എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

21 നവംബർ 2009

എന്റെ ചെറിയ നാടകമോഹങ്ങളില്‍ ഒരു വലിയ കൊച്ചുബാവ


എം.ടി. , മുകുന്ദന്‍, പദ്മനാഭന്‍, വിജയന്‍ (സര്‍വ്വ ശ്രീ) എന്നിവര്‍ക്കപ്പുറമൊരു കഥാലോകമില്ലെന്നു വിശ്വസിച്ചിരുന്നവരും അല്ലാത്തവരുമായ സ്കൂള്‍- കോളേജ് സുഹൃത്തുക്കള്‍ക്കുമുന്നില്‍ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ പ്രിയപ്പെട്ട കഥാകൃത്തായി ഞാന്‍ അവതരിപ്പിച്ചിരുന്നത് ശ്രീ. ടി. വി. കൊച്ചുബാവയെയായിരുന്നു. അദ്ഭുതത്തോടെ പലരും എന്തുകൊണ്ടങ്ങനെ എന്ന് ചോദിച്ചിരുന്നെങ്കിലും മൌനം ദീക്ഷിക്കുകയോ ചില ബു.ജീ. സ്റ്റയില്‍ മറുപടികള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞത് ഏറെ നാളുകള്‍ക്കു ശേഷമാണ്.

നാട്ടിലെ ക്ലബ്ബുകള്‍ക്കും വായനാശാലകള്‍ക്കും പൂരകമ്മിറ്റികള്‍ക്കും വേണ്ടി വര്‍ഷത്തില്‍ മൂന്നും നാലും നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന അച്ചന്റെ അഭിനയക്കമ്പത്തില്‍ നിന്നുമായിരുന്നു ഞാന് ‍വായനയുടെ ലോകത്തേക്ക് ജാലകങ്ങള്‍ തുറക്കുന്നത്. വാങ്ങിയതും വായനാശാലയില്‍ നിന്നും കൊണ്ടുവന്നതുമായ കുറെയേറെ നാടകപുസ്തകങ്ങള്‍ സീസനായാല്‍ വീട്ടില്‍ നിറയും. സി. എല്‍. ജോസ് , ശ്രീമൂലനഗരം മോഹന്‍..... തുടങ്ങിയ ഒട്ടനവധി പ്രൊഫഷനല്‍ നാടകകൃത്തുക്കള്ടെ പേര്‍ എനിക്ക് സുപരിചിതമാകുകയും ചെറുതായിരിക്കുമ്പോള്‍ തന്നെ എന്റെ വായനാശീലം അവരില്‍ നിന്നും ആരംഭിക്കുകയുമായിരുന്നു. ഇതിനു സമാനമായ തീമുകളുള്ള ലഘു നാടകങ്ങള്‍ എന്നൊക്കെ പറയാവുന്ന പലതും ഞാന്‍ കുത്തിക്കുറിച്ചു

അഞ്ചാം ക്ലാസ്സുമുതലുള്ള എന്റെ പഠനം നാട്ടിലെ പല പരിമിതികളും കാരണം ഷൊറണ്ണൂര്‍ ഹൈസ്കൂളിലേക്ക് മാറ്റപ്പെട്ടു. ഒരു നാടന്‍ സ്കൂളിന്റെ എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുള്ള ബോര്‍ഡിംഗ് വിദ്യാഭ്യാസം. ഇവിടെ എല്ലാ വര്‍ഷവും ഹോസ്റ്റല്‍ ഡേ നടക്കാരുണ്ട്. അപ്പര്‍ പ്രൈമറി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും പ്രത്യേകം പ്രത്യേകം പരിപാടികള്‍ അവതരിപ്പിക്കും. ഹൈസ്ക്കൂളുകാര്‍ നാടകവും മറ്റും അവതരിപ്പിക്കുമ്പോള് ‍പ്രൈമറിക്കാര്‍ സാധാരണ ചെയ്യുന്നത് ചെറിയ സ്കിറ്റും മറ്റുമാണ്. ഞങ്ങള്‍ക്കും ഒരു നാടകം വേണമെന്ന് ചിന്തിക്കുന്നത് UP ക്കാരുടെ നേതാവ് സന്തോഷേട്ടന്‍. പക്ഷെ നാടകം എവിടെ നിന്ന് ? ചിലതെല്ലാം എഴുതിയിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. 'പ്രതികാരം' എന്നാ നാടകം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നു. എല്ലാവര്ക്കും തൃപ്തിയായി. കൃത്യമായ കഥ ഓര്‍മ്മയില്ലെങ്കിലും കള്ളനോട്ട് , പോലീസ്, കൊലപാതകം എന്നിങ്ങനെയുള്ള എല്ലാ മസാലകളും ആ അഞ്ചാം ക്ലാസ്സുകാരന്റെ നാടകത്തിലുന്ടായിരുന്നു.

ആദ്യ നാടകം തന്നെ സെന്‍സര്‍ കുരുക്കില്‍പ്പെട്ടു. പരിപാടികള്‍ കാണാന്‍ മാനേജര്‍, അദ്ദേഹത്തിന്റെ പത്നി എന്നിവരെല്ലാം വരും. അവര്‍ക്ക് മുന്നില്‍ ഇത്തരം നാടകങ്ങള്‍ അവതരിപ്പിച്ചുകൂടാ. - കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകമല്ലേ, ഇങ്ങനെയാണോ കഥ. ? പരിപാടികളെല്ലാം പ്രിവ്യൂ ചെയ്യുന്നത് സ്കൂളിലെ അദ്ധ്യാപകനും വാര്‍ടനുമായ ഗിരീശന്‍ മാഷാണ്. നാടകം നിരോധിക്കപ്പെട്ടു.

ഇനിയെന്തുവേണമെന്നായി. സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു-അല്പം ഗുണപാഠമുണ്ടയാല്‍ സമ്മതിക്കുമായിരിക്കും. എല്ലാവരും അംഗീകരിച്ചു. അങ്ങനെ ഞാനെന്റെ നാടകം ചെറുതായി മാറ്റിയെഴുതി. ഏതോ ഒരു നാടകത്തില്‍ കണ്ടതോ വായിച്ചതോ ആയ കോടതി രംഗങ്ങള്‍ ഓര്‍മ്മയിലെത്തി. പ്രതികാരത്തിനും കൊലപാതകത്തിനും പകരം പുതുതായി കൂട്ടി ചേര്‍ക്കപ്പെട്ട ജഡ്ജിയുടെ ശിക്ഷാ വിധിയായി അന്ത്യരങ്ങങ്ങളില്‍ ഒന്ന്. 'സഭ പിരിച്ചുവിടുന്നു' എന്നൊക്കെയായിരുന്നു ഡയലോഗ്. നാടകത്തിന്റെ പേര് മാറ്റിയത് എന്തായിരുന്നെന്നു ഓര്‍മ്മയിലില്ല. നാടകം ഏതായാലും വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

എന്റെ 'നടനാ'യുള്ള അരങ്ങേറ്റത്തിന് കളമൊരുക്കിയതു ആ സെന്സര്‍ഷിപ്പായിരുന്നു. നാടകത്തിന്റെ ആദ്യരൂപത്തില്‍ ഞാനില്ലായിരുന്നു. മാറ്റം വരുത്തിയപ്പോള്‍ ജട്ജിയുറെ വേഷത്തില്‍ ഞാന്‍ അരങ്ങിലെത്തി.- ഉര്‍വ്വശി ശാപം ഉപകാരം.

അടുത്തവര്‍ഷം സ്കൂള്‍ ‍ യുവജനോത്സവ തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ ഹോസ്റ്റല്‍ നിവാസിയായ ഒന്‍പതാം ക്ലാസ്സിലെ റാഫി മൊയലന്‍ എന്നെ സമീപിച്ച് ഒരു നാടകം വേണമെന്നാവശ്യപ്പെട്ട. 25 നു മേലെ ഡിവിഷനുകളുള്ള ഇവിടെ ഓരോ ഡിവിഷന്കാര്‍ക്കും നാടകം അവതരിപ്പിക്കാം. യുവജനോത്സവ നാടകാവതരണം തന്നെ ഒന്നൊന്നര ദിവസം എടുക്കും. നാടകത്തിന്റെ ഒന്നോ രണ്ടോ പരസ്യങ്ങള്‍ (വരച്ചവ) ഒരു പ്രത്യേക ബോര്‍ഡില്‍ പ്രദര്ശിപ്പിക്കാം. പതിവ് ചേരുവകള്‍ നിറഞ്ഞ ആ നാടകത്തിന്റെ പേരെന്തായിരുന്നുവെന്നു എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ആ പേരിനു താഴെ 'രചന, സംവിധാനം : റാഫി മൊയലന്‍ ' എന്നാണ് വച്ചിരുന്നത്. അത് കണ്ടപ്പോള്‍ ഉണ്ടായ ഇച്ഛഭംഗം അത്രമേലായിരുന്നു.

എന്റെ ഡിവിഷന്‍ നാടകമൊന്നും അവതരിപ്പിചിരുന്നില്ല. അതുകൊണ്ടുതന്നെ റാഫിചേട്ടന്‍ നാടകത്തിന്റെ ഗ്രീന്‍ റൂമിലായിരുന്നു അന്ന് ഞാന്‍ ഏറെ സമയവും. എല്ലാവരും മേയ്ക്കപ്പൊക്കെ ഇട്ടു കഴിഞ്ഞു. ഫൈനല്‍ റിഹേര്‍സലും നടന്നു. അരങ്ങില്‍ പ്രവേശിക്കുന്നതിനുള്ള ഉഴം കാത്തിരിപ്പാണ്. അപ്പോള്‍ റാഫിച്ചേട്ടന്‍ എല്ലാവരോടുമായി പ്രഖ്യാപിച്ചു : ഈ നാടകം എഴുതിയത് ഞാനല്ല. പിന്നെ ആരാണെന്നരിയാമോ ? ഈ നില്‍ക്കുന്നവനാണ്. എല്ലാവരും കയ്യടിച്ചു. എന്നിക്ക് കിട്ടിയ 'ഓസ്കാര്‍'.ആ ആറാം ക്ലാസ്സുകാരന്റെ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു.

തട്ടുപൊളിപ്പന്‍ നാടകങ്ങള്‍ക്കൊപ്പം അവിടെ ഏതാനും അമേച്വര്‍ നാടകങ്ങളും അരങ്ങിലെത്തിയിരുന്നു. ഏഴാം ക്ലാസിലെക്കാവുംപോഴേക്കും ഞങ്ങള്‍ തൃശ്ശൂരിനടുത്തെക്ക് താമസം മാറ്റി. അമേച്വര്‍ നാടകങ്ങളെ ശരിയായി മനസ്സിലാക്കുന്നത് ഈ കാലഘട്ടത്തിലാണ്.

നാടുമാറിയതോടെ അച്ഛന്റെ നാടകാഭിനയവും നിന്നു എന്ന് പറയാം. നാട്ടുകാര്‍ അവതരിപ്പിക്കുന്ന നാടക അരങ്ങുകള്‍ പ്രൊഫഷനല്‍ ട്രൂപ്പുകള്‍ കൈക്കലാക്കി. പൂരപറമ്പ്കളിലും പള്ളിയന്കണങ്ങളിലും ബാലെയും നാടകവും കാണാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂട്ടിയിരുന്നു. പ്രോഫഷനലിനും അമേച്വരിനും ഇടയില്‍പ്പെടുത്താവുന്ന എനിക്ക് നല്ലതെന്ന് തോന്നിയ വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ ഈ വേദികളില്‍ ദൃശ്യമായുള്ളൂ. അതേസമയം അകാദമിയിലും ടൗന്‍ഹാളിലുമൊക്കെ അരങ്ങേറിയ ചില പരീക്ഷണ നാടകങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാണാന്‍ കഴിഞ്ഞത് നാടകത്തെക്കുറിച്ചുള്ള പുതിയ ചില മാനങ്ങള്‍ ഉരുത്തിരിയുന്നതിനു സഹായകമായി.


ഇതിന്റെ ചുവടുപിടിച്ച് മൂന്നോ നാലോ നാടകങ്ങള്‍ പൂര്‍ണ്ണമായോ അപൂര്‍ണ്ണമായോ ഒക്കെ എഴുതുകയുണ്ടായി. തൃശൂര്‍ സി. എം. എസ. ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഏതാനും വര്‍ഷത്തെ ഇടവേളക്കു ശേഷം നാടകക്കളരിയില്‍ ഞാന്‍ വീണ്ടും ഇറങ്ങുന്നത്. "കുരുതി' എന്നായിരുന്നു നാടകത്തിന്റെ പേര്‍. ആദിവാസികള്‍, ചില ദുരാചാരം, അവര്‍ക്കിടയില്‍ നിന്നും അവരുടെ മോചനത്തിനായി പോരാടിയ ഒരു റിബല്‍.... ഇതൊക്കെയായിരുന്നു കഥാതന്തു. സുഹൃത്തുക്കല്മായി ചേര്‍ന്ന് അതിനെ ഒന്നുകൂടി ശരിയാക്കി എടുത്തു. സംവിധാന ചുമതല സജി എന്ന സുഹൃത്തും ഞാനും ചേര്‍ന്ന് ഏറ്റെടുത്തു. സംഘാങ്ങങ്ങളില്‍ ഒരുവനായി ചെറിയ ഒരു റോളും എനിക്കുന്ടായിരുന്നു. സ്കൂള്‍ യുത്ത് ഫെസ്റിവലിനായിരുന്നു നാടകം അവതരിപ്പിച്ചത്. തരക്കേടില്ലാതെ നാടകം അരങ്ങേറി.

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു നാടകം അവതരിപ്പിക്കാനുള്ള ശ്രമം ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ നടത്തിയെങ്കിലും എന്തുകൊണ്ടോ പാതിവഴിയില്‍ ഉപേക്ഷിച്ചു. വടക്കാഞ്ചേരി ശ്രീ വ്യാസ കോളേജില്‍ എത്തുന്നതോടെയാണ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. കോളേജില്‍ ഒരു ക്യാമ്പസ് തീയറ്റര്‍ വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പിന്നീറ്റ് അവിടത്തെ പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയുമോക്കെയായ രാധാകൃഷ്ണന്‍ സാര്‍ ആയിരുന്നു അതിനു ചുക്കാന്‍ പിടിച്ചത്. ഡ്രാമ സ്കൂളില്‍ നിന്നും ഏതാനും അധ്യാപകരും മുതിര്‍ന്ന വിദ്ധ്യാര്‍ഥികളും സെലക്ഷനായി വന്നു. പതിനഞ്ചോളംപേരെ തെരഞ്ഞെടുത്തതില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അഭിനയത്തിലുപരി രചന, സംവിധാനം ഇവയിലോക്കെയാണ് എന്റെ താത്പര്യം എന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ക്യാമ്പസിലെ രാഷ്ട്രീയ -സാമൂഹിക- കലാരന്ഗങ്ങളില്‍ഒരു വിധം സജീവമായിരുന്നതിനാലാകണം രാധാകൃഷ്ണന്‍ സാര്‍ ക്യാമ്പസ് തിയറ്ററിന്റെ നേതൃത്വം എന്നെ ഏല്‍പ്പിച്ചു.

അങ്ങനെ സ്ഥിരം ഫോര്‍മാറ്റിലുള്ള ഒന്ന് രണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായ രീതിയിലുള്ള എന്തെങ്കിലും ഒന്ന് ചെയ്യണമെന്നു ഞങ്ങള്‍ക്ക് തോന്നുന്നത്. എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്തു. ഒരു സഹൃത്ത് പറഞ്ഞു- പുതിയ എഴുത്തുകാരുടെ ഏതെങ്കിലും ചെറു കഥ എന്തുകൊണ്ട് നാടകമാക്കിക്കൂടാ . ഞാനെന്റെ പ്രിയപ്പെട്ട കഥാകൃത്തിന്റെ ചെറുകഥകളിലേക്ക് ഒരിക്കല്‍ക്കൂടി ഇറങ്ങിച്ചെന്നു . അദ്ഭുതം ! മിക്കവാറും എല്ലാ കഥകളും നാടക രൂപത്തിന് യോജിക്കുന്നതുതന്നെ. സംഭാഷണം പോലും അതെപടിയുണ്ട്. എനിക്ക് മനസ്സിലായി അന്ന്, എന്തുകൊണ്ട് കൊച്ചുബാവ കഥകള്‍ എനിക്ക് പ്രിയങ്കരമായി എന്ന്- എന്നെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ നാടകത്തിന്റെ അനുരണനം ഈ കഥകളില്‍ മുഴങ്ങുന്നത് തന്നെ.

'പറുദീസാ' - ശ്രീ കൊച്ചുബാവയുടെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ കഥയാണ് നാടക രൂപാന്തരത്തിനായി ഞാന്‍ തെരഞ്ഞെടുത്തത്. വലിയ ബുദ്ധിമുട്ടില്ലാതെ നാടക രൂപമുന്ടാക്കുകയും ചെയ്തു. എല്ലാവരും അത് ശരിവച്ചു. അഭിനേതാക്കളെ തീരുമാനിച്ചു. അപ്പോഴാണ്‌ ആരോ അഭിപ്രായപ്പെടുന്നത് -ഒരു പക്ഷേ, രാധാകൃഷ്ണന്‍ സാറായിരുന്നിരിക്കണം - കഥാകൃത്തിന്റെ അനുമതി വാങ്ങിയില്ലെങ്കില്‍ പ്രശ്നമാവുമെന്ന് . കൊച്ചുബാവയുടെ അനുമതി വാങ്ങിയിട്ട് മതി നാടകം കളിക്കല്‍ എന്ന തീരുമാനത്തിലെത്തി. രാധാകൃഷ്ണന്‍ സാര്‍ കഥാകൃത്തിനു കത്തെഴുതാന്‍ എന്നെ ചുമതലപ്പെടുത്തി. പ്രിയപ്പെട്ട എഴുത്തുകാരന് ഒരു കത്ത്, അതും അദ്ദേഹത്തിന്റെ കഥയ്ക്ക് ഞാന്‍ (ഞങ്ങളല്ല !) നാടക രൂപമെഴുതുന്നതിനായി..... എന്റെ സന്തോഷം കുറച്ചോന്നുമായിരുന്നില്ല. അതോടൊപ്പം തന്നെ അദ്ദേഹം മറുത്തെന്തെങ്കിലും പറയുമോഎന്ന ആശങ്കയും ഉണ്ടായിരുന്നു. 'ഗള്‍ഫ് വോയ്സില്‍' നിന്നുമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ വിലാസം തരപ്പെടുത്തി. അനുമതി ചോദിച്ചുകൊണ്ട് കത്തെഴുതി. പത്തിരുപതു ദിവസത്തിനി ശേഷം മറുപടി വന്നു- ഇന്ന ദിവസം തൃശൂര്‍ ടൗന്‍ ഹാളില്‍ ( അതോ അകാദമി ഹാളിലോ ) ഒരു ചടങ്ങില്‍ ഞാന്‍ സംബന്ധിക്കുന്നുണ്ട്. അന്ന് സംസാരിക്കാം.


വൈകുന്നേരമായിരുന്നു പരിപാടി. ഞാനും ഒരു സുഹൃത്തും നാടക രൂപവുമായി കാത്തുനിന്നു. കൊച്ചുബാവ വേദിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ച്ചെന്നു നിന്നു. കത്തയച്ചത് അദ്ദേഹത്തിനു ഓര്‍മ്മയുണ്ടായിരുന്നു. ഞങ്ങളുടെ തിയ്യറ്റര്‍ ഏതൊക്കെ നാടകങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചു. എന്തുകൊണ്ട് തന്റെ കഥ എന്നായി പിന്നെ. അദ്ദേഹത്തിനു കണ്‍വിന്‍സിങ്ങാവുന്ന വിധം തന്നെയായിരുന്നു എന്റെ ഉത്തരം. തന്റെ കഥയില്‍ നാടകത്തിന്റെ എലെമെന്റ് ധാരാളം ഉണ്ടെന്നുള്ള എന്റെ കണ്ടെത്തല്‍ പുതിയ അറിവാണെന്ന് പറഞ്ഞു. പിന്നെ സ്ക്രിപ്ടിലൂടെ പൊടുന്നനെ കടന്നു പോയി. രംഗങ്ങളും സംഭാഷണവും വളരെ നന്നായിട്ടുണ്ട് എന്നും അഭിപ്രായപ്പെട്ടു. സംഭാഷണങ്ങളെല്ലാം സാറിന്റെ കഥയില്‍ തന്നെയുള്ളവയാണ്‌. അതില്‍ ഒന്നുപോലും ഞങ്ങളുടെതായിട്ടില്ല. എന്റെ മറുപടിക്ക് അങ്ങനെയോ എന്ന് അദ്ദേഹം അദ്ഭുതംകൂറി. നാടകം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രതികരണം എന്തായിരുന്നെന്നു തന്നെ അറിയിക്കണം എന്ന നിര്‍ദേശത്തോടെ അവതരണാനുമതി നല്‍കി.

അതിനിടക്ക് ഞങ്ങള്‍ മറ്റൊരു നാടകവുമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. പലകാരണങ്ങളാല്‍ ഈ നാടകം പിന്നീട് ഞങ്ങളുടെ സജീവ പരിഗണനയില്‍ വന്നില്ല. 'യാചക നിരോധന മേഖല' , 'നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി' , ശ്രീ. ജി. ശങ്കരപ്പിള്ളയുടെ 'രാപക്ഷികള്‍' , 'മൂന്നു പണ്ടിതന്മാരും പരേതനായ ഒരു സിംഹവും' തുടങ്ങി ആറോളം നാടകങ്ങള്‍ രണ്ടുവര്‍ഷത്തിനിടയില്‍ അവതരിപ്പിച്ചു. തൊണ്ണൂരുകളുടെ ആദ്യ വര്‍ഷങ്ങളായിരുന്നു അത്.

രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ ഞാന്‍ എന്റെ പ്രിയപ്പെട്ട കഥാകൃത്തിനെ കാണുന്നത്. ഒരു സെമിനാറോ പുസ്തക പ്രസാധന ചടങ്ങോ ആയിരുന്നു അത്. പരിപാടിക്ക് ശേഷം ഞാന്‍ അദ്ദേഹത്തിനെ ച്ചെന്നു കണ്ടു. പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിനും ഓര്‍മ്മയുണ്ടായിരുന്നു. നാടകം അരങ്ങിലെത്തിയില്ല എന്ന് പറഞ്ഞപ്പോള്‍ അതിനു ശ്രമിക്കാന്‍ ആവശ്യപ്പെട്ടു. മറ്റേതു കഥ വേണമെങ്കിലും ഉപയോഗിക്കാനുള്ള അനുമതിയും നല്‍കി. പക്ഷേ, എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കുകയും ഉദ്യോഗപര്‍വ്വത്തില്‍ തെളിയുന്നതിനായി പയറ്റിക്കൊന്റിരിക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. നാടകം എന്ന കളരി ഞാന്‍ പാടേ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. പാര്‍ട്ട് ടൈം മോഹങ്ങള്‍ മാത്രമായിരുന്നു നാടകാമേഖലയില്‍ പണ്ടും എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇനി ആ ലോകത്തേക്ക് ഒരു മടക്ക യാത്ര ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെ വെറും ഒരു തലയാട്ടലില്‍ ഞാന്‍ എന്റെ മറുപടി ഒതുക്കി.

1999 നവംബറില്‍ എന്റെ ഔദ്യോഗിക ലാവണത്തില്‍ തപാലില്‍ വന്നെത്തിയ പത്രത്താളില്‍ ടി. വി. കൊച്ചുബാവയുടെ മരണം രേഖപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം മരിച്ചു മൂന്നോ നാലോ ദിവസം പിന്നിട്ടുകഴിഞ്ഞിരുന്നു. പത്രം മടക്കി വച്ചു. ഏതാണ്ടൊരു മണിക്കൂര്‍ കൊച്ചുബാവക്കും അദ്ദേഹത്തിന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍‍ക്കുമോപ്പമായിരുന്നു ഞാന്‍. അരങ്ങിലെത്താത്ത കഥകള്‍, കഥാപാത്രങ്ങള്‍. ..




(2009 നവംബര്‍ 24 നു ശ്രീ ടി.വി. കൊച്ചുബാവ സാഹിത്യ കേരളത്തോടു വിട പറഞ്ഞിട്ട് 10 വര്ഷം പിന്നിടുന്നു)