എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

19 സെപ്റ്റംബർ 2010

ഡാര്‍വിനും ജെസ്സീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു 'ശുഭാന്ത' നാടകം

(കഥ ഭാഗം -2 )


'ഗാലപ്പഗോസ് എന്ന ദുരന്തം'

ലേഖനത്തിന്റെ തലക്കെട്ട്‌  ഇങ്ങിനെത്തന്നെ വേണമോ എന്ന കാര്യത്തില്‍ മുപ്പതുകിലോമീറ്ററോളമുളള യാത്രക്കിടയില്‍ എബ്രഹാം തോമസ്‌ എന്ന സബ് എഡിറ്റര്‍ ഏറെക്കുറെ ഒരു ഉറപ്പില്‍ എത്തിക്കഴിഞ്ഞിരുന്നു. മലയാള നാടക വേദിയുടെ മുഖച്ഛായ മാറ്റുന്നതില്‍ പ്രമുഖ പങ്കു വഹിച്ച രാഘവന്മാഷുടെ  പുതിയ നാടകം 'ഗാലപ്പഗോസ്' പതിവിനു വിപരീതമായി നഗരത്തില്‍ നിന്നും ഏറെ അകന്നു നാട്ടിന്‍ പുരത്തിന്റെ സ്നിഗ്ദത ഏറെയുള്ള അദ്ദേഹത്തിന്റെ തട്ടകത്തില്‍ അരങ്ങേറുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാണ്- പോകണം ; റിപ്പോര്‍ട്ട്  ചെയ്യണം. പക്ഷേ, അത് ഒരു റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ നിന്നും  നിരൂപണത്തിന്റെ  തലത്തിലേക്ക് മാറുമെന്നു അയാള്‍ ഒട്ടും കരുതിയതല്ല. കഴിഞ്ഞ നാല്‍പ്പത്തഞ്ചു  മിനിറ്റിലേറെ നീണ്ട ഇരുളിനെ കീറിമുറിച്ചുകൊണ്ടുള്ള  മോട്ടോര്‍സൈക്കിള്‍ യാത്രക്കിടയില്‍ അതിനങ്ങിനെയൊരു രൂപപരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

പത്ര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ബേയില്‍ വണ്ടി വച്ചു അകത്തേക്ക് കടക്കുമ്പോള്‍ തന്നെ കുമാരേട്ടന്‍ ഓടി വന്ന് പറഞ്ഞു. 'സാറവിടെ  കാത്തിരിക്കുകയാണ്. മറ്റെല്ലാം സെറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇതുകൂടിയെ ബാക്കിയുള്ളൂ. "

വാഷ്ബേസിനില്‍ മുഖം കഴുകി അമര്‍ത്തിത്തുടച്ച്  തിടുക്കത്തില്‍ എബ്രഹാം തോമസ്‌ തന്റെ സീറ്റിലേക്ക് നടന്നു. "ഗാലപ്പഗോസ് എന്ന ദുരന്തം" എന്ന തലക്കെട്ടിനുകീഴെ വെള്ളക്കടലാസില്‍ അക്ഷരങ്ങള്‍ ഇങ്ങനെ തെളിയുകയായി.  

"നാടകാചാര്യന്മാര്‍ എന്ന് സ്വയം കല്പ്പിച്ചേകിയകുപ്പായമണിഞ്ഞു നാടകവേദിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തങ്ങളുടെ ശൈലിക്കനുസൃതമായി സ്ഥിരമായൊരു രംഗഭാഷയും സൂത്രവാക്യങ്ങളും കൊണ്ട് ബോണ്ണിസായ് ചെയ്യപ്പെട്ടിരുന്ന ഒരുകാലം മലയാള നാടകത്തിനുണ്ടായിരുന്നു. അതില്‍ നിന്നും മോചിപ്പിച്ച് പുതിയൊരു ദിശാബോധം  മലയാള നാടകത്തിനു നല്‍കാന്‍ ശ്രമിച്ചവരില്‍ പ്രമുഖനാണ് രാഘവന്‍ മാഷ്‌ എന്ന് പരക്കെ അറിയപ്പെടുന്ന രാഘവവാര്യര്‍. റിയലിസവും ഫാന്റസിയും ഇടകലര്ത്തിക്കൊണ്ടുള്ള  അദ്ദേഹത്തിന്റെ ഓരോ നാടകവും അവതരണ ഭാഷ്യം കൊണ്ട് നൂതനവും തികച്ചും വ്യത്യസ്തങ്ങളും ആയിരുന്നു. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം , അവന്റെ സംവേദനത്തിനു പുതിയ മാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും അവന്റെ മനസ്സിന്റെ ഊഷരതയില്‍  നവ്യമായ സാമൂഹികാവബോധത്തിന്റെ നീര്‍ച്ചാലുകള്‍ സൃഷ്ടിചെടുക്കുന്നതിനും ഈ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറ്റൊരു നാടകം കൂടി, ഏറെ പ്രതീക്ഷയോടെ, സ്വന്തം മണ്ണില്‍ കൊയ്ത്തുകഴിഞ്ഞു പരന്നു കിടക്കുന്ന പാടങ്ങള്‍ക്കു നടുവില്‍ കെട്ടിയുയര്‍ത്തിയ വേദിയില്‍ അരങ്ങേറുകയുണ്ടായി - 'ഗാലപ്പഗോസ്'.

ഗാലപ്പഗോസ്..... ഇക്വഡോറിന്റെ അധീനതയിലുള്ള ദ്വീപസമൂഹം. ചിതറിക്കിടക്കുന്ന ഫോസിലുകളുടേയും അവശിഷ്ടങ്ങളുടേയും  ഇരുണ്ട വഴികളില്‍ നിന്നും പുതിയൊരു ശാസ്ത്രത്തിന്റെ അനന്ത സാധ്യതകള്‍ തെളിയിച്ചെടുക്കാന്‍ ചാള്‍സ് ഡാര്‍വിനെ സഹായിച്ച ഭൂമി. ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രത്തിന്റെ മാതൃഭൂവിന്‍ സിരകളിലേക്ക് ഒഴുകിയിറങ്ങിയ വിഷകണങ്ങളായിരുന്നു  2001  ജനുവരിയില്‍   'ജെസ്സീക്ക' എന്ന എണ്ണക്കപ്പലില്‍  നിന്നും വമിച്ചത്. വര്‍ഷം ഏറെകഴിഞ്ഞിട്ടും അത് പരിസ്ഥിതിയ്ക്കേല്‍പ്പിച്ച ക്ഷതം നിര്‍ബാധം തുടരുന്നു. അതിനുത്തരവാധികളെന്നു  പറയപ്പെടുന്നവര്‍ നിരവധിയാണ് -  ഓയില്‍ ടാങ്കര്‍ ഉടമ, എണ്ണ കയറ്റുമതി കമ്പനി, ശരിയായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താതിരുന്ന അധികൃതര്‍, കപ്പലിലെ ജീവനക്കാര്‍..... ഇങ്ങനെ പോകുന്നു ആ നീണ്ട നിര. അതില്‍ ആദ്യം പ്രതിയാക്കപ്പെട്ടതും മാസങ്ങളോളം വിചാരണ നേരിട്ടതും ടാര്‍ക്വിനോ അരെവാലോ എന്ന 'ജെസ്സീക്ക'യുടെ കപ്പിത്താനായിരുന്നു. ഈ നാടകത്തില്‍ അയാള്‍ മറ്റൊരു വിചാരണ കൂടി നേരിടുകയാണ്.

വ്യക്തമായ ദിശാബോധമില്ലാതെ  തുടരുന്ന ഫൈലം പ്രോട്ടോസോവായുടെ    വിചാരണ ചോദ്യങ്ങള്‍ക്കും അരെവാലോയുടെ മറുവാദങ്ങള്‍ക്കും പ്രത്യേകിച്ചൊരു മറുപടിയും നല്‍കാനാകാതെ നിശ്ശബ്ദനായി,   പ്രതികരണ ശേഷിപോലും  നഷ്ടപ്പെട്ടു നിലകൊള്ളുന്ന ഒരു ഡാര്‍വിനെയാണ് ഈ നാടകത്തിലുടനീളം   കാണുന്നത്. ഇത് തന്നെയാണ് ഈ നാടകത്തിന്റെ ദുരന്തവും. അതാകട്ടെ നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദുരന്തത്തേക്കാള്‍ ഭയാനകവുമാണ്‌. വാദത്തിനും പ്രതിവാദത്തിനും  മാത്രമായി ഒരു നാടക വേദിയുടെ ആവശ്യമെന്ത് ? അതോ ജനങ്ങള്‍ പ്രതികരിക്കട്ടെ എന്നാണോ നാടകക്കാരന്‍ വിവക്ഷിക്കുന്നത്. അങ്ങിനെ എങ്കില്‍  അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന ഡാര്‍വിന്‍ എന്ന നോക്കുകുത്തി കഥാപാത്രത്തിന്റെ ആവശ്യമെന്ത് ?......."

(കഥ തുടരും)

1 അഭിപ്രായം: