എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

31 ജനുവരി 2011

ബിയാസിന്‍ തീരഭൂവില്‍ (ഭാഗം -1)

.
ബിയാസ് നദി

ബിയാസിനെ ആദ്യമായി കണ്ടുമുട്ടുന്നത് മാണ്ടിയില്‍ വച്ചാണ്. അപ്പോഴേക്കും സിംലയില്‍ നിന്നും 150 കിലോമീറ്ററോളം ഞാന്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായിരുന്നില്ല ആ പ്രഥമ ദര്‍ശനം. ഏറെക്കുറേ അനാകര്‍ഷകയായ അവളെ നോക്കി ഞാന്‍ അറിയാതെ മന്ത്രിച്ചുപോയി: നീയോ ബിയാസ് ? കുളുവിന്റെ മാനസപുത്രിയാണ് പോലും...

അവളില്‍ നിന്നും ഒരു തണുത്ത ചിരി ഉതിര്‍ന്നുവോ? അതില്‍ പരിഹാസത്തിന്റെയും പുച്ചത്തിന്റെയും ശല്കങ്ങള്‍ ഒളിഞ്ഞിരുന്നുവോ?

ഇനിയുള്ള യാത്ര ഉയരങ്ങളിലേക്കാണ്. ഹിമവാന്റെ മടിത്തട്ടിലൂടെ , കുളുവിലേക്ക്. യാത്രയില്‍ കാണുന്ന ദൃശ്യം- ഇടതു വശത്ത് നിറഞ്ഞു നില്‍ക്കുന്ന കുളുതാഴ്വര ; വലതു ഭാഗത്ത് ബിയാസ് നദി. മുകളിലോട്ടുപോകുംതോറും ബിയാസ് കൂടുതല്‍ ലാവണ്യവതിയാകുന്നു. ഉയരങ്ങളില്‍ നിന്നും വെളുത്ത പാറകളെ തഴുകിയുള്ള യാത്ര കളകളാരവം ഉയര്‍ത്തുന്നു. ചിലപ്പോളൊക്കെ അവള്‍ ചുഴികള്‍ സൃഷ്ടിച്ച് അട്ടഹസിക്കുന്നു.

'ലഷ് വാലി ഓഫ് കുളു '

പതിമ്മൂന്നു -പതിന്നാലു വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ മനനം ചെയ്ത് പരുവപ്പെടുത്തിയിരുന്ന ഒരു സ്വപ്നമാണ് 'ലഷ് വാലി ഓഫ് കുളു'- സമൃദ്ധമായ കുളുതാഴ്വര. തിരുവനന്തപുരത്തെ ആര്‍ട്ട് ഗാലറി അന്ന് സന്ദര്‍ശിച്ചപ്പോള്‍ എന്നെ ആകര്‍ഷിച്ചത് രവിവര്‍മ ചിത്രങ്ങളേക്കാളെറേ മറ്റൊരു കലാകാരന്റെ സൃഷ്ടികളായിരുന്നു. കുളു താഴ്വരയെ ഏറെ സ്നേഹിച്ച റഷ്യക്കാരനായ നിക്കോളാസ് റോറിച്ചിന്റെ 'ലഷ് വാലി ഓഫ് കുളു' സീരീസിലുള്ള റിയലിസ്റ്റിക്ക് ചിത്രങ്ങള്‍. അന്നുമുതല്‍ എന്നെ സംബന്ധിച്ചിടത്തോളം കുളു ഒരു സ്വപ്ന ലോകമായിരുന്നു- മഞ്ഞിന്റെ ധവളാഭയും സസ്യജാലങ്ങളുടെ ഹരിതാഭയും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു 'ഫെയറി ലാന്റ്'.

5503 ച. കി.മീ. വിസ്തീര്‍ണ്ണമുളള കുളു ജില്ല ഹിമാചല്‍ പ്രദേശിന്റെ ആകെ വ്യാപ്തിയുടെ ഇരുപതു ശതമാനത്തോളം വരും. 50 മൈലോളം നീളത്തിലും ഒരു മൈല്‍ വീതിയിലും കുളു വാലി വ്യാപിച്ചുകിടക്കുന്നു.

ചരിത്രം

കുളു എന്ന വാക്കിന്റെ ഉദ്ഭവം ബിയാസ് നദീതീരത്ത് വസിച്ചിരുന്ന 'കളൂട്ട്' എന്ന ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുമാണെന്ന് വിശ്വസിക്കുന്നു. മഹാഭാരതത്തില്‍ കളൂട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. ഈ വംശത്തില്‍പ്പെട്ട പര്‍വ്വതേശ്വര രാജാവ് അര്‍ജ്ജുനനുമായി യുദ്ധം ചെയ്യുന്നതായും മറ്റൊരു രാജാവായ ക്ഷേമധ്രുതി യുദ്ധത്തില്‍ പരാജയപ്പെടുന്നതായും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഒന്നാം നൂറ്റാണ്ടിലേതുള്‍പ്പെടെയുള്ള നാണയങ്ങളും കളൂട്ട് വംശത്തിലേക്ക് വെളിച്ചം നല്‍കുന്നതത്രെ. പിന്നീട് 1500 വര്‍ഷത്തോളം കുളു 'പാല്‍' സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വെഹങ്കമണിപാലില്‍ തുടങ്ങി ഏതാണ്ട് 85 -ഓളം പാല്‍ രാജാക്കന്മാര്‍ ഈ കാലയളവില്‍ കുളു ഭരിച്ചു. അതിനുശേഷം ഭരണം ഏതാനും 'സിക്' രാജാക്കന്മാരുടെ വശമായിരുന്നു. ലാഹോര്‍ ഉടമ്പടി പ്രകാരം 1846-ല്‍ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കൈവശമായി. 1963-ല്‍ കുളു ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. 1966-ല്‍ ഹിമാചല്‍പ്രദേശ്‌ സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാഗമായി.

ബിയാസ് നദി

പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും പിന്‍ബലത്തില്‍, ആദിമമനുഷ്യന്റെ ഉത്ഭവം ബിയാസിന്റെ  തീരഭൂവില്‍ നിന്നുമാണെന്ന് വാദിക്കുന്ന പണ്ടിതരുണ്ട്.  ആദിമ സംസ്കാരങ്ങള്‍ നിലനിന്നിരുന്ന ഏഴു നദീതടങ്ങളിലൊന്നു ബിയാസിന്റെതാണെന്നും കരുതപ്പെടുന്നു. പുരാണങ്ങളില്‍ ഈ നദി 'ആര്‍ജിക' എന്ന പെരിലത്രേ അറിയപ്പെടുന്നത്.

ബിയാസിന്റെ ഉത്ഭവം രോഹ്തങ്ങില്‍ നിന്നും 8 കി. മീ. അകലെ 3978 മീറ്റര്‍ ഉയരത്തിലുള്ള ബിയാസ് റിഖി തടാകത്തില്‍ നിന്നുമാണ്. അവിടേ നിന്നും താഴ്വരയിലൂടെ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടങ്ങളില്‍ വച്ച് നീര്‍ച്ചാലുകള്‍ ബിയാസിനെ സമ്പുഷ്ടമാക്കുന്നു. ഭുണ്ടാറില്‍ വച്ച് പാര്‍വ്വതിനദി ബിയാസിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു. ലാര്‍ജിവരെ തെക്കോട്ടൊഴുകുന്ന ഈ നദി, അവിടെ വച്ച് പടിഞ്ഞാറോട്ട് തിരിയുന്നു. വഴിയിലുടനീളം പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞോഴുകുകയാണ് ബിയാസ്.

യാത്ര തുടരുകയാണ്.....

ബിയാസിന്റെ ഭാവം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. NH-21 ലൂടെ മാണ്ടിയില്‍ നിന്നും 58 കി.മീ ദൂരം ബിയാസിന്റെ തീരത്തുകൂടെ സഞ്ചരിച്ച പ്പോള്‍ ഭുണ്ടാര്‍ എന്ന സ്ഥലത്തെത്തി. ഇവിടെ വച്ചാണ് പാര്‍വ്വതി (പാര്‍ബതി) നദി ബിയാസുമായി സംഗമിക്കുന്നത്.

തത്കാലം ബിയാസിനു വിട ! ഇനി കുറച്ചു മണിക്കൂറുകള്‍ ബിയാസിന്റെ സഖിയായ പാരവ്വതീ നദിയുമൊത്ത്. മാണ്ടി - കുളു NH -21 ല്‍ നിന്നും ഭുണ്ടാറില്‍ വച്ച് വലത്തോട്ട് തിരിഞ്ഞ് 35കി.മീ.പോയാലാണ് മണികറന്‍ എന്ന സ്ഥലം. ഇനിയുള്ള യാത്ര അങ്ങോട്ട്. ഇപ്പോള്‍ ഇടതുവശത്ത് തളിര്‍ത്തു നില്‍ക്കുന്ന പാര്‍വ്വതീ വാലി. വലതുവശത്ത് ആര്‍ത്തൊഴുകുന്ന പാര്‍വ്വതീനദി.യാത്ര വളരെ സാവധാനമാണ്‌. മണികറന്‍ സമുദ്ര നിരപ്പില്‍ നിന്നും 5200 അടി ഉയരത്തില്‍ കിടക്കുന്ന പ്രദേശമാണ്.

കസോള്‍ മുതല്‍ ബ്രഹ്മഗംഗ വരെയുള്ള പാര്‍വ്വതി നദിയുടെ തീരത്തുള്ള 5കി.മീ. പ്രദേശം ചൂട് നീരുറവകളാല്‍ പ്രശസ്തമാണ്. അവയില്‍ ചൂടേറെയുള്ളത് മണികറനില്‍ കാണുന്ന ഏതാനും ഉറവകള്‍ക്കാണ്.

മണികറന്‍ - ഐതിഹ്യവും ശാസ്ത്രവും

88 ഡിഗ്രി മുതല്‍ 94 ഡിഗ്രി സെല്‍ഷിയസ് വരെയാണ് മണികറനിലെ നീരുറവകളില്‍ നിന്നും വമിക്കുന്ന ജലത്തിന്റെ ചൂട്. മണി കറന്‍ എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം ചെവിയിലെ രത്നം എന്നാണ്. (മണി = രത്നം ; കറണ്‍ =കര്‍ണ്ണം(ചെവി)). ഈ വാക്കിന്റെ ഉത്ഭവം ഒരു ശിവ-പാര്‍വ്വതി കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പതിനൊന്നായിരം വര്‍ഷത്തോളം ശിവനും പാര്‍വ്വതിയും ഈ താഴ്വാരത്തില്‍ ധ്യാനവും ക്രീഡയും ആയി താമസിച്ചു വന്നിരുന്നത്രേ. പാര്‍വ്വതിയുടെ കര്‍ണ്ണത്തില്‍ അണിഞ്ഞിരുന്ന രത്നം ഒരു ദിനം നദിയില്‍ വീണു. ശിവന്‍ തന്റെ ഭൂതഗണങ്ങളോട് അത് കണ്ടെടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ക്കതിനായില്ല. ക്രോധപൂര്‍വ്വം ശിവന്‍ തന്റെ തൃക്ക‍ണ്‍ തുറന്നത്രേ. അതില്‍ നിന്നും 'നൈനാ'ദേവി പുറത്തുവന്നു. ശേഷനാഗം ഫണമുയര്‍ത്തി ചീറ്റി. എല്ലാം കൂടിയായപ്പോള്‍ അവിടെയുള്ള വെള്ളം തിളക്കാന്‍ തുടങ്ങി. ആയിരക്കണക്കിന് രത്നങ്ങളും കല്ലുകളും അതില്‍ നിന്നും പുറത്തുവന്നു. അതിലൊന്ന് പാര്‍വ്വതിയുടേതായിരുന്നു.

ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ചൂട് നീരുറവകള്‍ക്ക് നല്‍കുന്ന വിശദീകരണം ഈ പ്രദേശങ്ങളില്‍ കാണുന്ന 'റേഡിയം' മൂലകത്തിന്റെ സാന്നിദ്ധ്യമാണ്. 1905 -ലെ ഭൂകമ്പം വരെ ഇവിടുത്തെ ഉറവകളില്‍ നിന്നും പതിന്നാലടി ഉയരത്തില്‍ വരെ വെള്ളം വമിച്ചിരുന്നത്രേ. നിരവധി അമൂല്യമായ കല്ലുകളും രത്നങ്ങളും പുറത്തേയ്ക്ക് വന്നിരുന്നതായും പറയപ്പെടുന്നു! എന്നാലിന്ന് ഈ ചൂടുറവകളില്‍ നിന്നും അധികം ഉയരത്തിലെക്കൊന്നും വെള്ളം വമിക്കുന്നില്ല. ഇത്തരം നീരുറവകളുടെ ചുറ്റും പുകപടലം പോലെ ശക്തമായ ആവി ഉയരുന്നത് കാണാമായിരുന്നു.

ഇവിടുത്തെ വെള്ളത്തിനു സ്വാദ് വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. ചൂടുനീരുറവകളിലെ ജലവും പാര്‍വ്വതി നദിയിലെ വെള്ളവും  മിശ്രണം ചെയ്ത 'ബാത്തിംഗ് ഘട്ടുകളില്‍' ഏറെപ്പേര്‍ കുളിക്കുന്നുണ്ട്. വാതം ത്വക് രോഗം   തുടങ്ങിയവ ഈ ജലത്തില്‍ സ്ഥിരമായി കുളിക്കുന്നത് വഴി മാറുമെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടത്രേ. അരിയും ഉരുളക്കിഴങ്ങും പയറുവര്‍ഗ്ഗങ്ങളും ചൂടുനീരുരവയില്‍ മുക്കിവച്ച പാത്രങ്ങളില്‍ വേവിക്കുന്നതും കാണാമായിരുന്നു.

ക്ഷേത്രവും ഗുരുദ്വാരയും

മണികറനിലെ പിരമിഡ് ആകൃതിയിലുള്ള രാമക്ഷേത്രം അതിന്റെ നിര്‍മ്മാണ ശൈലികൊണ്ടു ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. വൈഷ്ണവ വിശ്വാസിയായിരുന്ന രാജ ജഗത്സിംഗ്, 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ 17 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അയോധ്യയില്‍ നിന്നും രാമവിഗ്രഹം കൊണ്ടുവന്ന് രണ്ട്‌ ശിവ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് നിര്‍മ്മിച്ചതത്രേ ഈ രാമക്ഷേത്രം. 1889-ല്‍ രാജാദിലീപ് സിംഗ് ഇത് നവീകരിച്ചു. ആവി പാറുന്ന ഒരു മുഖ്യ ചൂടുനീരുറവ ഈ ക്ഷേത്രത്തിനു സമീപമാണ്.

ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ശ്രീനാരായണ്‍ ഹരി ഗുരുദ്വാര. ഗുരു ശ്രീനാരായണ്‍ ഹരി 1940-ല്‍ കുളുവില്‍ വരികയും മണികറനെ തന്റെ പ്രവര്‍ത്തന കേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989-ല്‍ അദ്ദേഹം മരിക്കുമ്പോഴേക്കും ഗുരുദ്വാര വളരെ പ്രശസ്തമായി കഴിഞ്ഞിരുന്നു. ഹരിഹര്‍ഘട്ട് എന്നും ഈ പ്രദേശം അറിയപ്പെടുന്നു. മിക്കവാറും മാര്ബിളിലാണ് ഗുരുദ്വാര പണിതിട്ടുള്ളത്. അടിയിലൂടെ ചൂടുറവകള്‍ ഒഴുകുന്നതിനാല്‍ പലയിടങ്ങളിലും നഗ്നപാദങ്ങള്‍ കൊണ്ടു നടക്കാന്‍ പ്രയാസമാണ്. (പാദരക്ഷകള്‍ പുറത്ത് വച്ചിരിക്കുമല്ലോ.) ഇത്തരം ഭാഗങ്ങളിലൊക്കെ മരപ്പലകകള്‍ ഇട്ടിരിക്കുകയാണ്. അതിലൂടെ വേണം നടന്നു നീങ്ങുവാന്‍. ആചാര പ്രകാരം തലമുടി തൊപ്പികൊണ്ടും ടവല്‍കൊണ്ടും ചുരിദാര്‍ ഷാള്‍ കൊണ്ടുമൊക്കെ മറിച്ച് ആളുകള്‍ നടന്നു നീങ്ങുന്നു.

ഗുരുദ്വാരയില്‍ ഉച്ചഭക്ഷണം സൌജന്യമാണ്. അതിനായി ഞങ്ങളുടെ യാത്രാസംഘത്തിലെ എലാവരും ഇരുന്നു, നിലത്തുവിരിച്ച പായയില്‍. വിശേഷ ദിനങ്ങളില്‍ നല്ല സദ്യയാണത്രെ. ഏതായാലും അന്നൊരു വിശേഷ ദിനമായിരുന്നില്ല. റൊട്ടിയുണ്ട് ചോറുണ്ട് കൂട്ടിനു പേരറിയാത്ത രണ്ടു-മൂന്ന് കറികളും. ഭക്ഷണം എത്ര വേണമെങ്കിലും തരും. അവര്‍ സമൃദ്ധിയായി വിളമ്പി. എല്ലാം കഴിച്ചേ എഴുന്നെല്‍ക്കാവൂ എന്ന നിബന്ധന പിന്നീടാണറിഞ്ഞത് . തീര്‍ച്ചയായും ന്യായം തന്നെ. അത് നിരീക്ഷിക്കുന്നതിനായി രണ്ടുമൂന്നു 'സൂപ്പര്‍വൈസര്‍മാര്‍' ആക്രോശിച്ചു കൊണ്ടു നില്പ്പുണ്ട് അവരുടെ നോട്ടവും നീണ്ട കൃപാണ്‍ഉം കാണുമ്പോള്‍ തന്നെ നമ്മള്‍ ചകിതരാകും റൊട്ടിയും ചോറും ഓ.കെ. പക്ഷേ, കറികള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യക്കാരായ ഞങ്ങളെല്ലാവരും നമോവാകം ചൊല്ലി. എന്തുചെയ്യാം ? കാവല്‍ നില്‍ക്കുകയല്ലേ നമ്മുടെ കഥാപാത്രങ്ങള്‍. ഒരു വിധം തീര്ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ഉരുളക്കിഴങ്ങും അരിയുമെല്ലാം ഇവിടെയും വേവിക്കുന്നത്‌ നീരുരവയില്‍ മുക്കിവച്ച പാത്രങ്ങള്‍ വഴിയാണ്. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകി 'ഹൈജീനിക്ക്' ആവാനും ഏറെ എളുപ്പം !

കുളു പട്ടണം

മണികറനില്‍ നിന്നും മടക്കയാത്ര. ഇപ്പോള്‍ വലതുവശത്ത് പാര്‍വ്വതി വാലി, ഇടതുവശത്ത് പാര്‍വ്വതി നദി. വീണ്ടും ഭുണ്ടാര്‍. അവിടെ നിന്നും മാണ്ടി -കുളു ദേശീയ പാതയിലൂടെ ബിയാസിന്റെ തീരത്തുകൂടി സഞ്ചരിച്ച് കുളുവിലേക്ക് ....

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 4000അടി ഉയരത്തിലാണ് കുളു സ്ഥിതിചെയ്യുന്നത്. കുളു പട്ടണത്തെ നാലായി തിരിച്ചിരിക്കുന്നു- ധാല്‍പൂര്‍, സര്‍വ്വാരി, ആഖാര, സുല്‍ത്താന്‍പൂര്‍ എന്നിങ്ങനെ. സുല്‍ത്താന്‍പൂര്‍ പഴയ ഒരു ബാസാറാണ്. സര്‍വ്വാരിയും അഖാരയും പുതിയ വാണിജ്യകേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളൊക്കെ താരതമ്യേന വൃത്തിഹീനമാണെന്ന് വേണം പറയാന്‍. ധാല്‍പൂര്‍ ആണ് ജില്ലാ ആസ്ഥാനം. മിക്കവാറും എല്ലാ ഗവണ്‍മെന്റ് ഓഫീസുകളും ഇവിടെ സ്ഥിതിചെയ്യുന്നു. വിശാലമായ മൈതാനങ്ങളും അതിനു പശ്ചാത്തലമൊരുക്കുന്ന വലിയ മലനിരകളും കൊണ്ടു മനോഹരമാണ് ഈ പ്രദേശം. വൈകുന്നേരങ്ങളില്‍ ഒറ്റയായും കൂട്ടമായും ആളുകള്‍ മൈതാനത്തിരുന്നു മലയുടെ ദൃശ്യചാരുത ആസ്വദിക്കുന്നത് കാണാനായി. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കുളുവിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണിതെന്ന് എനിക്ക് മനസ്സിലായി. ഒരു മാസ്മരിക ലോകത്ത് പിണ്ഡവും രൂപവും നഷ്ടപ്പെട്ട് മേഘപാളികളെപോല്‍ പാറിനടക്കുന്ന ഒരവസ്ഥ...

മൂന്നു കാര്യങ്ങള്‍ക്കത്രേ കുളു ഏറെ പ്രശസ്തം. ആദ്യത്തേത് കുളു താഴ്വര തന്നെ. കുളു ഷാളുകളും ദസറ ഉത്സവവും അത്രതന്നെ പ്രശസ്തമാണ്.


30,000 പേര്‍ക്ക് നേരിട്ടും അല്ലാതെയുമായി തൊഴില്‍ നല്‍കുന്ന ഒരു കുടില്‍ വ്യവസായമാണ്‌ കുളുവിലെ ഷാള്‍ നിര്‍മ്മാണമേഖല. 300-ഓളം സഹകരണസംഘങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഷാള്‍ കൂടാതെ സ്വെറ്ററുകളും തൊപ്പികളും ഈ സ്ഥാപനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നുരണ്ടു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി. നമ്മുടെ നാട്ടിലെ കൈത്തറികള്‍ക്ക് സമാനമായ തറികളില്‍ തന്നെയാണ് ഇവയുടെ നിര്‍മ്മാണവും. ഇഴയടുപ്പം, ഡിസൈനുകള്‍, നൂലിന്റെ ഗുണം എന്നിവയ്ക്കനുസരിച്ച് ഷാളിന്റെ വിലയിലും വ്യത്യാസമുണ്ട്. ഇരുന്നൂറു രൂപ മുതല്‍ പതിനായിരക്കണക്കിനു രൂപവരെ വിലയുള്ള ഷാളുകള്‍ കാണുവാന്‍ കഴിഞ്ഞു. മുപ്പതോ അന്‍പതോ രൂപയ്ക്ക് കിട്ടുമെന്നതിനാല്‍ കുളു തൊപ്പികള്‍ മിക്കവാറും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തദേശീയരുടെ വസ്ത്രധാരണത്തിന്റെ ഒരു ഭാഗമാണ് ഈ തൊപ്പികള്‍. ബഹുവര്‍ണ്ണത്തിലുളള ഒരു തുണികഷ്ണമോ വെല്‍വറ്റ് നാടയോ ഒരുവശത്ത് തുന്നിപ്പിടിപ്പിച്ച കിന്നരിതൊപ്പികളാണിവ.


കുളുതാഴ്വര  
(തുടരും....)