
സാധാരണ ഏതൊരു പുരാണകഥയുടേയോ ഇതിഹാസത്തിന്റെയോ ഐതിഹ്യത്തിന്റെയോ കാതല്‍ തിന്മയുടെ മേലുള്ള നന്മയുടെ വിജയമായിരിക്കും. എന്നാല്‍ ബലി-വാമന ചരിതം അത്തരമൊരു ഫോര്‍മുലയെ തിരുത്തി എഴുതുന്നു. ഇത്രയും മഹാനായ, നന്മയുടെ പ്രതീകമായ, തിന്മയുടെ അനുരണനങ്ങള്‍ ഒട്ടും തീണ്ടാത്ത ഒരു ഭരണാധികാരിയെ നിഷ്കാസിതനാക്കാന്‍ ഇന്ദ്രാദികളായ ദേവന്മാര്‍ക്കോ സ്ഥിതിയുടെ ഈശനായ വിഷ്ണുവിനോ ഉണ്ടായ ചേതോ വികാരം എന്താണ് ? അതും തികച്ചും ചതിയുടെ വഴിയിലൂടെ ?
.
എന്നാല്‍, ബാലിചരിതത്തിനുള്ള മറ്റൊരു അവാന്തരം ഒരു ഐതിഹ്യത്തിന്റെ സ്ഥിരം രൂപത്തിന് ഏറെക്കുറെ ഒത്തുപോകുന്ന, നേരത്തെ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറുന്ന ഒന്നാണ്. ആ കഥ ഇങ്ങിനെയാണ്:
.മഹാനായ ബലി ചക്രവര്‍ത്തി എല്ലാ ഗുണങ്ങളും തികഞ്ഞവനെങ്കിലും ഒരു ദൂഷ്യം അദ്ദേഹത്തില്‍ മുറ്റി്നില്ക്കുന്നു.- അഹംബോധം. അത് നശിപ്പിച്ച് ബലിയെ സംപൂര്‍ണനാക്കി മോക്ഷം നല്കുക- ഇങ്ങിനെ ഒരു ഉദ്ദേശത്തോടെയാണ് ഭഗവാന്‍ വിഷ്ണു വാമന രൂപത്തില്‍ വന്ന്‍ അദ്ദേഹത്തെ പരീക്ഷിക്കുന്നത്. മഹാബലിയുടെ ശിരസ്സില്‍ പാദമൂന്നുക വഴി അദ്ദേഹത്തിലടങ്ങിയിരിക്കുന്ന അഹംബോധത്തെ ഉന്മൂലനം ചെയ്തുവെന്ന് പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.
.
ബലിയോ വാമനനോ ?
.
ശ്രീമദ് ഭാഗവതത്തില്‍ ബലിയെ ഏറ്റവും പ്രമുഖനായ ഒരു അസുര ചക്രവര്ത്തിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. വാമാനാവതാരവും ബലിയുടെ ദാനേതിഹാസവും വിരചിക്കുന്നതിനായി ഏറെ താളുകള്‍ ശ്രീമദ് ഭാഗവതത്തില്‍ നീക്കി വച്ചിട്ടുണ്ട്. (ശ്രീ. ഭാ. : 8.15- 8.23). വിഷ്ണു വേഷം മാറി വന്നതാണ് വാമനന്‍ എന്ന്‍ മനസ്സിലാക്കുന്ന അസുരഗുരു ശുക്രാചാര്യര്‍ ദാനത്തില്‍ നിന്നും ബാലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പറഞ്ഞ വാക്കില്‍ നിന്നും മാറാനുള്ള വിമുഖത, ബലി തത്വ ചിന്താപരമായ വാക്കുകളിലൂടെ വിവരിക്കുന്നതായും ഈ ഗ്രന്ഥത്തില്‍ നമുക്കു കാണാം. (ശ്രീ. ഭാ. 8.20). വിഷ്ണുമാഹാത്മ്യം ഏറെ വര്‍ണിക്കുന്ന ഭാഗവതത്തില്‍ വാമനാവതാരത്തിന്റെ മഹത്വം ബലിയുടെ പ്രഭവത്തിനു മുന്‍പില്‍ ഇല്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
.
വേട്ടയാടപ്പെടുന്ന വംശാവലി
.
ബലിയുടെ വംശാവലിയുടെ അടിവേരുകള്‍ ഹിന്ദു മിഥോളജി പ്രകാരം ഇങ്ങിനെയാണ് :
.
ബ്രഹ്മാവ് എന്ന സൃഷ്ടിയുടെ ദൈവത്തില്‍ നിന്നും സ്വയംഭൂവായി മനു ജാതനാകുന്നു. മനുവിന്റെ പിന്ഗാമികളായി ബ്രഹ്മാവിന്റെ തന്നെ മാനസപുത്രന്മാരായി പത്ത് പ്രജാപതികള്‍ സൃഷ്ടിക്കപ്പെടുന്നു. അവരിലൊരാളായ കശ്യപപ്രജാപതി, മറ്റൊരു പ്രജാപതിയായ ദക്ഷന്റെ പുത്രിമാരെ വിവാഹം കഴിക്കുന്നു. (സതി എന്ന ദക്ഷന്റെ വേറൊരു പുത്രിയെ വേള്‍ക്കുന്നത് ശിവനാണ്) . കശ്യപ പത്നിമാരില്‍ ഒരുവളായ അദിതിക്കുണ്ടാകുന്ന പുത്രന്മാരാണ് ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍. ദിതിക്കുണ്ടാകുന്ന രണ്ടു പുത്രന്മാരാണ് ഹിരണ്യകശിപുവും ഹിരണ്യാക്ഷനും (ശ്രീ. ഭാ. 6.18.11). ദിതിയില്‍ നിന്നും ഉണ്ടാകയാല്‍ ഇവര്‍ ദൈത്യന്മാര്‍ എന്നറിയപ്പെടുന്നു. അതില്‍ ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്റെ മകന്‍ വിരോചനന്‍. വിരോചനപുത്രനാണ് ബലി.
.
കശ്യപ സപത്നിമാര്‍ തമ്മിലുള്ള കലഹത്തിന്റെ ബാക്കിപത്രമാണ് ദേവ-ദൈത്യ സംഘട്ടനങ്ങളെന്ന് ഈ വംശാവലി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇതില്‍ ദേവന്മാര്‍ അമൃത് കഴിച്ച് അമരത്വം നേടുന്നു. ദൈത്യന്മാര്‍ക്ക് മരണം സംഭവിക്കുകയും പിന്തുടര്‍ച്ചക്കാര്‍ ഉണ്ടാകുകയും ചെയ്യുന്നു. വിഷ്ണു എന്ന മായവിദ്യക്കാരനായ സംരക്ഷകന്റെ സഹായത്തോടെ അദിതി പുത്രന്മാരാല്‍ വേട്ടയാടപ്പെടുന്നവരാണ് ദിതിയുറെ പുത്രന്മാരും സന്തതി പരമ്പരകളുമെന്ന് പുരാണങ്ങളില്‍ നിന്നും വായിച്ചെടുക്കാം.
.
വിഷ്ണുവിന്റെ മിക്കവാറും അവതാരങ്ങള്‍ ദേവന്മാര്‍ക്ക് വേണ്ടി ദിതിയുടെ സന്തതി പരമ്പരകളെ ഉന്മൂലനം ചെയ്യാനാണ് ഉണ്ടായിട്ടുള്ളത്. കൂര്‍മ്മാവതാര ലക്ഷ്യം ദേവന്മാര്‍ക്ക് അമരത്വത്തിനുള്ള അമൃതിനായി പാലാഴിമഥനം നടത്തുമ്പോള്‍ മന്ദര പര്‍വ്വതത്തെ താങ്ങി നിര്‍ത്തുക എന്നതായിരുന്നു. സഹായികളായ ദൈത്യന്മാര്‍ അമൃതപാനത്തിനൊരുങ്ങുമ്പൊള്‍ അവരെ കബളിപ്പിച്ച്, അവര്‍ക്ക് അമരത്വം നിഷേധിച്ച് ദേവന്മാര്‍ക്ക് നിത്യ യൌവനം പ്രദാനം ചെയ്യുന്നതിന്നായി ആയിരുന്നു മോഹിനി അവതരിക്കുന്നത്. ഹിരണ്യാക്ഷന്‍ എന്ന ദിതിയുടെ പുത്രനെ വരാഹരൂപത്തില്‍ വന്ന്‍ വധിച്ചതും വിഷ്ണുവായിരുന്നു. ഇതില്‍ പ്രകോപിതനായ ഹിരണ്യാക്ഷന്റെ ജ്യേഷ്ടഭ്രാതാവ് ഹിരണ്യകശിപു ചില പ്രത്യേക വരങ്ങളുടെ / കഴിവുകളുടെ സംരക്ഷണത്താല്‍ ഇന്ദ്രാദികളെ തുരത്തി സ്വര്ഗലോകമുള്‍പ്പെടെയുള്ള സര്‍വ്വ ലോകങ്ങളും പിടിച്ചടക്കി. എന്ത് ചെയ്യേണ്ടൂ എന്നറിയാത്ത ദേവന്മാര്‍ വിഷ്ണുവിനെ തന്നെ അഭയം പ്രാപിക്കുന്നു. ഹിരണ്യകശിപുവിനെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാതിരുന്ന അദ്ദേഹം പാളയത്തില്‍ പടതീര്‍ത്താണ് വിജയം കൈവരിക്കുന്നത്. ഹിരണ്യകശിപു ഇല്ലാത്ത നേരങ്ങളില്‍ തന്റെ അനുസാരിയായ നാരദനെ , ഗര്‍ഭിണിയായ ഹിരണ്യകശിപുവിന്റെ പത്നിയുടെ അടുത്തേക്ക് വിടും. വിഷ്ണു മാഹാത്മ്യങ്ങള്‍ ഏറെ വര്‍ണ്ണിക്കും നാരദന്‍. ഗര്‍ഭാവസ്ഥയിലുള്ള പ്രഹ്ലാദനെ ലക്ഷ്യം വച്ചായിരുന്നു ഇത്. പ്രഹ്ലാദന്‍ ഇതു കേട്ട് വളരുകയും, പിന്നീട് സ്വപിതാവിന്റെ നേരെ തിരിയുകയും ചെയ്യുന്നു. നരസിംഹം എന്ന അവതാരത്തിലൂടെ ഏറെ താമസിയാതെ വിഷ്ണു, ഹിരണ്യകശിപുവിനെ വധിച്ച് ഇന്ദ്രന് സ്വര്‍ഗം തിരിച്ചേകുന്നു. പ്രഹ്ലാദനും തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ പുത്രനായ വിരോചനനും ഏതാണ്ട് ദേവന്മാരുടെ സാമന്തന്മാരായാണ് ഭരണം കൈക്കൊണ്ടത്. എന്നാല്‍ വിരോചന പുത്രന്‍ ബലി പരാക്രമിയായിരുന്നു. തന്റെ പ്രപിതാമാഹന്മാര്‍ നേടിയെടുത്ത യശസ് വീണ്ടെടുക്കുന്നതിനായി പരമാവധി യത്നിച്ചു. ആ ബലിയെ വകവരുത്തുന്നതിനായാണ് വാമനാവതാരം ഉണ്ടാകുന്നത്.
.
നേരത്തെ ഐതിഹ്യത്തില്‍ കണ്ടതുപോലെ അദിതിയുടെ അഭ്യര്‍ഥന അനുസരിച്ച് ദേവന്മാരെ സഹായിക്കാനാണ് വിഷ്ണു അദിതിയുടേയും കശ്യപന്റെയും പുത്രനായ വാമനനായി ജനിക്കുന്നത്. (ശ്രീ. ഭാ. 6.18.9). അങ്ങനെ വരുമ്പോള്‍ വാമനാവതാര ലക്ഷ്യം സ്വസഹോദരനായ ഇന്ദ്രന്റെ യശസ് വീണ്ടെടുക്കുക എന്നതാകുന്നു, അതും സ്വന്തം പിതൃരക്തത്തില്‍ പിറന്നവനെ ഉന്മൂലനം ചെയ്തുകൊണ്ട്.
.
ഈ വേട്ടയാടലിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. ബലിയുടെ മൂത്ത മകനായ ബാണന്റെ ആയിരം കൈകളില്‍ നാലെണ്ണമൊഴികെ മറ്റെല്ലാം ചേദിച്ചു കളയുന്നത് വേറൊരു അവതാരമായ കൃഷ്ണനാണ്.
.
എന്നാല്‍ തലമുറകളായി തുടരുന്ന സംഘര്‍ഷം ശുഭപര്യവസാനിയാകുന്നത് എങ്ങിനെയെന്നും പുരണങ്ങളിലുണ്ട്. ബാണ പുത്രി ഉഷ, കൃഷ്ണന്റെ പുത്രന്‍ പ്രദ്യുമ്നന്റെ മകന്‍ അനിരുദ്ധനെ മോഹിക്കുകയും പ്രണയബദ്ധരാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നു.
.
ബലി- അവസാനത്തെ അസുര രാജാവ്
.
ശ്രീമദ് ഭാഗവതത്തിന്റെ ഇതിവൃത്തം വച്ച് ബലിചരിതത്തെ വിലയിരുത്തുകയാണെന്കില്‍ അത് ദേവാസുര സംഘട്ടനത്തിലെ ഒരു എപ്പിസോഡാണ്. ഇന്ദ്രന്‍ എന്ന ദേവരാജനും അസുര രാജാക്കന്മാരും തമ്മില്ലുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഒരു പക്ഷേ, അവസാനത്തെ അദ്ധ്യായം.
.
വിഷ്ണു, വരാഹവും നരസിംഹവും ആയി അവതരിക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ അസുരരാജക്കന്മാരായ ഹിരണ്യാക്ഷനെയും ഹിരണ്യകശിപുവിനെയും ഉന്മുലനംചെയ്യാനാണ്. അടുത്ത ജന്മത്തില്‍ ഇവര്‍ തന്നെയാണ് രാവണനും കുംഭകര്‍ണനും ആയി ജനിക്കുന്നത്. (ശ്രീ. ഭാ. 7.10.37). പക്ഷെ ത്രേതായുഗത്തില്‍ ശ്രീരാമാനാല്‍ വധിക്കപ്പെടുവാനായി ഇവര്‍ പുനര്‍ജനിക്കുമ്പോള്‍ അറിയപ്പെടുന്നത് അസുരന്മാര്‍ എന്ന പേരിലല്ല. 'രാക്ഷസര്‍' എന്ന നാമത്തിലാണ്. രാമായണത്തില്‍ അസുരവംശം എന്ന പ്രയോഗം ഏറെ കാണ്മാനില്ല. പകരം, ദുഷ്ടതയുടെയും ക്രൌര്യത്തിന്റെയും പര്യായമായി രാക്ഷസ ശബ്ദമാണ് കടന്നുവരുന്നത്.
.
മറ്റൊരു വിഷ്ണു അവതാരമായ കൃഷ്ണനാല്‍ ദ്വാപരയുഗത്തില്‍ വധിക്കപ്പെടുന്ന ശിശുപാലന്‍, ദന്താവക്ത്രന്‍ എന്നീ രാജാക്കന്മാര്‍ നേരത്തെ പറഞ്ഞവരുടെ മൂന്നാം ജന്മമാണ് പുരാണങ്ങള്‍ പ്രകാരം. (ശ്രീ. ഭാ. 7.10.38) (അതോടെ അവര്‍ മോക്ഷാര്‍ഹരാകുന്നുവത്രേ) . രാക്ഷസരെക്കുരിച്ചുള്ള വിവരണം അവിടവിടെയായി കാണാമെങ്കിലും 'മഹാഭാരത'ത്തില്‍ ദുഷ്ടതയുടെ പര്യായമായി ചില മനുഷ്യ രാജാക്കന്മാരെതന്നെയാണ് കൊടുത്തിരിക്കുന്നത്.
.
മഹാബലി എന്ന അസുര ചക്രവര്ത്തിയുടെ പുത്രന്‍ ബാണന്‍ 'മഹാഭാരത'ത്തില്‍ ഒരു മര്‍ത്യ രാജാവാണ്. ശക്തനും ദുഷ്ടനും അഹങ്കാരിയുമായ ഒരു രാജാവ്. ഭാഗവതത്തിലും ബാണന്റെ അസുരാംശത്തിനു പ്രാധാന്യ കൊടുത്തു കാണുന്നില്ല.
.
ഹിന്ദു പുരാണങ്ങളിലെ കാലക്രമമനുസരിച്ച് വാമാനാവതാരവും മഹാ ദാനവും നടക്കുന്നത് ത്രേതായുഗത്തിന്റെ ആരംഭാകാലത്താണ്. അതിനുമുന്പുള്ള സത്യയുഗത്തിലാണ് അസുരന്മാരെക്കുറിച്ചുള്ള കഥകള്‍ മുഴുവന്‍ നിറയുന്നത്. ത്രേതായുഗത്തില്‍ രാക്ഷസന്മാരെക്കുറിച്ചാണ് ഏറിയകൂറും പരാമര്‍ശിക്കുന്നത്. ദ്വാപരയുഗത്തിലെത്തുമ്പോള് രാക്ഷസ പരാമര്‍ശമുണ്ടെന്കിലും സാധാരണ മനുഷ്യന്മാര്തന്നെയാണ് പ്രതിനായകര്‍.
.
ഇതെല്ലാം വച്ചു നോക്കുമ്പോള്‍ ബലിയെ അവസാനത്തെ അസുരരാജാവായി കണക്കാക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ബലി തന്റെ ജനപ്രിയത കൊണ്ട് അസുരവംശത്തിനു പുതിയ മാനങ്ങള്‍ രചിച്ചതാകാം ഇതിന് കാരണം. കാലചംക്രമണത്തില്‍ അസുര ശബ്ദം കുറേക്കൂടി ജനകീയമായി മാറിയതുമാകാം.
.
ഡാര്‍വ്നും വാമനനും മറ്റ് അവതാരങ്ങളും
.
പുരാണങ്ങള്‍ പ്രകാരം മഹാവിഷ്ണു എന്ന ദേവ ദൈവം ഏതാണ്ട് 25 അവതാരങ്ങള്‍ എടുത്തതായി കാണുന്നു, വിവിധ സന്ദര്‍ഭങ്ങളിലായി. ഇവയില്‍ പത്തു എണ്ണമാണ് ഏറെ പ്രാധാന്യമര്‍്ഹിക്കുന്നത്. അവയെ ദാശാവതാരങ്ങള്‍ എന്ന്‍ പറയുന്നു. ദശാവതാരങ്ങളും അതിന്റെ പുരാണ കാലക്രമവും ഇനി പറയുന്ന പ്രകാരമാണ്.
1.മത്സ്യം - സത്യയുഗം
2.കൂര്‍മ്മം -സത്യയുഗം
3.വരാഹംസത്യയുഗം
4.നരസിംഹം - സത്യയുഗം
5.വാമനന്‍ -ത്രേതായുഗം
6.പരശുരാമന്‍ - ത്രേതായുഗം
7.ശ്രീരാമന്‍ - ത്രേതായുഗം
8. ശ്രീകൃഷ്ണന്‍ - ദ്വാപരയുഗം
9.ബുദ്ധന്‍ - കലിയുഗം
10. കല്കി - കലിയുഗം
.
മേല്പ്പറഞ്ഞവയില്‍ തര്‍ക്കത്തിനിട നല്കിയിട്ടുള്ളത് ഒന്‍പതാമത്തെ അവതാരമായ ബുദ്ധന്റെ കാര്യത്തിലാണ്. ആദ്യകാലങ്ങളില്‍ ഇങ്ങിനെയുള്ള ഒരു വിശ്വാസ പ്രമാണമാണ് വച്ചുപുലര്ത്തിയിരുന്നതെന്നാണ് വിദഗ്ദ മതം. അങ്ങിനെയെങ്കില്‍ ഗൌതമബുദ്ധന്‍ പില്‍ക്കാലത്ത് ഈ പട്ടികയില്‍ നിന്നും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു.? അതിന്റെ സ്ഥാനത്ത് അംശാവതാരമായ ബലരാമന്‍ കടന്നു വന്നതെങ്ങനെ? എന്തുകൊണ്ട് പുരാണങ്ങളില്‍ ബുദ്ധ പരാമര്‍ശമില്ല ?
.
ഉത്തരം വളരെ ലളിതമാണ്. ബുദ്ധമതത്തെ എതിര്‍ത്തു കൊണ്ടായിരുന്നു പില്‍ക്കാലത്ത് ശ്രീശങ്കരന്‍ ഉള്പ്പെടെയുള്ളവരുടെ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ കീഴില്‍ ഹിന്ദുമതം ഉയിര്‍ക്കൊള്ളുന്നത്. വേദങ്ങളും ഉപനിഷത്തുകളും സനാതന ധര്‍മ്മത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച് പുരാണങ്ങള്‍ ചമച്ചപ്പോള്‍ തീര്ച്ചയായും ശത്രുവിന്റെ നാമം അതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി എന്ന് വേണം കരുതാന്‍. ശ്രീമദ് ഭാഗവതം അടക്കമുള്ള പുരാണങ്ങളൊന്നും തന്നെ ബലരാമനെ വിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമായി കല്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. അനന്തന്റെ അവതാരമായാണ് അതിലെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.
.
മേല്‍പ്പറഞ്ഞ ദശാവതാര സീക്വന്സ് ഏതാണ്ട് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനു സമാനമാണ് എന്ന് കാണാം.: ജലജീവിയായ മത്സ്യത്തില്‍ നിന്നും ഉഭയ ജീവിയായ (amphibia) കൂര്‍മ്മത്തിലെക്കും, ഒരു കര മൃഗമായ വരാഹത്തിലേക്കും , മനുഷ്യമൃഗമായ നരസിംഹത്തിലേക്കും ഉള്ള പരിണാമ ഗുപ്തി ഇവിടെ ദൃശ്യമാണ്. വാമനില്‍ നിന്നുമാണ് മനുഷ്യ പര്‍വ്വം തുടങ്ങുന്നത്. വാമനനെ ചിത്രീകരിച്ചിരിക്കുന്നതാകട്ടെ കുറിയവനായും. അതുകൊണ്ടുതന്നെ ഒരു പൂര്ണ്ണ മനുഷ്യനല്ല. അടുത്ത അവതാരമായ പരശുരാമന്‍ പൂര്‍ണാകായനായ ഒരു മനുഷ്യനാണ്. എന്നാല്‍ വനവാസിയാണ്. ശ്രീ രാമനിലെത്തുമ്പോള്‍ നാഗരികനായ മനുഷ്യനിലേക്കുള്ള പ്രയാണം പൂര്‍ത്തിയാകുന്നു. അവിടെനിന്നും തത്വ ജ്ഞാനിയായ കൃഷ്ണനിലെക്കും (64 ശാസ്ത്ര-കലാദികളില്‍ നിപുണനത്രേ കൃഷ്ണന്‍- ഭഗവദ് ഗീത ഉത്തമോദാഹരണം.) ധര്മ്മജ്ഞാനിയായ ബുദ്ധനിലെക്കും ഉള്ള പരിവര്‍ത്തനം വിസ്മയാവഹമാണ്. ദശാവതാരങ്ങളില്‍ വാമനാവതാരത്തിന്റെ സ്ഥാനം അദ്വിതീയമാകുന്നത്, അത് വിഷ്ണുവിന്റെ ആദ്യത്തെ മനുഷ്യാവതാരം എന്ന നിലയ്ക്കാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ