എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

08 ഒക്‌ടോബർ 2010

ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം-3 )


നാടകം പെയ്തൊഴിഞ്ഞ പുലരിയില്‍

"രാഘവമ്മാഷേ.... രാഘവമ്മാഷേ.... ങ്ങളറിഞ്ഞോന്ന്‍?"

സൂര്യന്റെ ചുവപ്പുരാശി ഇപ്പോഴും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. എഴുന്നേറ്റ് ഒരു കടുംകാപ്പിയും കുടിച്ച് പത്രവുമായി പൂമുഖത്തിട്ടിരിക്കുന്ന ചാരുകസേരയില്‍ കിടന്ന് പതിവുപോലെ പത്രം വായിക്കുകകയായിരുന്നു, രാഘവവാര്യര്‍. തലേന്നാളത്തെ ഉറക്കക്ഷീണമേറെയുണ്ട്. അല്ലെങ്കില്‍ ഇതിനോടകം തന്നെ പത്രം വായന കഴിഞ്ഞുകാണുമായിരുന്നു.  'ഗാലപ്പഗോസ് എന്ന ദുരന്തം' എന്ന ലേഖനം പ്രാധാന്യത്തോടുകൂടി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു പ്രാവശ്യം വായിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയോരുവട്ടം കൂടി വായിക്കാനുള്ള തത്രപ്പാടിലാണ് രാഘവവാര്യര്‍. അപ്പോഴാണ്‌ പടിക്കല്‍നിന്നും ഉയരുന്ന വിളി അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതടുത്തേക്ക്  വന്നു. 

"രാഘവമ്മാഷേ..മ്മടെ തോമസിനെ ആരോ കുത്തിക്കൊന്നിരിക്കണ്.  "  ശേഖരന്‍ കിതച്ചുകൊണ്ടാണ് പറഞ്ഞോപ്പിച്ചത്. അത് പറഞ്ഞു തീര്‍ന്നയുടനെ അയാളുടെ കണ്ണില്‍ നിന്നും രണ്ടു നീര്‍ത്തുള്ളികള്‍ കവിളിലേക്ക് ഒഴുകിയിറങ്ങി.

"മയ്യത്ത് ബടക്കേലെ കവുങ്ങിന്‍ തോപ്പില് ചോര ബാര്‍ത്ത് കടക്ക്വാത്രേ. " അതുപറഞ്ഞത്‌ അഹമ്മദായിരുന്നു.

രാഘവവാര്യര്‍  'ഗാലപ്പഗോസ് എന്ന ദുരന്ത' ത്തില്‍ നിന്നും തല പതുക്കെ ഉയര്‍ത്തി ശേഖരനെയും അഹമ്മദിനെയും ഒന്ന് നോക്കി. വേറെയും രണ്ടുപേര്‍ അവരോടോപ്പമുണ്ട്. തോമസിനെപ്പോലെതന്നെ തന്റെ നാടകത്തെ ഹൃദയങ്ങളിലേന്തിയ സഹചാരികള്‍ ഇവരെല്ലാം.

"ങ്ങളൊന്ന്‌ ബെക്കം ബരാന്‍ നോക്കിന്‍ന്ന്‍, ന്റെ മാഷേ." രാഘവവാര്യരുടെ  ആ 'സാ'മട്ട് അഹമ്മദിന് പിടിച്ചില്ല എന്ന് സ്പഷ്ടം.

പ്രത്യേകിച്ചൊന്നും സംഭവിചിട്ടില്ലാത്തപോലെ രാഘവവാര്യര്‍ ചാരുകസേരയില്‍ നിന്നുമെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കിക്കുത്തി. മുറിക്കയ്യന്‍ ബനിയനുമേല്‍ ഒരു മേല്‍മുണ്ടിട്ടു. കണ്ണാടിയുടെ മുന്നില്‍ ച്ചെന്നു തലേന്നാളത്തെ ഡാര്‍വിന്റെ താടിയുടെ അവശിഷ്ടങ്ങളൊന്നും ശേഷിക്കുന്നില്ലെന്നു ഉറപ്പുവരുത്തി. പിന്നെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു: 'മോളേ.. , ഞാന്‍ ഒന്ന് പൊറത്തേക്കിറങ്ങ്വാണ് ട്ടോ.." ഇറങ്ങും വഴി പതിവുപോലെ പത്രം മടക്കി കക്ഷത്ത്‌ തിരുകി.

വടക്കേലെ കവുങ്ങിന്‍ തോട്ടത്തിലേക്ക് നടക്കുന്നതിനിടയില്‍ ശേഖരന്‍ പറഞ്ഞുകൊണ്ടിരുന്നു. "ആരാണ് എങ്ങിന്യാണ്ന്നൊന്നും    ഒരു  രൂപോംല്ല്യ . ന്നലെ കപ്പിത്താന്റെ വേഷം കെട്ടണവരെ തോമസ്‌ മദ്യപിച്ചിട്ടില്ല. അതെനിക്കൊറപ്പാ , അത് പതിവില്ലാത്തതാണ്ച്ചാലും. അത് കഴിഞ്ഞു ഞാന്‍ നാടകം കാണാന്‍ താഴേക്കങ്ങടെറങ്ങി.     ഇനീപ്പ നാടകം കഴിഞ്ഞു വല്ലതും..."

"ശേഖരേട്ടന്‍ എന്താ ഈ പറയണത്. തോമസ്‌ വെള്ളം അടിച്ചുചത്തതൊന്നും അല്ലല്ലോ. ആരോ കുത്തിക്കൊന്നതല്ലേ." ദിവാകരന്‍ ഇടക്ക് കയറി പറഞ്ഞു.

"അത് തന്ന്യാ ഞാന്‍ പറഞ്ഞു വന്നത്. ഇനീപ്പോ വെള്ളടിച് ആരെങ്കിലുമായി വഴക്കിട്ടിട്ടുണ്ടായിരിക്ക്യോ എന്തോ?"

"എന്റെ സംശയം അങ്ങിന്യല്ല. മുന്‍ വൈരാഗ്യം വച്ച് വല്ലോരും കുത്തി മലര്‍ത്ത്യോന്നാ. ആള്‍ടെ കയ്യിലിരിപ്പും അത്ര നന്നൊന്ന്വല്ലല്ലോ  ആയിരുന്നത്." ദിവാകരന്‍ മറ്റൊരു സാധ്യത നിരത്തി.

രാഘവന്മാഷും സംഘവും കവുങ്ങിന്‍ തോപ്പിലെത്തി. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം ഇപ്പോഴവിടെയു ണ്ട്. അവരെ വകഞ്ഞുമാറ്റി അഹമ്മദ് ഒരു പാത വെട്ടി. അതിലൂടെ  അവര്‍ മുന്നിലേക്ക് കടന്നു.   

ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോയുടെ വസ്ത്രം ചോരയില്‍ മുങ്ങിയിരിക്കുന്നു. നെഞ്ചിന്റെ ഇടതുവശത്ത്തന്നെയായിരിക്കണം കുത്ത് ഏറ്റിരിക്കുന്നതെന്ന്  അവിടെ വാര്ന്നിരിക്കുന്ന ചോരയുടെ ഗാഡത   വ്യക്തമാക്കുന്നു. ആറടി നീളവും ഒത്ത ശരീരവുമുള്ള തോമസിന്റെ ദേഹം കവുങ്ങിന്‍ തോപ്പില്‍ വെട്ടിയിട്ട വടവൃക്ഷം കണക്കെ മലര്‍ന്നു പരന്നു കിടന്നു.

"ഹാരാ ഈ അറും കൈ ചെയ്തതെന്റീശ്വരാ  "
"ഓന് കുടീം ബീടരോന്നുംല്ലാത്തത് നന്നായി."
"ന്താ പോലീസില് വിവരം അറിയിചില്ല്യാന്നുണ്ടോ?"

ഒട്ടനവധി മുറുമുറുപ്പുകളും രോദനങ്ങളും നിശ്വാസങ്ങളും കൊണ്ട് അന്തരീക്ഷം ചൂട് പിടിച്ചു കഴിഞ്ഞിരിക്കുന്നു.

രാഘവന്മാഷ് എന്നത്തേയും പോലെ ശാന്തനും അക്ഷോഭ്യനും ആയിരുന്നു. അയാള്‍ തോമസിന്റെ ശരീരത്തിനടുത്തെക്ക് കുനിഞ്ഞിരുന്നു. കക്ഷത്ത്‌ അത്രയും നേരം ഇറുക്കിപ്പിടിച്ചിരുന്ന  പത്രം പതുക്കെ ഊര്‍ന്നു തോമസിന്റെ ഇടതു നെഞ്ചില്‍ വന്നു വീഴുകയായി. കട്ടപിടിച്ചു കിടന്നിരുന്ന ചോര പതുക്കെ ഉരുകാന്‍ തുടങ്ങി. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ ചുകന്ന പശ്ചാത്തലത്തില്‍  തെളിയുകയായി-'ഗാലപ്പഗോസ് എന്ന ദുരന്തം' . അതിനുപിറകെ ഒന്നൊന്നായി അക്ഷരങ്ങളുടെ ഘോഷയാത്ര. ഓരോ അക്ഷരങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി രക്തസാക്ഷികളാകുകയായി. അവസാനം തെളിഞ്ഞ അക്ഷരങ്ങള്‍ ഇങ്ങനെ വായിക്കാറായി- "പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ട് നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം കാണുന്നത്." പിന്നീടുള്ള അക്ഷരങ്ങളെ ജ്വലിപ്പിക്കാനോ മുക്കിക്കൊല്ലാനോ കെല്‍പ്പില്ലാതെ അപ്പോഴേക്കും ചോര ഒരിക്കല്‍ക്കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്നു.

മൃതശരീരത്തിനടുത്ത് നിന്നും എഴുന്നേറ്റ്, തിരിഞ്ഞ് നടക്കുമ്പോള്‍ രാഘവവാര്യര്‍ ആരോടെന്നില്ലാതെ മന്ത്രിച്ചു : ഡാര്‍ വിന്‍  എപ്പോഴേ പ്രതികരിച്ചു കഴിഞ്ഞിരുന്നു."

കവുങ്ങിന്‍ തോപ്പിലേക്ക് പൊടുന്നനെ കാറ്റ് ശക്തമായി വീശി. കവുങ്ങുകള്‍ പരസ്പരം തലതല്ലി ചാകാനൊരുങ്ങി. ആളുകള്‍ നാലുപാടും ചിതറി ഓടി.

നാടകം പെയ്തൊഴിഞ്ഞ ആ പുലരിയില്‍ അവിടെ ഒടുവിലവശേഷിച്ചത് തോമസിന്റെ മൃതശരീരവും രാഘവന്മാഷും മാത്രം. ഇപ്പോള്‍ കാറ്റിനു രൌദ്രഭാവമില്ല. അത് കവുങ്ങിന്‍ തലപ്പുകളെ താരാട്ടുന്നു.

പടിഞ്ഞാറന്‍ തീരത്തെവിടെയോ കപ്പലിന്റെ  നങ്കൂരമുയര്‍ത്തുന്നതിന്റേയും സൈറന്‍ മുഴക്കുന്നതിന്റേയും ശബ്ദം ഇപ്പോള്‍ കേള്‍ക്കാം. അത് 'ജെസീക'യുടെയോ  'HMS ബീഗിളി'ന്റെയോ ? ഒരു പക്ഷേ രണ്ടിന്റേയും സമ്മിശ്രവുമാകാം. രാഘവന്മാഷ് എന്ന രാഘവവാര്യര്‍ തോമസിന്റെ മൃതശരീരവും തോളിലേന്തി പടിഞ്ഞാറന്‍ തീരത്തേക്കോടുകയായി.

===xxx ===

19 സെപ്റ്റംബർ 2010

ഡാര്‍വിനും ജെസ്സീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം -2 )


'ഗാലപ്പഗോസ് എന്ന ദുരന്തം'

ലേഖനത്തിന്റെ തലക്കെട്ട്‌  ഇങ്ങിനെത്തന്നെ വേണമോ എന്ന കാര്യത്തില്‍ മുപ്പതുകിലോമീറ്ററോളമുളള യാത്രക്കിടയില്‍ എബ്രഹാം തോമസ്‌ എന്ന സബ് എഡിറ്റര്‍ ഏറെക്കുറെ ഒരു ഉറപ്പില്‍ എത്തിക്കഴിഞ്ഞിരുന്നു. മലയാള നാടക വേദിയുടെ മുഖച്ഛായ മാറ്റുന്നതില്‍ പ്രമുഖ പങ്കു വഹിച്ച രാഘവന്മാഷുടെ  പുതിയ നാടകം 'ഗാലപ്പഗോസ്' പതിവിനു വിപരീതമായി നഗരത്തില്‍ നിന്നും ഏറെ അകന്നു നാട്ടിന്‍ പുരത്തിന്റെ സ്നിഗ്ദത ഏറെയുള്ള അദ്ദേഹത്തിന്റെ തട്ടകത്തില്‍ അരങ്ങേറുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ്- പോകണം ; റിപ്പോര്‍ട്ട്  ചെയ്യണം. പക്ഷേ, അത് ഒരു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ നിന്നും  നിരൂപണത്തിന്റെ  തലത്തിലേക്ക് മാറുമെന്നു അയാള്‍ ഒട്ടും കരുതിയതല്ല. കഴിഞ്ഞ നാല്‍പ്പത്തഞ്ചു  മിനിറ്റിലേറെ നീണ്ട ഇരുളിനെ കീറിമുറിച്ചുകൊണ്ടുള്ള  മോട്ടോര്‍സൈക്കിള്‍ യാത്രക്കിടയില്‍ അതിനങ്ങിനെയൊരു രൂപപരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

പത്ര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ബേയില്‍ വണ്ടി വച്ചു അകത്തേക്ക് കടക്കുമ്പോള്‍ തന്നെ കുമാരേട്ടന്‍ ഓടി വന്ന് പറഞ്ഞു. 'സാറവിടെ  കാത്തിരിക്കുകയാണ്. മറ്റെല്ലാം സെറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇതുകൂടിയെ ബാക്കിയുള്ളൂ. "

വാഷ്ബേസിനില്‍ മുഖം കഴുകി അമര്‍ത്തിത്തുടച്ച്  തിടുക്കത്തില്‍ എബ്രഹാം തോമസ്‌ തന്റെ സീറ്റിലേക്ക് നടന്നു. "ഗാലപ്പഗോസ് എന്ന ദുരന്തം" എന്ന തലക്കെട്ടിനുകീഴെ വെള്ളക്കടലാസില്‍ അക്ഷരങ്ങള്‍ ഇങ്ങനെ തെളിയുകയായി.  

"നാടകാചാര്യന്മാര്‍ എന്ന് സ്വയം കല്പ്പിച്ചേകിയകുപ്പായമണിഞ്ഞു നാടകവേദിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തങ്ങളുടെ ശൈലിക്കനുസൃതമായി സ്ഥിരമായൊരു രംഗഭാഷയും സൂത്രവാക്യങ്ങളും കൊണ്ട് ബോണ്ണിസായ് ചെയ്യപ്പെട്ടിരുന്ന ഒരുകാലം മലയാള നാടകത്തിനുണ്ടായിരുന്നു. അതില്‍ നിന്നും മോചിപ്പിച്ച് പുതിയൊരു ദിശാബോധം  മലയാള നാടകത്തിനു നല്‍കാന്‍ ശ്രമിച്ചവരില്‍ പ്രമുഖനാണ് രാഘവന്‍ മാഷ്‌ എന്ന് പരക്കെ അറിയപ്പെടുന്ന രാഘവവാര്യര്‍. റിയലിസവും ഫാന്റസിയും ഇടകലര്ത്തിക്കൊണ്ടുള്ള  അദ്ദേഹത്തിന്റെ ഓരോ നാടകവും അവതരണ ഭാഷ്യം കൊണ്ട് നൂതനവും തികച്ചും വ്യത്യസ്തങ്ങളും ആയിരുന്നു. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം , അവന്റെ സംവേദനത്തിനു പുതിയ മാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവന്റെ മനസ്സിന്റെ ഊഷരതയില്‍  നവ്യമായ സാമൂഹികാവബോധത്തിന്റെ നീര്‍ച്ചാലുകള്‍ സൃഷ്ടിചെടുക്കുന്നതിനും ഈ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറ്റൊരു നാടകം കൂടി, ഏറെ പ്രതീക്ഷയോടെ, സ്വന്തം മണ്ണില്‍ കൊയ്ത്തുകഴിഞ്ഞു പരന്നു കിടക്കുന്ന പാടങ്ങള്‍ക്കു നടുവില്‍ കെട്ടിയുയര്‍ത്തിയ വേദിയില്‍ അരങ്ങേറുകയുണ്ടായി - 'ഗാലപ്പഗോസ്'.

ഗാലപ്പഗോസ്..... ഇക്വഡോറിന്റെ അധീനതയിലുള്ള ദ്വീപസമൂഹം. ചിതറിക്കിടക്കുന്ന ഫോസിലുകളുടേയും അവശിഷ്ടങ്ങളുടേയും  ഇരുണ്ട വഴികളില്‍ നിന്നും പുതിയൊരു ശാസ്ത്രത്തിന്റെ അനന്ത സാധ്യതകള്‍ തെളിയിച്ചെടുക്കാന്‍ ചാള്‍സ് ഡാര്‍വിനെ സഹായിച്ച ഭൂമി. ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രത്തിന്റെ മാതൃഭൂവിന്‍ സിരകളിലേക്ക് ഒഴുകിയിറങ്ങിയ വിഷകണങ്ങളായിരുന്നു  2001  ജനുവരിയില്‍   'ജെസ്സീക്ക' എന്ന എണ്ണക്കപ്പലില്‍  നിന്നും വമിച്ചത്. വര്‍ഷം ഏറെകഴിഞ്ഞിട്ടും അത് പരിസ്ഥിതിയ്ക്കേല്‍പ്പിച്ച ക്ഷതം നിര്‍ബാധം തുടരുന്നു. അതിനുത്തരവാധികളെന്നു  പറയപ്പെടുന്നവര്‍ നിരവധിയാണ് -  ഓയില്‍ ടാങ്കര്‍ ഉടമ, എണ്ണ കയറ്റുമതി കമ്പനി, ശരിയായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താതിരുന്ന അധികൃതര്‍, കപ്പലിലെ ജീവനക്കാര്‍..... ഇങ്ങനെ പോകുന്നു ആ നീണ്ട നിര. അതില്‍ ആദ്യം പ്രതിയാക്കപ്പെട്ടതും മാസങ്ങളോളം വിചാരണ നേരിട്ടതും ടാര്‍ക്വിനോ അരെവാലോ എന്ന 'ജെസ്സീക്ക'യുടെ കപ്പിത്താനായിരുന്നു. ഈ നാടകത്തില്‍ അയാള്‍ മറ്റൊരു വിചാരണ കൂടി നേരിടുകയാണ്.

വ്യക്തമായ ദിശാബോധമില്ലാതെ  തുടരുന്ന ഫൈലം പ്രോട്ടോസോവായുടെ    വിചാരണ ചോദ്യങ്ങള്‍ക്കും അരെവാലോയുടെ മറുവാദങ്ങള്‍ക്കും പ്രത്യേകിച്ചൊരു മറുപടിയും നല്‍കാനാകാതെ നിശ്ശബ്ദനായി,   പ്രതികരണ ശേഷിപോലും  നഷ്ടപ്പെട്ടു നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം   കാണുന്നത്. ഇത് തന്നെയാണ് ഈ നാടകത്തിന്റെ ദുരന്തവും. അതാകട്ടെ നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദുരന്തത്തേക്കാള്‍ ഭയാനകവുമാണ്‌. വാദത്തിനും പ്രതിവാദത്തിനും  മാത്രമായി ഒരു നാടക വേദിയുടെ ആവശ്യമെന്ത് ? അതോ ജനങ്ങള്‍ പ്രതികരിക്കട്ടെ എന്നാണോ നാടകക്കാരന്‍ വിവക്ഷിക്കുന്നത്. അങ്ങിനെ എങ്കില്‍  അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന ഡാര്‍വിന്‍ എന്ന നോക്കുകുത്തി കഥാപാത്രത്തിന്റെ ആവശ്യമെന്ത് ?......."

(കഥ തുടരും)

01 സെപ്റ്റംബർ 2010

ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം -1 )
അരങ്ങുണരും നേരം

ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോ എന്ന കഥാപാത്രം വേദിയുടെ ഇടതു ഭാഗത്തുകൂടെ ഗമിച്ച്  വലതുവശത്ത്  സ്ഥാപിച്ചിട്ടുളള പ്രതിക്കൂട്ടിലെക്ക് നടന്നുനീങ്ങുന്നതോടുകുടി നാടകം  ആരംഭിക്കുകയായി. വേദിയുടെ മിക്കഭാഗവും അരണ്ടവെളിച്ചത്തിലാഴ്ത്തി  ഒരു അവ്യക്തമായ പശ്ചാത്തലമാണ് നാടകത്തിനു ഒരുക്കിയിരുന്നത്. ക്യാപ്റ്റന്‍ അരെവാലോയെ മാത്രം സ്പോട്ട്  ലൈറ്റിന്റെ ധവളാഭ ചൂഴ്ന്നു നില്‍ക്കുന്നു. ഉയര്‍ത്തിപിടിച്ച ശിരസ്സും വിരിഞ്ഞ നെഞ്ഞും ആരെയും കൂസ്സാത്ത ശരീരഘടന ആ കഥാപാത്രത്തിനു നല്‍കുന്നുണ്ടെങ്കിലും മുഖത്തെ ഭാവവ്യതിയാനങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.

ക്യാപ്റ്റന്‍  അരെവാലോ പ്രതിക്കൂട്ടില്‍ കയറി ഏതാനും നിമിഷം നിശ്ശബ്ദനായി സദസ്സിനെ നോക്കിനിന്നു. പിന്നെ ആ നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താനെന്നവണ്ണം തന്റെ വലതുമുഷ്ടി മടക്കി പ്രതിക്കൂട്ടിന്റെ അഴികളില്‍ സാമാന്യം  ശക്തമായി ഇടിച്ചു.

വീണ്ടും നിശ്ശബ്ദത. ഏതാനും നിമിഷങ്ങള്‍ അത് നീണ്ടു . അതിനൊടുവില്‍ വേദി സാവധാനം പച്ചവെളിച്ചം കൊണ്ട് പൂരിതമാകുകയായി.

 "ക്യാപ്റ്റന്‍ അരെവാലോ, നിങ്ങളാണിതിനുത്തരവാദി- ഈ പരിസ്ഥിതി ദുരന്തത്തിനും  ഇവിടെ ചത്തൊടുങ്ങിയ ഓരോ കടല്‍ക്കാക്കകള്‍ക്കും,  ആമകള്‍ക്കും, ഇഗ്വാനകള്‍ക്കും,ഗൂബീസിനും പിന്നെയും അസംഖ്യം
 ജീവജാലങ്ങള്‍ക്കും എല്ലാം ഉത്തരവാദിയാണ്‌ നിങ്ങള്‍, നിങ്ങള്‍ മാത്രം." 

പച്ചവെളിച്ചം അണയുകയായി..ഇപ്പോള്‍ വേദിയില്‍ അരണ്ട വെളിച്ചം മാത്രം. പിന്നെ  അരെവാലോ എന്ന കഥാപാത്രത്തിനു നേരെ നീളുന്ന സ്പോട്ട് ലൈറ്റും.

ക്യാപ്റ്റന്‍ അരെവാലോ ചുറ്റുപാടും ശബ്ദത്തി ന്റെ ഉറവിടം തേടുന്നു. ഒന്നും ദൃശ്യമാകുന്നില്ല. പരുപരുത്ത സ്വരം ഒരല്പം പതര്‍ച്ചയോടെ  അയാളില്‍ നിന്നും പുറപ്പെടുന്നു - ആരാണ് നീ?

വീണ്ടും പച്ചവെളിച്ചം.

- ഞാന്‍ പ്രോട്ടോസോവ.

അരെവാലോ - പ്രോട്ടോസോവ?! നീ എവിടെയാണ് ?

പ്രോട്ടോസോവ - ക്യാപ്ടന്‍ അരെവാലോ, താങ്കള്‍ക്കെന്നെ കാണുവാനാകില്ല. ഞാന്‍ ഫൈലം പ്രോട്ടോസോവ. കാലങ്ങളേറെ മുമ്പ്, താങ്കളുടെ പിതാമാഹന്മാരും പ്രപിതാമാഹന്മാരുമായ നിയാണ്ടര്‍ ത്തലും  ആസ്ട്രെലോപിത്തിക്കൈന്സും രാമപിത്തിക്കൈന്സും ഒക്കെ ഉണ്ടാകുന്നതിനും ഏറെ മുമ്പ് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ആദ്യ ജീവന്റെ സ്പര്‍ശം.

അരെവാലോ- നിന്നെ എനിക്ക് കാണാനാവുന്നില്ല...

പ്രോട്ടോസോവ - നീ വായിച്ചിട്ടില്ല എന്നുണ്ടോ, യോഹന്നാന്റെ സുവിശേഷം. ആദിയില്‍ വചനം ഉണ്ടായി. അതുമാത്രമായിരുന്നു സത്യം.

അരെവാലോ - നീ പറയുന്ന പുരാണങ്ങളില്‍ അഭിരമിക്കാന്‍ എനിക്കാവില്ല.

വേദിയില്‍ പ്രോട്ടോസോവയുടെ ഒരു  തണുത്ത ചിരി വീണുടയുന്നു. അതിന്റെ നനുത്ത പ്രതിധ്വനി അല്‍പനേരം നീണ്ടുനില്‍ക്കുന്നു. അതില്‍ അസ്വസ്ഥനും അക്ഷമനുമായി അരെവാലോ കുറച്ചുറക്കെതന്നെ ചോദിക്കുന്നു.

- നിനക്കിവിടെന്തുകാര്യം  ?

പ്രോട്ടോസോവ- പരിണാമത്തിന്റെ പരിമാണം ഒരുപക്ഷേ നീ അറിയുന്നില്ല. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ തീക്ഷ്ണതയും നിന്നില്‍ നിന്നും അകന്നു നില്‍ക്കുന്നു.

അരെവാലോ - ദുരന്തം.... ആ പദത്തിനു അഭിശപ്തതയുടെ ആവരണം ഇട്ടുതന്നെ നീയും ഉപയോഗിക്കുന്നു. ഓരോ ദുരന്തവും തുറക്കുന്നത് പ്രകാശമാനമായ പുതുലോകത്തിന്റെ കവാടങ്ങളാണ്. അത് സൃഷ്ടിയെ , സ്രഷ്ടാവിനെ, ഈ വിശ്വത്തെ എല്ലാം ചൂഴ്ന്നു നില്‍ക്കുന്നു. നിന്റെ ഉത്പത്തിപോലും ഒരു വിസ്ഫോടനത്തിന്റെ പരിണിതിയല്ലേ. എന്റെ ജനനവും ഒരു ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന്  അമ്മ എത്രയോ പ്രാവശ്യം കണ്ണ് നീര്‍ തുടച്ചുകൊണ്ട് പറയുന്നത് ഞാന്‍ ഒളിച്ചു നിന്നു കേട്ടിരിക്കുന്നു.

പ്രോട്ടോസോവ- നിങ്ങളുടെ വാക്ചാതുരി ഞാന്‍ വിചാരിച്ചതിലും കേമം. പക്ഷേ, ഈ ദുരന്തം ... തീര്‍ച്ചയായും നിനക്കതൊഴിവാക്കാമായിരുന്നു,  സെര്ബിനോ എന്ന ടാങ്കര്‍ക്ര്യു വന്‍കരയില്‍  വച്ച് സംശയം പ്രകടിപ്പിച്ച മാത്രയില്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍.

അരെവാലോയുടെ മുഖം ചുവന്നു  തുടുക്കുന്നതും  പ്രതിക്കൂട്ടില്‍ രണ്ടു മുഷ്ടികൊണ്ടും ശക്തമായി പ്രഹരിക്കുന്നതും ഇപ്പോള്‍ കാണാം.

- ശുദ്ധ അസംബന്ധം.

പ്രോട്ടോസോവ - ഒരിക്കലും അല്ല ക്യാപ്ടന്‍, നിങ്ങള്‍ ആ സമയം മദ്യത്തിന്റെയും മാര്‍ഗരത്തീന എന്ന ഇക്വഡോറിയന്‍  സുന്ദരിയുടെ മാറിന്‍ചൂടിന്റെയും ലഹരിയിലായിരുന്നു. അതില്‍ നിന്നും ഒരു നിമിഷത്തെക്കെങ്കിലും ഒന്ന് ഇറങ്ങി വന്നിരുന്നുവെങ്കില്‍ ....

പ്രതിക്കൂട്ടില്‍ നിന്നും സദസ്സിനെ നോക്കികൊണ്ടാണ്‌ ഇത്രയും നേരം ക്യാപ്ടന്‍ ടാര്‍ക്വിനോ അരെവാലോ സംവദിച്ചിരുന്നത്. ഇപ്പോള്‍ അയാള്‍ അതിനു വിപരീത ദിശയിലേക്ക് പൊടുന്നനെ തിരിഞ്ഞ് വളരെ നാടകീയമായി വലംകൈ എങ്ങോട്ടെന്നില്ലാതെ ചൂണ്ടി ആക്രോശിച്ചു.

- ഇത് ജല്പനമാണ്, കല്പിത കഥയാണ്.

ഒരു നെടുവീര്‍പ്പോടെ കോട്ടിന്റെ പോക്കറ്റില്‍തിരുകിയിരുന്ന   കൈലേസെടുത്ത് നെറ്റിയിലെ സ്വേദകണങ്ങള്‍ അയാള്‍ ഒപ്പിയെടുത്തു. പിന്നെ നേരത്തെ നിറത്തിയതിന്   തുടര്‍ച്ചയെന്നോണം പറഞ്ഞു, വളരെ സാവധാനം.

-ഇത് ഒരു ദുരന്ത ഭൂമിയാണ്‌ - ഗാലപ്പഗോസിലെ സാന്ക്രിസ്ടോബളിനും സാന്റാക്രൂസിനും ഇടയിലുള്ള  പ്രദേശം. താങ്കള്‍ക്കും അതറിയാം . ഗാലപ്പഗോസിന്റെ മാധുര്യവും കയ്പും ഒട്ടേറെ ഏറ്റു വാങ്ങിയവാനാണല്ലോ താങ്കള്‍.  *HMSബീഗിളിനു സംഭവിച്ചതുമാത്രമേ    'ജെസീക്ക'ക്കും  സംഭവിച്ചിട്ടുള്ളൂ- ഒരു  ദുരന്തം ....അര്‍ഹതയുള്ളവര്‍  അതിനെ  അതിജീവിക്കും .

ഇപ്പോള്‍ മറ്റൊരു സ്പോട്ട് ലൈറ്റ് വെള്ളിവെളിച്ചം തൂകിക്കൊണ്ട്‌ നീതിപീടത്തിനു   നേരെ നീങ്ങുകയായി. ഇത്രയും നേരം ഈ പശ്ചാത്തലം അവ്യക്തമായിരുന്നു. ഇപ്പോള്‍ നമുക്ക് സ്പഷ്ടമായി കാണാം - നരച്ച് നെഞ്ചൊപ്പം  എത്തുന്ന താടിയും കറുത്തകോട്ടുമായി   ഒരു മനുഷ്യന്‍ !

അരെവാലോ തുടര്‍ന്നു.

- വിചാരണകളെ  ഞാന്‍ ഭയക്കുന്നില്ല. പക്ഷേ, ഡാര്‍വിന്‍....
ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് താങ്കളുടെ ബാദ്ധ്യതയാണ്.   ഈ ഭൂവില്‍കണ്ട ദുരന്തത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത ശാസ്ത്രത്തിന്റെ ഉടമയാണ് താങ്കള്‍. അതിന്റെ ആകെത്തുകയായ 'പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള ജീവന്റെ ഉത്പത്തി'യുടെ താളുകളില്‍ നിന്നും ഇറങ്ങി വന്ന് എന്നെ വിചാരണ ചെയ്യുന്നവന്റെ വചനങ്ങള്‍ക്ക് തീര്‍ച്ചയായും മറുപടി നല്‍കേണ്ടത് താങ്കള്‍ തന്നെയാണ്.

ഡാര്‍വിനില്‍   നിന്നും പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാകുന്നില്ല്ല.

വീണ്ടും പച്ച വെളിച്ചം തെളിയുകയായി. പ്രോറ്റൊസോവായുടെ അറത്തുമുറിച്ച വാക്കുകള്‍.....അതിനു മുന്നില്‍ അല്പമൊന്നു പതറി, എന്നാല്‍ മന:സ്ഥൈര്യം പൂര്‍ണ്ണമായും കൈവിടാതെ ഡാര്‍വിനെതിരെ ചോദ്യങ്ങളെയ്യുന്ന അരെവാലോ.... സദസ്സിനെ നോക്കി നിശബ്ദനായി ഒരു പ്രതിമകണക്കെ നീതിപീടത്തില്‍ നിലകൊള്ളുന്ന ചാള്‍സ് ഡാര്‍വിന്‍ എന്ന കഥാപാത്രം ... ആളുകളുടെ വല്ലപ്പോഴുമുള്ള കരഘോഷങ്ങളുടേയും അതിലുമേറെ കൊട്ടുവാകളുടേയും അകമ്പടിയോടെ അങ്ങിനെ ആ നാടകം സാവധാനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

*HMS ബീഗിള്‍ - ഡാര്‍വിന്‍ പര്യവേഷണത്തിനുപയോഗിച്ച കപ്പല്‍  

(കഥ തുടരും...) ‍

27 ജൂലൈ 2010

സബര്‍മതി ഒഴുകുകയാണ്...

.


ഗാന്ധി മ്യൂസിയം

ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി  ബന്ധപ്പെട്ടു ചരിത്ര പുസ്തകത്തിന്റെ താളുകളില്‍നിന്നും സ്കൂള്‍ കാലഘട്ടങ്ങളില്‍ സ്മൃതിപഥങ്ങളില്‍  കയറി, പിന്നെ വിസ്മൃതിയിലേക്ക് പറന്നുപോയ ഒരു പദം!

ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുടെ ജീവനപഹരിക്കുന്ന പ്രളയകാരിണിയായ  ഒരു നദി എന്ന് പത്ര മാധ്യമാങ്ങളിലൂടെയുള്ള  തിരിച്ചറിവ് !

'സബര്‍മതി'യെക്കുറിച്ചുളള   എന്റെ ധാരണകള്‍ അത്രമാത്രമായിരുന്നു, ആനന്ദില്‍ നിന്നും അഹമ്മദാബാദില്‍ എത്തുന്നത് വരേയും 'IRMA ' (Institute of Rural Management , Anand ) യില്‍ ഒരു മാനേജ്മെന്റ്  ഡെവലപ്മെന്റ് പ്രോഗ്രാമിനായി എത്തുമ്പോള്‍ അഹമ്മദാബാദ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ചു   ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതൊരു ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ചയാണ് പ്രോഗ്രാം തുടങ്ങുന്നത്. പുലര്‍ച്ചെ ആറു മണിക്ക് റൂം അലോട്ട് ചെയ്യുമ്പോള്‍ കെയര്‍ ടേക്കര്‍ പറഞ്ഞു: ഇന്ന് കാന്റീന്‍ പ്രവര്‍ത്തിക്കില്ല.

വിശാലമായ ക്യാമ്പസ് തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്. കൊച്ചു പട്ടണമെന്നു പറയാവുന്ന പ്രദേശത്തേക്ക്  4 -5 കി. മീ. എങ്കിലും സഞ്ചരിക്കണം. അവിടെ നിന്നും ഇങ്ങോട്ട് ഓട്ടോറിക്ഷ കിട്ടുമെങ്കിലും ഞായറാഴ്ചയായതിനാല്‍   ഇവിടെ നിന്നും അങ്ങോട്ടുള്ള പ്രയാണം ദുഷ്കരം. മൂന്നു നേരത്തെ അഷ്ടി മുടക്കുകയും വയ്യ.  ഇത്രയും ദൂരം താണ്ടിവന്നു റൂമില്‍ ചടഞ്ഞിരിക്കുക അത്രയും പറ്റില്ല. ആനന്ദ് എന്ന 'പാല്‍ നഗര'ത്തില്‍ ചുറ്റി നടന്നു കാണാനുള്ള കാഴ്ചകളൊട്ടില്ല  താനും. (പൂര്‍ണ്ണമായും അങ്ങനെ പറഞ്ഞുകൂടാ. 'അമുല്‍', എന്‍. ഡി. ഡി. ബി. തുടങ്ങിയവ ഉള്‍പ്പെടെ ക്ഷീര- കാര്‍ഷിക മേഖലയിലുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയെല്ലാം സന്ദര്‍ശിക്കാന്‍ മുന്‍‌കൂര്‍ അനുമതി ആവശ്യമാണ്. അതിനുമുപരി ഇതൊരു ഞായരാഴ്ച്ചയാണല്ലോ. )

തിരഞ്ഞെടുക്കാവുന്ന രണ്ടു മാര്‍ഗങ്ങളാണ് എനിക്ക് മുന്നിലുന്ടായിരുന്നത്‌. ഒന്ന്: 35 കി.മീ. തെക്കോട്ട്‌ സഞ്ചരിച്ചു ബറോഡ (വഡോദര) യില്‍ ചെല്ലുക. ചരിത്രവും കലയും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന ആ നഗരത്തിന്റെ സ്പന്ദനങ്ങള്‍ ‍ ഏറ്റുവാങ്ങുക. രണ്ടു: ആനന്ദില്‍ നിന്നും 64 കി.മീ.  വടക്കുമാറിയുള്ള 'കിഴക്കിന്റെ മാഞ്ചസ്ടര്‍' എന്നറിയപ്പെടുന്ന അഹമ്മദാബാദ് എന്ന വ്യവസായ നഗരത്തെ അറിയുക.

ഞായറാഴ്ചകളില്‍ മ്യൂസിയങ്ങളും ആര്‍ട്ട് ഗാലറികളും ഉണ്ടാവുമോ എന്ന സന്ദേഹം ആദ്യത്തെ മാര്‍ഗത്തില്‍ നിന്നും എന്നെ പൂര്‍ണ്ണമായും പിന്തിരിപ്പിച്ചു. ഞായറാഴ്ചയാണെങ്കില്‍ക്കൂടി ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളില്‍ ഒന്നായ അഹമ്മദാബാദില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വസ്തുത രണ്ടാമത്തെ ഓപ്ഷണോട്   എന്നെ അടുപ്പിച്ചു.  

അഹമ്മദാബാദില്‍ ഏതാണ്ട് പത്ത് മണിയോടെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ എന്റെ ധാരണ ഏറെക്കുറെ ശരിയാണ് എന്ന് മനസ്സിലായി. തിരക്കൊഴിഞ്ഞ സ്റ്റേഷന്‍. റെയില്‍വെ സ്റ്റേഷന് പുറത്തെ അവസ്ഥയും വ്യത്യസ്തമല്ല. പോകുന്ന സ്ഥലത്തെക്കുറിച്ച് ഒട്ടൊക്കെ ധാരണയോടെ  റൂട്ട് മാപ്പുമായി പോകാറുള്ള എനിക്ക് ഈ അണ്‍ പ്ലാന്‍ഡു  വിസിറ്റ് തികച്ചും അന്യം.  റെയില്‍വേ സ്റ്റേഷന്  സമീപമായി നഗരത്തിന്റെ എക്സ്ട്ടെന്‍ഷന്‍  ഉണ്ടാവുമെന്ന് കരുതി ഇരുവശങ്ങളിലെക്കുമായി കുറെ നടന്നെങ്കിലും ഫലം നിരാശാ  ജനകമായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗുജറാത്തിയില്‍ വിരിഞ്ഞ അവ്യക്തമായ ശബ്ദങ്ങളായിരുന്നു. അതിനൊടുവില്‍ സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തി. അവിടേക്കണ്ട  ഒരു പോലീസുകാരനോട്‌ ഇവിടെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്റെ ചോദ്യം മനസ്സിലായിട്ടാണോ അല്ലയോ എന്നറിയില്ല, ഒരിടത്തേക്ക് വിരല്‍ചൂണ്ടി  അയാള്‍ എന്തോ മുരണ്ടു. നന്ദി പറഞ്ഞുകൊണ്ടു പ്രാചീനമായ ആ കെട്ടിടത്തിനു സമീപം ചെന്നപ്പോഴാണ് അതൊരു പോലീസ് എയ്ടുപോസ്ടാണെന്ന്  മനസ്സിലായത്‌. അവിടെ കണ്ട ഉദ്യോഗസ്ഥനോട് എന്റെ ആഗമനോദ്ദേശം പറഞ്ഞു. അത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അതിനു ശേഷം എന്നോടു അതില്‍ കയറി കൊള്ളാന്‍  ‍പറഞ്ഞു.

ഉത്തരം കിട്ടാത്ത ചോദ്യവുമായി അതില്‍ കയറുമ്പോളേക്കും ഓട്ടോ റിക്ഷ എടുത്തു കഴിഞ്ഞിരുന്നു. തിരക്കൊഴിഞ്ഞ ഈ ദിനം ഒരു ഇരയെ കിട്ടിയ ആവെശത്തിലായിരുന്നെന്നു തോന്നുന്നു അയാള്‍. അല്പം മുന്നോട്ടു പോയപ്പോള്‍ എങ്ങോട്ടാണ്   പോകുന്നതെന്ന് ചോദിച്ചു. അത് രണ്ടു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അയാളില്‍ നിന്നും മറുപടി വന്നു - 'സൂ'വിലേക്ക്. എന്റെ തട്ടിത്തടഞ്ഞ ഹിന്ദി ഭാഷണത്തിന്റെ ആവര്ത്തിക്കലുകള്‍ക്കൊടുവില്‍ പത്ത് ശതമാനം ഹിന്ദിയില്‍ തൊണ്ണൂറു ശതമാനം ഗുജറാത്തി കലര്‍ത്തി അയാള്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. ആവശ്യത്തിനു മുന്നില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ വളരെ സുതാര്യമാണല്ലോ !

മൃഗശാലയിലേക്ക് എനിക്ക് പോകേണ്ടിയിരുന്നില്ല. നഗരത്തിന്റെ പ്രധാനഭാഗത്തേക്ക് കൊണ്ടെത്തിക്കാന്‍  ഞാന്‍ ആവശ്യപ്പെട്ടു. അത് അയാള്‍ക്ക്‌ മനസ്സിലായില്ല. അതിനു കൂടുതല്‍ വിശദീകരണമായി ഷോപ്പിംഗ്‌ മാളുകളും വലിയ കെട്ടിടങ്ങളും നില്‍ക്കുന്ന സ്ഥലം എവിടെയെന്നു ചോദിച്ചു. "സബര്‍മതിയുടെ മറുകരയില്‍ പോകേണ്ടി വരും " - അതിനു ലഭിച്ച മറുപടി അങ്ങനെയായിരുന്നു.

ഓര്മ്മകളില്‍ എവിടെയോ സബര്‍മതിയുടെ  മുഴക്കം. സബര്‍മതി നദി ഗുജറാത്തിലാണെന്ന തിരിച്ചറിവ്. തീര്‍ച്ചയായും അതിന്റെ തീരത്തെവിടെയോ ഗാന്ധി ആശ്രമം ഉണ്ടായിരിക്കും എന്ന വ്യാമോഹം......

സബര്‍മതി ആശ്രമം ഇവിടെ അടുത്താണോ ? ഞായറാഴ്ച സന്ദര്‍ശിക്കാന്‍ കഴിയുമോ ?

ആശ്രമം ഏറെ ദൂരെയല്ലെന്നും ഞായറാഴ്ചയും അവധി ദിനങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസവും കാലത്ത് എട്ടുമണി  മുതല്‍ വൈകുന്നേരം എഴുമണി വരെ അത് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമെന്നും ഉള്ള ഓട്ടോ ഡ്രൈവറുടെ മറുപടി മുഴുവനാകുന്നതിനും മുമ്പേ വണ്ടി അങ്ങോട്ട്‌ വിടാനായി പറഞ്ഞു.

അഹമ്മദാബാദിലെ പഴയ നഗരത്തില്‍ നിന്നും സബര്‍മതിക്ക്  കുറുകെ കെട്ടിയിട്ടിട്ടുള്ള അനേകം പാലങ്ങളില്‍ ഒന്നില്‍ക്കൂടി സഞ്ചരിച്ചു മറുകരയിലെത്തി. വന്‍ കെട്ടിടങ്ങള്‍ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന ആശ്രമത്തിലെക്കുള്ള വീഥിയിലൂടെ   ഓട്ടോറിക്ഷ അതിവേഗം പ്രയാണം തുടങ്ങി. കണ്ണുകളെ ഓടുന്ന ദൃശ്യങ്ങല്‍ക്കൊപ്പവും മനസ്സിനെ ഇന്നത്തെ യാത്രക്ക് നിദാനമായ പശ്ചാത്തലത്തോടോപ്പവും വിട്ടു അതിനുള്ളില്‍ ഞാനിരുന്നു. മിശ്രിത ഭാഷയില്‍ ഓട്ടോ ഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

"സാര്‍, ആശ്രമം എത്തിയിരിക്കുന്നു" . അതൊരലര്‍ച്ചയായിരുന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാനാഞ്ഞു. അയാള്‍ ഒരുപക്ഷേ രണ്ടുമൂന്നുപ്രാവശ്യം ആശ്രമത്തിലെത്തിയത് എന്നെ ഓര്മ്മിപ്പിച്ചു  കാണും. എന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാ ലാകണം അലറിയത്. വണ്ടി ആശ്രമത്തിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിറുത്തിയിരിക്കുകയാണ്. അയാളോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു സബര്‍മതി ആശ്രമത്തിന്റെ കവാടം ഞാന്‍ കടന്നു. ആശ്രമത്തി ന്റെ പാശ്ചാത്തലത്തില്‍ സബര്‍മതി ഒഴുകിക്കൊണ്ടിരുന്നു.

1915 - ലായിരുന്നു ഗാന്ധിജി , തന്റെ സത്യാന്വേഷണത്തിനും ബ്രിട്ടീഷുകാര്‍ക്കെതിരെ  അഹീംസ സമരം സംഘടിപ്പിക്കുന്നതിനുമായി  അഹമ്മദാബാദിലെ 'കൊച്ചറാബ'യില്‍ സത്യാഗ്രഹാശ്രമം തുടങ്ങുന്നത്. പിന്നീട് 1917 -ലായിരുന്നു അതിനെ സബര്‍മതിയുറെ തീരത്തേക്ക് കൊണ്ടുവരുന്നത്. അവിടം അന്ന്  വിജനമായ,  കാടുപിടിച്ച,  ഇഴജന്തുക്കള്‍നിറഞ്ഞ ഒരിടമായിരുന്നത്രേ. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും പോറലേല്‍പ്പിക്കാതെ ഗാന്ധിജിയും അനുയായികളും ഇവിടെ കുടിലുകളും ചെറിയ ഭവനങ്ങളും സ്ഥാപിച്ചു.

പല ചരിത്ര സംഭവങ്ങള്‍ക്കും ഈ ആശ്രമം സാക്ഷ്യം വഹിച്ചിട്ടുണ്ട് .   ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ എത്തിയതിനു ശേഷം ആദ്യമായി നടത്തിയ സമരം ഗുജറാത്തിലെ ടെക്സ്റ്റയില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു. തൊട്ടുകൂടായ്മക്ക് എതിരെയുള്ള പ്രക്ഷോഭം, ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങിയവയും ഈ ആശ്രമം കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടു കൊണ്ടുപോയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ച ഈ കാലത്തിനിടയില്‍ അദ്ദേഹത്തിനു 6   വര്‍ഷത്തോളം അടുത്തുള്ള ജയിലില്‍ കിടക്കേണ്ടതായും വന്നിട്ടുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നും തന്നെയായിരുന്നു 1930  മാര്‍ച്ച് 12 - നു  തന്റെ പ്രസിദ്ധമായ ദണ്ടിയാത്രയ്ക്ക് 79 -ഓളം അനുയായികളോടൊപ്പം  ഗാന്ധിജി തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷു കാര്‍ ഇന്ത്യ വിടാതെ താന്‍ ഈ ആശ്രമത്തിലേക്കുതിരിച്ചുവരില്ലെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം ദൃഡപ്രതിജ്ഞചെയ്തു ആശ്രമം ഉപേക്ഷിച്ചു പോയി. ഭാരതം സ്വതന്ത്രമായതിനു ശേഷം സബര്‍മതിയിലേക്ക്‌ തിരിച്ചുവരുവാന്‍ ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി വധിക്കപ്പെടുന്നത്.

46 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളൂന്നത്. അവിടെ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് 'ഗാന്ധി സംഗ്രഹാലയ' എന്നറിയപ്പെടുന്ന 24,000 ച. അടി വിസ്തൃതിയുള്ള മ്യൂസിയമാണ്. 1963 മേയ് 10 -നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ഇത് ഉദ്ഘാടനം ചെയ്യുന്നത്.  മ്യൂസിയത്തില്‍ 8-ഓളം ഒരാള്‍ വലിപ്പത്തിലുള്ള ഓയില്‍ പെയിന്റിങ്ങുകളുണ്ട് . കൂടാതെ 'My  Life is My Message ' , 'Gaandhiji in  Ahammedabad ' എന്നിങ്ങനെ പേരിട്ടിട്ടുള്ള രണ്ടു പ്രദര്‍ശന വിഭാഗങ്ങളും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടനവധി വസ്തുക്കളും ഫോട്ടോകളും ഇവിടെ കാണാം. മ്യൂസിയത്തോടനുബന്ധിച്ചുള്ള ആര്‍കൈവ്സില്‍ അദ്ദേഹം എഴുതിയ 34066  എഴുത്തുകളും , അദ്ദേഹത്തിന്റെ 8633 ലേഖനങ്ങളുടെ കയ്യെഴുത്ത്പ്രതികളും , 6367 ഫോട്ടോഗ്രാഫിന്റെ നെഗറ്റീവുകളും , ഗാന്ധിജിയെക്കുറിച്ചും  സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഉള്ള 210  ചലച്ചിത്രങ്ങളും സംരക്ഷിച്ചിരിക്കുന്നു. ലൈബ്രറിയില്‍ 30000 -ലേറെ ബുക്കുകളും  ഗാന്ധിജിക്ക് ലഭിച്ച 150  - ഓളംഅഭിനന്ദന/ആശംസ കത്തുകളും അദ്ദേഹത്തിന്റെപേരില്‍ ഇറങ്ങിയിട്ടുള്ള നാണയങ്ങളുടേയും സ്റ്റാമ്പിന്റെയും  
 ശേഖരവും ഉണ്ട്. കോണ്‍ഫറന്‍സ്‌   ഹാളും ഓഡിറ്റൊറിയവും മ്യൂസിയത്തില്‍ ക്രമീകരിചിരിക്കുന്നതു  വീഡിയോയും 
ചലച്ചിത്രങ്ങളും കാണുന്നതിനായാണ്. ഗാന്ധിസംഗ്രഹാലയത്തില്‍ തന്നെയാണ് ഗാന്ധിസാഹിത്യ പ്രദര്‍ശനവും വില്പനയും നടക്കുന്നത്.

സബര്‍മതി ആശ്രമത്തിലെ മുഖ്യ ആകര്‍ഷണം മഹാത്മാഗാന്ധി താമസിച്ചിരുന്ന 'ഹൃദയകുഞ്ജ്' എന്ന പേരിലുള്ള ചെറിയ വസതിയാണ്‌. ചരിത്ര പ്രാധാന്യമുള്ള ആ വസതിക്കുള്ളിലെക്ക്  നമുക്ക് കയറി ചെല്ലാവുന്നതാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന എഴുത്തുമേശ, ചര്‍ക്ക , ചില വസ്ത്രങ്ങള്‍, അദ്ദേഹം നെയ്തെടുത്ത നൂല്‍... അങ്ങിനെ പലതും ഇപ്പോഴും അവിടെ സംരക്ഷിച്ചിട്ടുണ്ട്    ചില ഗാന്ധിയന്മാര്‍ പൂമുഖത്തിരുന്ന്‍ ഗാന്ധി സൂക്തങ്ങള്‍ ഉരുവിടുന്നതും കാണാന്‍ കഴിഞ്ഞു.


ഹൃദയകുന്ജിന്റെ വലതുവശത്തായാണ്‌ 'നന്ദിനി' എന്ന പേരിലുള്ള ആശ്രമം ഗസ്റ്റ് ഹൌസ്. വിദേശത്തും നിന്നും സ്വദേശത്തുനിന്നുമുള്ള  അനേകം അതിഥികള്‍ അവിടെ തങ്ങിയിട്ടുണ്ടത്രെ . വിനോബായും പിന്നീട്   മീരാബെനും താമസിച്ചിരുന്ന ചെറിയ ഒരു വീടും ആശ്രമത്തിന്റെ മാനേജര്‍ മഗനലാല്‍ ഗാന്ധി താമസിച്ചിരുന്ന 'മഗന്‍ കുതിര്‍' എന്ന കുടിലും ഇപ്പോഴും ഉണ്ട്. ഹൃദയകുന്ജിനും മഗന്‍ കുതിരിനും ഇടയ്ക്കാണ് 'ഉപാസന  മന്ദിര്‍' എന്നറിയപ്പെടുന്ന തുറന്ന പ്രാര്‍ത്ഥന  സ്ഥലമുള്ളത്. ഗാന്ധിജി തന്റെ അനുയായികള്‍ക്കും നാടുകാര്‍ക്കുമൊപ്പം പ്രാര്‍ത്ഥന നടത്തിയിരുന്നതും അതിനുശേഷം അവര്‍ക്ക് സംശയ നിവാരണം നല്‍കിയിരുന്നതും ഇവിടെ വച്ചത്രേ.

കരകൌശല വസ്തുക്കള്‍, ഹാന്‍ഡ് മേഡ് പേപ്പര്‍, നൂല്‍നൂല്പ്പ് എന്നിവയ്ക്കായി ചെറിയ യൂണിറ്റുകള്‍ ഈ ആശ്രമവാടത്തിലുണ്ട് . സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും  തൊഴില്‍ നല്‍കുന്നതോടൊപ്പം ആശ്രമത്തിന്റെ നടത്തിപ്പിനുള്ള ചെറിയൊരു വരുമാന മാര്‍ഗം കൂടിയാണിത് .

സബര്‍മതിയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ നിന്നും ഞാന്‍ ആ നദിയെ നോക്കി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആരവല്ലി മലനിരകളില്‍ നിന്നും ഗുജറാത്തിനെ തഴുകി ഒഴുകുന്ന സബര്‍മതിക്ക് ഒരു പക്ഷേ, ചരിത്ര ഗാഥകള്‍ ഒട്ടേറെ പറയാനുണ്ടയിരിക്കും- 1411-ല്‍ സുല്‍ത്താന്‍  അഹമ്മദ് ഷാ അഹമ്മദാബാദ് നഗരം സ്ഥാപിച്ചതിന്റെ, ഗാന്ധിജിയുടെ സഹന സമരത്തിന്റെ, കോട്ടന്‍ മില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ, പ്രളയത്തിന്റെ.....

എനിക്ക് തിരിച്ചു പോകുവന്നുള്ള  നേരമാകുന്നു. പാര്‍ക്കിംഗ് ബേയിലേക്ക്  പതുക്കെ നടന്നു. ഓട്ടോറിക്ഷ 
മുന്നോട്ടെടുക്കുംപോള്‍ ഞാന്‍ പിന്തിരിഞ്ഞു നോക്കി. ചരിത്രത്തിന്റെ സുഗന്ധവാഹികളായി ആശ്രമവും സബര്‍മതിയും കാലഘട്ടങ്ങളെ അതിജീവിച്ച് നാളെകളെ തേടി ഒഴുകുകയാണ്. ... 

'ഹൃദയകുഞ്ജ്'

01 ഏപ്രിൽ 2010

പത്രോസിന്റെ ദു:ഖം

(കവിത)
.


[ക്രൂശിക്കപ്പെട്ട പ്രകൃതി... പ്രതികരണ ശേഷി നഷ്ടപ്പെട്ട് അത് കണ്ടു നിന്നവന്‍, പാരിസ്ഥിതികാസുന്തലിതാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നവന്‍, പഴയ പ്രകൃതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് മടുത്ത്  കേഴുന്നവന്‍ --- അപ്പോസ്തലനായ പുതിയ പത്രോസ്. ]

                          തള്ളിപ്പറഞ്ഞു നിന്നെ മൂന്നുരു
                          കോഴി രണ്ടു കൂവുവതിനു മുന്നേ ഞാന്‍.
                          കണ്ടു നിന്നു നിന്നെ  ഗോല്ഗോഥായില്‍
                          നിഷ്ടൂരമായി ക്രൂശിക്കുന്നതും ഞാന്‍.

                                                മൂന്നു നാള്‍ കഴിഞ്ഞിരിക്കുന്നു, എന്നിട്ടു -
                                                മെന്തെ നീ ഉയിര്‍ത്തെഴുന്നെല്‍ക്കാഞ്ഞൂ  ?
                                                വത്സരങ്ങളൊട്ടു കൊഴിഞ്ഞു പോയിരിക്കുന്നു, എന്നിട്ടും
                                                നിന്നെക്കണ്ടില്ല മഗ്ദാലനക്കാരി മറിയയവള്‍.

                          പന്തിരുവര്‍ ഞങ്ങള്‍ക്കും നീ പ്രത്യക്ഷനായില്ലി -
                          തെന്തേ നീ ഉയിര്‍ത്തെഴുന്നെല്‍ക്കാഞ്ഞൂ ?
                          ഗലീലയും യഹൂദ്യയും പിന്നെയീ ലോകവും
                          കേഴുന്നൂ ; വരണ്ടിരിക്കുന്നൂ യോര്‍ദ്ദാന്‍ നദി.

                                                നിന്നെച്ചൊല്ലി വിലപിച്ച ജനത്തോടും
                                                ശിക്ഷ വിധിച്ചശേഷമീനീതിമാന്റെ
                                                രക്തത്തില്‍ തനിക്കു പങ്കില്ലെന്നുചൊല്ലി
                                                കയ്യൊഴിഞ്ഞ പിലാത്തോസിനോടും

                          ഇവനോ യെഹൂദരുടെ രാജാവിവനെ
                          തങ്ങള്‍ക്കു വിട്ടു തരികെന്നട്ടഹസിച്ച
                          പാമരരാം പുരോഹിതരോടും നീ പറഞ്ഞ
                          വാക്കുകള്‍ ഓര്‍ക്കുന്നു ഞാന്‍, ഇന്ന് .

                                               "ഹേ, ജനതയേ, ക്രോധിക്കേണ്ട, കരയേണ്ട  
                                               നിങ്ങളെന്നെച്ചൊല്ലി ;  ഓര്‍ക്കുക
                                               ഭാവിയെ, നിങ്ങള്‍ തന്‍ മക്കളെ
                                               പിന്നെ കാണ്‍ക വരും ദുരന്തങ്ങളെ."

                         അവര്‍ പങ്കിട്ടെടുത്തില്ലേ നിന്നങ്കി
                         ചാട്ടവാര്‍ കൊണ്ടടിച്ചില്ലേ നിന്നെയവര്‍
                         അവരുടെയുമിനീരിന്‍ കറ വീണില്ലെയാസ്യത്തില്‍
                         ദു:ഖിക്കുന്നു ഞാനിന്നതോര്‍ത്ത് : ഹാ! കഷ്ടം.

                                                അറിഞ്ഞിരുന്നീല്ല നിന്നെ ഞാന്‍
                                                നീ ഞങ്ങളൊത്തുള്ളപ്പോളെന്നാ -
                                                ലിന്നീ ദുരന്തങ്ങളേറ്റുവാങ്ങുമ്പോള്‍ 
                                                മനസ്സിലാക്കുന്നു, സത്യം !

                         ആശ്രിതന്‍തന്നെ വെള്ളിക്കാശിനായ്
                         ചുംബനത്തിലൂടെ നിന്നെയൊറ്റിക്കൊടുത്തപ്പോള്‍
                         കഴിഞ്ഞില്ലെനിക്കും എതിര്‍ക്കുവാന്‍
                         ഞാനുമീ സംസാരത്തിന്നടിമയല്ലോ, ക്ഷമിക്കുക !

                                               ആപത്തില്‍ ഉപേക്ഷിച്ചു പോയവന്‍,
                                               നിന്നെ തള്ളിപ്പറഞ്ഞവന്‍ ,
                                               ഞാന്‍, ഈ പത്രോസ്, കാത്തിരിക്കുന്നൂ 
                                               നിന്നുയിര്‍ത്തെഴുന്നേല്‍പ്പിനായ്‌.... . 

 ##########

05 മാർച്ച് 2010

വികസനം പാളങ്ങളിലൂടെ ___തൃശ്ശൂര്‍ ജില്ലയുടെ വികസനത്തിനൊരു രൂപരേഖ

.



(തൃശൂര്‍ റെയില്‍വേ പാസ്സഞ്ചെര്‍സ്‌ അസോസിയേഷന് വേണ്ടി തയ്യാറാക്കിയത്. ഇതിലെ ആശയങ്ങള്‍ക്ക് പലതിനും TRPA സഹയാത്രികര്‍ക്ക് കടപ്പാട് )


വികസനം എന്ന പദത്തിന്റെ വിശദീകരണം ഒറ്റ വാക്കില്‍ ഒതുക്കാന്‍് കഴിയുന്ന ഒന്നല്ല. അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട് തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കാര്‍ഷികം, വ്യാവസായികം, വിനോദസഞ്ചാരം തുടങ്ങി വികസനം അനിവാര്യമായ ഒട്ടനവധി മേഖലകള്‍ നമുക്കും ഉണ്ട്. പക്ഷേ, സത്വര വികസനം എന്നത് ഈ പല മേഖലകളിലും അത്രതന്നെ ഫലവത്താകത്തതും ഏറെക്കുറെ കാലതാമസം എടുക്കാന്‍ ഇടവരുന്നതുമാണ്. ഒരു നാടിന്റെ മറ്റുമേഖലകളുടെ വികാസത്തിനും അതിലെ ജനങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുവാനും ഉതകുന്ന അടിസ്ഥാന വികസനോപാധികളുടെ പ്രസക്തി ഈ സാഹചര്യത്തിലാണ് ഇതള്‍ വിരിയുന്നത്.


അടിസ്ഥാന സൌകര്യ മേഖലകളില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഗതാഗത സംവിധാനം. ചക്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയുടെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു എന്ന്‍ നരവംശ ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് സാധ്യമായത് മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യവും ചരക്കിന്റെ വിനിമയവുമാണ്. വിവിധ സംസ്കാരങ്ങളുടെ സന്കലനത്തിനും ഒരു സിവിലൈസ്ഡ് സൊസൈറ്റിയുടെ രൂപീകരണത്തിനും ഹേതുവായത് കാലാകാലങ്ങളിലായി വികസിച്ചുവന്ന ഗതാഗതസൌകര്യങ്ങള്‍ തന്നെയായിരുന്നു എന്നത് നിസ്തര്ക്കമാണ്.


ഉപരിതല ഗതാഗത സംവിധാനമെന്ന നിലയില്‍ റോഡ്‌ മാര്‍ഗവും റെയില്‍ മാര്‍ഗവും ഉള്ള ഗതാഗത സംവിധാനത്തിന്റെ വികാസം നാടിന്റെ വികസനത്തിന്‍ എങ്ങിനെ മുതല്‍ ക്കൂട്ടാകുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്കു നിരത്തുവാന്‍ കഴിയും. ഏറെക്കാലമായി ഈ രണ്ട് ഉപരിതല ഗതാഗത മാര്‍ഗങ്ങളും പരസ്പരം പൂരകങ്ങളല്ലാത്ത വിഭിന്ന ഉപാധികളായി നിലനില്‍ക്കുകയായിരുന്നു. പക്ഷേ, വിവിധ രാജ്യങ്ങളിലായി നടപ്പിലാക്കിവരുന്ന പുതിയ വികസന മാതൃകകള്‍ ഈ രണ്ട് മാര്ഗങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുളളവയാണ്.


തൃശ്ശൂര്‍ എന്ന ഉപനഗരം


തൃശ്ശൂരിന്റെ വികസനം റെയില്‍ ഗതാഗത സംവിധാനവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇനി നമുക്കു പരിശോധിക്കേണ്ടത്. അടുത്ത ഒന്നൊന്നര ദശകമെങ്കിലും തൃശ്ശൂരിന്റെ വികസനം എറണാംകുളം അഥവാ കൊച്ചി നഗരത്തിന്റെ ഉപനഗരം എന്ന നിലയ്ക്കായിരിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പുതിയ ഒട്ടനവധി പദ്ധതികളുമായി കൊച്ചി, കേരളത്തിലെ മുഖ്യ വ്യവസായ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സംരംഭങ്ങള്‍ക്കാവശ്യമായ മനുഷ്യ വിഭവശേഷി എറണാംകുളം ജില്ലയില്‍നിന്നുമാത്രമായി ഒതുങ്ങുന്നത് തികച്ചും അപര്യാപ്തമായിരിക്കും. സ്വാഭാവികംമയും അയല്‍ ജില്ലകളെക്കൂടി ആശ്രയിക്കേണ്ടതായി വരും. മറുവശത്ത് , ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉദ്യോഗസ്തന്മാരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ താമസ സൌകര്യമോരുക്കാന്‍ സ്ഥലപരിമിതി, ജീവിതച്ചിലവ്‌ എന്നിങ്ങനെ പലകാരണങ്ങളാല്‍ കൊച്ചിക്ക് കഴിയാതെ വരും. കായല്‍ പ്രദേശവും മലനാടും ഭൂരിഭാഗം വരുന്ന താരതമ്യേന കുറഞ്ഞ ഇടനാടുള്ള എറണാംകുളം ജില്ലയുടെ ഭൂപ്രകൃതി, ഈ സാഹചര്യത്തില്‍ താമസ സൌകര്യത്തിനായി അയല്‍ ജില്ലകളിലേക്ക് കുടിയേറാന്‍ ഈ വിഭാഗത്തെ പ്രേരിപ്പിക്കും. നിരവധികാരണങ്ങളാല്‍ ഇവരുടെ പ്രഥമ പരിഗണന എന്തുകൊണ്ടും തൃശ്ശൂര്‍ ജില്ലക്ക്‌ തന്നെയായിരിക്കും.


വിശാല കൊച്ചി നഗരം എന്ന് പറയുമ്പോള്‍ അരൂര്‍ മുതല്‍ അങ്കമാലി വരെ നീണ്ടു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ വിവക്ഷിക്കുന്നത് പോലെ തന്നെ തൃശ്ശൂര്‍ നഗരം എന്ന് പറയുമ്പോള്‍ അതിന്റെ പരിധിയില്‍ സ്വരാജ് റൌണ്ട് മാത്രമല്ല വരുന്നത്, ജില്ലയിലെ ചുറ്റുമുള്ള ഒട്ടേറെ പ്രദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുന്നു എന്ന മനസ്സിലാക്കേണ്ടതാണ് .


ഗതാഗത സൌകര്യം


നേരത്തെ കണ്ടപോലെ തൃശ്ശൂര്‍ , എറണാംകുളത്തിന്റെ ഉപനഗരമായി വികസിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒന്നാണ് രണ്ടു ജില്ലകളെയും ബന്ധിപ്പിച്ചു കൊണ്ടുളള ഗതാഗത സൌകര്യം. വിപുലവും വേഗതയുള്ളതുമായ ഗതാഗത സംവിധാനം കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ തേടി എറണാംകുളത്തെക്ക് പോകാന്‍ അവസരമൊരുക്കുന്നു. അതുപോലെത്തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ വ്യവസായ നഗരത്തില്‍ തൊഴില്‍ തേടി വരുന്നവര്‍ക്ക്‌ തൃശ്ശൂരിലെ മികച്ച അന്തരീക്ഷത്തില്‍ 'സെറ്റില്‍' ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കുന്നു.


എന്തുകൊണ്ട് റെയില്‍ ഗതാഗതം ?


തൃശ്ശൂരിന്റെ വികസനത്തിന് ഗതാഗത സൌകര്യത്തിന്റെ അനിവാര്യത നമ്മള്‍ കണ്ടു കഴിഞ്ഞു . റോഡ്‌ മാര്‍ഗമുള്ള ഗതാഗതമാണോ റെയില്‍ മാര്‍ഗമുള്ള ഗതാഗതമാണോ അഭികാമ്യം എന്ന ചോദ്യമാണ് ഇനി നമുക്കു മുന്നിലുള്ളത്.


ഒരു പൊതു ഗതാഗത സംവിധാന നിലയിലും ഭാവിയിലെ യാത്രാരൂപമെന്ന നിലയിലും ലോകമെങ്ങും റെയില്‍ ഗതാഗതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ് . റെയില്‍ ഗതാഗതത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നു പരിശോധിക്കാം.

  • ഒരു നിശ്ചിത സമയത്ത്‌ കി.മീ. പ്രതി പരമാവധി യാത്രികരെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌.
  • ഉയര്‍ന്ന ‍ ഇന്ധനക്ഷമത
  • റോഡ്‌ ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ പരിസ്ഥിതി മലിനീകരണ സാധ്യത.
  • ഗതാഗതക്കുരുക്കിന്റെ അഭാവം
  • കൂടിയ വേഗത.
  • താരതമ്യേന താഴ്ന്ന ടിക്കറ്റ്‌ നിരക്ക്‌

മാതൃകാപദ്ധതികള്‍


രണ്ടു ജില്ലകളെയും ബന്ധിപ്പിച്ച്കൊണ്ടു കൂടുതല്‍ വണ്ടികള്‍ ഓടിക്കുക എന്നതാണ് ഗതാഗത സൌകര്യ വികസനത്തിനുള്ള ഏക പോംവഴി. പക്ഷെ അതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. ഒരു 'ബോട്ടില്‍ നെക്ക്' ആയി വിശേഷി പ്പിക്കുന ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ ദ്വിവരി റെയില്‍ പാത ഇപ്പോള്‍ തന്നെ 12൦% വരെ അമിത ഉപയോഗത്തിന് വിധേയമായിരിക്കുന്നു എന്ന റെയില്‍ അധികൃതരുടെ ഭാഷ്യം തെന്നെയാണ് അതില്‍ മുഖ്യം. വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൂടി പ്രവര്‍ത്തനക്ഷമാമാകുന്നതോടെ സ്ഥിതി കൂടുതല്‍ ശോചനീയമാകും.


ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു ഇനി പറയും വിധത്തിലുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കേണ്ടതായി വരും.


1 .മൂന്നുവരി / നാലുവരി റെയില്‍ പാത


ഏറണാകുളം - ഷൊറണൂര്‍ സെക്ടറില്‍ നിലവിലുള്ള രണ്ടുവരി പാതയ്ക്ക് പുറമെ ഒന്നോ രണ്ടോ വരി പാത കൂടി ഇടുന്ന സംവിധാനമാണിത്. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിനു ഏറ്റവും സഹായകമായ നടപടിയാണി ത്‌. ഈ സെക്ടറില്‍ കുറെയേറെ പ്രദേശസങ്ങളില്‍ റെയില്‍വേക്ക് സ്വന്തമായി ഭൂമി ഉള്ളതിനാല്‍ സ്ഥലം എറ്റെടുക്കലിന്റെ പ്രായോഗിക ബിദ്ധിമുട്ടുകള്‍ കുറച്ചൊക്കെ ലഘൂകൃതമാണ്‌. . ഏറെ പണച്ചിലവും സമയ ദൈര്‍ഘ്യവും എടുക്കുന്ന ഈ പദ്ധതിയെ ഒരു ദീര്‍ഘകാല പദ്ധതിയായി മാത്രമെ പരിഗണിക്കാന്‍ കഴിയൂ.


2.സിഗ്നലിംഗ് സിസ്റ്റം


ഈ സെക്ടറില്‍ ഇപ്പോള്‍ നിലവിലുള്ളത്‌ 'അബ്സല്യൂട്ട് ബ്ലോക്ക്‌ സിസ്റ്റം' (ABS ) എന്ന സിഗ്നലിംഗ് സംവിധാനമാണ്. ഇതു പ്രകാരം പ്രധാന സ്റ്റെഷനുകളില്‍ മാത്രമാണ് സിഗ്നലുകള്‍ ഉള്ളത്‌. ഒരു സിഗ്നലിംഗ് സ്ടേഷനില്‍ നിന്നും ഒരു വണ്ടിയുടെ പ്രയാണം ആരംഭിക്കണമെങ്കില്‍ അതിന് മുന്നില്‍ പോയ വണ്ടി അടുത്ത സിഗ്നലിംഗ് സ്റ്റേഷന്‍ വിട്ടതിനു ശേഷം മാത്രമെ കഴിയൂ. ഷൊറണൂര്‍- ഏറണാകുളം സെക്ടറില്‍ രണ്ടു സിഗ്നലിംഗ് സ്റ്റേഷനുകള്‍‍ക്കിടയില്‍ ശരാശരി 10 കി.മീ. എങ്കിലും ദൂരമുണ്ട്. ഈ ഒരു സാഹചര്യം ട്രെയിനിന്റെ റണിംഗ് ടൈം കൂട്ടുന്നതിനും വൈകുന്നതിനും ഹേതുവാകുന്നു. ഇതിന് ബദലായുള്ള സിഗ്നലിംഗ് സംവിധാനമാണ് 'ഓടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം' (ASS ) എന്നത്. ഇതു പ്രകാരം ഓരോ കി.മീ. ഇടവേളകളില്‍ സിഗ്നലുകള്‍ ഉണ്ടായിരിക്കും. ഇതു ട്രെയിനുകള്‍ കാര്യക്ഷമമായി വേഗതയില്‍ ഓടിക്കുന്നതിനു സഹായിക്കുന്നു. ഈ സംവിധാനത്തിലേക്ക് മാറുന്നതിനു പുതിയ പാതയ്ക്ക് വേണ്ടുന്ന അത്രയും സാമ്പത്തിക ബാധ്യത വരില്ലെങ്കില്‍ തന്നെയും താരതമ്യേന ചെലവു കൂടുതലാണ്.


3. സിഗ്നല്‍ ഹട്ടുകള്‍


നേരത്തെ വിവരിച്ച ABS നും ASS നും ഇടയ്ക്കുള്ള ഒരു സംവിധാനമാണ് ഇന്റെര്‍മിഡിയറ്റ് ബ്ലോക്ക്‌ സിഗ്നലിംഗ് സിസ്റം. ABS നിലവിലുള്ള രണ്ടു ദൈര്‍ഘ്യമേറിയ സ്റ്റേഷനുകള്‍‍ക്കിടയില്‍ ഒന്നോ രണ്ടോ 'സിഗ്നല്‍ ഹട്ടുകള്‍' സ്ഥാപിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ വേഗത ഒട്ടൊക്കെ കൂട്ടുന്നതിനു ഇതു ഉതകുന്നു. സാമ്പത്തിക ബാധ്യതയും സമയ ദൈര്‍ഘ്യവും കുറഞ്ഞ പദ്ധതിയാണിത്. പ്രായേണ സിഗ്നല്‍ ഹട്ടുകളുടെ എണ്ണം കൂട്ടികൊണ്ട് വന്ന് ASS ലേക്ക് മാറുകയുമാവാം.


4.മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌ (മെമു)


ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുന്നതോറൊപ്പം തന്നെ ചെയ്യേണ്ട ഒന്നാണ് മെമു അവതരിപ്പിക്കുക എന്നത്. മെമു വിന്റെ ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • വണ്ടിയെടുക്കുന്നതിനും വേഗതയാര്‍ജിക്കുന്നതിനും നിറുത്തുന്നതിനും വളരെ കുറച്ചു സമയത്തിന്റെ മാത്രം ആവശ്യം.
  • എഞ്ചിന്‍ മാറാതെ തന്നെ ഏത് ദിശയിലെക്കും വണ്ടി ഓടിക്കാനുള്ള സൗകര്യം.
  • കൂടുതല്‍ യാത്രികരെ ഉള്‍ക്കൊള്ളിക്കാന്‍ ഉതകുന്ന കമ്പാര്‍ട്ട്മെന്റുകള്‍
  • മെയിന്‍ ലൈനിലൂടെ തന്നെ കൂടുതല്‍ വേഗതയിലുള്ള ഗതാഗത സൌകര്യം
തുടക്കത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടെന്കിലും ഇത്തരം ട്രെയിനുകള്‍ ഓടിക്കേണ്ടതായി വരും. തിരക്ക്‌ വര്ധിക്കുന്നതിന് അനുസൃതമായി പിന്നീട ആവൃ‍ത്തി കൂട്ടുകയുമാവാം.


5.താത്കാലിക സംവിധാനങ്ങള്‍


തടസ്സമില്ലാതെ മെമു ഗതാഗത സൌകര്യം ഒരുക്കണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചപോലെ കുറച്ചെങ്കിലും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തെണ്ടതാണ്. .അതുപോലെത്തന്നെ മെമു മേയിന്റൈന്‍സ്‌ യാര്‍ഡും സജ്ജമാകണം. (പാലക്കാട്ട് ഇത് ഒരുങ്ങി വരുന്നു.) ഇതിന് വേണ്ടിവരുന്ന ചുരുങ്ങിയ കാലയളവില്‍ നിലവിലുള്ള ചില വണ്ടികളുടെ ദൈര്‍ഘ്യം കൂട്ടിയും , വെറുതെ കിടക്കുന്ന ചില റേക്കുകള്‍ യഥാവിധി ഉപയോഗിച്ചും ഈ സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്.




മേല്‍ വിവരിച്ച പദ്ധതികള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ളത് അവരോഹണ ക്രമത്തില്‍ മുന്‍ ഗണന കൊടുത്തുകൊണ്ട് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണ്. എങ്കില്‍ മാത്രമെ പദ്ധതികള്‍ കൊണ്ടുള്ള ഫലം ദൃശ്യമാകുയുള്ളൂ.


അനുബന്ധ വികസന പരിപാടികള്‍


വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി, പൂങ്കുന്നം, തൃശൂര്‍ , ഒല്ലൂര്‍, പുതുക്കാട ‌, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈന്‍ നഗര്‍ , കൊരട്ടി, ഗുരുവായൂര്‍ എന്നിങ്ങനെ A മുതല്‍ E വരെയുള കാറ്റഗറിയിലായി 13 സ്റ്റേഷനുകളാണ് തൃശൂര്‍ ജില്ലയിലുളളത്. ഈ സ്റ്റേഷനുകള്‍ എല്ലാം തന്നെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപപടി റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുതകും വിധം അടിസ്ഥാന സൌകര്യങ്ങള്‍ പലതും വര്‍ദ്ധിപ്പിക്കണം. അതുപോലെ തന്നെ കൂടുതല്‍ കറന്റ് ബുക്കിംഗ് കൌണ്ടറകളും UTS സംവിധാനവും ഈ സ്റ്റേഷനുകളില്‍ ആവശ്യമാണ്‌.


പൂങ്കുന്നം സ്റ്റേഷനെ തൃശൂരിന്റെ ഒരു ഉപഗ്രഹ സ്റ്റേഷനായി വികസിപ്പിക്കുന്നത് തിരക്കേറിയ സമയങ്ങളില്‍ തൃശൂര്‍ സ്റ്റേഷനിലെ തിരക്കും നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കുന്നതില്‍ ഒട്ടേറെ സഹായകമാകും. ജില്ലയുടെ വടക്ക്‌, വടക്കുകിഴക്ക്‌, വടക്ക് പടിഞ്ഞാര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക്‌ സ്വരാജ് റൌണ്ടിലെ തിരക്ക്‌ ഒഴിവാക്കി യാത്രചെയ്യാന്‍ ഇതു സഹായകമാകും.


പൂര്‍ത്തിയാകുന്ന രണ്ടാം പ്രവേശന കവാടത്തോടനുബന്ധിച്ച്ച്ച് തൃശൂരില്‍ നാലാമതൊരു പ്ലാറ്റ്ഫോം കൂടി പണിയുന്നതും തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ നിലവിലുള്ള സ്ഥലത്ത് മൂന്നാമതൊരു റെയില്‍ പാത സ്ഥാപിക്കുന്നതും തൃശൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ ഹാള്‍ട്ട് ചെയ്യുന്നതിനും യാത്ര പുറപ്പെടുന്നതിനും വഴിയൊരുക്കും.


ഗുരുവായൂരിനെയും ഇടപ്പള്ളിയെയും ബന്ധിപ്പിച്ച്കൊണ്ടുള്ള ഒരു പുതിയ റെയില്‍പ്പാത പദ്ധതി ജില്ലയുടെ തീര ദേശ പ്രദേശങ്ങളുടെ വികസനത്തിന് ഏറെ ഉതകും.


റെയില്‍വെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടു ‌ കിഴക്ക് പടിഞ്ഞാറായി 'മീന്‍ മുള്ള് മാതൃക'യില്‍ റോഡ്‌ ഗതാഗത സംവിധാനം വികസിപ്പിക്കുന്നത് ഉള്‍ നാടുകളുടെ വികസനത്തിനും സഹായകമാകും.


തൃശൂരിന്റെ തുടര്‍ വികസനം


ഗതാഗത സൌകര്യമെരുമ്പോള്‍ തൃശൂരിന്റെ വികസനം എങ്ങനെ ആയിരിക്കുമെന്നു നമുക്ക്‌ നോക്കാം.


ഏറണാകുളം / കൊച്ചിയിലേക്ക് പോകുന്നതിനു വേണ്ടിവരുന്ന യാത്രാസമയം ഒന്നൊന്നര മണിക്കൂറായി കുറയുന്നതും വണ്ടികളുടെ ആവൃത്തി കൂടുന്നതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തൊഴിലന്വേഷകരെ ഈ നഗരത്തിലെക്ക് അടുപ്പിക്കും. ഇവരുടെ വരുമാനം തന്നെയായിരിക്കും ആദ്യ ഘട്ടത്തില്‍ തൃശൂരിന്റെ വികസനത്തിന് ഉത്തേജകമാകുക. രണ്ടാം ഘട്ടത്തിലായിരിക്കും ഒരു താമസ കേന്ദ്രമെന്ന നിലയില്‍ തൃശൂരി ലെക്ക് ആളുകള്‍ കുടിയേറുക. താരതമ്യേന ഉയര്‍ന്ന‍ ക്രയശേഷിയുള്ള ഈ രണ്ടു വിഭാഗങ്ങളും നമ്മുടെ നാട്ടിലെ വ്യവസായ-വാണിജ്യ മേഖലകളില്‍ ശക്തമായ സ്വാധീനമായിരിക്കും ചെലുത്തുക. നമ്മുടെ നാട്ടിലെ ചെറിയ ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികാസത്തിന് വാരാന്ത്യങ്ങള്‍ ചെലവഴിക്കാനുള്ള ഇവരുടെ ത്വര സാഹചര്യമൊരുക്കും. പുതിയ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാ-സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കാലത്തിന്റെ ആവശ്യമായി വരും എന്നതിനാല്‍ ഈ മേഖലകളിലും വികസനത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവാതിരിക്കില്ല.



===============

15 ഫെബ്രുവരി 2010

ഗോവ : ചിന്തയിലും കാഴ്ചയിലും

Archaeological Museum, Velha Goa
.
മദ്യവിരുദ്ധനും മദ്യപന്മാരോടു പൊതുവേ ആഭിമുഖ്യമില്ലാത്തവനുമായ വ്യക്തിയില്‍ നിന്നും കാ‍ലം ചില മാറ്റങ്ങള്‍ എന്നിലും സൃഷ്ടിക്കാതിരുന്നില്ല. കേരളത്തിലെ പുരുഷ കേസരികളില്‍ പ്രായം 20 നും 50 നും ഇടക്കുള്ള മൂന്നില്‍ രണ്ടുപേരും മദ്യം ഉപയോഗിക്കുന്നു എന്ന എവിടെയോ കണ്ട ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ട് എന്ന് മുന്നില്‍ വെളിവാകുന്ന ലോകം തെളിയിച്ചപ്പോളായിരിക്കണം അത്. അപൂര്‍വ്വ പാനികള്‍, വല്ലപ്പോഴും കുടിക്കുന്നവര്‍, ഇടയ്ക്കൊക്കെ കഴിക്കുന്നവര്‍ , സ്ഥിരക്കാര്‍, മുഴുക്കുടിയന്മാര്‍ എന്നൊക്കെ ഈ ഈ മദ്യപന്മാരെ സൌകര്യത്തിനനുസരിച്ച് വര്‍ഗ്ഗീകരിക്കാവുന്നതാണ്. 'ഒരു പെഗ്ഗില്ലാതെ എന്താഘോഷം' എന്ന് മലയാളി ഉദ്ഘോഷിക്കാനും കൂടി തുടങ്ങിയപ്പോള്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ ഈയുള്ളവനും ചില കോംപ്രമൈസുകള്‍ക്ക് തയ്യാറായി. മദ്യപന്മാരുടെ സുഹൃത്തായി, അവരുടെ പാനകര്‍മ്മങ്ങളില്‍, മദ്യം രുചിച്ചില്ലെങ്കിലും, പങ്കാളിയായി. എന്നിരിക്കിലും തൃശ്ശൂരിലെ ഫുട്പാത്തിലും തേക്കിന്‍കാട്‌ മൈതാനത്തും 'വാള്' വച്ചു കിടക്കുന്നവരെയും ബസ്സിലും ട്രെയിനിലുമൊക്കെ കോപ്രായം കാട്ടുന്നവരെയും ഒക്കെ കാ ണുമ്പോള്‍ മദ്യപന്മാരോടുള്ള പഴയ അവജ്ഞയും ഈര്‍ഷ്യയും പലപ്പോഴും തപിച്ചു പുറത്തുവരാറണ്ട്.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലിക്കര്‍ ഷോപ്പല്ലാതെ മറ്റൊന്നുമില്ല എന്ന് പറയാവുന്ന നാട്ടില്‍ (നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സുന്ദരികളായ ബീച്ചുകളെ മറക്കുന്നില്ല. അവിടേയും സ്ഥിതി വ്യത്യസ്തമല്ല. )ഏതാണ്ട് ഇരുപതു വര്‍ഷത്തിനു ശേഷം മൂന്നു ദിവസം ചുറ്റിക്കറങ്ങിയപ്പോള്‍ മദ്യപന്മാരോടുള്ള നേരത്തെ പറഞ്ഞ ആ വിരോധം അലിഞ്ഞില്ലാതായി എന്നത് യാഥാര്‍ത്ഥ്യം.

വഴിനീളെ, ബീച്ചിലായാലും പള്ളിക്ക് സമീപമാണെങ്കിലും ഹെരിറ്റേജ് സൈറ്റിലായാലും ബിയറിന്റെയും ഫെനിയുടെയും വിസ്കിയുടെയും അക്ഷയഖനികളായ കടകള്‍ ....... എങ്ങും മദ്യ ബ്രാന്റുകളുടെ ഇതര ഉത്പന്നങ്ങളിലെക്ക് (സോഡാ, മിനറല്‍ വാട്ടര്‍ , സി.ഡി., ഗോള്‍ഫ് ബോള്‍ ...എന്നിങ്ങനെ) പരകായ പ്രവേശം ചെയ്ത പരസ്യപ്രപഞ്ചം.... നിരത്തിലും ബീച്ചിലും ബിയര്‍ കാനുകളും ഷോപ്പുകള്‍ക്കുമുന്നിലും റെസ്ടോറന്റുകളിലും മദ്യ ചഷകങ്ങളുമായി വര്‍ഗ- വര്‍ണ്ണ -ലിംഗ -പ്രായഭേദമന്യേ വിരാജിക്കുന്നവര്‍.... ഇത് ഗോവ.

'വെള്ള'മടിച്ച് അടികൂടുന്നവരെയോ ബഹളമുണ്ടാക്കുന്നവരെയോ നാലുകാലില്‍ ഇഴയുന്നവരെയോ ഈ ദിനങ്ങളില്‍ എനിക്ക് കാണാനായില്ല ! തീരദേശ ഗോവയില്‍ കറങ്ങിയ ഈ മൂന്നു ദിനങ്ങളിലും പോലീസുകാരെ കണ്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. (റിപബ്ലിക് ദിന പരേഡ്നായി പരിശീലനവും ഒരുക്കങ്ങളും നടത്തുന്നവരായി കുറച്ചുപേരെക്കണ്ടു,പനാജിയില്‍. ഇനി എല്ലാവരും അവിടെയാണെന്ന് വരുമോ? അതോ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസുണ്ടായിരുന്നോ ? )

നാടിന്റേയും നാട്ടുകാരുടേയും സംസ്കാരത്തിന്റെയുമൊക്കെ പ്രത്യേകതകള്‍ കൊണ്ടായിരിക്കാം നമുക്കൊന്നും ആലോചിക്കാന്‍ കഴിയാത്ത ഈ വൈജാത്യവും അച്ചടക്കവും.

ഞാന്‍ താമസിച്ച ഹോട്ടല്‍ വിവ ഗോവ ഇന്റെര്നാഷനലിന്റെ മാനേജര്‍ ദീപന്‍ പറയുന്നത് മദ്യപാനികളെ കൊണ്ട്ട് അവര്‍ക്കിതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല എന്നാണ്. ദീപന്റെ അച്ഛനും അമ്മയുമൊന്നും ഈ നാട്ടുക്കരല്ല. പക്ഷേ അയാള്‍ ജനിച്ചതും വളര്‍ന്നതും ഗോവയിലാണ്. അതുകൊണ്ടുതന്നെ താനൊരു ഗോവക്കാരനാണെന്ന് കല്‍പ്പിക്കുന്നു. പ്രശ്നരഹിതമാണ് ഇവിടെ ജീവിതം എന്നാണ് അയാളുടെ പക്ഷം . മിക്കവരും ആ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. തങ്ങളായിട്ട് ഒരു പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ നില്‍ക്കാറില്ല. അങ്ങിനെയെങ്കില്‍ അത് ടൂറിസത്തെ ബാധിക്കും. വരുമാനത്തേയും. കഞ്ഞിയില്‍ പാറ്റയിടരുതല്ലോ ! ദീപന്‍ കൂട്ടിച്ചേര്‍ത്തു: എന്തെങ്കിലും ഇഷ്യൂ ഉണ്ടായി എങ്കില്‍ അതിനു പിന്നില്‍ ടൂറിസ്ടുകളായിരിക്കും. തീര്‍ച്ച .

സാദ്ധ്യതകള്‍ വച്ചു അയാള്‍ പറഞ്ഞത് തന്നെയായിരിക്കും ശരി. മൈനിങ്ങും ടൂറിസവും ആണ് ഗോവന്‍ സമ്പദ്വ്യവസ്ഥയുടെ നേടും തൂണുകള്‍. രണ്ടും മൂന്നും മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്ടര്‍ സ്കൂട്ടര്‍ റയ്ഡിങ്ങിനും പാരച്യൂട് സവാരിക്കുമൊക്കെ അഞ്ഞൂറും ആയിരവും വാങ്ങി അറിഞ്ഞുകൊണ്ടു നമ്മുടെ പോക്കറ്റെങ്ങനെ അടിക്കാം എന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളവരാന് ഇന്നാട്ടുകാര്‍. അവര്‍ക്ക് മറ്റൊരു മാര്‍ഗം തേടെണ്ടതില്ലായിരിക്കാം.

വാദത്തിന്നായി കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തിലെ ഒരു ബലാല്‍സംഘക്കേസ് അവര്‍ക്ക് മുന്നിലേക്കിട്ടു. ഗോവയിലെ ഒരു രാഷ്ട്രീയ നേതാവും റഷ്യന്‍ യുവതിയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അതൊക്കെ എക്സെപഷനല്‍ കേസല്ലേ എന്നൊരു പാസ്സിംഗ് ഓണ്‍ റിമാര്‍ക്ക് ആണ് ലഭിച്ചത്. ഗോവയോട് വിടപറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്ട്ട് - ജനുവരി 26 -നു ആരാമ്പോള്‍ ബീച്ചില്‍ 9 വയസ്സുള്ള ഒരു റഷ്യന്‍ പെണ്‍കുട്ടി ബാലാല്സംഘത്തിനിരയായി എന്നത് - ഇത്തരം സംഭവങ്ങള്‍ ഇവിടെ അപൂര്‍വ്വമാണെന്ന വാദത്തെ ഘണ്ടിക്കുന്നതായിരുന്നു. എന്നാല്‍ സംഭവത്തിനു പുറകില്‍ മഹാരാഷ്ട്രക്കാരായിരുന്നു എന്നത് ദീപന്പ്രഭ്രുതികളുടെ അഭിപ്രായത്തെ ഒട്ടൊക്കെ സാധൂകരിക്കുന്നുമുണ്ട്. 2008 - ഫെബ്രുവരിയില്‍ മാനഭംഗത്തിനിരയായി അഞ്ജുന ബീച്ചില്‍ കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് കൌമാരക്കാരിയുടെ മൃതശരീരം ഇപ്പോഴും ഔദ്യോഗികനടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ഇവിടെ പ്രതികള്‍ പ്രാദെശികര്‍ തന്നെയാണ്. റിപ്പോരട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ സമാന സംഭവങ്ങള്‍ പലതും ഗോവക്ക് അന്യമല്ലത്രേ.

ഇത് ഒരു യാത്ര നല്‍കിയ ചിന്തയില്‍ വിരിഞ്ഞ ഗോവയുടെ രണ്ടു വ്യത്യസ്ത  മുഖങ്ങള്‍.

ഗോവ സഞ്ചാരിക്ക് നല്‍കുന്ന ദൃശ്യാനുഭവങ്ങള്‍ ഒട്ടെറെയാണ്. മനോഹരമായി ഉടുത്തൊരുങ്ങി കിടക്കുന്ന ബീച്ചുകള്‍, ഫ്രാന്‍സിസ് സേവിയര്‍ പുണ്ണ്യവാളന്റെ തിരുശേഷിപ്പ് അടക്കം ചെയ്തതുള്‍പ്പെടെയുള്ള പള്ളികള്‍, പനാജിയുടെ തീരത്തുകൂടെ മണ്ടോവി നദിയിലൂടെ  മദ്യവും നൃത്തവും സംഗീതവും കൊളാഷ് ചെയ്ത സായന്ധന ബോട്ട്  യാത്ര, പകല്‍ ചൂടില്‍ ഡോള്‍ഫിനുകളെ  തേടിയുള്ള ബോട്ട് ക്രൂയിസ്, ദൂതസാഗര്‍ വെള്ളച്ചാട്ടം,വാണിജ്യകേന്ദ്രങ്ങളായ 18th  ജൂണ്‍, 31st  മേയ് തുടങ്ങിയ സ്ട്രീട്ടുകള്‍, മദ്യമൊഴുകുന്ന നിരത്തുകള്‍,   പുരാവസ്തു മ്യൂസിയവും 'ബിഗ്‌ ഫുട്ടും' ഉള്‍പ്പെടെയുള്ള ഹെരിറ്റേജ് സൈറ്റുകള്‍ .......