എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

25 മാർച്ച് 2009

-സുന്ദരികളും തെരുവുപട്ടികളും പിന്നെ ഓസ്കാറും-


തൊണ്ണൂറുകളുടെ ആദ്യ പാദം വരേയും ഒരു റീത്ത ഫാരിയയുടെ (1966) പേരുമാത്രമായിരുന്നു ലോകസുന്ദരിപ്പട്ടം (മിസ് വേള്‍ഡ്) നേടിയവരുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഉണ്ടായിരുന്നത്. അതായത് നാല് പതീറ്റാണ്ടുകള്ക്കിടയില്‍ ഇന്ത്യയില്‍ നിന്നും ഒരു ലോക സുന്ദരി മാത്രമാണ് സൃഷ്ടിക്കപെട്ടത്. എന്നാല്‍ തുടര്‍ന്നുള്ള 6-7 വര്‍ഷങ്ങള്‍ക്കിടയില്‍ 4 ഇന്ത്യന്‍ സുന്ദരികള്‍കൂടി ഈ പട്ടികയില്‍ കയറിപ്പറ്റി. (ഐശ്വര്യ റായ്-1994, ഡയാന ഹെയ്ഡന്‍-1997, യുക്ത മുഖി-1999, പ്രിയന്ക ചോപ്ര-2000).

1952-ല്‍ ആരംഭിച്ച വിശ്വസുന്ദരിപ്പട്ടം (മിസ് യൂനിവേര്‍സ്) കിട്ടുന്നതിനും ഒരു ഇന്ത്യക്കാരിക്ക്‌ (സുസ്മിത സെന്‍) 1994 വരെ കാത്തിരിക്കേണ്ടാതായിവന്നു . 2000-ല്‍ ലാറ ദത്തയിലൂടെ ഒരിക്കല്‍ കൂടി ഈ കിരീടം ഇന്ത്യയില്‍ എത്തി. 2000-ല്‍ തന്നെ ദിയ മിര്‍സക്ക് മിസ് ഏഷ്യ പസഫിക് കിരീടം കൂടി ലഭിച്ചതോടെ ഇന്ത്യന്‍ സുന്ദരികള്‍ ലോക സൌന്ദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.

എന്തായിരുന്നു തൊണ്ണൂറുകളിലെ ഈ സുന്ദരി പട്ടങ്ങളുടെ രഹസ്യമെന്ന്‍ അന്നതിനെ വിമര്‍ശിച്ചിരുന്നവരുടെ വാദം ശരിവച്ചുകൊണ്ട് വിപണിവിദഗ്ദര്‍ പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യയില്‍ നടപ്പിലാക്കി വന്ന പുതിയ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഗ്ലോബലൈസേഷന്റേയും ലിബറലൈസേഷന്റേയും എല്ലാം ചുവടു പിടിച്ച് ഇന്ത്യന്‍ വിപണിയില്‍ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനു ഈ സുന്ദരികളെ ബ്രാന്റ് അംബാസിഡര്‍മാരായി ഉപയോഗിക്കുകയായിരുന്നു. ആഗോള വിപണി തേടിയിരുന്ന മാര്‍ക്കറ്റിംഗ് വിദഗ്ദരുടെ / വ്യവസായ ഭീമന്മാരുടെ കയ്യിലെ വെറും ഒരു ഉപകരണം മാത്രമായിരുന്നു അഥവാ ആകുന്നു സുന്ദരിപ്പട്ടങ്ങളും സുന്ദരികളും എന്ന് ചുരുക്കം.

ഇത്രയും ഇവിടെ കുറിച്ചത് ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരവാര്‍ത്തകളിലൂടെ കടന്നു പോകുമ്പോഴാണ്. ഒളിഞ്ഞും തെളിഞ്ഞുമായൊക്കെ 'സ്ലം ഡോഗ് മില്ല്യണയര്‍'ലും 'പിങ്കി സ്മൈലി' ലും ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്. ഹോളിവുഡ് സിനിമകളെ കേന്ദ്രീകരിച്ചുള്ള ഓസ്കാര്‍ അവാര്‍ഡ് ഇതര രാജ്യങ്ങളിലെ ഫിലിം ഇന്ഡസ്ട്റിയിലുള്ളവര്‍ നേടുക എന്നത് എളുപ്പമുള്ള ഒന്നല്ല. 1982-ല്‍ ഭാനു അതയ്യക്കും ('ഗാന്ധി- വസ്ത്രാലങ്കാരം )അതിന് പത്ത് വര്‍ഷത്തിനു ശേഷം സത്യജിത് റായ്ക്കുമാണ് (ലൈഫ് ടൈം അച്ചീവ്മെന്റ്) റഹ്മാനും ഗുല്‍സാറിനും പൂക്കുട്ടിക്കും മുമ്പ് ആനുവല്‍ അകാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

തൊണ്ണൂറുകളില്‍ ലഭിച്ച സുന്ദരിപ്പട്ടങ്ങളോട് ചേര്‍ത്തുവച്ചു തന്നെ വേണം ഇപ്പോള്‍ ലഭിച്ച ഓസ്കാര്‍ പുരസ്കാരങ്ങളേയും കാണാന്‍. ഇതിനര്‍ത്ഥം മേല്പ്പറഞ്ഞവരൊന്നും കഴിവില്ലാത്തവരോ അവാര്‍ഡിന് അര്‍ഹരല്ലാത്തവരോ ആണ് എന്നല്ല. സിനിമയുടെ കഥാഗതിയുമായി ബന്ധമില്ലാത്ത ഒരു പാട്ടിനാണ് ഇതില്‍ കിട്ടിയ ഒസ്കാറുകളില്‍ ഒന്ന്‍. (മികച്ച വിദേശ ചിത്രത്തിനായുള്ള വിഭാഗത്തില്‍ ഓസ്കാറിനു മത്സരിക്കാന്‍ തിരഞ്ഞെടുത്ത 'കാലാപാനി' (1996) എന്ന മലയാളം ചിത്രത്തിലെ പാട്ടുകള്‍ വെട്ടിമാറ്റി സമര്‍പ്പിച്ചത് ഓര്‍ത്തുപോകുന്നു ഈ അവസരത്തില്‍). റഹ്മാന്‍ പോലും 'ജൈഹൊ' അദ്ദേഹത്തിന്റെ മികച്ച ആവിഷ്കാരമാണെന്ന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഇതിനുമുമ്പും ഹോളിവുഡി്ല്‍ ഇന്ത്യന്‍ പ്രമേയത്തോടും പശ്ചാത്തലത്തിലും സിനിമകളും ഹ്രസ്വചിത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഇത്തവണ ഭവിയ്ക്കാന്‍ കാരണമെന്തേ?

ബോളിവുഡുമായി ഒരു നൂല്‍പ്പാലം കെട്ടാനുള്ള ഹോളിവുഡിന്റെ ഒരു ശ്രമത്തിന്റെ ഭാഗംതന്നേയാണ് ഇത്. ഹോളിവുഡ്ഡ് സിനിമകള്‍ക്ക് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ സാമാന്യം നല്ല ഒരു വിപണി ഉണ്ട്. അത് ഒന്നുകൂടി വിപുലമാക്കാനുള്ള ശ്രമം കണ്ടേക്കാം. പക്ഷേ അതിന് ഇത്രമാത്രം കെട്ടുകാഴ്ച്ചകളുടെ ആവശ്യമുണ്ടെന്നു് തോന്നുന്നി‌ല്ല. ലോകം മുഴുവന്‍ വിഴുങ്ങി വിഹരിക്കുന്നതായി പറയപ്പെടുന്നു സാമ്പത്തിക മാന്ദ്യം ഹോളിവുഡിനേയും ഗ്രസിച്ച്ചുകഴിഞ്ഞിരിക്കുന്നുവത്രേ. അതിനെ അതിജീവിക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ്
ഇത്തരമൊരു ബോളിവുഡ്ഡ് ബാന്ധവം കൊണ്ട് ഹോളിവുഡിനു എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകുന്നത് എന്ന്‍ നാം ചിന്തിക്കേണ്ടതാണ്. ഇപ്പോള്‍ തന്നെ ഹോളിവുഡ്ഡ് സിനിമകളുടെ പല പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും (അനിമേഷന്‍, മിക്സിംഗ് തുടങ്ങിയവ)ചുരുങ്ങിയ ചെലവില്‍ ചെയ്യുന്നതിന് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. നിര്‍മ്മാണത്തിന്റെ ചെലവ് വീണ്ടും ചുരുക്കുന്നതിനായി അവര്‍ക്ക് ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടേയും ടെക്നിഷ്യന്മാരുടേയും സാന്നിദ്ധ്യം അവശ്യം വേണ്ടതാണ്. ഇപ്പോള്‍ തന്നെ ഈ വിഭാഗത്തിലെല്ലാംപ്പെട്ട ഒട്ടേറെ ആളുകള്‍ ഹോളിവുഡ്ഡിലേക്ക് ക്ഷണിക്കപ്പെടുകയോ ചെക്കേറുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഹോളിവുഡിലും പ്രസ്തുത സിനിമകളുടെ കാഴ്ച്ചക്കാര്‍ക്കിടയിലും ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ തീര്‍ച്ചയായും സഹായകമാകും. പുതിയ സിനിമകള്‍ നിര്‍മ്മിക്കാനായി പ്രോഡ്യുസേര്‍സോ ഫിനാന്‍സിംഗ് ഏജന്‍സികളോ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവരുന്നില്ല എന്നതാണ് അവിടുത്തെ സിനിമാവ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഹോളിവുഡുമായി കാലങ്ങളായി ബന്ധപ്പെട്ടുകിടക്കുന്ന അനേകരെ ഈ സ്ഥിതിവിശേഷം പെരുവഴിയിലാക്കും. അതില്‍ നിന്നും ഒരു മോചനത്തിനുള്ള എളുപ്പമാര്‍ഗ്ഗം ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നും വിഭവസമാഹരണം നടത്തുക എന്നതാണ്. ഹോളിവുഡ്ഡ് സിനിമകള്‍ ബോളിവുഡ്ഡ് ചേരുവകള്‍കൂടി സ്വീകരിക്കാന്‍ തയ്യാറാവുന്നതോടെ ഇവിടത്തെ പല വ്യവസായ രാജാക്കന്മാരും ഹോളിവുഡി്ല്‍ മുതല്‍ മുടക്കാന്‍ തയ്യാറായി മുന്നോട്ടുവന്നേക്കാം. ഓസ്കാര്‍ അവാര്‍ഡുകള്‍ ഇനി അവര്‍ക്ക് അന്യമല്ല എന്നുകൂടി തെളിയിക്കപ്പെട്ട ഒരു സാഹചര്യം നിലവിലുപ്പോള്‍ കാര്യങ്ങള്‍ കുറേകൂടി ലളിതമാണ്.

ചെലവു ചുരുക്കലിന്റെ മറ്റൊരു മുഖമാണ് മൂന്നാം ലോക രാജ്യങ്ങളിലെ ഷൂട്ടിംഗ് ലൊക്കേഷ്യനുകള്‍. ഇവിടങ്ങളിലുള്ളവരുടെ പിന്നോക്കാവസ്തയുടെ കെട്ടുകാഴ്ചകള്‍ നയനാന്ദകരമായി കരുതുന്ന ഒരു വിദേശവിപണിയും അതില്‍ അഭിരമിക്കാന്‍ തയ്യാറാവുന്നവരുടെ ഒരു സ്വദേശവിപണിയും മുന്നിലുള്ളപ്പോള്‍ ഇനിയും ഇവിടുത്തെ തെരുവുപട്ടികളുടേയും തെണ്ടികളുടേയും അനാഥ ബാല്യങ്ങളുടേയും മുച്ചുണ്ടുകാരുടേയും ഒക്കെ കഥകള്‍ ചിത്രീകരിക്കപ്പെടും.

ഏതാനും സുന്ദരിപ്പട്ടങ്ങളിലൂടെ കുറെ ഉത്പന്നങ്ങള്‍ നമുക്കുമേല്‍ അടിച്ചേല്പിച്ചതിനു സമാനമായ മാതൃകയില്‍ തന്നെയല്ലേ കുറച്ച് ഓസ്കാര്‍ അവാര്‍ഡുകളിലൂടെ നമ്മുടെ സിനിമാലോകത്തെ ചൂഷണം ചെയ്യാന്‍ പോകുന്നതും.

കാത്തിരുന്നു കാണാം