(ഭാഗം -2 ന്റെ തുടര്‍ച്ച)

മഹാബലിയുടെ സാമ്രാജ്യം എത്രത്തോളം വിപുലമായിരുന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ബലി, കേരളക്കരയില്‍ തൃക്കാക്കര കേന്ദ്രമാക്കിയായിരുന്നു വാണിരുന്നതെന്നും അവിടെ വച്ചുതന്നെയാണ് വാമനനാല്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടതെന്നും വശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരപ്പന്‍ ക്ഷേത്രം ഇവിടെ വന്നത് അങ്ങനെയത്രെ. ചെന്നൈക്കടുത്തുള്ള മഹാബലിപുരം ബലി രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു എന്നും പറയുന്നു.
ബലിയുടെ രണ്ടു തലമുറ മുന്പുള്ള ഹിരണ്യാക്ഷന്റേയും ഹിരണ്യകശിപുവിന്റേയും കഥകളുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലോ ആന്ധ്രയിലോ ആണ്. ആന്ധ്രയിലെ കര്ണൂല്‍ ജില്ലയിലുള്ള ആഹോബിലം എന്ന സ്ഥലത്തു വച്ചാണ് നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചതത്രെ. ഇവിടെ നരസിംഹ മൂര്‍ത്തി ക്ഷേത്രമുണ്ട്. നരസിംഹ മൂര്‍ത്തി ക്ഷേത്രങ്ങളാല്‍ പ്രസിദ്ധമായ മറ്റു രണ്ടു സ്ഥലങ്ങലാണ് ആന്ധ്രയില്‍ തന്നെയുള്ള സിംഹാചലവും കദിരിയും.
ഹിരണ്യകശിപുവിന്റെ കാലത്തുതന്നെ അസുരന്മാര്‍ (ദ്രാവിഡര്‍) ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക് നീങ്ങുവാന്‍ തുടങ്ങിയതായി ഇതില്‍ നിന്നും അനുമാനിക്കാം. ഹിരണ്യകശിപുവിനെ വധിച്ച് അവിടവും കീഴടക്കിയ ദേവന്മാര്‍ (ആര്യന്മാര്‍) , പ്രഹ്ലാദനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി ഭാരത ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേമൂലയില്‍ അവരോധിച്ചിരിക്കാം. തുടര്‍ന്നു വന്ന വിരോചനനും ആര്യമേല്ക്കൊയ്മക്കെതിരെ ഒന്നും ചെയ്യാന്‍ കെല്‍പ്പുള്ളവനായിരുന്നില്ല. എന്നാല്‍, പ്രബലനായ ബലി തൃക്കാക്കര ആസ്ഥാനമാക്കി ആര്യന്മാരെ തുരത്തി ഓടിച്ച് മഹാരാഷ്ട്രവരെ (ദക്ഷിണ മറാത്ത പ്രദേശത്തെ നാടന്‍ പാട്ടുകളിലും നാട്ടു കഥകളിലും ബലി എന്ന മഹാനായ രാജാവിന്റെ സാന്നിദ്ധ്യം ഉണ്ട്) , ഉത്തര ഭാരതത്തിന്റെ കവാടത്തിലേക്ക് ദ്രാവിഡ സാമ്രാജ്യം വ്യാപിപ്പിച്ചു എന്ന് വേണം കരുതാന്‍.
ബലിപുത്രനായ ബാണനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളുമായി നിലകൊള്ളുന്ന പ്രദേശം അസമിലെ തേസ്പൂരാണ്. നിഷ്കാസിതനായ പിതാവിന്റെ പുത്രന്‍ അസമിനടുത്ത് എത്തിയെങ്കില്‍ രണ്ടു സാദ്ധ്യതകളാണ് ഉള്ളത്. ഒന്ന്: ബലി സാമ്രാജ്യം ഉത്തര-പൂര്‍വ്വ ഭാരതത്തിലെക്കും വ്യാപിച്ചിരുന്നു. രണ്ട് : പിതാവിനെ വധിച്ചപ്പോള്‍ താരതമ്യേന സുരക്ഷിതമായ പ്രദേശത്തേക്ക് ബലിപുത്രന്‍ പലായനം ചെയ്തു.
അതെന്തായാലും ദക്ഷിണ ഭാരതം മുഴുവന്‍ ബലി തന്റെ അധീനതയിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. അതുകഴിഞ്ഞ് ഇന്ദ്രാദികള്‍ വാഴുന്ന ഉത്തര ഭാരതത്തിലേക്ക് പടയോട്ടം വ്യാപിപ്പിച്ചതായിരിക്കണം , ബലി ഇന്ദ്രപഥം മോഹിച്ച് ദേവന്മാരെ ആക്രമിച്ചതായി പുരാണങ്ങളില്‍ പറയുന്ന കഥയ്ക്കാധാരം.
ശ്രീമദ് ഭാഗവതം പ്രകാരം ബലിയെ വാമനന്‍ വധിച്ചിട്ടില്ല. പ്രഹ്ലാദന്റെ പിന്മുറക്കാരെ വധിക്കില്ല എന്ന ഉറപ്പ് വിഷ്ണു പഹ്ളാദനു കൊടുത്തിട്ടുണ്ട്. അത് കൊണ്ട് 'സുതല' എന്ന ഒരു പ്രത്യേക ഗോളത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. (ശ്രീ. ഭാ. 8.22.32)
ഈ സന്ദര്‍ഭത്തില്‍ ആദ്യകാല ആര്യന്മാരുടെ പ്രപഞ്ച സങ്കല്പം എങ്ങിനെയായിരുന്നു എന്ന്‍ നോക്കേണ്ടിയിരിക്കുന്നു. അതിനെ ഇങ്ങനെ സംക്ഷേപിക്കാം. ലോകം എന്നത് ഭാരത ഉപഭൂഖണ്ഡവും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമുദ്രവും മാത്രമാകുന്നു. ഈ ഭൂവിഭാഗത്തിന്റെ തന്നെ വടക്കുവശം ഏറേ ഉയര്‍ന്നുകിടക്കുന്ന ഒന്നും തെക്കോട്ട് പോകും തോറും താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും ആണ്. ഇതുപ്രകാരം ആര്യന്മാര്‍ (ദേവന്മാര്‍) വസിക്കുന്ന ഉത്തരേന്ത്യ , ദ്രാവിഡര്‍ വസിക്കുന്ന ദക്ഷിണേന്ത്യയേക്കാള് ഒരു തട്ട് മുകളിലാണ്. അതിനെ സ്വര്‍ഗം തുടങ്ങിയ പദങ്ങളാല്‍ വിശേഷിപ്പിചിരിക്കുന്നു. എന്നാല്‍ ദ്രാവിഡര്‍ അധിവസിക്കുന്നത് ഭൂമിയിലാണ്. ഭൂമിക്കുതാഴെ (അതായത് ദക്ഷിണ ഭാരതത്തിനും തെക്ക്) പാതാളമാണ്.
വാമനന്‍ ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ട ഐതിഹ്യങ്ങള്‍ പറയുമ്പോഴും 'സുതല' എന്ന പ്രദേശത്തേക്ക് വിട്ടു എന്ന്‍ പുരാണങ്ങള്‍ പറയുമ്പോഴും നാം മനസ്സിലാക്കേണ്ടത്, അദ്ദേഹത്തെ ദക്ഷിണ ഭാരതത്തില്‍ നിന്നും തെക്കുള്ള ഒരു നാട്ടിലേക്ക് വാമനന്‍ ഓടിച്ചു എന്നാണ്. ആ തെക്കുള്ള നാട് ഒരു പക്ഷേ , ഇന്നത്തെ ശ്രീലന്കയോ അല്ലെങ്കില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ദക്ഷിണ -പൂര്‍വ്വേഷ്യന്‍ രാജ്യങ്ങലേതെങ്കിലുമോ ആവാം.
നാലഞ്ചു പതീറ്റാണ്ടു മുമ്പ് ഇന്തോനെഷ്യയിലെ ബാലി ദ്വീപ് സന്ദര്‍ശിച്ച ശ്രീ. എസ്.കെ.പൊറ്റേക്കാട് തന്റെ യാത്രാ വിവരണങ്ങളില്‍ ബാലിദ്വീപിനു കേരളവുമായുള്ള അദ്വിതീയ സാമ്യത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. (ഇന്ന്‍ ടൂറിസത്തിന്റെ അതിപ്രസണരതാല്‍ ബാലി ദ്വീപിന്റെ മുഖഛായ മാറിയിരിക്കുന്നത്രേ). എന്തുകൊണ്ടാകാം ഇത്തരമൊരു സമാനതയ്ക്ക് കാരണം? ബാലി ദ്വീപിന്റെ പേരില്‍ ബലി ശബ്ദം വന്നതെങ്ങനെ ? ഒരു പക്ഷേ, ബലി പലായനം ചെയ്തത് ഈ പ്രദേശത്തേക്കായിരിക്കാം. എന്നാല്‍ ചരിത്രപരമായ ലിങ്കുകളൊന്നും ഇതിന് ഉപോല്‍ബലമായി ലഭ്യമായിട്ടില്ല.
ബലിയുടെ അസ്സീറിയന്‍ ബന്ധം
ദ്രാവിഡരുടെ മൂല വംശങ്ങളില്‍് ഒന്ന്‍ അസ്സീറിയന്‍ മേഖലയില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മധ്യധരണ്യാഴി വംശമാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അര്‍മേനിയയില്‍ ടൈഗ്രിസ് നദിക്കും ഗോര്‍ദിയന്‍ പര്‍വ്വത നിരക്കും ഇടക്കാണ് പുരാതന അസ്സീറിയന്‍ സാമ്രാജ്യം നിലനിന്നിരുന്നതായി കരുതുന്നത്. അസ്സീറിയന്‍ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് അസുര്‍. അസ്സീറിയ ഭരിച്ചിരുന്നവരെ അസുരരാജാക്കന്മാരെന്ന്‍ പറയുന്നതായും അസ്സീറിയന്‍ ചരിത്രത്തിലുണ്ട്. (Dr. Stater -"Anthropology in India")
ഈ വാദത്തിന്റെ ചുവടുപിടിച്ച് ശ്രീ.എന്‍. വി കൃഷ്ണവാരിഅരുറെ നിരീക്ഷണം ഇങ്ങനെയാന്‍: അസ്സീറിയന്‍ തലസ്ഥാനമായ നിനെവയില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം 'ബല' ശബ്ദത്തോടുകൂടിയ പലരാജാക്കന്മാരും നിനെവയില്‍ വാണിരുന്നതായി കാണുന്നുണ്ടത്രേ. ഇതിന്റെ സംസ്കൃത രൂപമാകണം 'ബലി' എന്നത്. ബലി ഒന്നിലധികം രാജാക്കന്മാരാണ്. അക്കാലത്ത് അവിടെ അനുഷ്ഠിച്ചിരുന്ന ഒരാഘോഷം പില്‍ക്കാലത്ത് അസ്സീറീ്യക്കാര്‍ ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍ അവരോടൊത്ത് കൊണ്ടുപോന്നു. അതത്രേ ഇന്നു നാം കാണുന്ന ഓണം.
ഓണവും ദക്ഷിണേന്ത്യന്‍ ചരിത്രവും
BC 1150 നോടടുത്ത് ഭരിച്ചിരുന്ന മാവേലിചേര എന്ന രാജാവാണ് മഹാബലി എന്ന ഒരു ചരിത്രമോഴിയുണ്ട്. എന്നാല്‍ ഇതിന് സുവ്യക്തമായ അടിസ്ഥാനങ്ങളൊന്നും കാണുന്നില്ല.
ദക്ഷിണഭാരതത്തിലെ സംഘകാലത്തിന്റെ കാലഗണനയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിവിധ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി അതിനെ AD 1-ആം നൂറ്റാണ്ടുമുതല്‍് ഏതാണ്ട് AD 6-ആം നൂറ്റാണ്ടുവരെയുള്ള കാലം എന്ന്‍ സാമാന്യവത്കരിക്കാം. സംഘകാല കൃതികളില്‍ ഓണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ബ്രാഹ്മണര്‍ പില്‍ക്കാലത്ത് ബൌദ്ധദര്‍ശനങ്ങളെ നശിപ്പിച്ചതുപോലെ തന്നെ സംഘകാല സാഹിത്യത്തിലും ചില കൈ കടത്തലുകള്‍ നടത്തിയിട്ടുണ്ട്.
സംഘകാല കൃതിയായ 'മധുരൈക്കാന്ചി'യില്‍ ഓണാഘോഷത്തെക്കുറിച്ച് പറയുന്നണ്ടത്രേ. (പി.കെ.ഗോപാലകൃഷ്ണന്‍- 'കേരളത്തിന്റെ സാംസ്കാരിക ചരിത്രം ') . മഹാബലിയെ ജയിച്ച വാമന മൂര്‍ത്തിയുടെ സ്മരണക്കായിരുന്നു ഈ ആഘോഷം എന്നും വിവരിക്കുന്നുണ്ടത്രേ. AD 9-ആം നൂറ്റാണ്ടില്‍ ജീവിച്ച പെരിയാഴ്വാര്‍ അദ്ദേഹത്തിന്റെ 'തിരുപല്ലാണ്ട്' ഗാനത്തിലും ഓണത്തെ സ്മരിക്കുന്നുണ്ടത്രേ. ഇതെല്ലാം വച്ച് ഏതാണ്ട് എ.ഡി.10-ആം നൂറ്റാണ്ടുവരെ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നതായി കാണാം.
AD 8-ആം നൂറ്റാണ്ടോടെ ശക്തി പ്രാപിച്ച വൈഷ്ണവ പ്രസ്ഥാനം അക്കാലത്തു തന്നെ തൃക്കാക്കരയില്‍ വാമനമൂര്‍ത്തി രൂപത്തിലുള്ള വിഷ്ണുവിനെ പ്രതിഷ്ഠിച്ചതോടെയാണ് കേരളക്കരയിലും ഓണാഘോഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം AD 8-ആം നൂറ്റാണ്ടില്‍ കുലശേഖര പെരുമാളുടെ കാലത്താണ് ഓണാഘോഷം ആരംഭിക്കുന്നത്. അക്കാലത്ത് ചിങ്ങമാസം മുഴുവനും ഓണം ആഘോഷിച്ചിരുന്നത്രേ. ഏതായാലും ആ കാലഘട്ടം മുതല്‍ ഓണം കേരളീയരുടെ ദേശീയോത്സവമാണ്.
വൈഷ്ണവാഘോഷം അഥവാ വാമനന്റെ ഓണം
ദ്രാവിഡന്മാരുടെ, അഥവാ അസുരന്മാരുടെ ദൈവമായിരുന്നു ശിവന്‍ എന്ന ചരിത്രമതം. (ശിവന്റെ പ്രാകൃത രൂപം ശ്രദ്ധിക്കുക!) വിഷ്ണു എന്നത് ആര്യ ദൈവവും. പില്‍ക്കാലത്ത് ശിവനേയും തങ്ങളുടെ ദൈവമായി ആര്യന്മാര്‍, അഥവാ ദേവന്മാര്‍ അംഗീകരിചിട്ടുണ്ട്. എന്നാല്‍ 'സുപ്രീം ഗോഡ്' എന്ന പദവി വിഷ്ണുവിന് തന്നെയായിരുന്നു.
പൌരോഹിത്യം ബ്രാഹ്മണ്യത്തിലേക്ക് വഴിമാറുകയും ബ്രാഹ്മണര്‍ സമൂഹത്തിന്റെ നിയന്ത്രാതാക്കളാകുകയും ചെയ്യുന്ന എ.ഡി. ആദ്യ ശതകങ്ങളിലാണ് ഓണം ഒരു ഉത്സവമായി ആരംഭിക്കുന്നത് എന്ന്‍ നാം കണ്ടു. ബ്രാഹ്മണരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. - വൈഷ്ണവ ബ്രാഹ്മണരും ശൈവ ബ്രാഹ്മണരും. ഇതില്‍ വൈഷ്ണവ ബ്രാഹ്മണര്‍ ആര്യ ലീനിയെജ് ഉള്ളവരായിരുന്നു ; ശൈവര്‍ ദ്രാവിഡരും . ഇവര്‍ക്കിടയില്‍ തന്നെ മേധാവിത്തം വൈഷ്ണവര്‍കായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ശിവഭക്തനായ മഹാബലിയുടെ ഓര്മ്മക്കെന്നതിലുപരിയായി വിഷ്ണുവിന്റെ അവതാരമായ വാമനന്റെ വിജയാഘോഷമായിട്ടായിരിക്കണം ആദ്യ കാലഘട്ടങ്ങളില്‍ ഓണം കൊണ്ടാടപ്പെട്ടുവന്നത്. അതായത് ഹിന്ദുമത കഥകളുമായി ബന്ധപ്പെടുത്തി ഹിന്ദു മതത്തിന്റെ പ്രചാരണത്തിനായി ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്. കാലത്തിന്റെ പരിണാമഗുപ്തിക്കനുസൃതമായി പിന്നെയെപ്പോഴോ ഓണം ഒരു ജനകീയ ഉത്സവമായി മാറി. ഈ സന്ദര്‍ഭത്തിലായിരിക്കണം ബലിക്ക് പ്രാധാന്യം കൈവന്നത്.
സമൃദ്ധിയുടെ ബലിപര്‍വ്വം
ബലിയെക്കുറിച്ചും വാമനനെപ്പറ്റിയും വേദങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിക്കുകയാണെങ്കില് ഇനിയുമൊരുപാടൊരുപാട് അറിയപ്പെടാത്ത കഥകള്‍ കണ്ടെത്താനായേക്കാം. അതിന്റെ ഉള്‍പ്പിരിവുകളില്‍ നിന്നും ഒട്ടേറെ സമസ്യ പൂരണങ്ങളും നടത്താന്‍ കഴിയുമായിരിക്കും. രേഖകളുടെയും സ്ഥലകാലങ്ങളുടേയും പിന്‍ബലത്തില്‍ ചരിത്രകാരന്മാര്‍ക്കും അവരുടേതായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിയും.
ഈ കഥകളിലുപരിയായി ഓണത്തിനെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം അത് ഒരു കാര്ഷികോത്സവമായാണ് തുടങ്ങുന്നത് എന്നുള്ളതാണ്. സ്വച്ഛസുന്ദരമായ വസന്തകാലത്തില്‍, വിളഞ്ഞുകിടക്കുന്ന നെല്‍ വയലേലകളില്‍ നടക്കുന്ന വിളവെടുപ്പുത്സവ കാലം - സമൃദ്ധിയുടെ നാളുകള്‍. (സമൃദ്ധിയുടെ കാലമായതിനാലാകാം കൊല്ലവര്‍ഷം ആദ്യമാസമായ ചിങ്ങം, ഈ സമയത്തായി ഉറപ്പിച്ചത്.)
ഇക്കാരണംകൊണ്ടുതന്നെ, വാമനനേയും ബലിയേയും മറ്റൊരു കാഴ്ച്ചപ്പാടിലൂടെ കാണാനാണ് ഈ ലേഖകന്‍ ഇഷ്ടപ്പെടുന്നത്. മഹാബലി എന്നത് സമ്പദ്സമൃദ്ധി നിറഞ്ഞ നാളുകളുടെ പ്രതീകമാണ്. ആ ബലിയെ ചവിട്ടിമെതിച്ചുകൊണ്ട് വറുതിയും കഷ്ടപ്പാടും നിറഞ്ഞ കാലം അധീശത്തം നേടുന്നു. ഈ കാലത്തിന്റെ ബിംബകല്പനയാണ് വാമനന്‍. വര്‍ഷം തോറും ബലി നാട് സന്ദര്‍ശിക്കുമ്പോള്‍ , അതായത്, ആണ്ടുതോറും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും നാളുകള്‍ ഒരിക്കല്‍ക്കൂടി കടന്നുവരുമ്പോള്‍ (തീര്‍ച്ചയായും വിളവെടുപ്പുകാലം തന്നെ) ജനങ്ങള്‍ ആഘോഷത്തിമര്‍പ്പിലാറാടുന്നു- അതാണ് നമ്മുടെ ഓണം.
===================(സമാപ്തം)=========================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ