എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

27 ജൂലൈ 2010

സബര്‍മതി ഒഴുകുകയാണ്...

.


ഗാന്ധി മ്യൂസിയം

ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി  ബന്ധപ്പെട്ടു ചരിത്ര പുസ്തകത്തിന്റെ താളുകളില്‍നിന്നും സ്കൂള്‍ കാലഘട്ടങ്ങളില്‍ സ്മൃതിപഥങ്ങളില്‍  കയറി, പിന്നെ വിസ്മൃതിയിലേക്ക് പറന്നുപോയ ഒരു പദം!

ആഗസ്റ്റ്‌-സെപ്തംബര്‍ മാസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുടെ ജീവനപഹരിക്കുന്ന പ്രളയകാരിണിയായ  ഒരു നദി എന്ന് പത്ര മാധ്യമാങ്ങളിലൂടെയുള്ള  തിരിച്ചറിവ് !

'സബര്‍മതി'യെക്കുറിച്ചുളള   എന്റെ ധാരണകള്‍ അത്രമാത്രമായിരുന്നു, ആനന്ദില്‍ നിന്നും അഹമ്മദാബാദില്‍ എത്തുന്നത് വരേയും 'IRMA ' (Institute of Rural Management , Anand ) യില്‍ ഒരു മാനേജ്മെന്റ്  ഡെവലപ്മെന്റ് പ്രോഗ്രാമിനായി എത്തുമ്പോള്‍ അഹമ്മദാബാദ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ചു   ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതൊരു ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ചയാണ് പ്രോഗ്രാം തുടങ്ങുന്നത്. പുലര്‍ച്ചെ ആറു മണിക്ക് റൂം അലോട്ട് ചെയ്യുമ്പോള്‍ കെയര്‍ ടേക്കര്‍ പറഞ്ഞു: ഇന്ന് കാന്റീന്‍ പ്രവര്‍ത്തിക്കില്ല.

വിശാലമായ ക്യാമ്പസ് തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്. കൊച്ചു പട്ടണമെന്നു പറയാവുന്ന പ്രദേശത്തേക്ക്  4 -5 കി. മീ. എങ്കിലും സഞ്ചരിക്കണം. അവിടെ നിന്നും ഇങ്ങോട്ട് ഓട്ടോറിക്ഷ കിട്ടുമെങ്കിലും ഞായറാഴ്ചയായതിനാല്‍   ഇവിടെ നിന്നും അങ്ങോട്ടുള്ള പ്രയാണം ദുഷ്കരം. മൂന്നു നേരത്തെ അഷ്ടി മുടക്കുകയും വയ്യ.  ഇത്രയും ദൂരം താണ്ടിവന്നു റൂമില്‍ ചടഞ്ഞിരിക്കുക അത്രയും പറ്റില്ല. ആനന്ദ് എന്ന 'പാല്‍ നഗര'ത്തില്‍ ചുറ്റി നടന്നു കാണാനുള്ള കാഴ്ചകളൊട്ടില്ല  താനും. (പൂര്‍ണ്ണമായും അങ്ങനെ പറഞ്ഞുകൂടാ. 'അമുല്‍', എന്‍. ഡി. ഡി. ബി. തുടങ്ങിയവ ഉള്‍പ്പെടെ ക്ഷീര- കാര്‍ഷിക മേഖലയിലുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയെല്ലാം സന്ദര്‍ശിക്കാന്‍ മുന്‍‌കൂര്‍ അനുമതി ആവശ്യമാണ്. അതിനുമുപരി ഇതൊരു ഞായരാഴ്ച്ചയാണല്ലോ. )

തിരഞ്ഞെടുക്കാവുന്ന രണ്ടു മാര്‍ഗങ്ങളാണ് എനിക്ക് മുന്നിലുന്ടായിരുന്നത്‌. ഒന്ന്: 35 കി.മീ. തെക്കോട്ട്‌ സഞ്ചരിച്ചു ബറോഡ (വഡോദര) യില്‍ ചെല്ലുക. ചരിത്രവും കലയും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന ആ നഗരത്തിന്റെ സ്പന്ദനങ്ങള്‍ ‍ ഏറ്റുവാങ്ങുക. രണ്ടു: ആനന്ദില്‍ നിന്നും 64 കി.മീ.  വടക്കുമാറിയുള്ള 'കിഴക്കിന്റെ മാഞ്ചസ്ടര്‍' എന്നറിയപ്പെടുന്ന അഹമ്മദാബാദ് എന്ന വ്യവസായ നഗരത്തെ അറിയുക.

ഞായറാഴ്ചകളില്‍ മ്യൂസിയങ്ങളും ആര്‍ട്ട് ഗാലറികളും ഉണ്ടാവുമോ എന്ന സന്ദേഹം ആദ്യത്തെ മാര്‍ഗത്തില്‍ നിന്നും എന്നെ പൂര്‍ണ്ണമായും പിന്തിരിപ്പിച്ചു. ഞായറാഴ്ചയാണെങ്കില്‍ക്കൂടി ഇന്ത്യയിലെ പത്ത് പ്രമുഖ നഗരങ്ങളില്‍ ഒന്നായ അഹമ്മദാബാദില്‍ എന്തെങ്കിലും കാണാതിരിക്കില്ല എന്ന വസ്തുത രണ്ടാമത്തെ ഓപ്ഷണോട്   എന്നെ അടുപ്പിച്ചു.  

അഹമ്മദാബാദില്‍ ഏതാണ്ട് പത്ത് മണിയോടെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ എന്റെ ധാരണ ഏറെക്കുറെ ശരിയാണ് എന്ന് മനസ്സിലായി. തിരക്കൊഴിഞ്ഞ സ്റ്റേഷന്‍. റെയില്‍വെ സ്റ്റേഷന് പുറത്തെ അവസ്ഥയും വ്യത്യസ്തമല്ല. പോകുന്ന സ്ഥലത്തെക്കുറിച്ച് ഒട്ടൊക്കെ ധാരണയോടെ  റൂട്ട് മാപ്പുമായി പോകാറുള്ള എനിക്ക് ഈ അണ്‍ പ്ലാന്‍ഡു  വിസിറ്റ് തികച്ചും അന്യം.  റെയില്‍വേ സ്റ്റേഷന്  സമീപമായി നഗരത്തിന്റെ എക്സ്ട്ടെന്‍ഷന്‍  ഉണ്ടാവുമെന്ന് കരുതി ഇരുവശങ്ങളിലെക്കുമായി കുറെ നടന്നെങ്കിലും ഫലം നിരാശാ  ജനകമായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗുജറാത്തിയില്‍ വിരിഞ്ഞ അവ്യക്തമായ ശബ്ദങ്ങളായിരുന്നു. അതിനൊടുവില്‍ സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തി. അവിടേക്കണ്ട  ഒരു പോലീസുകാരനോട്‌ ഇവിടെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്റെ ചോദ്യം മനസ്സിലായിട്ടാണോ അല്ലയോ എന്നറിയില്ല, ഒരിടത്തേക്ക് വിരല്‍ചൂണ്ടി  അയാള്‍ എന്തോ മുരണ്ടു. നന്ദി പറഞ്ഞുകൊണ്ടു പ്രാചീനമായ ആ കെട്ടിടത്തിനു സമീപം ചെന്നപ്പോഴാണ് അതൊരു പോലീസ് എയ്ടുപോസ്ടാണെന്ന്  മനസ്സിലായത്‌. അവിടെ കണ്ട ഉദ്യോഗസ്ഥനോട് എന്റെ ആഗമനോദ്ദേശം പറഞ്ഞു. അത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അതിനു ശേഷം എന്നോടു അതില്‍ കയറി കൊള്ളാന്‍  ‍പറഞ്ഞു.

ഉത്തരം കിട്ടാത്ത ചോദ്യവുമായി അതില്‍ കയറുമ്പോളേക്കും ഓട്ടോ റിക്ഷ എടുത്തു കഴിഞ്ഞിരുന്നു. തിരക്കൊഴിഞ്ഞ ഈ ദിനം ഒരു ഇരയെ കിട്ടിയ ആവെശത്തിലായിരുന്നെന്നു തോന്നുന്നു അയാള്‍. അല്പം മുന്നോട്ടു പോയപ്പോള്‍ എങ്ങോട്ടാണ്   പോകുന്നതെന്ന് ചോദിച്ചു. അത് രണ്ടു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അയാളില്‍ നിന്നും മറുപടി വന്നു - 'സൂ'വിലേക്ക്. എന്റെ തട്ടിത്തടഞ്ഞ ഹിന്ദി ഭാഷണത്തിന്റെ ആവര്ത്തിക്കലുകള്‍ക്കൊടുവില്‍ പത്ത് ശതമാനം ഹിന്ദിയില്‍ തൊണ്ണൂറു ശതമാനം ഗുജറാത്തി കലര്‍ത്തി അയാള്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. ആവശ്യത്തിനു മുന്നില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ വളരെ സുതാര്യമാണല്ലോ !

മൃഗശാലയിലേക്ക് എനിക്ക് പോകേണ്ടിയിരുന്നില്ല. നഗരത്തിന്റെ പ്രധാനഭാഗത്തേക്ക് കൊണ്ടെത്തിക്കാന്‍  ഞാന്‍ ആവശ്യപ്പെട്ടു. അത് അയാള്‍ക്ക്‌ മനസ്സിലായില്ല. അതിനു കൂടുതല്‍ വിശദീകരണമായി ഷോപ്പിംഗ്‌ മാളുകളും വലിയ കെട്ടിടങ്ങളും നില്‍ക്കുന്ന സ്ഥലം എവിടെയെന്നു ചോദിച്ചു. "സബര്‍മതിയുടെ മറുകരയില്‍ പോകേണ്ടി വരും " - അതിനു ലഭിച്ച മറുപടി അങ്ങനെയായിരുന്നു.

ഓര്മ്മകളില്‍ എവിടെയോ സബര്‍മതിയുടെ  മുഴക്കം. സബര്‍മതി നദി ഗുജറാത്തിലാണെന്ന തിരിച്ചറിവ്. തീര്‍ച്ചയായും അതിന്റെ തീരത്തെവിടെയോ ഗാന്ധി ആശ്രമം ഉണ്ടായിരിക്കും എന്ന വ്യാമോഹം......

സബര്‍മതി ആശ്രമം ഇവിടെ അടുത്താണോ ? ഞായറാഴ്ച സന്ദര്‍ശിക്കാന്‍ കഴിയുമോ ?

ആശ്രമം ഏറെ ദൂരെയല്ലെന്നും ഞായറാഴ്ചയും അവധി ദിനങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസവും കാലത്ത് എട്ടുമണി  മുതല്‍ വൈകുന്നേരം എഴുമണി വരെ അത് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമെന്നും ഉള്ള ഓട്ടോ ഡ്രൈവറുടെ മറുപടി മുഴുവനാകുന്നതിനും മുമ്പേ വണ്ടി അങ്ങോട്ട്‌ വിടാനായി പറഞ്ഞു.

അഹമ്മദാബാദിലെ പഴയ നഗരത്തില്‍ നിന്നും സബര്‍മതിക്ക്  കുറുകെ കെട്ടിയിട്ടിട്ടുള്ള അനേകം പാലങ്ങളില്‍ ഒന്നില്‍ക്കൂടി സഞ്ചരിച്ചു മറുകരയിലെത്തി. വന്‍ കെട്ടിടങ്ങള്‍ ഇരുവശങ്ങളിലുമായി നിലകൊള്ളുന്ന ആശ്രമത്തിലെക്കുള്ള വീഥിയിലൂടെ   ഓട്ടോറിക്ഷ അതിവേഗം പ്രയാണം തുടങ്ങി. കണ്ണുകളെ ഓടുന്ന ദൃശ്യങ്ങല്‍ക്കൊപ്പവും മനസ്സിനെ ഇന്നത്തെ യാത്രക്ക് നിദാനമായ പശ്ചാത്തലത്തോടോപ്പവും വിട്ടു അതിനുള്ളില്‍ ഞാനിരുന്നു. മിശ്രിത ഭാഷയില്‍ ഓട്ടോ ഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

"സാര്‍, ആശ്രമം എത്തിയിരിക്കുന്നു" . അതൊരലര്‍ച്ചയായിരുന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാനാഞ്ഞു. അയാള്‍ ഒരുപക്ഷേ രണ്ടുമൂന്നുപ്രാവശ്യം ആശ്രമത്തിലെത്തിയത് എന്നെ ഓര്മ്മിപ്പിച്ചു  കാണും. എന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാ ലാകണം അലറിയത്. വണ്ടി ആശ്രമത്തിന്റെ പാര്‍ക്കിംഗ് പ്രദേശത്ത് നിറുത്തിയിരിക്കുകയാണ്. അയാളോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു സബര്‍മതി ആശ്രമത്തിന്റെ കവാടം ഞാന്‍ കടന്നു. ആശ്രമത്തി ന്റെ പാശ്ചാത്തലത്തില്‍ സബര്‍മതി ഒഴുകിക്കൊണ്ടിരുന്നു.

1915 - ലായിരുന്നു ഗാന്ധിജി , തന്റെ സത്യാന്വേഷണത്തിനും ബ്രിട്ടീഷുകാര്‍ക്കെതിരെ  അഹീംസ സമരം സംഘടിപ്പിക്കുന്നതിനുമായി  അഹമ്മദാബാദിലെ 'കൊച്ചറാബ'യില്‍ സത്യാഗ്രഹാശ്രമം തുടങ്ങുന്നത്. പിന്നീട് 1917 -ലായിരുന്നു അതിനെ സബര്‍മതിയുറെ തീരത്തേക്ക് കൊണ്ടുവരുന്നത്. അവിടം അന്ന്  വിജനമായ,  കാടുപിടിച്ച,  ഇഴജന്തുക്കള്‍നിറഞ്ഞ ഒരിടമായിരുന്നത്രേ. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും പോറലേല്‍പ്പിക്കാതെ ഗാന്ധിജിയും അനുയായികളും ഇവിടെ കുടിലുകളും ചെറിയ ഭവനങ്ങളും സ്ഥാപിച്ചു.

പല ചരിത്ര സംഭവങ്ങള്‍ക്കും ഈ ആശ്രമം സാക്ഷ്യം വഹിച്ചിട്ടുണ്ട് .   ഗാന്ധിജി സബര്‍മതി ആശ്രമത്തില്‍ എത്തിയതിനു ശേഷം ആദ്യമായി നടത്തിയ സമരം ഗുജറാത്തിലെ ടെക്സ്റ്റയില്‍ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു. തൊട്ടുകൂടായ്മക്ക് എതിരെയുള്ള പ്രക്ഷോഭം, ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങിയവയും ഈ ആശ്രമം കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടു കൊണ്ടുപോയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിച്ച ഈ കാലത്തിനിടയില്‍ അദ്ദേഹത്തിനു 6   വര്‍ഷത്തോളം അടുത്തുള്ള ജയിലില്‍ കിടക്കേണ്ടതായും വന്നിട്ടുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നും തന്നെയായിരുന്നു 1930  മാര്‍ച്ച് 12 - നു  തന്റെ പ്രസിദ്ധമായ ദണ്ടിയാത്രയ്ക്ക് 79 -ഓളം അനുയായികളോടൊപ്പം  ഗാന്ധിജി തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷു കാര്‍ ഇന്ത്യ വിടാതെ താന്‍ ഈ ആശ്രമത്തിലേക്കുതിരിച്ചുവരില്ലെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം ദൃഡപ്രതിജ്ഞചെയ്തു ആശ്രമം ഉപേക്ഷിച്ചു പോയി. ഭാരതം സ്വതന്ത്രമായതിനു ശേഷം സബര്‍മതിയിലേക്ക്‌ തിരിച്ചുവരുവാന്‍ ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി വധിക്കപ്പെടുന്നത്.

46 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നിലകൊള്ളൂന്നത്. അവിടെ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് 'ഗാന്ധി സംഗ്രഹാലയ' എന്നറിയപ്പെടുന്ന 24,000 ച. അടി വിസ്തൃതിയുള്ള മ്യൂസിയമാണ്. 1963 മേയ് 10 -നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ഇത് ഉദ്ഘാടനം ചെയ്യുന്നത്.  മ്യൂസിയത്തില്‍ 8-ഓളം ഒരാള്‍ വലിപ്പത്തിലുള്ള ഓയില്‍ പെയിന്റിങ്ങുകളുണ്ട് . കൂടാതെ 'My  Life is My Message ' , 'Gaandhiji in  Ahammedabad ' എന്നിങ്ങനെ പേരിട്ടിട്ടുള്ള രണ്ടു പ്രദര്‍ശന വിഭാഗങ്ങളും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഒട്ടനവധി വസ്തുക്കളും ഫോട്ടോകളും ഇവിടെ കാണാം. മ്യൂസിയത്തോടനുബന്ധിച്ചുള്ള ആര്‍കൈവ്സില്‍ അദ്ദേഹം എഴുതിയ 34066  എഴുത്തുകളും , അദ്ദേഹത്തിന്റെ 8633 ലേഖനങ്ങളുടെ കയ്യെഴുത്ത്പ്രതികളും , 6367 ഫോട്ടോഗ്രാഫിന്റെ നെഗറ്റീവുകളും , ഗാന്ധിജിയെക്കുറിച്ചും  സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഉള്ള 210  ചലച്ചിത്രങ്ങളും സംരക്ഷിച്ചിരിക്കുന്നു. ലൈബ്രറിയില്‍ 30000 -ലേറെ ബുക്കുകളും  ഗാന്ധിജിക്ക് ലഭിച്ച 150  - ഓളംഅഭിനന്ദന/ആശംസ കത്തുകളും അദ്ദേഹത്തിന്റെപേരില്‍ ഇറങ്ങിയിട്ടുള്ള നാണയങ്ങളുടേയും സ്റ്റാമ്പിന്റെയും  
 ശേഖരവും ഉണ്ട്. കോണ്‍ഫറന്‍സ്‌   ഹാളും ഓഡിറ്റൊറിയവും മ്യൂസിയത്തില്‍ ക്രമീകരിചിരിക്കുന്നതു  വീഡിയോയും 
ചലച്ചിത്രങ്ങളും കാണുന്നതിനായാണ്. ഗാന്ധിസംഗ്രഹാലയത്തില്‍ തന്നെയാണ് ഗാന്ധിസാഹിത്യ പ്രദര്‍ശനവും വില്പനയും നടക്കുന്നത്.

സബര്‍മതി ആശ്രമത്തിലെ മുഖ്യ ആകര്‍ഷണം മഹാത്മാഗാന്ധി താമസിച്ചിരുന്ന 'ഹൃദയകുഞ്ജ്' എന്ന പേരിലുള്ള ചെറിയ വസതിയാണ്‌. ചരിത്ര പ്രാധാന്യമുള്ള ആ വസതിക്കുള്ളിലെക്ക്  നമുക്ക് കയറി ചെല്ലാവുന്നതാണ്. ഗാന്ധിജി ഉപയോഗിച്ചിരുന്ന എഴുത്തുമേശ, ചര്‍ക്ക , ചില വസ്ത്രങ്ങള്‍, അദ്ദേഹം നെയ്തെടുത്ത നൂല്‍... അങ്ങിനെ പലതും ഇപ്പോഴും അവിടെ സംരക്ഷിച്ചിട്ടുണ്ട്    ചില ഗാന്ധിയന്മാര്‍ പൂമുഖത്തിരുന്ന്‍ ഗാന്ധി സൂക്തങ്ങള്‍ ഉരുവിടുന്നതും കാണാന്‍ കഴിഞ്ഞു.


ഹൃദയകുന്ജിന്റെ വലതുവശത്തായാണ്‌ 'നന്ദിനി' എന്ന പേരിലുള്ള ആശ്രമം ഗസ്റ്റ് ഹൌസ്. വിദേശത്തും നിന്നും സ്വദേശത്തുനിന്നുമുള്ള  അനേകം അതിഥികള്‍ അവിടെ തങ്ങിയിട്ടുണ്ടത്രെ . വിനോബായും പിന്നീട്   മീരാബെനും താമസിച്ചിരുന്ന ചെറിയ ഒരു വീടും ആശ്രമത്തിന്റെ മാനേജര്‍ മഗനലാല്‍ ഗാന്ധി താമസിച്ചിരുന്ന 'മഗന്‍ കുതിര്‍' എന്ന കുടിലും ഇപ്പോഴും ഉണ്ട്. ഹൃദയകുന്ജിനും മഗന്‍ കുതിരിനും ഇടയ്ക്കാണ് 'ഉപാസന  മന്ദിര്‍' എന്നറിയപ്പെടുന്ന തുറന്ന പ്രാര്‍ത്ഥന  സ്ഥലമുള്ളത്. ഗാന്ധിജി തന്റെ അനുയായികള്‍ക്കും നാടുകാര്‍ക്കുമൊപ്പം പ്രാര്‍ത്ഥന നടത്തിയിരുന്നതും അതിനുശേഷം അവര്‍ക്ക് സംശയ നിവാരണം നല്‍കിയിരുന്നതും ഇവിടെ വച്ചത്രേ.

കരകൌശല വസ്തുക്കള്‍, ഹാന്‍ഡ് മേഡ് പേപ്പര്‍, നൂല്‍നൂല്പ്പ് എന്നിവയ്ക്കായി ചെറിയ യൂണിറ്റുകള്‍ ഈ ആശ്രമവാടത്തിലുണ്ട് . സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും  തൊഴില്‍ നല്‍കുന്നതോടൊപ്പം ആശ്രമത്തിന്റെ നടത്തിപ്പിനുള്ള ചെറിയൊരു വരുമാന മാര്‍ഗം കൂടിയാണിത് .

സബര്‍മതിയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ നിന്നും ഞാന്‍ ആ നദിയെ നോക്കി. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആരവല്ലി മലനിരകളില്‍ നിന്നും ഗുജറാത്തിനെ തഴുകി ഒഴുകുന്ന സബര്‍മതിക്ക് ഒരു പക്ഷേ, ചരിത്ര ഗാഥകള്‍ ഒട്ടേറെ പറയാനുണ്ടയിരിക്കും- 1411-ല്‍ സുല്‍ത്താന്‍  അഹമ്മദ് ഷാ അഹമ്മദാബാദ് നഗരം സ്ഥാപിച്ചതിന്റെ, ഗാന്ധിജിയുടെ സഹന സമരത്തിന്റെ, കോട്ടന്‍ മില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ, പ്രളയത്തിന്റെ.....

എനിക്ക് തിരിച്ചു പോകുവന്നുള്ള  നേരമാകുന്നു. പാര്‍ക്കിംഗ് ബേയിലേക്ക്  പതുക്കെ നടന്നു. ഓട്ടോറിക്ഷ 
മുന്നോട്ടെടുക്കുംപോള്‍ ഞാന്‍ പിന്തിരിഞ്ഞു നോക്കി. ചരിത്രത്തിന്റെ സുഗന്ധവാഹികളായി ആശ്രമവും സബര്‍മതിയും കാലഘട്ടങ്ങളെ അതിജീവിച്ച് നാളെകളെ തേടി ഒഴുകുകയാണ്. ... 

'ഹൃദയകുഞ്ജ്'