എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

06 ഏപ്രിൽ 2009

അമ്മാത്തുനിന്നും ഇല്ലത്തേക്ക് .......: മാന്ദ്യകാലത്തെ ചില പൊതുമേഖലാ ചിന്തകള്‍

ലോകം പല കാലഘട്ടങ്ങളിലായി വിവിധ സാമ്പത്തിക വ്യവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. ഫ്യൂഡലിസം ആയിരുന്നു ഇതില്‍ ആദ്യത്തേത് - രാജാക്കന്മാരും ഇടപ്രഭുക്കളും നാടുവാഴികളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്തിന്റെ സംഭാവന. ചില പാശ്ചാത്യ രാജ്യങ്ങള്‍ വിഭവശേഷിയില്‍ മുന്നില്‍‌ നില്ക്കുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും കോളനികള്‍ സ്ഥാപിച്ച് വാണിജ്യ ചൂഷണം ആരംഭിച്ചതോടെയാണ് മേര്‍കന്റാലിസം എന്ന വ്യവസ്ഥിതി ആരംഭിക്കുന്നത്. കാര്‍ഷിക വ്യവസ്ഥയില്‍ നിന്നും സമൂഹം വ്യാവസായികമായി പുരോഗമിച്ചപ്പോള്‍ ഫ്യൂഡലിസത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ട ഒന്നായിരുന്നു ക്യാപിറ്റാലിസം. ഫ്യൂഡലിസവും ക്യാപിറ്റലിസവും സമൂഹത്തിലെ വരേണ്യ വിഭാഗക്കാരെ കൂടുതല്‍ സമ്പന്നരാക്കിയെങ്കില്‍ മേര്കന്റാലിസത്തില്‍ ഒരു രാജ്യമോ സ്റ്റേറ്റ് സ്പോണ്സേഡ് കമ്പനികളോ (ഉദാ: ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ആയിരുന്നു അധീശത്തം നേടിയിരുന്നത്. ഇതിന് ബദലായി ആദ്യം രൂപം കൊണ്ട വ്യവസ്ഥയായിരുന്നു ലെസ്സിസ് ഫെയര്‍ എന്നത്. ഇതില്‍ താഴെ തട്ടിലുള്ള വ്യക്തികള്‍ക്ക് പോലും ഉത്പാദനത്തിനും വാണിജ്യത്തിനും പ്രോത്സാഹനം ലഭിച്ചു. പക്ഷെ, ആത്യന്തികമായി അത് പുതിയ ചില സമ്പന്നരെ സൃഷ്ടിക്കുന്നതിനു മാത്രമാണ് സഹായകമായത്. സമൂഹത്തില്‍ സമ്പത്തിന്റെ തുല്യ വിനിമയം എന്ന ആശയവുമായി സാഹചര്യത്തിലാണ് സോഷ്യലിസം എന്ന വ്യവസ്ഥിതിയുടെ കടന്നുവരവ്.



ഭാരതം സ്വതന്ത്രമാകുമ്പോള്‍ ശക്തമായി നിലനിന്നിരുന്ന രണ്ട് വ്യവസ്ഥിതികളായിരുന്നു ക്യാപിറ്റലിസവും സോഷ്യലിസവും. പ്രായോഗമതികളായ അന്നത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ രണ്ടിന്റെയും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മിശ്ര സാമ്പത്തിക വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) ഇവിടെ രൂപപ്പെടുത്തി. ഭീമമായ മുതല്‍ മുടക്കിന്‍ സ്വകാര്യ സംരംഭകര്‍ക്ക് കഴിവില്ലാതിരുന്ന ആ ഒരു കാലഘട്ടത്തില്‍ സര്‍ക്കാര്‍ തന്നെ നാടിന്റെ വികസനത്തിനായി ഉത്പാദന-സേവന സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ വന്‍തോതില്‍ മുതല്‍ മുടക്കി. നമ്മുടെ രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കടന്നു വരുന്നത് അങ്ങിനെയാണ്. തുടര്‍ന്നുള്ള ദശകങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സംതുലിത വികസനത്തിന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ് . പക്ഷേ എണ്പതുകളുടെ അവസാനമാകുമ്പോഴേക്കും പൊതുമേഖലാ അഴിമതിയുടെയും കെടുകാര്യസ്തതയുടേയും പര്യായമായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.



പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന അഴിമതി തുടച്ചു നീക്കുന്നതിനോ അവയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ മിനക്കെടാതെ, തൊണ്ണൂറുകളില്‍ നടപ്പാക്കിയ ഉദാരീകരണത്തിന്റേയും ആഗോളവത്കരണത്തിന്റേയും പശ്ചാത്തലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമാമാണ് പിന്നീട് നടന്നത്. 1991-92 ലേക്കുള്ള ബട്ജറ്റ് സ്പീച്ച് , 1991 ജൂലൈയില്‍ വന്ന ഇന്ഡസ്ട്റിയല്‍ പോളിസി സ്റ്റേറ്റ്മെന്റ്, രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് (ബാങ്കിംഗ്), മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് (ഇന്‍ഷൂറന്‍സ്) എന്നിവയെല്ലാം ആദ്യ ഘട്ടത്തില്‍ സാമ്പത്തിക രംഗത്തെ പരിവര്ത്തനത്തിനും പോതുമേഖലയുടെ സ്വകാര്യവത്കരണത്തിനും ചുക്കാന്‍ പിടിച്ചു. 1999 ല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിസ് ഇന്വസ്റ്റ്മെന്റ് സ്ഥാപിച്ചും 2001 ല്‍ അതിനെ ഒരു മന്ത്രാലയമാക്കി മാറ്റി അരുണ്‍ ഷൂരി എന്ന മന്ത്രിയെ പ്രതിഷ്ടിച്ചും സ്വകാര്യവത്കരണത്തിന്റെ ആക്കം കൂട്ടി. പോതുമേഖലയുടെ ഡിസ് ഇന്‍വസ്റ്റുമെന്റും പ്രൈവറ്റൈസേഷ്യനും വഴി ഇതുവരെയും ഏതാണ്ട് 51608 കോടി രൂപ ലഭിചെന്നാണ് കണക്ക്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് നാഷണല്‍ ഇന്വസ്റ്റ്മെന്റ് ഫണ്ടിലേക്ക് തിരിച്ചുവിടും ഈ തുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും വലിയൊരു പങ്കും അവിടെ എത്തിയില്ല. മാരുതി, മോഡേണ്‍ ഫുഡ്സ് , വി എസ് എന്‍ എല്‍ തുടങ്ങിയ പല പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളായി.


രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ മേധാവിത്തം സ്ഥാപിക്കുമ്പോള്‍ സംഭവിക്കാവുന്ന കടന്നുകയറ്റങ്ങളും ചൂഷണവും തടയുവാന്‍ ഇവിടത്തെ നിയന്ത്രണ ഏജന്‍സികള്‍ പര്യാപ്തമാണെന്നായിരുന്നുപരക്കെ വിശ്വസിപ്പിക്കപ്പെട്ടിരുന്നത്. 6-7 വര്‍ഷം മുമ്പ് ലോക്കല്‍ ലൂപ്പില്‍ ടെലഫോണ്‍ സേവനം നല്‍കാന്‍ അനുമതി ലഭിച്ച റിലയന്‍സ് നിയമത്തിലെ പഴുതും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മൊബയില്‍ സേവന ദാതാക്കളായി മാറിയ ചിത്രം നമുക്കു മുന്നിലുണ്ട്. ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


സ്വകാര്യവത്കരണത്തിനെ അറിഞ്ഞും അറിയാതേയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സാധാരണ പൊതുജനങ്ങള്‍ക്ക് തന്നെയാണ് അതിന്റെ തിക്ത ഫലങ്ങള്‍ ആദ്യം അനുഭവിക്കേണ്ടി വന്നതും.


മുംബയിലെ ഇലക്ട്രിസിറ്റി വിതരണം നടത്തുന്നത് ബി എസ് ഇ എസ് ലിമിടഡ് (റിലയന്‍സ് എനര്‍ജി) എന്ന കമ്പനിയാണ്. 2005-ല്‍ മുംബയിലുണ്ടായ മഹാ പ്രളയത്തില്‍ അവിടത്തെ വൈദ്യുതി വിതരണം അപ്പാടെ താറുമാറായി. പക്ഷേ അത് ശരിയാക്കുന്നതിന് തക്ക വൈദഗ്ദ്യമുള്ള ആളുകളോ അടിസ്ഥാന സൌകര്യങ്ങളോ റിലയന്‍സിന്‍ ഇല്ലായിരുന്നു. ഒടുവില്‍ ഒരു കാലത്ത് മുംബൈ വാസികള്‍ തള്ളിപ്പറഞ്ഞ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തന്നെ വരേണ്ടിവന്നു സംവിധാനങ്ങള്‍ ശരിയാക്കി വൈദ്യുത വിതരണം പുനസ്ഥാപിക്കുവാന്‍.


ആറേഴു വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ വലിയൊരു കണ്ടുപിടുത്തമായിരുന്നു ഇന്ത്യ ഭക്ഷ്യ സ്വയം പര്യാപ്തത നേടി എന്നത്. അതിന്റെ തുടര്‍ച്ചയായി ഫുഡ് കോര്‍പ്പരേഷന്‍ വഴിയുള്ള സംഭരണം പരമാവധി കുറച്ചു. ധാന്യങ്ങളുടേയും മറ്റും ഉള്ള സ്റ്റോക്കാകട്ടെ കയറ്റുമതി ചെയ്ത് അവസാനിപ്പിച്ചു. ഒഴിഞ്ഞ ഫുഡ് കോര്പ്പറേഷന്‍ ഗോഡവ്ണുകള്‍ ആര്‍ക്കും വേണ്ടാത്ത നോക്കുകുത്തികളായി. പല ഗോഡവ്ണുകളും അടച്ചു പൂട്ടി. പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും പിന്മാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി. ഒടുവില്‍ 2007-ഓടെ ആഗോള കാര്ഷികോല്പ്പാദനം ശരാശരിയിലും താഴേക്ക് പോയപ്പോള്‍ അവശ്യ സാധനങ്ങളുടെ വില പിടിച്ചു നിറുത്തുവാന്‍ കെല്‍പ്പില്ലാതെ , പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒഴിഞ്ഞു കിടക്കുന്ന നമ്മുടെ ധാന്യപ്പുരകള്‍ കേണിട്ടുണ്ടായിരുന്നിരിക്കണം.

നാട്ടില്‍ റിലയന്‍സിന്റെയും എസ്സാറിന്റേയും ഒക്കെ പെട്രോള്‍ ബങ്കുകള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ഓയിലിന്റെയും ഭരത് പെട്രോളിയത്തിന്റെയും ഔട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന് വാദിച്ചവരുണ്ട്. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 150 ഉം 160 ഉം ഡോളറിന് മേലെ പോയപ്പോള്‍ ജനങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും കാര്യമായ വിലവര്‍ധനവ് നടപ്പിലാക്കിയില്ല. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ നേരത്തെ പറഞ്ഞ കമ്പനികള്‍ അവയുടെ ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടി. അതിന്‍ അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ലാഭമില്ലാതെ മുന്നോട്ടു പോകുവാന്‍ സ്വകാര്യ സംരംഭകന് കഴിയില്ലല്ലോ. ലാഭേച്ഛയില്ലാതെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നിടത്താണല്ലോ പോതുമേഖലയുടെ പ്രസക്തി.

ഉയര്‍ന്ന ടിക്കറ്റ് നിരക്കും താരതമ്യേന മോശം സേവനവും നല്കിയുരുന്ന പൊതുമേഖലാ എയര്‍ലൈനുകള്‍ക്ക് മത്സരമുയര്‍ത്തിക്കൊണ്ടാണ് ഏതാനും സ്വകാര്യ എയര്‍ലൈനുകള്‍ ഈ ദശകത്തിന്റെ ആദ്യത്തില്‍ മുന്നോട്ടുവന്നത്. ആകാശം മത്സരക്ഷമമായതോടെ യാത്രാ നിരക്കുകള്‍ കുറഞ്ഞു. പക്ഷേ, ചെറിയ മത്സ്യങ്ങളെ വമ്പന്മാര്‍ (കിംഗ്ഫിഷര്‍, ജെറ്റ് ) വിഴുങ്ങുന്ന കാഴ്ച്ചയാണ് ഏവിയേഷന്‍ രംഗത്ത് അടുത്ത കാലത്ത് കാണാനായത്. വീണ്ടും എയര്‍ലൈന്‍ നിരക്കുകള്‍ ഉയര്‍ന്നു. ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ പൊതുമേഖലാ മോണോപൊളിയില്‍ നിന്നും ഒളിഗോപൊളിയും കടന്ന്‍ പെര്‍ഫെക്റ്റ് കൊമ്പിറ്റീഷനിലെത്തി ഉപഭോക്താക്കള്‍ക്ക് മേധാവിത്തം ലഭിക്കുമെന്ന സാമ്പത്തിക വിദഗ്ദരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒരു സംഭവമായിരുന്നു ഇത്. ഇത് ഒരു തുടക്കം മാത്രമായിരിക്കാം. ബാങ്കിംഗ്, ഇന്ഷുറന്‍സ്, ടെലകോം തുടങ്ങിയ മേഖലകളിലെല്ലാം ഇത് ആവര്ത്തിക്കപ്പെട്ടേക്കാം.

സാമ്പത്തിക മാന്ദ്യത്തിന്റെ എരിതീയില്‍ തൊഴില്‍ രഹിതരായ ഐ. ടി, റിടൈല്‍, ഏവിയേഷന്‍ എന്നീ മേഖലകളിലെ അനേകരുടെ കഥകള്‍ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നു. തട്ടിപ്പും ദുര്‍ വിനിയോഗവും പ്രതിസന്ധിയിലാക്കിയ കമ്പനികളുടെ നിര 'സത്യ'ത്തിലും 'സുഭിക്ഷ'യിലും നില്ക്കുമെന്ന് തോന്നുന്നില്ല. പൊതുമേഖലയിലുള്ള ഡല്‍ഹി മെട്രോ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും ബംഗളൂരു മെട്രോ പദ്ധതി പുരോഗമിക്കുകയും ചെയ്യുമ്പോള്‍ സ്വകാര്യ മേഖലയിലെ 'മയ്റ്റാസ്' നെ ഏല്‍പ്പിച്ച ഹൈദെരാബാദ് മെട്രോയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന്‍ നോക്കുക.

നമ്മള്‍ ഇല്ലത്തുനിന്നും അമ്മാത്ത് എത്താനുള്ള തത്രപ്പാടിലായിരുന്നു. അതായത് മിക്സെഡ് ഇകൊണോമിയില്‍ നിന്നും ക്യാപിറ്റലിസത്തിലേക്കുള്ള യാത്ര കഴിഞ്ഞ ഒന്നര ദശകങ്ങളായി പുരോഗമിച്ചു വരികയായിരുന്നു. ഏതായാലും അമ്മാത്ത് എത്തിയില്ല. അതിനുമുമ്പ് തന്നെ റിസഷന്റെ പശ്ചാത്തലത്തില്‍ യുനൈറ്റഡ് സ്റ്റേറ്റും മിക്ക പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും അമ്മാത്ത് നിന്നും മടങ്ങുന്നത് കാണാന്‍ തരായി. അവരുടെ മടക്കം ഇല്ലത്തേക്ക് തന്നെ ആയിരിക്കും.....സംശല്ല്യ. എണ്പതുകളുടെ അവസാനത്തിലും തോണ്ണൂറുകളുടെ ആദ്യത്തിലും സോഷ്യലിസം അഥവാ മാര്‍ക്സിസത്തില്‍ നിന്നും വളയമില്ലാതെ ക്യാപിറ്റലിസത്തിലേക്ക് എടുത്തുചാടി തകര്‍ന്നുപോയ സോവിയറ്റ് യുനിയന്റെയും പൂര്‍വ്വ യുറോപ്യന്‍ രാജ്യങ്ങളുടേയും ചരിത്രവും സോഷ്യലിസത്തില്‍ നിന്നും മിക്സെഡ് ഇകൊണോമി എന്നുപറയാവുന്ന ഒരു വ്യവസ്ഥയിലേക്കു വന്ന്‍ അനുദിനം പുരോഗമിക്കുന്നതായി പറയുന്ന ചൈനയുടെ വര്‍ത്തമാനവും നമുക്കു മുന്നിലുണ്ട്. പൊതുമേഖലയും സ്വകാര്യ മേഖലയും പരസ്പരപൂരകങ്ങളായി നില്ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥ (മിക്സെഡ് ഇകൊണോമി) തന്നെയാണ് നമുക്ക് അഭികാമ്യം എന്ന്‍ ഇതില്‍ നിന്നെല്ലാം സുവ്യക്തമാണ്.

ന്നാ നമക്കങ്ങട് ഇല്ലത്തേക്ക് മടങ്ങാം......ന്താ...?

***************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ