എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

08 ഒക്‌ടോബർ 2010

ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം-3 )


നാടകം പെയ്തൊഴിഞ്ഞ പുലരിയില്‍

"രാഘവമ്മാഷേ.... രാഘവമ്മാഷേ.... ങ്ങളറിഞ്ഞോന്ന്‍?"

സൂര്യന്റെ ചുവപ്പുരാശി ഇപ്പോഴും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. എഴുന്നേറ്റ് ഒരു കടുംകാപ്പിയും കുടിച്ച് പത്രവുമായി പൂമുഖത്തിട്ടിരിക്കുന്ന ചാരുകസേരയില്‍ കിടന്ന് പതിവുപോലെ പത്രം വായിക്കുകകയായിരുന്നു, രാഘവവാര്യര്‍. തലേന്നാളത്തെ ഉറക്കക്ഷീണമേറെയുണ്ട്. അല്ലെങ്കില്‍ ഇതിനോടകം തന്നെ പത്രം വായന കഴിഞ്ഞുകാണുമായിരുന്നു.  'ഗാലപ്പഗോസ് എന്ന ദുരന്തം' എന്ന ലേഖനം പ്രാധാന്യത്തോടുകൂടി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു പ്രാവശ്യം വായിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയോരുവട്ടം കൂടി വായിക്കാനുള്ള തത്രപ്പാടിലാണ് രാഘവവാര്യര്‍. അപ്പോഴാണ്‌ പടിക്കല്‍നിന്നും ഉയരുന്ന വിളി അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതടുത്തേക്ക്  വന്നു. 

"രാഘവമ്മാഷേ..മ്മടെ തോമസിനെ ആരോ കുത്തിക്കൊന്നിരിക്കണ്.  "  ശേഖരന്‍ കിതച്ചുകൊണ്ടാണ് പറഞ്ഞോപ്പിച്ചത്. അത് പറഞ്ഞു തീര്‍ന്നയുടനെ അയാളുടെ കണ്ണില്‍ നിന്നും രണ്ടു നീര്‍ത്തുള്ളികള്‍ കവിളിലേക്ക് ഒഴുകിയിറങ്ങി.

"മയ്യത്ത് ബടക്കേലെ കവുങ്ങിന്‍ തോപ്പില് ചോര ബാര്‍ത്ത് കടക്ക്വാത്രേ. " അതുപറഞ്ഞത്‌ അഹമ്മദായിരുന്നു.

രാഘവവാര്യര്‍  'ഗാലപ്പഗോസ് എന്ന ദുരന്ത' ത്തില്‍ നിന്നും തല പതുക്കെ ഉയര്‍ത്തി ശേഖരനെയും അഹമ്മദിനെയും ഒന്ന് നോക്കി. വേറെയും രണ്ടുപേര്‍ അവരോടോപ്പമുണ്ട്. തോമസിനെപ്പോലെതന്നെ തന്റെ നാടകത്തെ ഹൃദയങ്ങളിലേന്തിയ സഹചാരികള്‍ ഇവരെല്ലാം.

"ങ്ങളൊന്ന്‌ ബെക്കം ബരാന്‍ നോക്കിന്‍ന്ന്‍, ന്റെ മാഷേ." രാഘവവാര്യരുടെ  ആ 'സാ'മട്ട് അഹമ്മദിന് പിടിച്ചില്ല എന്ന് സ്പഷ്ടം.

പ്രത്യേകിച്ചൊന്നും സംഭവിചിട്ടില്ലാത്തപോലെ രാഘവവാര്യര്‍ ചാരുകസേരയില്‍ നിന്നുമെഴുന്നേറ്റു. മുണ്ടൊന്നു മുറുക്കിക്കുത്തി. മുറിക്കയ്യന്‍ ബനിയനുമേല്‍ ഒരു മേല്‍മുണ്ടിട്ടു. കണ്ണാടിയുടെ മുന്നില്‍ ച്ചെന്നു തലേന്നാളത്തെ ഡാര്‍വിന്റെ താടിയുടെ അവശിഷ്ടങ്ങളൊന്നും ശേഷിക്കുന്നില്ലെന്നു ഉറപ്പുവരുത്തി. പിന്നെ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു: 'മോളേ.. , ഞാന്‍ ഒന്ന് പൊറത്തേക്കിറങ്ങ്വാണ് ട്ടോ.." ഇറങ്ങും വഴി പതിവുപോലെ പത്രം മടക്കി കക്ഷത്ത്‌ തിരുകി.

വടക്കേലെ കവുങ്ങിന്‍ തോട്ടത്തിലേക്ക് നടക്കുന്നതിനിടയില്‍ ശേഖരന്‍ പറഞ്ഞുകൊണ്ടിരുന്നു. "ആരാണ് എങ്ങിന്യാണ്ന്നൊന്നും    ഒരു  രൂപോംല്ല്യ . ന്നലെ കപ്പിത്താന്റെ വേഷം കെട്ടണവരെ തോമസ്‌ മദ്യപിച്ചിട്ടില്ല. അതെനിക്കൊറപ്പാ , അത് പതിവില്ലാത്തതാണ്ച്ചാലും. അത് കഴിഞ്ഞു ഞാന്‍ നാടകം കാണാന്‍ താഴേക്കങ്ങടെറങ്ങി.     ഇനീപ്പ നാടകം കഴിഞ്ഞു വല്ലതും..."

"ശേഖരേട്ടന്‍ എന്താ ഈ പറയണത്. തോമസ്‌ വെള്ളം അടിച്ചുചത്തതൊന്നും അല്ലല്ലോ. ആരോ കുത്തിക്കൊന്നതല്ലേ." ദിവാകരന്‍ ഇടക്ക് കയറി പറഞ്ഞു.

"അത് തന്ന്യാ ഞാന്‍ പറഞ്ഞു വന്നത്. ഇനീപ്പോ വെള്ളടിച് ആരെങ്കിലുമായി വഴക്കിട്ടിട്ടുണ്ടായിരിക്ക്യോ എന്തോ?"

"എന്റെ സംശയം അങ്ങിന്യല്ല. മുന്‍ വൈരാഗ്യം വച്ച് വല്ലോരും കുത്തി മലര്‍ത്ത്യോന്നാ. ആള്‍ടെ കയ്യിലിരിപ്പും അത്ര നന്നൊന്ന്വല്ലല്ലോ  ആയിരുന്നത്." ദിവാകരന്‍ മറ്റൊരു സാധ്യത നിരത്തി.

രാഘവന്മാഷും സംഘവും കവുങ്ങിന്‍ തോപ്പിലെത്തി. സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം ഇപ്പോഴവിടെയു ണ്ട്. അവരെ വകഞ്ഞുമാറ്റി അഹമ്മദ് ഒരു പാത വെട്ടി. അതിലൂടെ  അവര്‍ മുന്നിലേക്ക് കടന്നു.   

ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോയുടെ വസ്ത്രം ചോരയില്‍ മുങ്ങിയിരിക്കുന്നു. നെഞ്ചിന്റെ ഇടതുവശത്ത്തന്നെയായിരിക്കണം കുത്ത് ഏറ്റിരിക്കുന്നതെന്ന്  അവിടെ വാര്ന്നിരിക്കുന്ന ചോരയുടെ ഗാഡത   വ്യക്തമാക്കുന്നു. ആറടി നീളവും ഒത്ത ശരീരവുമുള്ള തോമസിന്റെ ദേഹം കവുങ്ങിന്‍ തോപ്പില്‍ വെട്ടിയിട്ട വടവൃക്ഷം കണക്കെ മലര്‍ന്നു പരന്നു കിടന്നു.

"ഹാരാ ഈ അറും കൈ ചെയ്തതെന്റീശ്വരാ  "
"ഓന് കുടീം ബീടരോന്നുംല്ലാത്തത് നന്നായി."
"ന്താ പോലീസില് വിവരം അറിയിചില്ല്യാന്നുണ്ടോ?"

ഒട്ടനവധി മുറുമുറുപ്പുകളും രോദനങ്ങളും നിശ്വാസങ്ങളും കൊണ്ട് അന്തരീക്ഷം ചൂട് പിടിച്ചു കഴിഞ്ഞിരിക്കുന്നു.

രാഘവന്മാഷ് എന്നത്തേയും പോലെ ശാന്തനും അക്ഷോഭ്യനും ആയിരുന്നു. അയാള്‍ തോമസിന്റെ ശരീരത്തിനടുത്തെക്ക് കുനിഞ്ഞിരുന്നു. കക്ഷത്ത്‌ അത്രയും നേരം ഇറുക്കിപ്പിടിച്ചിരുന്ന  പത്രം പതുക്കെ ഊര്‍ന്നു തോമസിന്റെ ഇടതു നെഞ്ചില്‍ വന്നു വീഴുകയായി. കട്ടപിടിച്ചു കിടന്നിരുന്ന ചോര പതുക്കെ ഉരുകാന്‍ തുടങ്ങി. പത്രത്തിലെ കറുത്ത അക്ഷരങ്ങള്‍ ചുകന്ന പശ്ചാത്തലത്തില്‍  തെളിയുകയായി-'ഗാലപ്പഗോസ് എന്ന ദുരന്തം' . അതിനുപിറകെ ഒന്നൊന്നായി അക്ഷരങ്ങളുടെ ഘോഷയാത്ര. ഓരോ അക്ഷരങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി രക്തസാക്ഷികളാകുകയായി. അവസാനം തെളിഞ്ഞ അക്ഷരങ്ങള്‍ ഇങ്ങനെ വായിക്കാറായി- "പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ട് നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം കാണുന്നത്." പിന്നീടുള്ള അക്ഷരങ്ങളെ ജ്വലിപ്പിക്കാനോ മുക്കിക്കൊല്ലാനോ കെല്‍പ്പില്ലാതെ അപ്പോഴേക്കും ചോര ഒരിക്കല്‍ക്കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്നു.

മൃതശരീരത്തിനടുത്ത് നിന്നും എഴുന്നേറ്റ്, തിരിഞ്ഞ് നടക്കുമ്പോള്‍ രാഘവവാര്യര്‍ ആരോടെന്നില്ലാതെ മന്ത്രിച്ചു : ഡാര്‍ വിന്‍  എപ്പോഴേ പ്രതികരിച്ചു കഴിഞ്ഞിരുന്നു."

കവുങ്ങിന്‍ തോപ്പിലേക്ക് പൊടുന്നനെ കാറ്റ് ശക്തമായി വീശി. കവുങ്ങുകള്‍ പരസ്പരം തലതല്ലി ചാകാനൊരുങ്ങി. ആളുകള്‍ നാലുപാടും ചിതറി ഓടി.

നാടകം പെയ്തൊഴിഞ്ഞ ആ പുലരിയില്‍ അവിടെ ഒടുവിലവശേഷിച്ചത് തോമസിന്റെ മൃതശരീരവും രാഘവന്മാഷും മാത്രം. ഇപ്പോള്‍ കാറ്റിനു രൌദ്രഭാവമില്ല. അത് കവുങ്ങിന്‍ തലപ്പുകളെ താരാട്ടുന്നു.

പടിഞ്ഞാറന്‍ തീരത്തെവിടെയോ കപ്പലിന്റെ  നങ്കൂരമുയര്‍ത്തുന്നതിന്റേയും സൈറന്‍ മുഴക്കുന്നതിന്റേയും ശബ്ദം ഇപ്പോള്‍ കേള്‍ക്കാം. അത് 'ജെസീക'യുടെയോ  'HMS ബീഗിളി'ന്റെയോ ? ഒരു പക്ഷേ രണ്ടിന്റേയും സമ്മിശ്രവുമാകാം. രാഘവന്മാഷ് എന്ന രാഘവവാര്യര്‍ തോമസിന്റെ മൃതശരീരവും തോളിലേന്തി പടിഞ്ഞാറന്‍ തീരത്തേക്കോടുകയായി.

===xxx ===