( ഭാഗം -1 ന്റെ തുടര്‍ച്ച )

ഒന്നിലധികം 'ബലി'മാര്‍
കൊസംബിയുടെ കാലഗണന വച്ചു നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത് BC8-ആം നൂറ്റാണ്ടിലാണ് . രാമായണ കഥ നടക്കുന്നത് BC 7000 ത്തിനും ബ്ക് 2000 ത്തിനും ഇടയില്‍ എപ്പോഴോ ആണ്. (പലര്‍ക്കും പല അഭിപ്രായം). പുരാണങ്ങളനുസരിച്ച് രാമായണ കാലഘട്ടത്തിനും മുമ്പാണ് ബലി ജീവിച്ചിരുന്നത്. അതായത് ബലിക്കും കൃഷ്ണനും ഇടയില്‍ ചുരുങ്ങിയത് 1000-1500വര്ഷങ്ങളെന്കിലും അന്തരമുണ്ട്.
ബലിയുടെ നൂറുമക്കളില്‍ മൂത്തവനായ ബാണനെ ശ്രീകൃഷ്ണന്‍ പരാജയപ്പെടുത്തുന്നതും ബാണ പുത്രി ഉഷയെ കൃഷ്ണന്റെ പേരക്കുട്ടി വേള്‍ക്കുന്നതും ശ്രീമദ് ഭാഗവതത്തില്‍ ഉണ്ട്. ഇതിനുള്ള സാധ്യത തുലോം കുരവാണ്. കഥാകഥനത്തില്‍ എവിടെയെങ്കിലും വിടവുകള്‍ വന്നിരിക്കാം. ഒന്നുകില്‍ ഒന്നിലധികം ബലിമാര്‍ ഉണ്ടായിരിക്കണം- ബലിമാരുടെ ഒരു വംശാവലി. അല്ലെങ്കില്‍ ബലി പുത്രനായ ബാണന്റെ ഒരു വംശാവലി. ബലിയുടെ നൂറു പുത്രരില്‍ മൂത്തവനായി, സഹസ്രഭുജനായി ഒക്കെയാണ് കൃഷ്ണനുമായി എറ്റുമുട്ടുന്ന ബാണനെ വിവരിച്ചിരിക്കുന്നത്. ഒരേ സ്പെസിഫിക്കേഷനിലുള്ള ഒന്നിലധികം ബാണന്മാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത തുലോം കുറവ്. അതുകൊണ്ടുതന്നെ ബലിമാര്‍ ഒന്നിലധികം ഉണ്ടായിരുന്നു, അവരില്‍ പ്രമുഖനായ അഥവാ മഹാനായ ബലിയായിരുന്നു മഹാബലി, അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരനായ മറ്റൊരു ബലിയുടെ മകനാണ് ബാണന്‍ എന്നിങ്ങനെ നിരീക്ഷിക്കാവുന്നതാണ്.
ആര്യ - ദ്രാവിഡ സംഘര്‍ഷം
വേദങ്ങളും അതിനെ തുടര്‍ന്നുണ്ടായ ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും എല്ലാം പ്രാചീനത അവകശപ്പെടാവുന്നവയാണ്. വായ്മൊഴിയായാണ് ഇവ പ്രാഗ് കാലം മുതല്‍ തലമുറകളിലേക്ക് പകര്‍ന്നിരുന്നത്. വേദങ്ങള്‍ , അതിനാല്‍ ശ്രുതി എന്ന പേരിലും അറിയപ്പെടുന്നു. പുരാണങ്ങള്‍ പലതും പില്‍ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ളവയാണ്. ശ്രീമദ് ഭാഗവതം എഴുതിയിട്ടുള്ളത് 13-)൦ നൂറ്റാണ്ടിലാണെന്ന് അതിലെ ഭാഷയും പ്രയോഗങ്ങളും വച്ച് വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ , വാമൊഴിയായി അതിന് മുമ്പുതന്നെ നിലനിന്നിരിക്കാം. വേദങ്ങളില്‍ നിന്നും അതതു കാലത്തെ ചിന്തയുടെയും ജീവിതക്രമാത്തിന്റെയും രൂപം എറേക്കുറെ ലഭിക്കുന്നുണ്ടത്രേ. എന്നാല്‍, പുരാണങ്ങളില്‍ ചരിത്രത്തിന്റെ അംശങ്ങള്‍ തേടുന്നതില്‍ വലിയ അര്ത്ഥമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷെ, അവ കഥകലാണെന്കില്‍ കൂടി ആ കാലത്തെ സംഭവങ്ങളുടേയോ വ്യവസ്ഥകളുടേയോ പ്രതിഫലനം തീര്‍ച്ചയായും കാണുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇവര്‍ പുരാണങ്ങളില്‍ നിന്നും ചരിത്രം കുറച്ചൊക്കെ കണ്ടെത്തിയിട്ടുമുണ്ട്.
ബലി-വാമന മുഖാമുഖമുള്‍പ്പെടെയുള്ള ദേവാസുര സംഘര്‍ഷങ്ങളെല്ലാം ആര്യ- ദ്രാവിഡ യുദ്ധത്തിന്റെ പകര്‍പ്പുകളാണെന്നാണ് കൊസംബി മുതല്‍ റോമില ഥാപ്പര്‍ വരെയുള്ള ചരിത്ര പണ്ടിതര്‍ അഭിപ്രായപ്പെടുന്നത്.
മനുവിന്റെ പിന്മുറക്കാരാണ് കശ്യപ-അദിതി പുത്രന്മാരായ ദേവന്മാരും, കശ്യപ-ദിതി പുത്രന്മാരായ അസുരന്മാരും എന്നതിനാല്‍ അവരെല്ലാം മനുഷ്യരാണെന്നുള്ള 'ക്ലൂ' പുരാണങ്ങള്‍ തന്നെ നമുക്ക് തരുന്നുണ്ട്. അല്ലാതെ, പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ അഭൗമരായ ഇതരഗോള വാസികളല്ല ദേവന്മാരും അസുരന്മാരും.
'പ്രാകൃതം' എന്നതിന് സമാനമായ സംസ്കൃതപദമായാണ് 'ദ്രാവിഡര്‍' എന്ന സംജ്ഞ പ്രയോഗത്തില്‍ വന്നതെന്ന് കരുതുന്നു. ഈ ദ്രാവിഡര്‍ ആണ് ഭാരതഖണ്ഡത്തിലെ ആദ്യകാല സിവിലൈസ്ഡ് സൊസൈറ്റി. ഇവരെ 'ദ്രാവിഡര്‍ ' എന്ന്‍ വിശേഷിപ്പിച്ചത് പില്‍ക്കാല ആര്യന്മാര്‍ ആയിരിക്കണം. 'മനുസ്മൃതി' പ്രകാരം വേദാനുസൃത അനുഷ്ഠാനങ്ങള്‍ നടത്താത്തവരെയാണ് ദ്രാവിഡര്‍ എന്ന്‍ വിശേഷിപ്പിക്കുന്നത്. അവരെ ഏറെ നികൃഷ്ടരായി കരുതിയിരുന്നതായും പറയുന്നണ്ടത്രേ.
'ആര്യ' ശബ്ദത്തിനര്‍ത്ഥം സ്വതന്ത്രര്‍ , ശ്രേഷ്ഠന്‍ എന്നൊക്കെയാണ്. കൊസംബിയുടെ നിരീക്ഷണ പ്രകാരം ബി. സി. രണ്ടാം സഹസ്രാബ്ദം മുതല്‍ക്കുള്ള ഇന്തോ- ഇറാനിയന്‍ യോദ്ധൃ സഞ്ചാരീ സമൂഹത്തിനാണത്രേ ആര്യ വര്‍ഗം എന്ന വിശേഷണം യോജിക്കുന്നത്. ഈ ആര്യ വര്‍ഗത്തിന്റെ സംസ്കാരമാണ് പില്‍ക്കാലത്ത് ഭാരതമൊട്ടുക്ക് പാടി പുകഴ്ത്തപ്പെട്ടത്. തദ്ദേശീയരുടെ ഭാഷയെ അസംസ്കൃതമായി കണ്ട അവര്‍ ' സംസ്കൃതം ' എന്ന പുതിയ ഭാഷയില്‍ മുദ്രണങ്ങള്‍ നടത്തി. അവര്‍ ഉത്കൃഷ്ടരായ ദേവന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ ആര്യന്മാര്‍ പലപ്പോഴായി ആക്രമിച്ചു നശിപ്പിച്ചിരുന്ന ബി.സി. മൂന്നാം സഹസ്രാബ്ദ നാഗരിക സംസ്കാരങ്ങളോട് (ദ്രാവിഡ- സൈന്ധവ സംസ്കാരം) തുലനം ചെയ്യുമ്പോള്‍ അവര്‍ പരിഷ്കൃതരായിരുന്നില്ല എന്ന്‍ കൊസംബി പറയുന്നു. ആര്യ സംസ്കാരത്തിന്റെത് എന്ന്‍ വിവരിക്കാവുന്ന തനതായ ഉപകരണങ്ങളോ, മണ്പാത്രങ്ങളോ ഒന്നും ഇല്ലത്രേ. ലോകചരിത്രത്തില്‍ അവര്‍ക്കു പ്രാധാന്യം നേടിക്കൊടുത്തത്, ഭക്ഷ്യപ്രഭവമായ മാടുകളെ കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നതും , യുദ്ധത്തില്‍ കുതിര പൂട്ടിയ രഥങ്ങള്‍ ഉപയോഗിച്ചിരുന്നതും, സാധനങ്ങള്‍ കടത്താന്‍ കാളവണ്ടി ഉപയോഗിച്ചിരുന്നതും ഒക്കെയത്രേ. ഇതില്‍ നിന്നും ലഭ്യമായ ചലനാത്മകത ഉപയോഗിച്ച ചെറിയ സമൂഹങ്ങളെ യുദ്ധത്തില്‍ തോല്‍പ്പിച്ച് (അസുര വധങ്ങള്‍) , അവരുടെ സാങ്കേതിക വിദ്യകള്‍ കൈക്കൊണ്ട് ശക്തി പ്രാപിച്ച ഒരു സമൂഹമായിരുന്നു ആര്യന്മാരുടേത്. ആര്യ- ദ്രാവിഡ യുദ്ധങ്ങളുടെ ഫലമായി ഉത്തരേന്ത്യയില്‍ നിന്നും തെക്കോട്ടോ അല്ലെങ്കില്‍ വികാസം പ്രാപിക്കാത്ത മറ്റു പ്രദേശങ്ങളിലേക്കോ നീങ്ങുവാന്‍ ദ്രാവിഡര്‍ നിര്‍ബന്ധിതരായി.
ഋഗ് വേദത്തില്‍ ഇന്ദ്രന്‍ സേനാധിപതി എന്ന നിലയിലും ദൈവം എന്ന നിലയിലും ആരാധിക്കപ്പെടുന്നുണ്ടത്രേ. ഇന്ദ്രന്‍ എന്നത് ആദ്യ കാലങ്ങളില്‍ സേനാധിപതിപ്പട്ടമായിരുന്നെന്നും, അനേകം ഇന്ദ്രന്മാരുണ്ട് എന്നുമാണ് രാഹുല്‍ സാംകൃത്യായന്റെ അഭിപ്രായം ( 'വോള്‍ഗ മുതല്‍ ഗംഗ വരെ')
ശ്രീ. പോഞ്ഞിക്കര റാഫിയുടെ ( 'ശുക്ര ദശയുടെ ചരിത്രം') നിരീക്ഷണ പ്രകാരം പ്രാചീന ദ്രാവിഡര്‍ , സപ്തര്‍ഷികുലമെന്ന ഏഴ് കുലങ്ങളില്‍പ്പെടുന്നു.
1.ഭൃഗുകുലം
2.അംഗിരസ്സുകുലം
3.മരീചി കുലം
4.അത്രി കുലം
5.വസിഷ്ഠ കുലം
6.പുലസ്ത്യ കുലം
7.പുലഹ കുലം
ഇതില്‍ ബൃഹസ്പതിയുടെ നേതൃത്വത്തിലുള്ള അംഗിരസ്സ് കുലമാണ് ആര്യന്മാരെ സ്വാഗതം ചെയ്തതെന്നും അങ്ങനെയാണ് ബൃഹസ്പതി ദേവഗുരുവായതെന്നും ശ്രീ. റാഫി അഭിപ്രായപ്പെടുന്നു. ഇക്കാലത്തുതന്നെ അത്രി കുലവും ആര്യന്മാരോട് കൂടെ ചേര്‍ന്നു. അംഗിരസ്സ് കുലവുമായി മുന്‍പുതന്നെ ശീത സമരത്തിലേര്‍പ്പെട്ടിരുന്ന പുലസ്ത്യ-പുലഹ കുലങ്ങള്‍ ഒടുക്കം വരേയും ആര്യന്മാരുമായി യുദ്ധം ചെയ്തു. ആദ്യകാലത്ത് ഭൃഗു - മരീചി- വസിഷ്ഠ കുലങ്ങളും അവരോടൊപ്പം നിന്നിരുന്നു. ആര്യന്മാരുടെ വിജയക്കുതിപ്പുകള്‍ കണ്ടപ്പോള്‍ മരീചികുലവും വസിഷ്ടകുലവും ആര്യന്മാരോടോത്തു. ഒടുവില്‍, ഭൃഗുകുലവും. എന്നാല്‍, ആര്യന്മാരോട് കീഴ്പ്പെടാനിഷ്ടപ്പെടാതിരുന്ന പുലഹ-പുലസ്ത്യ കുലാംഗങ്ങള്‍ അവരോട് ഏറ്റുമുട്ടി മരിക്കുകയോ ദക്ഷിണ ഭാരതത്തിലേക്കും വനാന്തരങ്ങളിലേക്കും ഗമിക്കുകയോ ചെയ്തു.
ഈ കുലങ്ങള്‍ തമ്മിലുള്ള 'സൌന്ദര്യപ്പിണക്ക' ത്തിന്റെതായ ഇടപെടലുകള്‍ ബലി കഥയെ ഗ്രസിക്കുന്നുണ്ട്. അതിങ്ങനേയാണ്. ഭൃഗുകുലത്തിന്നധിപതിയായ ഭൃഗുവിന്റെ പുത്രനാണ് ശുക്രന്‍. മറ്റൊരു കുല നാഥനായ അംഗിരസ്സിന്റെ കീഴില്‍ ധര്‍മ്മ ശസ്ത്രാദികള്‍ പഠിക്കുവാനായി അദ്ദേഹം പോകുന്നു. അംഗിരസ്സിന്റെ പുത്രന്‍ , ബൃഹസ്പതിയും സഹാപാഠിയായുണ്ട്. അംഗിരസ്സന്‍, പുത്രനായ ബൃഹസ്പതിയോട് കാണിക്കുന്ന പക്ഷപാതം കണ്ട് മനം മടുത്ത ശുക്രന്‍ അവിടെ നിന്നും ഇറങ്ങിത്തിരിക്കുന്നു. ശുക്രനും ബൃഹസ്പതിയും അഥവാ ഭൃഗുകുലവും അംഗിരസ്സുകുലവും തമ്മിലുള്ള വൈരം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
ബൃഹസ്പതി ആര്യന്മാരുടെ ആധ്യാത്മികാചാര്യനായപ്പോള്‍, ഹിരണ്യ കശിപുവിന്റെ മകള്‍ ഉഷാനയുടെ പുത്രന്‍ കൂടിയായ ശുക്രന്‍ സ്വാഭാവികമായും ദൈത്യന്മാരുടെ ആചാര്യനാകുന്നു. ശുക്രാചാര്യരുടെ നിര്ദ്ദേശാനുസരണമാണ് ബലി 'വിശ്വജിത്' എന്ന യജ്ഞത്തിനൊരുങ്ങുന്നത്, ഇന്ദ്രപഥത്തിനായി. ഇതില്‍ ഭയചകിതനാകുന്ന ഇന്ദ്രനോട്, ബലിക്ക് പിന്നിലുള്ള ശക്തി ശുക്രനാണ് എന്ന് പറയുന്നത് ബൃഹസ്പതിയാണ്. പിന്നീടുള്ള സംഭവങ്ങള്‍ക്ക് ചരട് വലിക്കുന്നതും ബൃഹസ്പതി തന്നെ. ഇങ്ങനെ രണ്ടു കുലങ്ങള്‍ തമ്മിലുള്ള സ്പര്ദ്ദയുടെ ബലി്യാടാണ് ബലി എന്ന് വേദങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ചരിത്രത്തെ പുരാണങ്ങളില്‍ സന്നിവേശി്പ്പിക്കുമ്പോള്‍ കാണാന്‍ കഴിയും.
(ഭാഗം- 3 ല്‍ തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ