എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

01 സെപ്റ്റംബർ 2010

ഡാര്‍വിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം -1 )
അരങ്ങുണരും നേരം

ക്യാപ്റ്റന്‍ ടാര്‍ക്വിനോ അരെവാലോ എന്ന കഥാപാത്രം വേദിയുടെ ഇടതു ഭാഗത്തുകൂടെ ഗമിച്ച്  വലതുവശത്ത്  സ്ഥാപിച്ചിട്ടുളള പ്രതിക്കൂട്ടിലെക്ക് നടന്നുനീങ്ങുന്നതോടുകുടി നാടകം  ആരംഭിക്കുകയായി. വേദിയുടെ മിക്കഭാഗവും അരണ്ടവെളിച്ചത്തിലാഴ്ത്തി  ഒരു അവ്യക്തമായ പശ്ചാത്തലമാണ് നാടകത്തിനു ഒരുക്കിയിരുന്നത്. ക്യാപ്റ്റന്‍ അരെവാലോയെ മാത്രം സ്പോട്ട്  ലൈറ്റിന്റെ ധവളാഭ ചൂഴ്ന്നു നില്‍ക്കുന്നു. ഉയര്‍ത്തിപിടിച്ച ശിരസ്സും വിരിഞ്ഞ നെഞ്ഞും ആരെയും കൂസ്സാത്ത ശരീരഘടന ആ കഥാപാത്രത്തിനു നല്‍കുന്നുണ്ടെങ്കിലും മുഖത്തെ ഭാവവ്യതിയാനങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല.

ക്യാപ്റ്റന്‍  അരെവാലോ പ്രതിക്കൂട്ടില്‍ കയറി ഏതാനും നിമിഷം നിശ്ശബ്ദനായി സദസ്സിനെ നോക്കിനിന്നു. പിന്നെ ആ നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താനെന്നവണ്ണം തന്റെ വലതുമുഷ്ടി മടക്കി പ്രതിക്കൂട്ടിന്റെ അഴികളില്‍ സാമാന്യം  ശക്തമായി ഇടിച്ചു.

വീണ്ടും നിശ്ശബ്ദത. ഏതാനും നിമിഷങ്ങള്‍ അത് നീണ്ടു . അതിനൊടുവില്‍ വേദി സാവധാനം പച്ചവെളിച്ചം കൊണ്ട് പൂരിതമാകുകയായി.

 "ക്യാപ്റ്റന്‍ അരെവാലോ, നിങ്ങളാണിതിനുത്തരവാദി- ഈ പരിസ്ഥിതി ദുരന്തത്തിനും  ഇവിടെ ചത്തൊടുങ്ങിയ ഓരോ കടല്‍ക്കാക്കകള്‍ക്കും,  ആമകള്‍ക്കും, ഇഗ്വാനകള്‍ക്കും,ഗൂബീസിനും പിന്നെയും അസംഖ്യം
 ജീവജാലങ്ങള്‍ക്കും എല്ലാം ഉത്തരവാദിയാണ്‌ നിങ്ങള്‍, നിങ്ങള്‍ മാത്രം." 

പച്ചവെളിച്ചം അണയുകയായി..ഇപ്പോള്‍ വേദിയില്‍ അരണ്ട വെളിച്ചം മാത്രം. പിന്നെ  അരെവാലോ എന്ന കഥാപാത്രത്തിനു നേരെ നീളുന്ന സ്പോട്ട് ലൈറ്റും.

ക്യാപ്റ്റന്‍ അരെവാലോ ചുറ്റുപാടും ശബ്ദത്തി ന്റെ ഉറവിടം തേടുന്നു. ഒന്നും ദൃശ്യമാകുന്നില്ല. പരുപരുത്ത സ്വരം ഒരല്പം പതര്‍ച്ചയോടെ  അയാളില്‍ നിന്നും പുറപ്പെടുന്നു - ആരാണ് നീ?

വീണ്ടും പച്ചവെളിച്ചം.

- ഞാന്‍ പ്രോട്ടോസോവ.

അരെവാലോ - പ്രോട്ടോസോവ?! നീ എവിടെയാണ് ?

പ്രോട്ടോസോവ - ക്യാപ്ടന്‍ അരെവാലോ, താങ്കള്‍ക്കെന്നെ കാണുവാനാകില്ല. ഞാന്‍ ഫൈലം പ്രോട്ടോസോവ. കാലങ്ങളേറെ മുമ്പ്, താങ്കളുടെ പിതാമാഹന്മാരും പ്രപിതാമാഹന്മാരുമായ നിയാണ്ടര്‍ ത്തലും  ആസ്ട്രെലോപിത്തിക്കൈന്സും രാമപിത്തിക്കൈന്സും ഒക്കെ ഉണ്ടാകുന്നതിനും ഏറെ മുമ്പ് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ആദ്യ ജീവന്റെ സ്പര്‍ശം.

അരെവാലോ- നിന്നെ എനിക്ക് കാണാനാവുന്നില്ല...

പ്രോട്ടോസോവ - നീ വായിച്ചിട്ടില്ല എന്നുണ്ടോ, യോഹന്നാന്റെ സുവിശേഷം. ആദിയില്‍ വചനം ഉണ്ടായി. അതുമാത്രമായിരുന്നു സത്യം.

അരെവാലോ - നീ പറയുന്ന പുരാണങ്ങളില്‍ അഭിരമിക്കാന്‍ എനിക്കാവില്ല.

വേദിയില്‍ പ്രോട്ടോസോവയുടെ ഒരു  തണുത്ത ചിരി വീണുടയുന്നു. അതിന്റെ നനുത്ത പ്രതിധ്വനി അല്‍പനേരം നീണ്ടുനില്‍ക്കുന്നു. അതില്‍ അസ്വസ്ഥനും അക്ഷമനുമായി അരെവാലോ കുറച്ചുറക്കെതന്നെ ചോദിക്കുന്നു.

- നിനക്കിവിടെന്തുകാര്യം  ?

പ്രോട്ടോസോവ- പരിണാമത്തിന്റെ പരിമാണം ഒരുപക്ഷേ നീ അറിയുന്നില്ല. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ തീക്ഷ്ണതയും നിന്നില്‍ നിന്നും അകന്നു നില്‍ക്കുന്നു.

അരെവാലോ - ദുരന്തം.... ആ പദത്തിനു അഭിശപ്തതയുടെ ആവരണം ഇട്ടുതന്നെ നീയും ഉപയോഗിക്കുന്നു. ഓരോ ദുരന്തവും തുറക്കുന്നത് പ്രകാശമാനമായ പുതുലോകത്തിന്റെ കവാടങ്ങളാണ്. അത് സൃഷ്ടിയെ , സ്രഷ്ടാവിനെ, ഈ വിശ്വത്തെ എല്ലാം ചൂഴ്ന്നു നില്‍ക്കുന്നു. നിന്റെ ഉത്പത്തിപോലും ഒരു വിസ്ഫോടനത്തിന്റെ പരിണിതിയല്ലേ. എന്റെ ജനനവും ഒരു ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന്  അമ്മ എത്രയോ പ്രാവശ്യം കണ്ണ് നീര്‍ തുടച്ചുകൊണ്ട് പറയുന്നത് ഞാന്‍ ഒളിച്ചു നിന്നു കേട്ടിരിക്കുന്നു.

പ്രോട്ടോസോവ- നിങ്ങളുടെ വാക്ചാതുരി ഞാന്‍ വിചാരിച്ചതിലും കേമം. പക്ഷേ, ഈ ദുരന്തം ... തീര്‍ച്ചയായും നിനക്കതൊഴിവാക്കാമായിരുന്നു,  സെര്ബിനോ എന്ന ടാങ്കര്‍ക്ര്യു വന്‍കരയില്‍  വച്ച് സംശയം പ്രകടിപ്പിച്ച മാത്രയില്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍.

അരെവാലോയുടെ മുഖം ചുവന്നു  തുടുക്കുന്നതും  പ്രതിക്കൂട്ടില്‍ രണ്ടു മുഷ്ടികൊണ്ടും ശക്തമായി പ്രഹരിക്കുന്നതും ഇപ്പോള്‍ കാണാം.

- ശുദ്ധ അസംബന്ധം.

പ്രോട്ടോസോവ - ഒരിക്കലും അല്ല ക്യാപ്ടന്‍, നിങ്ങള്‍ ആ സമയം മദ്യത്തിന്റെയും മാര്‍ഗരത്തീന എന്ന ഇക്വഡോറിയന്‍  സുന്ദരിയുടെ മാറിന്‍ചൂടിന്റെയും ലഹരിയിലായിരുന്നു. അതില്‍ നിന്നും ഒരു നിമിഷത്തെക്കെങ്കിലും ഒന്ന് ഇറങ്ങി വന്നിരുന്നുവെങ്കില്‍ ....

പ്രതിക്കൂട്ടില്‍ നിന്നും സദസ്സിനെ നോക്കികൊണ്ടാണ്‌ ഇത്രയും നേരം ക്യാപ്ടന്‍ ടാര്‍ക്വിനോ അരെവാലോ സംവദിച്ചിരുന്നത്. ഇപ്പോള്‍ അയാള്‍ അതിനു വിപരീത ദിശയിലേക്ക് പൊടുന്നനെ തിരിഞ്ഞ് വളരെ നാടകീയമായി വലംകൈ എങ്ങോട്ടെന്നില്ലാതെ ചൂണ്ടി ആക്രോശിച്ചു.

- ഇത് ജല്പനമാണ്, കല്പിത കഥയാണ്.

ഒരു നെടുവീര്‍പ്പോടെ കോട്ടിന്റെ പോക്കറ്റില്‍തിരുകിയിരുന്ന   കൈലേസെടുത്ത് നെറ്റിയിലെ സ്വേദകണങ്ങള്‍ അയാള്‍ ഒപ്പിയെടുത്തു. പിന്നെ നേരത്തെ നിറത്തിയതിന്   തുടര്‍ച്ചയെന്നോണം പറഞ്ഞു, വളരെ സാവധാനം.

-ഇത് ഒരു ദുരന്ത ഭൂമിയാണ്‌ - ഗാലപ്പഗോസിലെ സാന്ക്രിസ്ടോബളിനും സാന്റാക്രൂസിനും ഇടയിലുള്ള  പ്രദേശം. താങ്കള്‍ക്കും അതറിയാം . ഗാലപ്പഗോസിന്റെ മാധുര്യവും കയ്പും ഒട്ടേറെ ഏറ്റു വാങ്ങിയവാനാണല്ലോ താങ്കള്‍.  *HMSബീഗിളിനു സംഭവിച്ചതുമാത്രമേ    'ജെസീക്ക'ക്കും  സംഭവിച്ചിട്ടുള്ളൂ- ഒരു  ദുരന്തം ....അര്‍ഹതയുള്ളവര്‍  അതിനെ  അതിജീവിക്കും .

ഇപ്പോള്‍ മറ്റൊരു സ്പോട്ട് ലൈറ്റ് വെള്ളിവെളിച്ചം തൂകിക്കൊണ്ട്‌ നീതിപീടത്തിനു   നേരെ നീങ്ങുകയായി. ഇത്രയും നേരം ഈ പശ്ചാത്തലം അവ്യക്തമായിരുന്നു. ഇപ്പോള്‍ നമുക്ക് സ്പഷ്ടമായി കാണാം - നരച്ച് നെഞ്ചൊപ്പം  എത്തുന്ന താടിയും കറുത്തകോട്ടുമായി   ഒരു മനുഷ്യന്‍ !

അരെവാലോ തുടര്‍ന്നു.

- വിചാരണകളെ  ഞാന്‍ ഭയക്കുന്നില്ല. പക്ഷേ, ഡാര്‍വിന്‍....
ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് താങ്കളുടെ ബാദ്ധ്യതയാണ്.   ഈ ഭൂവില്‍കണ്ട ദുരന്തത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത ശാസ്ത്രത്തിന്റെ ഉടമയാണ് താങ്കള്‍. അതിന്റെ ആകെത്തുകയായ 'പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള ജീവന്റെ ഉത്പത്തി'യുടെ താളുകളില്‍ നിന്നും ഇറങ്ങി വന്ന് എന്നെ വിചാരണ ചെയ്യുന്നവന്റെ വചനങ്ങള്‍ക്ക് തീര്‍ച്ചയായും മറുപടി നല്‍കേണ്ടത് താങ്കള്‍ തന്നെയാണ്.

ഡാര്‍വിനില്‍   നിന്നും പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാകുന്നില്ല്ല.

വീണ്ടും പച്ച വെളിച്ചം തെളിയുകയായി. പ്രോറ്റൊസോവായുടെ അറത്തുമുറിച്ച വാക്കുകള്‍.....അതിനു മുന്നില്‍ അല്പമൊന്നു പതറി, എന്നാല്‍ മന:സ്ഥൈര്യം പൂര്‍ണ്ണമായും കൈവിടാതെ ഡാര്‍വിനെതിരെ ചോദ്യങ്ങളെയ്യുന്ന അരെവാലോ.... സദസ്സിനെ നോക്കി നിശബ്ദനായി ഒരു പ്രതിമകണക്കെ നീതിപീടത്തില്‍ നിലകൊള്ളുന്ന ചാള്‍സ് ഡാര്‍വിന്‍ എന്ന കഥാപാത്രം ... ആളുകളുടെ വല്ലപ്പോഴുമുള്ള കരഘോഷങ്ങളുടേയും അതിലുമേറെ കൊട്ടുവാകളുടേയും അകമ്പടിയോടെ അങ്ങിനെ ആ നാടകം സാവധാനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

*HMS ബീഗിള്‍ - ഡാര്‍വിന്‍ പര്യവേഷണത്തിനുപയോഗിച്ച കപ്പല്‍  

(കഥ തുടരും...) ‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ