എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

24 ഏപ്രിൽ 2009

ജനാധിപത്യത്തിനുളള ചെലവും ജനവിധിയുടെ സമ്പദ്ശാസ്ത്രവും



അഞ്ചു ഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ ഇപ്പോള്‍ പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ചെലവ് എത്രകണ്ടുവരും എന്നതിനെ ക്കുറിച്ച് പല ഏജന്‍സികളും പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് Centre for Media Studies in India യുടേതാണ്. അവര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഈ സംഖ്യ 10,൦൦൦ കോടി രൂപയ്ക്ക് മേലേയാണ്. അതായത് ഒരു വര്‍ഷം നീണ്ടുനിന്ന അമേരിക്കന്‍ പ്രസിഡന്‍്ഷ്യല്‍ തെരഞ്ഞെടുപ്പ് മാമാങ്കത്തെക്കാള്‍ കൂടിയ തുക നാം വെറും 2- 2 1/2 മാസങ്ങള്‍ക്കുള്ളില്‍ ചെലവാക്കുന്നു.

ഈ ചെലവ് ആരെല്ലാം വഹിക്കുന്നു എന്നത് വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി താഴേപ്പറയും പ്രകാരം സംഗ്രഹിക്കാവുന്നതാണ്.
1. ഇലക്ഷന്‍ കമ്മീഷന്‍ : Rs. 1300 കോടി
2.മറ്റ് സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ : Rs. 700 കോടി
3.രാഷ്ട്രീയ പാര്‍ട്ടികള്‍
കോണ്‍ഗ്രസ് & ബി. ജെ. പി. : Rs. 2000 കോടി
മറ്റു കക്ഷികള്‍ : Rs. 650 കോടി
4.സ്ഥാനാര്ത്ഥികള്‍
ദേശീയ പാര്‍ട്ടികള്‍ : Rs. 4350 കോടി
പ്രാദേശിക പാര്‍ട്ടികള്‍ : Rs. 1000 കോടി

ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട മിക്കവാറും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് (പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ബത്ത ഉള്‍പ്പെടെ ) ഇലക്ഷന്‍ കമ്മീഷന്റെയും വിവിധ കേന്ദ്ര-സംസ്ഥാന എജന്‍സികളുടേയും പരിധിയില്‍ വരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്ത്ഥികളും പണമിറക്കുന്നത് പ്രധാനമായും പ്രചരണം കൊഴുപ്പിക്കുന്നതിന് വേണ്ടിയാണ്. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്നതും പലയിടത്തും നടക്കുന്നുണ്ട്. റാലികള്‍ക്കും റോഡ് ഷോകള്‍ക്കും പൈസകൊടുത്ത് ആളെ ഇറക്കുന്നതും അത്ര അപൂര്‍വമല്ല. ഒരു സ്ഥാനാര്ത്ഥിക്ക് 35 ലക്ഷം രൂപ മാത്രമാണ് ചെലവഴിക്കാനാവൂ എന്ന മാനദന്ഡമുണ്ടെന്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കലുടേയും എല്ലാം പേരില്‍ അത് അക്കൌണ്ട് ചെയ്യപ്പെടുന്നു.

ഇതെല്ലാം കണക്കില്‍പ്പെട്ടതും കണക്കില്പ്പെടാത്തതുമായ ചെലവുകള്‍. ഇതിനപ്പുറമുള്ള കണക്കുകള്‍ മറ്റു പലതാണ്. വിവിധ സ്ഥലങ്ങളിലായി 20 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ഈ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും 71.4 കോടി വോട്ടര്‍മാരുടെ സുരക്ഷക്കും വേണ്ടി നിയോഗിക്കേണ്ടതായി വരുന്നു. മുംബൈ ഭീകരാക്രമണത്തിന്റേയും മാവോയിസ്റ്റ് ഭീഷണികളുടേയും പശ്ചാത്തലത്തില്‍ സുരക്ഷാ ചെലവ് 2004-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 50% എങ്കിലും കൂടുമെന്നാണ് കരുതുന്നത്. രാജ്യത്തെ 543 ലോകസഭാ മണ്ഡലങ്ങളില്‍ ഏതാണ്ട് 100 എണ്ണം 'പെയ്മെന്റ് സീറ്റുകളാണെന്ന് ആരോപണം നിലനില്ക്കുന്നു. 50 ലക്ഷം രൂപമുതല്‍ 5 കോടി രൂപവരെയാണ് സ്ഥാനാര്ത്ഥികള്‍ ഇതിനായി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആര്ക്കും ഭൂരിപക്ഷമില്ലാത്ത ഒരു അവസ്ഥ സംജാതമാകുമ്പോള്‍ (അതിനാണല്ലോ സാധ്യത കൂടുതല്‍) കുതിരക്കച്ചവടത്ത്തിനും ചാക്കിട്ടുപിടുത്തത്തിനുമായി കോടികള്‍ പിന്നെയും ഒഴുകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും റോഡ് ഷോകളും ഉന്നത് നേതാക്കന്മാരുടെ സാന്നിധ്യവും എല്ലാം പലപ്പോഴും ഗതാഗത സ്തംഭനത്തിനും സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. ഇതുകൊണ്ട് സംഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങള്‍ നിരവധിയാണ്. ഇതുപോലെ ഹിഡ്ഡന്‍് കോസ്റ്റ് എന്നോ ഒപ്പോര്ച്ചുനിറ്റി കോസ്റ്റ് എന്നോ ഒക്കെ പറയാവുന്ന ഒരു വിഭാഗം കൂടി തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍ വരും.
ചുമരെഴുത്തിന്റേയും നോട്ടീസ് ഒട്ടിക്കലിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. മള്‍ട്ടി കളര്‍ ഫ്ലക്സ് ബോര്‍ഡുകളും ബ്രോഷറുകളുമാണ് ഇപ്പോളത്തെ തരംഗം. വന്‍ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ പലപ്പോഴും ഈവന്‍റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് സംഘടിപ്പിക്കുന്നത്. പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പ്രമുഖ പരസ്യ ഏജന്‍സികളും. കൊണ്‍ഗ്രസ്സിനു വേണ്ടി Percept, Crayons, James Walter Thompson എന്നീ പരസ്യ കമ്പനികള്‍ മുന്‍ നിരയിലുണ്ട്. ബി. ജെ. പി. യുടെ പരസ്യ ഏജന്‍സികള്‍ Frank Simoes ഉം Utopia യും ആണ്. റാലികള്‍ക്ക് ആളെ എത്തിക്കുന്നതിനും വാഹനപ്രച്രരണത്തിനും എല്ലാം വിവിധ സര്‍വ്വീസ് പ്രോവൈഡേഴ്സ് മുന്‍ നിരയില്‍ തന്നെയുണ്ട്. അടുത്തകാലത്ത് വേണ്ടത്ര പരസ്യങ്ങള്‍ ലഭ്യമാകാതിരിക്കുകയോ താരിഫുകള്‍ കുറക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്ത ദൃശ്യ മാധ്യമങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലം അല്പം ആശക്ക് വക നല്കുന്നുണ്ടത്രേ.

റാലികളിലും മറ്റും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന ദിവസക്കൂലിയും, വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന കൈക്കൂലിയും , തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ലഭിക്കുന്ന പണവും (കാര്യമായ ഓഡിറ്റിന് വിധേയമാകാത്ത തെരഞ്ഞെടുപ്പ് ചെലവിന്റെ ഒരു വിഹിതം മുഖ്യ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെയെല്ലാം പോക്കറ്റിലെത്തുന്നുണ്ടത്രേ. ) ഒഴുകിയെത്തുന്നത് മദ്യത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും മാര്ക്കറ്റിലേക്കാണ്. ഈ മേഖലയിലുള്ള കമ്പനികളുടെയും പ്രവര്‍ത്തനം ഇക്കാലത്ത് ത്വരിതപ്പെട്ടെന്നു വരാം.
ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് 2-3 മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 20,൦൦൦ കോടി രൂപയുടെ സാമ്പത്തിക വിനിമയം നമ്മുടെ രാജ്യത്ത് നടക്കുമെന്ന്‍ പ്രതീക്ഷിക്കപ്പെടുന്നു. ഈ കൊടുക്കല്‍ വാങ്ങലുകള്‍ മാന്ദ്യത്തിലായിരിക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉപകരിച്ചേക്കും. ഏതാനും മേഖലകളിലുള്ള കോര്പ്പറേറ്റുകള്‍ക്ക് നേരത്തെ വിവരിച്ചതുപോലെ തെരഞ്ഞെടുപ്പ് കാലം മാന്ദ്യാവസ്ഥയില്‍ നിന്നും പുനര്‍ ജീവനത്തിന് വഴിയൊരുക്കുന്നുണ്ട്. ദലാല്‍ സ്ട്രീറ്റിലെ കാളകള്‍ പതുക്കെ മുക്രയിടാന്‍ തുടങ്ങിയത് ഇതിന്റെ സൂചനയാണോ ആവോ?
റിസഷന്‍ ആണെന്ന്‍ പറയുന്നുണ്ടെങ്കിലും ഭീമമായ തുക സമാഹരിക്കുന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്ത്ഥികള്‍ക്കോ പ്രയാസമുണ്ടായിട്ടില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമാഹരണം മിക്കവാറും നടന്നത് ചെറുതും വലുതുമായ വ്യവസായ പ്രമുഖന്മാരില്‍ നിന്നും തന്നെയായിരിക്കും. അതുകൊണ്ടുതന്നെ കഥ ഇനിയും തുടരും. മാന്ദ്യ കാലത്തെ സഹായത്തിന്‍ വ്യവസായ-വാണിജ്യ പ്രമുഖര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം നാമമാത്രമായിരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ആര്‍ അധികാരത്തില്‍ വന്നാലും സാധാരണക്കാരന്റേയും കര്‍ഷകന്റെയും ഒക്കെ നെഞ്ഞത്തു കയറിയിരുന്നാണെന്കില്‍ കൂടിയും ഇവര്‍ക്കനുകൂലമായ നയങ്ങളായിരിക്കും രൂപപ്പെടുത്താന്‍ സാധ്യത. അങ്ങനെ കോര്‍പ്പറേറ്റ് സമ്പദ് വ്യവസ്ഥ തെരഞ്ഞെടുപ്പിന് ശേഷം പുതു മാനങ്ങള്‍ തേടി മുന്നേറുന്ന കാഴ്ച നമുക്കു മുന്നില്‍ ദൃശ്യമാകും.
xxxxxxxxxx





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ