എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

05 മാർച്ച് 2010

വികസനം പാളങ്ങളിലൂടെ ___തൃശ്ശൂര്‍ ജില്ലയുടെ വികസനത്തിനൊരു രൂപരേഖ

.



(തൃശൂര്‍ റെയില്‍വേ പാസ്സഞ്ചെര്‍സ്‌ അസോസിയേഷന് വേണ്ടി തയ്യാറാക്കിയത്. ഇതിലെ ആശയങ്ങള്‍ക്ക് പലതിനും TRPA സഹയാത്രികര്‍ക്ക് കടപ്പാട് )


വികസനം എന്ന പദത്തിന്റെ വിശദീകരണം ഒറ്റ വാക്കില്‍ ഒതുക്കാന്‍് കഴിയുന്ന ഒന്നല്ല. അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട് തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളവും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കാര്‍ഷികം, വ്യാവസായികം, വിനോദസഞ്ചാരം തുടങ്ങി വികസനം അനിവാര്യമായ ഒട്ടനവധി മേഖലകള്‍ നമുക്കും ഉണ്ട്. പക്ഷേ, സത്വര വികസനം എന്നത് ഈ പല മേഖലകളിലും അത്രതന്നെ ഫലവത്താകത്തതും ഏറെക്കുറെ കാലതാമസം എടുക്കാന്‍ ഇടവരുന്നതുമാണ്. ഒരു നാടിന്റെ മറ്റുമേഖലകളുടെ വികാസത്തിനും അതിലെ ജനങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുവാനും ഉതകുന്ന അടിസ്ഥാന വികസനോപാധികളുടെ പ്രസക്തി ഈ സാഹചര്യത്തിലാണ് ഇതള്‍ വിരിയുന്നത്.


അടിസ്ഥാന സൌകര്യ മേഖലകളില്‍ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഗതാഗത സംവിധാനം. ചക്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയുടെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു എന്ന്‍ നരവംശ ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് സാധ്യമായത് മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യവും ചരക്കിന്റെ വിനിമയവുമാണ്. വിവിധ സംസ്കാരങ്ങളുടെ സന്കലനത്തിനും ഒരു സിവിലൈസ്ഡ് സൊസൈറ്റിയുടെ രൂപീകരണത്തിനും ഹേതുവായത് കാലാകാലങ്ങളിലായി വികസിച്ചുവന്ന ഗതാഗതസൌകര്യങ്ങള്‍ തന്നെയായിരുന്നു എന്നത് നിസ്തര്ക്കമാണ്.


ഉപരിതല ഗതാഗത സംവിധാനമെന്ന നിലയില്‍ റോഡ്‌ മാര്‍ഗവും റെയില്‍ മാര്‍ഗവും ഉള്ള ഗതാഗത സംവിധാനത്തിന്റെ വികാസം നാടിന്റെ വികസനത്തിന്‍ എങ്ങിനെ മുതല്‍ ക്കൂട്ടാകുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്കു നിരത്തുവാന്‍ കഴിയും. ഏറെക്കാലമായി ഈ രണ്ട് ഉപരിതല ഗതാഗത മാര്‍ഗങ്ങളും പരസ്പരം പൂരകങ്ങളല്ലാത്ത വിഭിന്ന ഉപാധികളായി നിലനില്‍ക്കുകയായിരുന്നു. പക്ഷേ, വിവിധ രാജ്യങ്ങളിലായി നടപ്പിലാക്കിവരുന്ന പുതിയ വികസന മാതൃകകള്‍ ഈ രണ്ട് മാര്ഗങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുളളവയാണ്.


തൃശ്ശൂര്‍ എന്ന ഉപനഗരം


തൃശ്ശൂരിന്റെ വികസനം റെയില്‍ ഗതാഗത സംവിധാനവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇനി നമുക്കു പരിശോധിക്കേണ്ടത്. അടുത്ത ഒന്നൊന്നര ദശകമെങ്കിലും തൃശ്ശൂരിന്റെ വികസനം എറണാംകുളം അഥവാ കൊച്ചി നഗരത്തിന്റെ ഉപനഗരം എന്ന നിലയ്ക്കായിരിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പുതിയ ഒട്ടനവധി പദ്ധതികളുമായി കൊച്ചി, കേരളത്തിലെ മുഖ്യ വ്യവസായ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സംരംഭങ്ങള്‍ക്കാവശ്യമായ മനുഷ്യ വിഭവശേഷി എറണാംകുളം ജില്ലയില്‍നിന്നുമാത്രമായി ഒതുങ്ങുന്നത് തികച്ചും അപര്യാപ്തമായിരിക്കും. സ്വാഭാവികംമയും അയല്‍ ജില്ലകളെക്കൂടി ആശ്രയിക്കേണ്ടതായി വരും. മറുവശത്ത് , ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉദ്യോഗസ്തന്മാരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ താമസ സൌകര്യമോരുക്കാന്‍ സ്ഥലപരിമിതി, ജീവിതച്ചിലവ്‌ എന്നിങ്ങനെ പലകാരണങ്ങളാല്‍ കൊച്ചിക്ക് കഴിയാതെ വരും. കായല്‍ പ്രദേശവും മലനാടും ഭൂരിഭാഗം വരുന്ന താരതമ്യേന കുറഞ്ഞ ഇടനാടുള്ള എറണാംകുളം ജില്ലയുടെ ഭൂപ്രകൃതി, ഈ സാഹചര്യത്തില്‍ താമസ സൌകര്യത്തിനായി അയല്‍ ജില്ലകളിലേക്ക് കുടിയേറാന്‍ ഈ വിഭാഗത്തെ പ്രേരിപ്പിക്കും. നിരവധികാരണങ്ങളാല്‍ ഇവരുടെ പ്രഥമ പരിഗണന എന്തുകൊണ്ടും തൃശ്ശൂര്‍ ജില്ലക്ക്‌ തന്നെയായിരിക്കും.


വിശാല കൊച്ചി നഗരം എന്ന് പറയുമ്പോള്‍ അരൂര്‍ മുതല്‍ അങ്കമാലി വരെ നീണ്ടു കിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെ വിവക്ഷിക്കുന്നത് പോലെ തന്നെ തൃശ്ശൂര്‍ നഗരം എന്ന് പറയുമ്പോള്‍ അതിന്റെ പരിധിയില്‍ സ്വരാജ് റൌണ്ട് മാത്രമല്ല വരുന്നത്, ജില്ലയിലെ ചുറ്റുമുള്ള ഒട്ടേറെ പ്രദേശങ്ങള്‍ക്കൂടി ഉള്‍പ്പെടുന്നു എന്ന മനസ്സിലാക്കേണ്ടതാണ് .


ഗതാഗത സൌകര്യം


നേരത്തെ കണ്ടപോലെ തൃശ്ശൂര്‍ , എറണാംകുളത്തിന്റെ ഉപനഗരമായി വികസിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒന്നാണ് രണ്ടു ജില്ലകളെയും ബന്ധിപ്പിച്ചു കൊണ്ടുളള ഗതാഗത സൌകര്യം. വിപുലവും വേഗതയുള്ളതുമായ ഗതാഗത സംവിധാനം കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ തേടി എറണാംകുളത്തെക്ക് പോകാന്‍ അവസരമൊരുക്കുന്നു. അതുപോലെത്തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ വ്യവസായ നഗരത്തില്‍ തൊഴില്‍ തേടി വരുന്നവര്‍ക്ക്‌ തൃശ്ശൂരിലെ മികച്ച അന്തരീക്ഷത്തില്‍ 'സെറ്റില്‍' ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കുന്നു.


എന്തുകൊണ്ട് റെയില്‍ ഗതാഗതം ?


തൃശ്ശൂരിന്റെ വികസനത്തിന് ഗതാഗത സൌകര്യത്തിന്റെ അനിവാര്യത നമ്മള്‍ കണ്ടു കഴിഞ്ഞു . റോഡ്‌ മാര്‍ഗമുള്ള ഗതാഗതമാണോ റെയില്‍ മാര്‍ഗമുള്ള ഗതാഗതമാണോ അഭികാമ്യം എന്ന ചോദ്യമാണ് ഇനി നമുക്കു മുന്നിലുള്ളത്.


ഒരു പൊതു ഗതാഗത സംവിധാന നിലയിലും ഭാവിയിലെ യാത്രാരൂപമെന്ന നിലയിലും ലോകമെങ്ങും റെയില്‍ ഗതാഗതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ് . റെയില്‍ ഗതാഗതത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നു പരിശോധിക്കാം.

  • ഒരു നിശ്ചിത സമയത്ത്‌ കി.മീ. പ്രതി പരമാവധി യാത്രികരെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌.
  • ഉയര്‍ന്ന ‍ ഇന്ധനക്ഷമത
  • റോഡ്‌ ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ പരിസ്ഥിതി മലിനീകരണ സാധ്യത.
  • ഗതാഗതക്കുരുക്കിന്റെ അഭാവം
  • കൂടിയ വേഗത.
  • താരതമ്യേന താഴ്ന്ന ടിക്കറ്റ്‌ നിരക്ക്‌

മാതൃകാപദ്ധതികള്‍


രണ്ടു ജില്ലകളെയും ബന്ധിപ്പിച്ച്കൊണ്ടു കൂടുതല്‍ വണ്ടികള്‍ ഓടിക്കുക എന്നതാണ് ഗതാഗത സൌകര്യ വികസനത്തിനുള്ള ഏക പോംവഴി. പക്ഷെ അതിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. ഒരു 'ബോട്ടില്‍ നെക്ക്' ആയി വിശേഷി പ്പിക്കുന ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ ദ്വിവരി റെയില്‍ പാത ഇപ്പോള്‍ തന്നെ 12൦% വരെ അമിത ഉപയോഗത്തിന് വിധേയമായിരിക്കുന്നു എന്ന റെയില്‍ അധികൃതരുടെ ഭാഷ്യം തെന്നെയാണ് അതില്‍ മുഖ്യം. വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കൂടി പ്രവര്‍ത്തനക്ഷമാമാകുന്നതോടെ സ്ഥിതി കൂടുതല്‍ ശോചനീയമാകും.


ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു ഇനി പറയും വിധത്തിലുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കേണ്ടതായി വരും.


1 .മൂന്നുവരി / നാലുവരി റെയില്‍ പാത


ഏറണാകുളം - ഷൊറണൂര്‍ സെക്ടറില്‍ നിലവിലുള്ള രണ്ടുവരി പാതയ്ക്ക് പുറമെ ഒന്നോ രണ്ടോ വരി പാത കൂടി ഇടുന്ന സംവിധാനമാണിത്. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിനു ഏറ്റവും സഹായകമായ നടപടിയാണി ത്‌. ഈ സെക്ടറില്‍ കുറെയേറെ പ്രദേശസങ്ങളില്‍ റെയില്‍വേക്ക് സ്വന്തമായി ഭൂമി ഉള്ളതിനാല്‍ സ്ഥലം എറ്റെടുക്കലിന്റെ പ്രായോഗിക ബിദ്ധിമുട്ടുകള്‍ കുറച്ചൊക്കെ ലഘൂകൃതമാണ്‌. . ഏറെ പണച്ചിലവും സമയ ദൈര്‍ഘ്യവും എടുക്കുന്ന ഈ പദ്ധതിയെ ഒരു ദീര്‍ഘകാല പദ്ധതിയായി മാത്രമെ പരിഗണിക്കാന്‍ കഴിയൂ.


2.സിഗ്നലിംഗ് സിസ്റ്റം


ഈ സെക്ടറില്‍ ഇപ്പോള്‍ നിലവിലുള്ളത്‌ 'അബ്സല്യൂട്ട് ബ്ലോക്ക്‌ സിസ്റ്റം' (ABS ) എന്ന സിഗ്നലിംഗ് സംവിധാനമാണ്. ഇതു പ്രകാരം പ്രധാന സ്റ്റെഷനുകളില്‍ മാത്രമാണ് സിഗ്നലുകള്‍ ഉള്ളത്‌. ഒരു സിഗ്നലിംഗ് സ്ടേഷനില്‍ നിന്നും ഒരു വണ്ടിയുടെ പ്രയാണം ആരംഭിക്കണമെങ്കില്‍ അതിന് മുന്നില്‍ പോയ വണ്ടി അടുത്ത സിഗ്നലിംഗ് സ്റ്റേഷന്‍ വിട്ടതിനു ശേഷം മാത്രമെ കഴിയൂ. ഷൊറണൂര്‍- ഏറണാകുളം സെക്ടറില്‍ രണ്ടു സിഗ്നലിംഗ് സ്റ്റേഷനുകള്‍‍ക്കിടയില്‍ ശരാശരി 10 കി.മീ. എങ്കിലും ദൂരമുണ്ട്. ഈ ഒരു സാഹചര്യം ട്രെയിനിന്റെ റണിംഗ് ടൈം കൂട്ടുന്നതിനും വൈകുന്നതിനും ഹേതുവാകുന്നു. ഇതിന് ബദലായുള്ള സിഗ്നലിംഗ് സംവിധാനമാണ് 'ഓടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം' (ASS ) എന്നത്. ഇതു പ്രകാരം ഓരോ കി.മീ. ഇടവേളകളില്‍ സിഗ്നലുകള്‍ ഉണ്ടായിരിക്കും. ഇതു ട്രെയിനുകള്‍ കാര്യക്ഷമമായി വേഗതയില്‍ ഓടിക്കുന്നതിനു സഹായിക്കുന്നു. ഈ സംവിധാനത്തിലേക്ക് മാറുന്നതിനു പുതിയ പാതയ്ക്ക് വേണ്ടുന്ന അത്രയും സാമ്പത്തിക ബാധ്യത വരില്ലെങ്കില്‍ തന്നെയും താരതമ്യേന ചെലവു കൂടുതലാണ്.


3. സിഗ്നല്‍ ഹട്ടുകള്‍


നേരത്തെ വിവരിച്ച ABS നും ASS നും ഇടയ്ക്കുള്ള ഒരു സംവിധാനമാണ് ഇന്റെര്‍മിഡിയറ്റ് ബ്ലോക്ക്‌ സിഗ്നലിംഗ് സിസ്റം. ABS നിലവിലുള്ള രണ്ടു ദൈര്‍ഘ്യമേറിയ സ്റ്റേഷനുകള്‍‍ക്കിടയില്‍ ഒന്നോ രണ്ടോ 'സിഗ്നല്‍ ഹട്ടുകള്‍' സ്ഥാപിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ വേഗത ഒട്ടൊക്കെ കൂട്ടുന്നതിനു ഇതു ഉതകുന്നു. സാമ്പത്തിക ബാധ്യതയും സമയ ദൈര്‍ഘ്യവും കുറഞ്ഞ പദ്ധതിയാണിത്. പ്രായേണ സിഗ്നല്‍ ഹട്ടുകളുടെ എണ്ണം കൂട്ടികൊണ്ട് വന്ന് ASS ലേക്ക് മാറുകയുമാവാം.


4.മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌ (മെമു)


ഷൊറണൂര്‍ - ഏറണാകുളം സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുന്നതോറൊപ്പം തന്നെ ചെയ്യേണ്ട ഒന്നാണ് മെമു അവതരിപ്പിക്കുക എന്നത്. മെമു വിന്റെ ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • വണ്ടിയെടുക്കുന്നതിനും വേഗതയാര്‍ജിക്കുന്നതിനും നിറുത്തുന്നതിനും വളരെ കുറച്ചു സമയത്തിന്റെ മാത്രം ആവശ്യം.
  • എഞ്ചിന്‍ മാറാതെ തന്നെ ഏത് ദിശയിലെക്കും വണ്ടി ഓടിക്കാനുള്ള സൗകര്യം.
  • കൂടുതല്‍ യാത്രികരെ ഉള്‍ക്കൊള്ളിക്കാന്‍ ഉതകുന്ന കമ്പാര്‍ട്ട്മെന്റുകള്‍
  • മെയിന്‍ ലൈനിലൂടെ തന്നെ കൂടുതല്‍ വേഗതയിലുള്ള ഗതാഗത സൌകര്യം
തുടക്കത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടെന്കിലും ഇത്തരം ട്രെയിനുകള്‍ ഓടിക്കേണ്ടതായി വരും. തിരക്ക്‌ വര്ധിക്കുന്നതിന് അനുസൃതമായി പിന്നീട ആവൃ‍ത്തി കൂട്ടുകയുമാവാം.


5.താത്കാലിക സംവിധാനങ്ങള്‍


തടസ്സമില്ലാതെ മെമു ഗതാഗത സൌകര്യം ഒരുക്കണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചപോലെ കുറച്ചെങ്കിലും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തെണ്ടതാണ്. .അതുപോലെത്തന്നെ മെമു മേയിന്റൈന്‍സ്‌ യാര്‍ഡും സജ്ജമാകണം. (പാലക്കാട്ട് ഇത് ഒരുങ്ങി വരുന്നു.) ഇതിന് വേണ്ടിവരുന്ന ചുരുങ്ങിയ കാലയളവില്‍ നിലവിലുള്ള ചില വണ്ടികളുടെ ദൈര്‍ഘ്യം കൂട്ടിയും , വെറുതെ കിടക്കുന്ന ചില റേക്കുകള്‍ യഥാവിധി ഉപയോഗിച്ചും ഈ സെക്ടറിലെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്.




മേല്‍ വിവരിച്ച പദ്ധതികള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ളത് അവരോഹണ ക്രമത്തില്‍ മുന്‍ ഗണന കൊടുത്തുകൊണ്ട് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണ്. എങ്കില്‍ മാത്രമെ പദ്ധതികള്‍ കൊണ്ടുള്ള ഫലം ദൃശ്യമാകുയുള്ളൂ.


അനുബന്ധ വികസന പരിപാടികള്‍


വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി, പൂങ്കുന്നം, തൃശൂര്‍ , ഒല്ലൂര്‍, പുതുക്കാട ‌, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈന്‍ നഗര്‍ , കൊരട്ടി, ഗുരുവായൂര്‍ എന്നിങ്ങനെ A മുതല്‍ E വരെയുള കാറ്റഗറിയിലായി 13 സ്റ്റേഷനുകളാണ് തൃശൂര്‍ ജില്ലയിലുളളത്. ഈ സ്റ്റേഷനുകള്‍ എല്ലാം തന്നെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപപടി റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് . കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുതകും വിധം അടിസ്ഥാന സൌകര്യങ്ങള്‍ പലതും വര്‍ദ്ധിപ്പിക്കണം. അതുപോലെ തന്നെ കൂടുതല്‍ കറന്റ് ബുക്കിംഗ് കൌണ്ടറകളും UTS സംവിധാനവും ഈ സ്റ്റേഷനുകളില്‍ ആവശ്യമാണ്‌.


പൂങ്കുന്നം സ്റ്റേഷനെ തൃശൂരിന്റെ ഒരു ഉപഗ്രഹ സ്റ്റേഷനായി വികസിപ്പിക്കുന്നത് തിരക്കേറിയ സമയങ്ങളില്‍ തൃശൂര്‍ സ്റ്റേഷനിലെ തിരക്കും നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കുന്നതില്‍ ഒട്ടേറെ സഹായകമാകും. ജില്ലയുടെ വടക്ക്‌, വടക്കുകിഴക്ക്‌, വടക്ക് പടിഞ്ഞാര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക്‌ സ്വരാജ് റൌണ്ടിലെ തിരക്ക്‌ ഒഴിവാക്കി യാത്രചെയ്യാന്‍ ഇതു സഹായകമാകും.


പൂര്‍ത്തിയാകുന്ന രണ്ടാം പ്രവേശന കവാടത്തോടനുബന്ധിച്ച്ച്ച് തൃശൂരില്‍ നാലാമതൊരു പ്ലാറ്റ്ഫോം കൂടി പണിയുന്നതും തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ നിലവിലുള്ള സ്ഥലത്ത് മൂന്നാമതൊരു റെയില്‍ പാത സ്ഥാപിക്കുന്നതും തൃശൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ ഹാള്‍ട്ട് ചെയ്യുന്നതിനും യാത്ര പുറപ്പെടുന്നതിനും വഴിയൊരുക്കും.


ഗുരുവായൂരിനെയും ഇടപ്പള്ളിയെയും ബന്ധിപ്പിച്ച്കൊണ്ടുള്ള ഒരു പുതിയ റെയില്‍പ്പാത പദ്ധതി ജില്ലയുടെ തീര ദേശ പ്രദേശങ്ങളുടെ വികസനത്തിന് ഏറെ ഉതകും.


റെയില്‍വെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടു ‌ കിഴക്ക് പടിഞ്ഞാറായി 'മീന്‍ മുള്ള് മാതൃക'യില്‍ റോഡ്‌ ഗതാഗത സംവിധാനം വികസിപ്പിക്കുന്നത് ഉള്‍ നാടുകളുടെ വികസനത്തിനും സഹായകമാകും.


തൃശൂരിന്റെ തുടര്‍ വികസനം


ഗതാഗത സൌകര്യമെരുമ്പോള്‍ തൃശൂരിന്റെ വികസനം എങ്ങനെ ആയിരിക്കുമെന്നു നമുക്ക്‌ നോക്കാം.


ഏറണാകുളം / കൊച്ചിയിലേക്ക് പോകുന്നതിനു വേണ്ടിവരുന്ന യാത്രാസമയം ഒന്നൊന്നര മണിക്കൂറായി കുറയുന്നതും വണ്ടികളുടെ ആവൃത്തി കൂടുന്നതും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തൊഴിലന്വേഷകരെ ഈ നഗരത്തിലെക്ക് അടുപ്പിക്കും. ഇവരുടെ വരുമാനം തന്നെയായിരിക്കും ആദ്യ ഘട്ടത്തില്‍ തൃശൂരിന്റെ വികസനത്തിന് ഉത്തേജകമാകുക. രണ്ടാം ഘട്ടത്തിലായിരിക്കും ഒരു താമസ കേന്ദ്രമെന്ന നിലയില്‍ തൃശൂരി ലെക്ക് ആളുകള്‍ കുടിയേറുക. താരതമ്യേന ഉയര്‍ന്ന‍ ക്രയശേഷിയുള്ള ഈ രണ്ടു വിഭാഗങ്ങളും നമ്മുടെ നാട്ടിലെ വ്യവസായ-വാണിജ്യ മേഖലകളില്‍ ശക്തമായ സ്വാധീനമായിരിക്കും ചെലുത്തുക. നമ്മുടെ നാട്ടിലെ ചെറിയ ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികാസത്തിന് വാരാന്ത്യങ്ങള്‍ ചെലവഴിക്കാനുള്ള ഇവരുടെ ത്വര സാഹചര്യമൊരുക്കും. പുതിയ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാ-സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കാലത്തിന്റെ ആവശ്യമായി വരും എന്നതിനാല്‍ ഈ മേഖലകളിലും വികസനത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവാതിരിക്കില്ല.



===============