എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

17 സെപ്റ്റംബർ 2009

ആഗോളക്കരാറുകളുടെ കാലത്തെ ചൈനീസ്‌ പടയോട്ടം ; ഇന്ത്യയുടെ കീഴടങ്ങലും.



ലാല്‍ജോസ് -ശ്രീനിവാസന്‍ ടീമിന്റെ 'അറബിക്കഥ' എന്ന ചിത്രത്തില്‍ ലോകമെങ്ങും ഡ്യൂപ്ലിക്കേറ്റ്‌ സാധനങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ്‌ ചെയ്യുന്നവരാണ് ചൈനക്കാര്‍ എന്ന്‍ ഏറെക്കുറെ അര്‍ത്ഥം വരുന്ന ഒരു പരാമാര്‍ശമുണ്ട്. 'Made in China' എന്ന് കാണുമ്പോള്‍ ഒരു ശരാശരി മലയാളി ഏതാണ്ട് ഇതിന് സമാനമായ് ഒരു ധാരണയോടുകൂടി തന്നെയാണ് ആ ഉത്പന്നങ്ങളെ കാണുന്നത്.
.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഞാന്‍ രണ്ടു വീട്ടുപകരണങ്ങള്‍ വാങ്ങുകയുണ്ടായി. 'യുറേക്കാ ഫോബ്സി'ന്റെ (ഒരു ടാറ്റ ഗ്രൂപ്‌ കമ്പനി) ഒരു വാക്വം ക്ലീനറും 'ക്രോംടന്‍ ഗ്രീവ്സ്'ന്റെ ഒരു പെഡസ്റ്റല്‍ ഫാനും. രണ്ടും കാണാന്‍ വളരെ ഭംഗിയുള്ളത്‌. സ്പെസിഫിക്കേഷനും മോശമല്ല. ഈ രണ്ടു ഉത്പന്നങ്ങള്‍ക്കുമുള്ള 'സ്റ്റിഗ്മ' രണ്ടും ചൈനീസ്‌ നിര്മ്മിതമാണെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരന്വേഷണം നടത്തിയപ്പോള്‍ അറിവായ കാര്യങ്ങള്‍ (ഇതില്‍ പലതും നമുക്ക്‌ അറിവുള്ളതാണ്) ഇങ്ങനെ കുറിക്കാം. ഒട്ടുമിക്കവാറും പ്രമുഖ ബ്രാന്റുകളുടെ ഒരു നിര്‍ദ്ദിഷ്ട വിലനിലവാരമുള്ള ഫാനുകളെല്ലാം പെട്ടിപാക്കിങ്ങോടെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍്സ് എന്നുപറയാവുന്ന വിഭാഗത്തില്‍ വരുന്ന പല ഉത്പന്നങ്ങളും, പ്രമുഖ ബ്രാന്റുകളുടെ ചില ടി. വി. മോഡലുകള്‍ ഉള്‍പ്പെടെ, ചൈനയില്‍ ഉണ്ടാക്കി വരുന്നവയാണ്. വിപണിയില്‍ ലഭ്യമായ പല ഹാന്‍ഡ്‌ സെറ്റുകള്‍ക്കും ചൈനക്കാരോടുതന്നെ കടപ്പാട്. ഡ്രില്ലിംഗ് മെഷിന്‍, ഗ്രൈണ്ടിംഗ് മെഷിന്‍ തുടങ്ങിയ ഒട്ടനവധി ഇലക്ട്രിക്‌, ഇലക്ട്രോണിക് ചൈനീസ്‌ വ്യാവസായോപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. കളിക്കോപ്പുകളുടേയും മറ്റും കാര്യം എല്ലാര്‍ക്കും അറിവുള്ളതാണല്ലോ.
.
നമ്മള്‍ ഇത്രയുമധികം ചൈനീസ്‌ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു ; ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നവരില്‍ അസംതൃപ്തരായ വിഭാഗം വളരെ ചെറിയൊരു ശതമാനം മാത്രമാണ്. എന്നിട്ടും നമ്മളവയെ 'സബ്സ്റ്റാന്റേര്‍ഡ്' 'ഡ്യൂപ്ലിക്കേറ്റ്‌' എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ...?
.
നമുക്കു മുന്‍പുണ്ടായിരുന്ന ഒരു തലമുറ പരിമിതമായ തോതിലെങ്കിലും കാറുകള്‍ ഉപയോഗിച്ചിരുന്നു. അംബാസിദര്‍, പ്രീമിയര്‍, ഫീയറ്റ്‌. ഈ കാറുകള്‍ അവര്‍ ഉപയോഗിച്ചിരുന്നത് ഇരുപതും ഇരുപത്തഞ്ചും കൊല്ലമൊക്കെയാണ്.അതായത്‌ 'ഒരായുഷ്കാലം'. പക്ഷേ സുഹൃത്തെ, നിങ്ങള്‍ ഒരു പുതിയ കാറെടുത്താല്‍ എത്രകാലം ഉപയോഗിക്കും- രണ്ടുവര്‍ഷം ..... ? നാലുവര്‍ഷം .....? ഒരു മൊബൈല്‍ ഫോണാണെന്കിലോ ...... ആറുമാസം ? എങ്ങനെയായാലും ഒന്നുരണ്ടു വര്‍ഷത്തിനും മേലെ പോകാന്‍ ഇടയില്ല. ഞാനൊരു ടി. വി. വാങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നതെയുള്ളൂ. ഒന്നു രണ്ടു വര്‍ഷത്തിനകം ഞാനതൊഴിവാക്കി LCD TV വാങ്ങും. മുന്‍പ്‌ എന്റെ അച്ഛന്‍ ടി.വി.യും ഫ്രിഡ്ജും വി.സി.ആറും എല്ലാം വാങ്ങുമ്പോള്‍ മുന്തിയ ബ്രാന്റും ജപ്പാന്‍ നിര്‍മ്മിതിയും ഒക്കെ നോക്കിയിരുന്നു. - ചുരുങ്ങിയത്‌ ഒരു പതിനഞ്ച് കൊല്ലമെങ്കിലും ഉപയോഗിക്കണമെന്ന മുന്‍ വിധിയോടെ.
.
തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ചൈനീസ്‌ ഉപകരണങ്ങല്‍ക്കൊന്നും ഇപ്പറയുന്ന ജീവിതകാല ഗാരന്റിയൊന്നും ഉണ്ടാകുകയില്ല. പല പാര്‍ട്ടുകളും ചിലവുകുറഞ്ഞ സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച നിര്മ്മിചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്. അമേരിക്കയിലും യൂറോപ്പിലും കാറും ടി.വി.യും അല്പകാലം ഉപയോഗിച്ച ശേഷം വലിച്ചെറിയും എന്ന കഥ അഥവാ കാര്യം കുട്ടിക്കാലത്ത്‌ കേള്‍ക്കുമ്പോള്‍ വാപൊളിച്ചു നിന്നിട്ടുള്ളവനാണ് ഈയുള്ളവന്‍. നല്ലതായാലും ചീത്തയായാലും ഇന്ന്‍ നമ്മളും ആ നിലവാരത്തിലേക്ക് 'വളര്‍ന്നി'രിക്കുന്നു. Use and Throw, Value for Money തുടങ്ങിയ ആശയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെയാണ് ഇവ വിപണി കീഴടക്കുന്നതും. ഈ ആശയങ്ങളെ അപ്പാടെ നിരാകരിക്കുന്നവരാണ് ഇതിന്റെ വിമര്‍ശകര്‍.
.
ഞാനീ 'ചൈനീസ്‌ ഉത്പന്നങ്ങള്‍ ' വാങ്ങുന്ന സമയത്തുതന്നെയാണ് ആസിയാന്‍ (ASEAN) കരാറിനെക്കുറിച്ച് ഘോരഘോരം ചര്‍ച്ച തുടങ്ങുന്നത്. അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. WTO യുടെ ദോഹ റൌണ്ട് ചര്‍ച്ചകള്‍ഇന്ന്‍ മറ്റൊരു വഴിക്ക്‌ പുരോഗമിക്കുന്നു. ഇത് ആഗോള കരാറുകളുടെ കാലമാണ്. കയ്യൂക്കുള്ളവനും തന്ത്രപരമായി നീങ്ങുന്നവനും ഇവിടെ വിജയിക്കും.

ഗൃഹോപകരണ മേഖലയിലും കളിപ്പാട്ട വിപണിയിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല ചൈനയുടെ പടയോട്ടം. നമ്മുടെ വിപണിയ്ക്ക് അപരിചിതമാണെങ്കിലും ആഗോള കമ്പോളത്തില്‍ ചൈനയുടെ കാര്‍ഷികോത്പന്നങ്ങള്ക്കും നിറ സാന്നിദ്ധ്യമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളോട് പൊതുവേ വാണിജ്യ വിമുഖത പുലര്‍ത്തുന്ന പ്രദേശമാണ് ലാറ്റി്ന്‍ അമേരിക്ക. എന്നാല്‍ ഇന്ന ലാറ്റി്ന്‍ അമേരിക്കന്‍ നാടുകളുമായി വളരെ വിപുലമായ വാണിജ്യ ബന്ധമാണ് ചൈനക്കുള്ളത്. 2008-ല്‍ 143 ബില്യണ്‍ ഡോളറിന്റെ വാണിജ്യമാണ് ചൈന ഈ നാടുകളുമായി ചെയ്തിട്ടുള്ളത്‌. 2000-ല്‍ ഇത് വെറും 12.6 ബില്യണ്‍ ഡോളറായിരുന്നു എന്ന്‍ ഓര്‍ക്കുക. 2008-ല്‍ ഇന്ത്യ, ലാറ്റി്ന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി നടത്തിയിട്ടുള്ള വാണിജ്യ ഇടപാടുകള്‍ 16 ബില്യണ്‍ ഡോളരിന്റേത് മാത്രമാണ് എന്ന് കൂടി മനസ്സിലാക്കുക .
ചൈനയുടെ മേല്ക്കോയ്മക്കും ഇന്ത്യയുടെ പിന്നോക്കാവസ്ഥക്കുമുള്ള കാരണമെന്താണ് ? ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്തത്തിന്റെ അഭാവം എന്ന്‍ ഒററവരിയില്‍ ഉത്തരം നല്‍കാം. ശരിയായ അസ്സൂത്രണമില്ലായ്ക അനുബന്ധ കാരണം.
1948-ല്‍ നിലവില്‍ വന്ന General Agreement on Tarifs & Trade (GATT) ന്റെ 23 സ്ഥാപകാംഗങ്ങളില്‍പ്പെട്ടവരാണ് ഇന്ത്യയും ചൈനയും. 1986 മുതല്‍ 1993 വരെ നീണ്ടു നിന്ന GATT ന്റെ ഉറുഗ്വേ റൌണ്ട് ചര്‍ച്ചകളുടെ പരിസമാപ്തിക്ക് ശേഷം 1995 ജാനുവരി 1-നു World Trade Organisation (WTO) നിലവില്‍വന്നപ്പോള്‍ ആദ്യം കരാറൊപ്പിട്ടവരുടെ കൂട്ടത്തില്‍ നമ്മുടെ രാജ്യവും ഉണ്ടായിരുന്നു. കരാറൊപ്പിടും, ഇടരുത്, ഇടണം, ഒപ്പിടില്ല എന്നൊക്കെയുള്ള അനേകനാളത്തെ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗ്വോ ഗ്വോ വിളികള്ക്കൊടുവില്‍് ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്കരുതലുമില്ലാതെ നമ്മള്‍ കരാറില്‍ ഒപ്പിട്ടു. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന ഡെങ്ങ്സിയാവോ പിങ്ങിന്റെ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും നയ വ്യതിയാനം വരുത്തിയിരുന്ന ചൈനക്ക് പക്ഷേ ഇക്കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല- ഞങ്ങള്‍ ഒപ്പിടും ; പക്ഷേ സാവകാശം വേണം. 2001 ഡിസംബര്‍ അവസാനം മാത്രമാണ് ചൈന ഈ കരാറില്‍ ഒപ്പിടുന്നത്. അതിനിടയിലുള്ള 6-7 വര്‍ഷത്തിനിടയില്‍ അവര്‍ അവരുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ ഉത്പാദനക്ഷമവും വിപണിയെ മത്സരക്ഷമവും ആക്കിയിരുന്നിരിക്കണം. കരാറൊപ്പിട്ടതിന്റെ അടുത്ത ദിവസം മുതല്‍ ചൈനീസ്‌ ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു ലോക വിപണികളിലേക്ക്. അതായത്‌ കരാറിന്റെ പരമാവധി ആനുകൂല്യം ആ രാജ്യം നേടിയെടുത്തു എന്ന ചുരുക്കം.

ആസിയാന്‍ കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് പട്ടിക, എക്സ്ക്ലൂഷന്‍ ലിസ്റ്റ്, സ്പെഷ്യല്‍ ഉത്പന്നങ്ങള്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അനുകൂലമായും പ്രതികൂലമായും പല വാദമുഖങ്ങളും നിരത്തപ്പെടുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങളിലേക്ക് പോകാന്‍ ഏതായാലും ഈ പോസ്റ്റിനു ഉദ്ദേശമില്ല. ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് കാര്‍ഷിക വിഭവങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവയാണ് ഇവിടെ നമ്മെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. ഉദാഹരണത്തിന് , ഘട്ടം ഘട്ടമായി കാപ്പിയുടേയും തേയിലയുടേയും ഇറക്കുമതി തീരുവ നിലവിലുള്ള 100% -ല്‍ നിന്നും 45% ആയി കുറയ്ക്കും. കുരുമുളകിന്റെയും എലത്തിന്റെയും കാര്യത്തില്‍ അത് 70%-ല്‍ നിന്നും 50% ആയി മാറും. വിയറ്റ്നാം പോലുള്ള പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ പറയുന്ന കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദന ക്ഷമത നമ്മുടെ നാട്ടിലെതിലും ഇരട്ടിയിലേറേയാണ് എന്നിരിക്കെ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നാം ആശന്കപ്പെടേണ്ടിയിരിക്കുന്നു. യഥാര്ത്ഥ ആസിയാന്‍ കരാര്‍ 2003-ല്‍ തന്നെ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട ചില കരാറുകളാണ് ഈ ആഗസ്റ്റില്‍ ഒപ്പുവച്ചത്. സേവനങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട കരാറും അടുത്തുതന്നെ നടപ്പിലാകും. കഴിഞ്ഞ 6 വര്‍ഷക്കാലത്തിനിടയില്‍, നമ്മള്‍ നമ്മുടെ കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളെ ഈ കരാര്‍ മുന്നില്‍ കണ്ടുകൊണ്ട് സുസജ്ജമാക്കാന്‍ എന്തെങ്കിലും ചെയ്തോ എന്ന കാര്യം സംശയമാണ്. അടുത്ത പത്തു വര്‍ഷ കാലത്തിനിടയ്ക്കാണ് തീരുവ ഇളവുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാകുക. അപ്പോഴെക്കെങ്കിലും നമ്മുടെ കാര്‍ഷികം ഉള്‍പ്പെടെയുള്ള മേഖലകളുടെ ഉത്പാദനക്ഷമത കൂട്ടി കയറ്റുമതിക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമോ?

അടുത്തകാലത്തായി ഇന്ത്യ എടുത്ത പല നടപടികളും കയറ്റുമതി കുറയ്ക്കാനും ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ആണ് സഹായകമായത്‌. ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെന്നു പറഞ്ഞ് 6-7 വര്‍ഷം മുമ്പ്‌ FCI കളിലെ കരുതല്‍ ധാന്യ ശേഖരം മുഴുവന്‍ വിറ്റഴിച്ചു. പില്‍ക്കാലത്ത്‌ ഉത്പാദനം കുറയുകയും, ആവശ്യം വര്‍ദ്ധിക്കുകയും അത് ആഭ്യന്തര വിപണിയില്‍ വന്‍ വില വര്‍ദ്ധനവിന് കാരണമാകുകയും ചെയ്തപ്പോള്‍ അത് പിടിച്ചുനിറുത്തുന്നതിനായി ഉപയോഗിക്കാന്‍ ഇവിടെ ഭക്ഷ്യശേഖരം ഇല്ലായിരുന്നു. ഇതിനുള്ള പോംവഴിയായി സര്‍ക്കാര്‍ കൈക്കൊണ്ട നയം കയറ്റുമതി റദ്ദാക്കുകയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. കേരളത്തില്‍ നിന്നും, പ്രത്യേകിച്ച് കാലടി മേഖലയില്‍ നിന്നും ഗള്‍ഫ്‌ നാടുകളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തേടി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നതാണ് പുഴുക്കല്ലരി. അരിയുടെ കയറ്റുമതി നിരോധം ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും അതിന്റെ വിദേശ ഉപഭോക്താക്കള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന അരിയെ ആശ്രയിക്കേണ്ടതായി വന്നു. ശീലിച്ച സ്വാദിനോട് വിടപറഞ്ഞ അവര്‍ ഇന്ന് ഫിലിപ്പീന്‍സില്‍ നിന്നും തായ്ലാന്റില്‍ നിന്നും വരുന്ന താരതമ്യേന വിലകുറഞ്ഞ അരിയുടെ ഉപഭോക്താക്കളാണ്. ഇനി ഒരു തിരിച്ചുവരവിന്‍ അവര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി, ഇനി കയറ്റുമതി നിരോധനം നീക്കിയാല്‍ തന്നെ, തിരിച്ചു പിടിക്കാന്‍ കേരളത്തില്‍ നിന്നും പോകുന്ന അരിക്ക് കഴിയുമോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം.
2001-ല്‍ തുടങ്ങിയ ദോഹ റൌണ്ട് ചര്‍ച്ചകളുടെ ഈ ഘട്ടത്തില്‍ നടക്കുന്നത് പ്രധാനമായും കര്‍ഷകര്‍ക്കുള്ള സബ്സിഡിയെ സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക എന്നതാണ്. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ഷികമേഖലക്ക് പരമാവധി സബ്സിഡിനല്കുകയും വികസ്വര രാഷ്ട്റങ്ങളിലെ കര്‍ഷകര്‍ക്ക്‌ അത് നിഷേധിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായി മുന്നോട്ടുവന്നത് ചൈനയും ഇന്ത്യയുമാണ്. ഇതിന്റെ തീരുമാനം എന്തൊക്കെയായാലും അകനുകൂലമായ രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ നമുക്ക്‌ കഴിയുമോ എന്ന ആശങ്ക ബാക്കിനില്‍ക്കുന്നു.

ആഗോള വാണിജ്യ കരാറുകള്‍ കുറെയെണ്ണത്തിലെന്കിലും ഇന്ത്യ ഭാഗഭാക്കാണ്. നമ്മുടെ വിപണി മറ്റുള്ളവര്ക്ക് തുറന്നു കൊടുക്കാനല്ലാതെ വിദേശ വിപണികളിലേക്ക് കടന്നുകയറ്റം നടത്തുന്നതില്‍ നാം ഇപ്പോഴും വളരെ പുറകിലാണ്. (ഒരു പക്ഷേ , ചരിത്രപരവും പൈതൃകവും ആയുള്ള നമ്മുടെ ശീലത്തിന്റെ ഭാഗമാകാമിത്‌.) നേരത്തേ കണ്ടതുപോലെ ചൈനീസ്‌ ഉത്‌പന്നങ്ങളുടെ ഒരു പ്രളയമാണ് ഇന്ത്യന്‍ വിപണികളില്‍. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഏതാണ്ട് 17 ഇനം പച്ചക്കറി- പഴ വര്‍ഗ്ഗങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി ഇന്ത്യ , ചൈനയുമായി ചര്‍ച്ച നടത്തിക്കൊണ്ടി്രിക്കുകയാണ്. ഇതുവരെ മൂന്നിനങ്ങള്‍ക്ക്‌ മാത്രമാണ് ചൈന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ വെന്നിക്കൊടി പറപ്പിച്ചിട്ടുള്ള ഐ. ടി. സെക്ടറിന്റെ കഥയും വ്യത്യസ്തമല്ല. Infosys, TCS തുടങ്ങിയ കമ്പനികള്‍ ചൈനയില്‍ ഓഫീസ്‌ തുറന്നിട്ടുണ്ടെന്കിലും അവിടുത്തെ വലിയ കരാറുകള്‍ എടുക്കുന്നതിനു പലപ്പോഴും അനുമതി നിഷേധിക്കപ്പെടുന്നു. ചൈന തങ്ങളുടെ വിപണിയെ എങ്ങനെ പരിരക്ഷിക്കുന്നു എന്ന്‍ ഇത് വ്യക്തമാക്കുന്നു.

ചൈനയെ പ്രകീര്‍ത്തിക്കുക എന്നതോ വ്യാപാരക്കരാറുകളെ സ്വാഗതം ചെയ്യുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ആഗോള വാണിജ്യക്കരാറുകളുടേയും സ്വതന്ത്ര വ്യാപാര മേഖലകളുടേയും ഇന്നത്തെ ലോകത്ത്‌ അതില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക എന്നത് പ്രാവര്‍ത്തികമല്ല. ചൈന അവസരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിനിയോഗിക്കുന്നു. നമ്മള്‍ സാധ്യതകള്‍് ഒരുപരിധിവരെ കളഞ്ഞുകുളിക്കുന്നു. ക്രിയാത്മകവും ഇഛാശക്തിയുമുള്ള ഒരു രാഷ്ട്രീയ നേതൃത്തത്തിന്റെ കീഴില്‍ (രാഷ്ട്രീയ കക്ഷി ഏതായാലും ) ഒരു നാള്‍ ഇന്ത്യയും പടയോട്ടം നടത്തും എന്ന് നമുക്കു ആശിക്കാം.
===#===

1 അഭിപ്രായം: