എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

22 മേയ് 2009

ഹതഭാഗ്യര്‍ക്ക് 'പറുദീസാ' ഒരുക്കുന്ന നമ്മള്‍

*
ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ പത്രത്തില്‍ വന്ന വാര്‍ത്തയാണ് മേല്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങളിലും പത്രവാര്‍ത്തകളിലും എല്ലാം നിത്യേനയെന്നോണം സമാനമായ എത്രയോ സംഭവങ്ങള്‍ കടന്നുവരുന്നു. പക്ഷേ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയും വാര്‍ത്തകള്‍ വിസ്മരിക്കുകയുമാണ് പതിവ്‌. അതുകൊണ്ടു തന്നെ തക്ക സമയത്ത്‌ ചികിത്സയോ സഹായമോ ലഭിക്കാതെ 'പറുദീസാ' പൂകുന്ന ഹതഭാഗ്യര്‍ അനെകരാണ്.

ഏതാണ്ടൊരു മാസം മുന്‍പ്‌ തൃശ്ശൂരിനടുത്ത് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഒരു പൊളിടെക്നിക്ക്‌ വിദ്യാര്ത്ഥി ട്രെയിന്‍ തട്ടി മരിക്കുകയുണ്ടായി. കാലത്ത്‌ പാസ്സഞ്ചര്‍ വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിച്ചതായിരുന്നു. ഞാനെത്തുമ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടുകഴിഞ്ഞിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ വിജനമായ ആ ചെറിയ സ്റെഷനിലെ പ്ലാട്ഫോമില്‍ ഒരാള്‍ മാത്രം ഭയാശന്കകളോടെ നില്പ്പുണ്ട്. മകനെ എല്ലാ ദിവസവും സ്കൂട്ടറില്‍ കൊണ്ടു വിടുന്ന മദ്ധ്യവയസ്കനായ ഒരു പിതാവ്‌. അദ്ദേഹം പറഞ്ഞു : ''ഒരു കുട്ടി ചാടിക്കയറാന്‍ ശ്രമിച്ചു. പക്ഷേ താഴെ വീണു. എന്തുപറ്റി എന്നറിയില്ല. " വണ്ടിയിലെ ഗാര്‍ഡോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോ സംഭവം അറിഞ്ഞിട്ടില്ല. കുറച്ചു മുന്നില്‍ ട്രാക്കിലേക്ക്‌ നോക്കിയപ്പോള്‍ ഒരു ശരീരം അവിടെ കിടക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: "വരൂ... നമുക്കു പോയി നോക്കാം." പക്ഷേ, അദ്ദേഹത്തിന്റെ മുഖം ഭീതിയാല്‍ പൂരിതമായിരുന്നു. എല്ലാ ദിവസവും ട്രെയിനില്‍ പോയി തിരിച്ചുവരുന്ന സമപ്രായക്കാരനായ തന്റെ മകന്റെ ചിന്ത ആളുടെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടായിരിക്കാം. ഏതായാലും ഞാന്‍ അടുത്തു ചെന്നു നോക്കി. കമിഴ്ന്നു കിടക്കുന്ന ശരീരത്തെ രണ്ടു കഷണമാക്കി മാറ്റിയിരിക്കുന്നു തീവണ്ടി ചാക്രങ്ങള്‍. ആള്‍ മരിച്ചു എന്ന്‍ ഉറപ്പായിരുന്നു. സ്റ്റേഷന്‍ അധികൃതരെ ഉടന്‍ തന്നെ വിവരമറിയിച്ചു. അവരും സംഭവ സഥലത്തെത്തി. ശരീരത്തിനടുത്ത് കിടക്കുന്ന ബാഗ് തുറന്നു നോക്കി അതാരാണെന്ന് അറിയണമെന്നുണ്ടായിരുന്നു. ഒരു സഹയാത്രികന്റെ ആകാംക്ഷ. ഞാനാരാഞ്ഞപ്പോള്‍ റെയില്‍വേ ഉദ്യൊഗസ്ഥര്‍ തടയുകയായിരുന്നു. അവര്‍ നിസ്സംഗരായി പറഞ്ഞു : പോലീസ്‌ വരട്ടെ , അതാണ് അതിന്റെ രീതി. ഇയാള്‍ മരിച്ചിട്ടില്ലാത്ത അവസ്ഥയിലാണെന്കില് എന്തായിരിക്കും ഇവരുടെ സമീപനം എന്ന്‍ ഞാന്‍ ഒരു നിമിഷം ചിന്തിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഉണ്ടായ ഒരു റെയില്‍ യാത്രാ സംഭവം കൂടി ഇവിടെ കുറിക്കുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകനും ജോലികഴിഞ്ഞ് തിരിച്ചു വരുന്നു. സീറ്റില്ല. നില്‍ക്കുന്നത്‌ ഡോറിനു സമീപം. അമ്പത് വയസ്സിനടുത്ത്‌ പ്രായമുള്ള ഒരാള്‍ ചവിട്ടുപടിക്ക് സമീപം ഇരിക്കുന്നുണ്ട്. ഇരിങ്ങാലക്കുടക്കും തൃശ്ശൂരിനും ഇടയ്ക്കുള്ള നെല്ലായി എന്ന പ്രദേശത്തുകൂടിയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. പെട്ടന്നൊരു ശബ്ദം. ചവിട്ടുപടിയില്‍ ഇരുന്നിരുന്ന ആള്‍ താഴെ എത്തിയിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഏതാനും സെകന്റുകള്‍. അതിനിടയില്‍ വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി രണ്ടു കി. മീ. എങ്കിലും പിന്നിട്ടു കാണും. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ഉടന്‍ തന്നെ വിളിച്ചു വിവരം പറഞ്ഞു. പ്രതികരണം നിര്‍വ്വികാരമായിരുന്നു. അയാളുടെതെന്ന് കരുതാവുന്ന ഒരു സഞ്ചി ഡോറിനു സമീപം തന്നെ ഉണ്ടായിരുന്നു. അയാള്‍ മരിച്ചാലും ഇല്ലെങ്കിലും അജ്നാതനായിരിക്കരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ സഞ്ചി സ്റ്റേഷന്‍ മാസ്റ്റ്രേയൊ RPF നെയോ എല്പ്പിക്കാംഎന്ന്‍ ഞാന്‍ അഭിപ്രായപ്പെട്ടു. ചുറ്റും കൂടിയവരുടെ ചോദ്യം ഇങ്ങിനെയായിരുന്നു- എന്തിനാ സുഹൃത്തെ വെറുതെ പൊല്ലാപ്പ് പിടിക്കുന്നത്. ഏതായാലും ഞാന്‍ ആ സഞ്ചി പ്ലാട്ഫോമില്‍ ഇറക്കിവച്ച് തൃശ്ശൂരിലെ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. പരിചയക്കാരായിരുന്നു എന്നതിനാലായിരിക്കാം എനിക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ചില സന്നദ്ധപ്രവര്‍ത്തകര്‍ അയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചതായും സഞ്ചിയില്‍ നിന്നും മനസ്സിലാക്കിയ വിലാസപ്രകാരം ബന്ധുക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞതായും പിന്നീറ്റ്‌ അറിയാന്‍ കഴിഞ്ഞു .

ഏകദേശം പത്തുവര്‍ഷം മുന്‍പുണ്ടായ ഒരു ആത്മഹത്യ സംഭവവും ഓര്‍മയില്‍ തങ്ങി നില്ക്കുന്നു. അയല്‍വാസിയായ യുവാവാണ് കഥാനായകന്‍. അന്നൊരു ബന്ദ് ദിനം. സമയം പകല്‍ പത്തുപത്തര ആയിക്കാണും. ഞാന്‍ വായിച്ചു കൊണ്ടിരിക്കയാണ്. പൊടുന്നനെ തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍. ഞാന്‍ ഓടിച്ചെന്നു. അതിന് തൊട്ടടുത്ത വീട്ടിലെ ഒരു സുഹൃത്തു കൂടിഅപ്പോഴേക്കും എത്തിയിരുന്നു. ആ വീട്ടിലെ അമ്മയും ഭാര്യയുമാണ് നിലവിളിക്കുന്നത്. അയാള്‍ ഒരു മുറിയില്‍ കയറി കതകടചിരിക്കുന്നു. വീട്ടുകാരുമായി തെറ്റി ആത്മഹത്യ ഭീഷണി മുഴക്കിയാന്‍ കയറിയിരിക്കുന്നത്. അഞ്ചു മിനുട്ടെന്കിലും ആയിക്കാണും. എത്രമുട്ടിയിട്ടും വാതില്‍ തുറക്കുന്നില്ല. ഞങ്ങള്‍ കതക്‌ ഇടിച്ചുതുറന്ന് അകത്തു കടന്നപ്പോള്‍ കാണുന്ന കാഴ്ച അയാള്‍ തൂങ്ങി നില്ക്കുന്നതാണ്. മാറിമാറി ഞങ്ങള്‍ പള്‍സ്‌ നോക്കി. കിട്ടുന്നില്ല. ശരീരത്തിന് നല്ല ചൂട് അപ്പോഴുമുണ്ട്. അല്പം കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ഏറിയകൂറും എത്തിക്കഴിഞ്ഞിരുന്നു. എങ്ങിനെയെങ്കിലും അയാളെ ഹോസ്പിറ്റലില്‍ എത്തിക്കണമെന്ന് എന്റെ അമ്മ അടക്കമുള്ള സ്ത്രീകളില്‍ പലരും വിളിച്ച് മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്റെയും സുഹൃത്തിന്റെയും ആഗ്രഹവും അങ്ങനെത്തന്നെ ആയിരുന്നു. പക്ഷെ ഞങ്ങളെ പലരും തടഞ്ഞു. പോലീസ്‌ വരുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആ ബന്ദ് ദിനത്തില്‍ ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ്‌ എത്തിയത്‌. അയാളെ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിചിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുവാന്‍ ഒരു അവസരം ലഭിക്കുമായിരുന്നോ.? അതിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ഇപ്പോഴും എനിക്കാകുന്നില്ല.

നേരില്‍ കണ്ട ഏതാനും അത്യാഹിതങ്ങള്‍, അതില്‍ ചെറുതായെങ്കിലും എന്റെ ഇടപെടല്‍ ഉണ്ടായവ ഇവിടെ കുറിച്ചെന്നു മാത്രം. പക്ഷേ, ഇതിലുമധികം സംഭവങ്ങളോട് ഞാന്‍ വിമുഖതയോടെ പ്രതികരിച്ചിട്ടുണ്ട് , കണ്ടില്ലെന്ന്‍ നടിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരത്തിലെ ഫുട് പാത്തുകളിലൂടേയും തേക്കിന്‍കാട് മൈതാനത്തുകൂടേയും ഒക്കെ നടക്കുമ്പോള്‍ അവിടെയും ഇവിടേയുമൊക്കെയായി വീണുകിടക്കുന്ന അനേകരെ കാനാരുന്റ്റ്‌. സാംസ്കാരിക തലസ്ഥാനത്തുള്ള ഞങ്ങള്‍ തൃശ്ശൂര്ക്കാര്ക്കുള്ള മറ്റൊരു ബഹുമതിയാണല്ലോ ആസ്ഥാന മദ്യപാനികള്‍ എന്നുള്ളത്. അതുകൊണ്ടുതന്നെ ഇങ്ങിനെ വീണു കിടക്കുന്നവരെല്ലാം 'വെള്ളമടിച്ച് ഫിറ്റായി' കിടക്കുന്നവരാണ് എന്ന് വി്ശ്വസിക്കാനാണ് ഞാനടക്കമുള്ളവര്‍ക്ക് താത്പര്യം, പിറ്റെനാളിലെ പത്രം അത അങ്ങിനെയല്ല എന്ന് തെളിയിക്കാറുണ്ടെങ്കിലും.

അത്യാഹിത സാഹചര്യങ്ങളില്‍ ഇടപെട്ട് പുലിവാലുപിടിക്കുവാന്‍ വിധേയമാവുന്നവരുടെ എണ്ണവും കുറവല്ല. ഞാനറിയുന്ന ഒരു ഓട്ടോ ഡ്രൈവര്‍ അതിലൊരാളാണ്. വഴിയില്‍ വീണ ചോരയൊലിച്ചുകിടക്കുന്ന മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചതാണ്. തിരിച്ചുവരുന്ന വഴി "നീയാരാണ്ടാ @#...#*. " എന്ന ചോദ്യവും ചെകിട്ടത്തുവീണ അടിയും മാത്രം ഓര്മയുണ്ട് നമ്മുടെ സുഹൃത്തിന്. കുറച്ചുദിവസം ഓട്ടം മുടങ്ങിയത്‌ അതിന് തുടര്‍ച്ച. ആശുപത്രിയിലെത്തിച്ച ആള്‍ക്ക്‌ എന്ത് സംഭവിച്ചു എന്ന്‍ പിന്നെ തിരക്കിയില്ലത്രേ.

പരിചയമുള്ള പാരലല്‍ കോളേജ്‌ അദ്ധ്യാപകന് നേരിടേണ്ടി വന്നത് ഇതിലും വലിയൊരു കുരുക്കാണ്. നഗരത്തിലെ ഒരു ജംഗ്ഷനില്‍ വച്ച് അദ്ദേഹത്തിന്റെ കാറിനു മുന്നില്‍ പോകുകയായിരുന്ന ഒരു ഇരു ചക്രവാഹനം അപകടത്തില്‍പ്പെട്ടു. അതിലുണ്ടായിരുന്ന യുവാവ്‌ ബോധരഹിതനാകുന്നു. ഇടിച്ച വണ്ടി നിറുത്താതെ പോകുന്നു. തിരക്കുള്ള സമയമല്ല. മാനുഷിക പരിഗണന വച്ച് ഇദ്ദേഹം ആളെ എടുത്ത്‌ തന്റെ കാറില്‍ കയറ്റാന്‍ ഒരുങ്ങുന്നു. സഹായത്തിനായി വിളിച്ചെങ്കിലും അപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുമൂന്നുപേര്‍ പതുക്കെ സ്ഥലം കാലിയാക്കുന്നു. പിന്നീടുവന്നവര്‍ സഹായിചെങ്കിലും അപകടത്തിനു കാണക്കാരന്‍ ഇയാളാണെന്ന് കരുതുന്നു. ഹോസ്പിറ്റലില്‍ വച്ച് ബോധം വന്ന യുവാവും കരുതുന്നത് തന്നെ ഇടിച്ചു വീഴ്ത്തിയത് അധ്യാപകന്റെ കാര്‍ തന്നെയാന്‍ എണ്ണാന്‍. തന്റെ നിരപരാധിത്തം തെളിയിക്കാന്‍ ഇദ്ദേഹത്തിന്‍ കേസുമായി വര്‍ഷങ്ങള്‍ പലതു നടക്കേണ്ടി വന്നു.

നമ്മള്‍ എന്തുകൊണ്ട് ഹതഭാഗ്യര്‍ക്ക്‌ പറുദീസാ ഒരുക്കുന്നവരാകുന്നു എന്നതിന് ചോദ്യവും ഉത്തരവും മേല്‍ വിവരിച്ച സംഭവങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. മനുഷ്യസഹജമായ ഭയം അതില്‍ ഒന്നാണ്. മരണം, ചോര എന്നിവയോടുള്ള പേടി ഇതില്‍പ്പെടുന്നു. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടയില്‍ ഞാന്‍ എന്റെ കാര്യം എന്ന് കരുതുന്ന സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുറെതെന്നത് മറ്റൊരു സത്യം. നഗരത്തില്‍ നിന്നും നാട്ടിന്‍ പുറ്ങ്ങളിലെക്ക് മാറുമ്പോള്‍ ഈ സാമൂഹിക പ്രതിബദ്ധത നിശ്ശേഷം മാഞ്ഞുപോയിട്ടില്ല എന്ന യാഥാര്ഥ്യവും നമുക്കു കാണാവുന്നതാണ്. സത്വര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധിക്രുതരുറെ അനാസ്ഥ മറ്റൊരു പ്രശ്നമാണ്. സഹായിക്കാന്‍ ചെല്ലുന്നവരെ ആവശ്യത്തിനും അനാവശ്യത്തിനും ശാരീരികമായും മാനസികമായും പീഠിപ്പിക്കുന്ന നീതി-നിയമ വ്യവ്സ്ഥയാണ് മറ്റൊരു കടമ്പ. ഗുണ്ടാ സംഘങ്ങളുടെയും അധോലോകത്തിന്റെയും ഇടപെടലുകള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്ന ധാരണയും പലപ്പോഴും അപകടങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുന്നതിനു തടസ്സമാകുന്നു.

ഹതഭാഗ്യരെ സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും അത്തരം ആളുകളെ കൂടുതല്‍ ചുറ്റിക്കെട്ടിക്കാതിരിക്കുന്ന അധികൃതരുടെ സമീപനവും ഉണ്ടെങ്കില്‍ തന്നെ കുറെയേറെ പ്രശ്നങ്ങള്‍ ദൂരീകൃതമാകും. സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന് വിചാരിക്കുന്നവരെ നേരിടാന്‍ ശക്തമായ നിയമ വ്യവസ്ഥതന്നെ വേണ്ടി വരും. ചില രാജ്യങ്ങളിലൊക്കെ ഉള്ളതായി പറയപ്പെടുന്ന അപകടങ്ങളില്‍ സഹായിക്കാത്തവരെ കര്‍ശനമായി ശിക്ഷിക്കുന്ന സംവിധാനം ഇവിടെയും വരേണ്ടതാണ്.

ഹതഭാഗ്യര്‍ക്ക്‌ സഹായ ഹസ്തം നീട്ടുന്ന 'നമ്മു'ടെ ഒരു ലോകം നമുക്ക്‌ സ്വപ്നം കാണാം.

=======

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ