എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

05 മേയ് 2009

നാണയപ്പെരുപ്പത്തിന്റെ രാഷ്ട്രീയം



കഴിഞ്ഞ ഒന്നൊന്നര വര്‍ഷങ്ങളായി നമ്മള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് നാണയപ്പെരുപ്പം (inflation) എന്നത്. സാമ്പത്തിക ശാസ്ത്ര പ്രകാരം ഈ പദം സൂചിപ്പിക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും വിലയില്‍ ഒരു നിശ്ചിത കാലത്തിനുള്ളില്‍ ഉണ്ടാവുന്ന വര്‍ദ്ധനവിനെയാണ്. നാണയപ്പെരുപ്പ നിരക്ക്‌ 10% ആണ് എന്ന് പറഞ്ഞാല്‍ നാം മനസ്സിലാക്കേണ്ടത്‌ പോയവര്‍ഷം ഇതേ സമയത്ത്‌ രൂ. 100 കൊടുത്ത്‌ വാങ്ങിയിരുന്ന ഒരു സാധനത്തിന്‍ ഇപ്പോള്‍ രൂ. 110 കൊടുക്കേണ്ടി വരും എന്നതാണ്.
.
2008 ആഗസ്റ്റ്‌-സപ്തംപര്‍ മാസങ്ങളില്‍ നാണയപ്പെരുപ്പ നിരക്ക്‌ 13% ത്തിന്‍ അടുത്തുവരെ എത്തിയിരിന്നു. നിത്യോപയോഗ സാധനങ്ങളുടെ വില സ്ഫോടനാത്മകമായ നിലയില്‍ വര്‍ദ്ധിക്കുന്നതും അതിനനുസൃതമായി ജീവിതച്ചെലവ് കൂടുന്നതും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദൃശ്യമായിരുന്നു. സെപ്റ്റംബര്‍ 2008-നു ശേഷം നാണയപ്പെരുപ്പ നിരക്ക് കുറയുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍, ഈ ഇലക്ഷന്‍ കാലത്ത്‌, നാം സംസാരിക്കുന്നതാകട്ടെ നാണയചൊരുക്കത്തെ (deflation) കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും നാണയപ്പെരുപ്പം മിതമായ തോതില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഒക്കെയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞെന്നും ജീവിതചെലവ്‌ ലഘൂകരിക്കപ്പെട്ടെന്നും വിശ്വസിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് മറുവശത്ത്‌ സാധനങ്ങളുടെ വില അനസ്യൂതം കൂടിക്കൊണ്ടിരിക്കുന്നു.
.
ഇത്തരുണത്തില്‍ ആരുംn ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് സാര്‍ഥകമല്ലാത്ത ഒരു സാമ്പത്തിക സൂചികയുടെ ആവശ്യമെന്താണ് എന്നത്. നാണയപ്പെരുപ്പം എന്ന കണ്‍്സേപ്ടിന്റെ രാഷ്ട്രീയം കടന്നു വരുന്നത് ഇവിടെയാണ് . വില വര്‍ദ്ധന പിടിച്ചു നിറുത്തി എന്ന ധാരണ മാധ്യമ വര്‍ഗത്തിനിടയില്‍ (ഇവരാണല്ലോ ചാഞ്ചാടുന്ന വോട്ടു ബാങ്കുകള്‍) പരത്താന്‍ നാണയപ്പെരുപ്പം കുറഞ്ഞു എന്ന പ്രൊപഗാണ്ട ഒരു പരിധിവരെ സഹായകരമാണ്. ഈ ഇലക്ഷന്‍ കാലത്ത്‌ ഇതിന്റെ പ്രസക്തി എത്രകണ്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
.
നമ്മുടെ രാജ്യത്ത്‌ നാണയപ്പെരുപ്പ നിര്‍ണയത്തിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ രാഷ്ട്രീയം ഇതില്‍ മാത്രം അവസാനിക്കുന്നില്ല. Wholesale Price index (WPI) നെ അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത്‌ നാണയപ്പെരുപ്പം കണക്കാക്കുന്നത്. പ്രാധിനിത്യ സ്വഭാവമുള്ള വിവിധ മേഖലകളില്‍ ഉള്‍പ്പെടുന്ന 435 ഓളം ചരക്കുകളുടെ ഉത്‌പാദക വിലയാണ് WPIകൊണ്ട് സൂചിതമാകുന്നത്. ഉത്‌പാദക ബിന്ദുവിലുള്ള (producers' point) വിലയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അവിടെ നിന്നും പല തട്ടുകള്‍ കടന്ന്‍ ഉപഭോക്തൃ ബിന്ദുവില്‍ (consumers' point) എത്തുമ്പോള്‍ ചരക്കിന്റെ വിലയില്‍ വരുന്ന വൈജാത്യം വളരെയേറെയാണ്. ഇക്കാരണത്താല്‍ തന്നെ മിക്കവാറും രാജ്യങ്ങള്‍ നാണയപ്പെരുപ്പം കണക്കാക്കുന്നതിന്‍ Consumer Price index (CPI) ആണ് മാനദണ്ഡമാക്കുന്നത്. CPI എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ ചരക്കിനും സേവനത്തിനും വരുന്ന ശരാശരി വിലയാണ്. വിലയില്‍ വരുന്ന മാറ്റം ബിസിനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുന്നതിനാണ് ഇതര രാജ്യങ്ങളില്‍ WPI ഉപയോഗിക്കുന്നത്. 90-കളുടെ ആദ്യത്തില്‍ സാമ്പത്തിക നയം മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ദനായ ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ WPI-യെ നാണയപ്പെരുപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡമായെടുത്തത് വെറുമൊരു കയ്യബദ്ധമൊന്നുമായിരിക്കാനിടയില്ല. തികച്ചും ആസൂത്രിതം തന്നെയായിരുന്നിരിക്കണം അത്. സാമ്പത്തിക നയം മാറ്റം വിപണിയിലുണ്ടാക്കുന്ന ആഘാതം താരതമ്യേന ലഘൂകരിച്ചു കാണിക്കാന്‍ സഹായകരമാകുക CPI- യേക്കാള്‍ WPI-യെ അധികരിച്ചുകൊണ്ടുള്ള നാണയപ്പെരുപ്പ കണക്കുകളാണല്ലോ.
.
ഹോള്‍ സെയില്‍ പ്രൈസ്‌ ഇന്റെക്സിന്റെ കൃത്യതയാണ് മറ്റൊരു തര്‍ക്ക വിഷയം . പല സാമഗ്രികളുടെയും വിലനിലവാരം പലപ്പോഴും മിക്ക ആഴ്ചകളിലും ലഭ്യമാകുകയില്ല. അതുകൊണ്ടുതന്നെ മുന്‍ ആഴ്ച്ചയിലെയോ അതിന് മുന്പുള്ള ആഴ്ച്ചകളിലെയോ വിലകല്‍ WPI കണക്കാക്കുന്നതിന്‍ സ്വീകരിക്കേണ്ടതായി വരുന്നു. സാധനങ്ങളുടെ വിലയില്‍ കാര്യമായ വ്യതിയാനം വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാരണത്താല്‍ WPI അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ സൂചിക മിക്കവാറും യാഥാര്‍ഥ്യത്തിന്റെ ശരിയായ പ്രതിഫലനമല്ല നല്‍കുന്നത്‌. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി സൂചികകളെ മാനിപുലേറ്റ് ചെയ്യാന്‍ നിഴല്പ്പാവകള്‍ക്ക് 'വില ലഭ്യമല്ലാത്ത' സാഹചര്യം വേദിയൊരുക്കുന്നു.
.
ഇവിടെ WPI കണക്കാക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ 435 സാധനങ്ങളുടെ വില ആധാരമാക്കിയാണ്. ഈ സാമഗ്രികളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തിരിച്ച് വെയിറ്റേജും നല്കിയിട്ടുണ്ട്. അവ താഴെ പറയും പ്രകാരമാണ്.
1.Primary Articles (food grains, oilseeds, pulses, spices etc. ) : 22.025% വെയിറ്റേജ്.
2.Fuel, Power, Light, Lubricants etc. : 14.226% വെയിറ്റേജ്
3.Manufactured Products (Aatta,biscuits, edible oil, cloth, automobile etc. ) : 63.749% വെയിറ്റേജ്.
.
2008, 2009 എന്നീ വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസം മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള നാണയപ്പെരുപ്പ നിരക്കും WPI- ഉം താഴെ കൊടുക്കുന്നു. (സൂചിക ; 2008, ഏപ്രില്‍ 11 ; 2009 ഏപ്രില്‍ 12 ; വ്യതിയാനശതമാനം എന്നീ ക്രമത്തില്‍ )
WPI of Primary അര്‍തിക്ലെസ് ; 238.5 ; 248.5 ; +4.36%
WPI of Fuel, Power etc. ; 342.7 ; 322.6 ; -5.87 %
WPI of Mfrd. Products ; 199.1 ; 200.9 ; +൦.90%
WPI (Gross. Avg.) ; 228.2 ; 228.8 ; +൦.26%
Inflation ; 7.95% ; ൦.26%
മേല്‍ സൂചിപ്പിച്ച പട്ടികയില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുന്ന Primary Articles- ന്റെ ശരാശരി വില 4.36% ഇപ്പോഴും കൂടിതന്നെയാണ് നില്‍ക്കുന്നത്‌ എന്ന്‍ വളരെ വ്യക്തമാണ്. നാണയപ്പെരുപ്പത്തെ ഭരണകൂടതാത്പര്യങ്ങല്ക്കനുസൃതമായി കരുപ്പിടിപ്പിക്കാന്‍ സഹായിച്ചത്‌ ഇന്ധനവും ഊര്‍ജവും ഉള്‍പ്പെടുന്ന മേഖലയില്‍ 6% നടുത്ത് ഉണ്ടായ വിലക്കറവാണ്. (ക്രൂഡിന് വില ബാരലിന്‍ 150 ഡോളറില്‍ നിന്നും ഇപ്പോള്‍ 60 ഡോളറിനും താഴേക്ക് വന്ന വസ്തുത നമുക്കു മുന്നിലുണ്ട്.) ഇതും ഹോള്‍സെയില്‍ മാര്കെറ്റിലാണെന്ന് ഓര്‍ക്കുക. ഉത്‌പന്നങ്ങളുടെ വിലയുംഒരു ശതമാനത്തിനടുത്ത് വര്‍ദ്ധിചിരിക്കുന്നതായി കാണാം.
.
യാഥാര്ഥ്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെ നാണയ ചോരുക്കത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ ഈ അവസരത്തില്‍ വിധിയ്ക്കപ്പെട്ട നമ്മള്‍ നാണയപ്പെരുപ്പ നിരക്കിനു പിന്നിലുള്ള രാഷ്ട്രീയത്തിന് മുന്നില്‍ കബളിക്കപ്പെടുകയല്ലേ.
==============


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ