സിംഗ് തുടങ്ങിയവ)ചുരുങ്ങിയ ചെലവില്‍ ചെയ്യുന്നതിന് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. നിര്‍മ്മാണത്തിന്റെ ചെലവ് വീണ്ടും ചുരുക്കുന്നതിനായി അവര്‍ക്ക് ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടേയും ടെക്നിഷ്യന്മാരുടേയും സാന്നിദ്ധ്യം അവശ്യം വേണ്ടതാണ്. ഇപ്പോള്‍ തന്നെ ഈ വിഭാഗത്തിലെല്ലാംപ്പെട്ട ഒട്ടേറെ ആളുകള്‍ ഹോളിവുഡ്ഡിലേക്ക് ക്ഷണിക്കപ്പെടുകയോ ചെക്കേറുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഹോളിവുഡിലും പ്രസ്തുത സിനിമകളുടെ കാഴ്ച്ചക്കാര്‍ക്കിടയിലും ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ തീര്‍ച്ചയായും സഹായകമാകും. പുതിയ സിനിമകള്‍ നിര്‍മ്മിക്കാനായി പ്രോഡ്യുസേര്‍സോ ഫിനാന്‍സിംഗ് ഏജന്‍സികളോ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് അവിടുത്തെ സിനിമാവ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഹോളിവുഡുമായി കാലങ്ങളായി ബന്ധപ്പെട്ടുകിടക്കുന്ന അനേകരെ ഈ സ്ഥിതിവിശേഷം പെരുവഴിയിലാക്കും. അതില്‍ നിന്നും ഒരു മോചനത്തിനുള്ള എളുപ്പമാര്‍ഗ്ഗം ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നും വിഭവസമാഹരണം നടത്തുക എന്നതാണ്. ഹോളിവുഡ്ഡ് സിനിമകള്‍ ബോളിവുഡ്ഡ് ചേരുവകള്‍കൂടി സ്വീകരിക്കാന്‍ തയ്യാറാവുന്നതോടെ ഇവിടത്തെ പല വ്യവസായ രാജാക്കന്മാരും ഹോളിവുഡി്ല്‍ മുതല്‍ മുടക്കാന്‍ തയ്യാറായി മുന്നോട്ടുവന്നേക്കാം. ഓസ്കാര്‍ അവാര്‍ഡുകള്‍ ഇനി അവര്‍ക്ക് അന്യമല്ല എന്നുകൂടി തെളിയിക്കപ്പെട്ട ഒരു സാഹചര്യം നിലവിലുപ്പോള്‍ കാര്യങ്ങള്‍ കുറേകൂടി ലളിതമാണ്.

ചെലവു ചുരുക്കലിന്റെ മറ്റൊരു മുഖമാണ് മൂന്നാം ലോക രാജ്യങ്ങളിലെ ഷൂട്ടിംഗ് ലൊക്കേഷ്യനുകള്‍. ഇവിടങ്ങളിലുള്ളവരുടെ പിന്നോക്കാവസ്തയുടെ കെട്ടുകാഴ്ചകള്‍ നയനാന്ദകരമായി കരുതുന്ന ഒരു വിദേശവിപണിയും അതില്‍ അഭിരമിക്കാന്‍ തയ്യാറാവുന്നവരുടെ ഒരു സ്വദേശവിപണിയും മുന്നിലുള്ളപ്പോള്‍ ഇനിയും ഇവിടുത്തെ തെരുവുപട്ടികളുടേയും തെണ്ടികളുടേയും അനാഥ ബാല്യങ്ങളുടേയും മുച്ചുണ്ടുകാരുടേയും ഒക്കെ കഥകള്‍ ചിത്രീകരിക്കപ്പെടും.

ഏതാനും സുന്ദരിപ്പട്ടങ്ങളിലൂടെ കുറെ ഉത്പന്നങ്ങള്‍ നമുക്കുമേല്‍ അടിച്ചേല്പിച്ചതിനു സമാനമായ മാതൃകയില്‍ തന്നെയല്ലേ കുറച്ച് ഓസ്കാര്‍ അവാര്‍ഡുകളിലൂടെ നമ്മുടെ സിനിമാലോകത്തെ ചൂഷണം ചെയ്യാന്‍ പോകുന്നതും.

കാത്തിരുന്നു കാണാം