Archaeological Museum, Velha Goa
.
മദ്യവിരുദ്ധനും മദ്യപന്മാരോടു പൊതുവേ ആഭിമുഖ്യമില്ലാത്തവനുമായ വ്യക്തിയില്‍ നിന്നും കാലം ചില മാറ്റങ്ങള്‍ എന്നിലും സൃഷ്ടിക്കാതിരുന്നില്ല. കേരളത്തിലെ പുരുഷ കേസരികളില്‍ പ്രായം 20 നും 50 നും ഇടക്കുള്ള മൂന്നില്‍ രണ്ടുപേരും മദ്യം ഉപയോഗിക്കുന്നു എന്ന എവിടെയോ കണ്ട ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ട് എന്ന് മുന്നില്‍ വെളിവാകുന്ന ലോകം തെളിയിച്ചപ്പോളായിരിക്കണം അത്. അപൂര്‍വ്വ പാനികള്‍, വല്ലപ്പോഴും കുടിക്കുന്നവര്‍, ഇടയ്ക്കൊക്കെ കഴിക്കുന്നവര്‍ , സ്ഥിരക്കാര്, മുഴുക്കുടിയന്മാര് എന്നൊക്കെ ഈ ഈ മദ്യപന്മാരെ സൌകര്യത്തിനനുസരിച്ച് വര്‍ഗ്ഗീകരിക്കാവുന്നതാണ്. 'ഒരു പെഗ്ഗില്ലാതെ എന്താഘോഷം' എന്ന് മലയാളി ഉദ്ഘോഷിക്കാനും കൂടി തുടങ്ങിയപ്പോള്‍ ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ ഈയുള്ളവനും ചില കോംപ്രമൈസുകള്‍ക്ക് തയ്യാറായി. മദ്യപന്മാരുടെ സുഹൃത്തായി, അവരുടെ പാനകര്മ്മങ്ങളില്, മദ്യം രുചിച്ചില്ലെങ്കിലും, പങ്കാളിയായി. എന്നിരിക്കിലും തൃശ്ശൂരിലെ ഫുട്പാത്തിലും തേക്കിന്‍കാട് മൈതാനത്തും 'വാള്' വച്ചു കിടക്കുന്നവരെയും ബസ്സിലും ട്രെയിനിലുമൊക്കെ കോപ്രായം കാട്ടുന്നവരെയും ഒക്കെ കാ ണുമ്പോള്‍ മദ്യപന്മാരോടുള്ള പഴയ അവജ്ഞയും ഈര്‍ഷ്യയും പലപ്പോഴും തപിച്ചു പുറത്തുവരാറണ്ട്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലിക്കര്‍ ഷോപ്പല്ലാതെ മറ്റൊന്നുമില്ല എന്ന് പറയാവുന്ന നാട്ടില്‍ (നിറഞ്ഞു തുളുമ്പി നില്ക്കുന്ന സുന്ദരികളായ ബീച്ചുകളെ മറക്കുന്നില്ല. അവിടേയും സ്ഥിതി വ്യത്യസ്തമല്ല. )ഏതാണ്ട് ഇരുപതു വര്‍ഷത്തിനു ശേഷം മൂന്നു ദിവസം ചുറ്റിക്കറങ്ങിയപ്പോള്‍ മദ്യപന്മാരോടുള്ള നേരത്തെ പറഞ്ഞ ആ വിരോധം അലിഞ്ഞില്ലാതായി എന്നത് യാഥാര്‍ത്ഥ്യം.
വഴിനീളെ, ബീച്ചിലായാലും പള്ളിക്ക് സമീപമാണെങ്കിലും ഹെരിറ്റേജ് സൈറ്റിലായാലും ബിയറിന്റെയും ഫെനിയുടെയും വിസ്കിയുടെയും അക്ഷയഖനികളായ കടകള്‍ ....... എങ്ങും മദ്യ ബ്രാന്റുകളുടെ ഇതര ഉത്പന്നങ്ങളിലെക്ക് (സോഡാ, മിനറല്‍ വാട്ടര്‍ , സി.ഡി., ഗോള്‍ഫ് ബോള്‍ ...എന്നിങ്ങനെ) പരകായ പ്രവേശം ചെയ്ത പരസ്യപ്രപഞ്ചം.... നിരത്തിലും ബീച്ചിലും ബിയര്‍ കാനുകളും ഷോപ്പുകള്ക്കുമുന്നിലും റെസ്ടോറന്റുകളിലും മദ്യ ചഷകങ്ങളുമായി വര്‍ഗ- വര്‍ണ്ണ -ലിംഗ -പ്രായഭേദമന്യേ വിരാജിക്കുന്നവര്‍.... ഇത് ഗോവ.
'വെള്ള'മടിച്ച് അടികൂടുന്നവരെയോ ബഹളമുണ്ടാക്കുന്നവരെയോ നാലുകാലില്‍ ഇഴയുന്നവരെയോ ഈ ദിനങ്ങളില്‍ എനിക്ക് കാണാനായില്ല ! തീരദേശ ഗോവയില്‍ കറങ്ങിയ ഈ മൂന്നു ദിനങ്ങളിലും പോലീസുകാരെ കണ്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. (റിപബ്ലിക് ദിന പരേഡ്നായി പരിശീലനവും ഒരുക്കങ്ങളും നടത്തുന്നവരായി കുറച്ചുപേരെക്കണ്ടു,പനാജിയില്‍. ഇനി എല്ലാവരും അവിടെയാണെന്ന് വരുമോ? അതോ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസുണ്ടായിരുന്നോ ? )
നാടിന്റേയും നാട്ടുകാരുടേയും സംസ്കാരത്തിന്റെയുമൊക്കെ പ്രത്യേകതകള്‍ കൊണ്ടായിരിക്കാം നമുക്കൊന്നും ആലോചിക്കാന്‍ കഴിയാത്ത ഈ വൈജാത്യവും അച്ചടക്കവും.
ഞാന്‍ താമസിച്ച ഹോട്ടല്‍ വിവ ഗോവ ഇന്റെര്നാഷനലിന്റെ മാനേജര്‍ ദീപന് പറയുന്നത് മദ്യപാനികളെ കൊണ്ട്ട് അവര്‍ക്കിതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല എന്നാണ്. ദീപന്റെ അച്ഛനും അമ്മയുമൊന്നും ഈ നാട്ടുക്കരല്ല. പക്ഷേ അയാള്‍ ജനിച്ചതും വളര്‍ന്നതും ഗോവയിലാണ്. അതുകൊണ്ടുതന്നെ താനൊരു ഗോവക്കാരനാണെന്ന് കല്പ്പിക്കുന്നു. പ്രശ്നരഹിതമാണ് ഇവിടെ ജീവിതം എന്നാണ് അയാളുടെ പക്ഷം . മിക്കവരും ആ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. തങ്ങളായിട്ട് ഒരു പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ നില്‍ക്കാറില്ല. അങ്ങിനെയെങ്കില്‍ അത് ടൂറിസത്തെ ബാധിക്കും. വരുമാനത്തേയും. കഞ്ഞിയില്‍ പാറ്റയിടരുതല്ലോ ! ദീപന് കൂട്ടിച്ചേര്‍ത്തു: എന്തെങ്കിലും ഇഷ്യൂ ഉണ്ടായി എങ്കില്‍ അതിനു പിന്നില്‍ ടൂറിസ്ടുകളായിരിക്കും. തീര്‍ച്ച .
സാദ്ധ്യതകള്‍ വച്ചു അയാള്‍ പറഞ്ഞത് തന്നെയായിരിക്കും ശരി. മൈനിങ്ങും ടൂറിസവും ആണ് ഗോവന്‍ സമ്പദ്വ്യവസ്ഥയുടെ നേടും തൂണുകള്‍. രണ്ടും മൂന്നും മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്ടര്‍ സ്കൂട്ടര്‍ റയ്ഡിങ്ങിനും പാരച്യൂട് സവാരിക്കുമൊക്കെ അഞ്ഞൂറും ആയിരവും വാങ്ങി അറിഞ്ഞുകൊണ്ടു നമ്മുടെ പോക്കറ്റെങ്ങനെ അടിക്കാം എന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളവരാന് ഇന്നാട്ടുകാര്. അവര്‍ക്ക് മറ്റൊരു മാര്‍ഗം തേടെണ്ടതില്ലായിരിക്കാം.
വാദത്തിന്നായി കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തിലെ ഒരു ബലാല്‍സംഘക്കേസ് അവര്‍ക്ക് മുന്നിലേക്കിട്ടു. ഗോവയിലെ ഒരു രാഷ്ട്രീയ നേതാവും റഷ്യന്‍ യുവതിയും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അതൊക്കെ എക്സെപഷനല് കേസല്ലേ എന്നൊരു പാസ്സിംഗ് ഓണ്‍ റിമാര്‍ക്ക് ആണ് ലഭിച്ചത്. ഗോവയോട് വിടപറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് - ജനുവരി 26 -നു ആരാമ്പോള് ബീച്ചില്‍ 9 വയസ്സുള്ള ഒരു റഷ്യന്‍ പെണ്‍കുട്ടി ബാലാല്സംഘത്തിനിരയായി എന്നത് - ഇത്തരം സംഭവങ്ങള്‍ ഇവിടെ അപൂര്‍വ്വമാണെന്ന വാദത്തെ ഘണ്ടിക്കുന്നതായിരുന്നു. എന്നാല്‍ സംഭവത്തിനു പുറകില്‍ മഹാരാഷ്ട്രക്കാരായിരുന്നു എന്നത് ദീപന്പ്രഭ്രുതികളുടെ അഭിപ്രായത്തെ ഒട്ടൊക്കെ സാധൂകരിക്കുന്നുമുണ്ട്. 2008 - ഫെബ്രുവരിയില്‍ മാനഭംഗത്തിനിരയായി അഞ്ജുന ബീച്ചില്‍ കൊലചെയ്യപ്പെട്ട ബ്രിട്ടീഷ് കൌമാരക്കാരിയുടെ മൃതശരീരം ഇപ്പോഴും ഔദ്യോഗികനടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ഇവിടെ പ്രതികള്‍ പ്രാദെശികര് തന്നെയാണ്. റിപ്പോരട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ സമാന സംഭവങ്ങള്‍ പലതും ഗോവക്ക് അന്യമല്ലത്രേ.
ഇത് ഒരു യാത്ര നല്കിയ ചിന്തയില്‍ വിരിഞ്ഞ ഗോവയുടെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍.
ഗോവ സഞ്ചാരിക്ക് നല്കുന്ന ദൃശ്യാനുഭവങ്ങള്‍ ഒട്ടെറെയാണ്. മനോഹരമായി ഉടുത്തൊരുങ്ങി കിടക്കുന്ന ബീച്ചുകള്‍, ഫ്രാന്‍സിസ് സേവിയര്‍ പുണ്ണ്യവാളന്റെ തിരുശേഷിപ്പ് അടക്കം ചെയ്തതുള്‍പ്പെടെയുള്ള പള്ളികള്‍, പനാജിയുടെ തീരത്തുകൂടെ മണ്ടോവി നദിയിലൂടെ മദ്യവും നൃത്തവും സംഗീതവും കൊളാഷ് ചെയ്ത സായന്ധന ബോട്ട് യാത്ര, പകല്‍ ചൂടില്‍ ഡോള്‍ഫിനുകളെ തേടിയുള്ള ബോട്ട് ക്രൂയിസ്, ദൂതസാഗര് വെള്ളച്ചാട്ടം,വാണിജ്യകേന്ദ്രങ്ങളായ 18th ജൂണ്‍, 31st മേയ് തുടങ്ങിയ സ്ട്രീട്ടുകള്, മദ്യമൊഴുകുന്ന നിരത്തുകള്‍, പുരാവസ്തു മ്യൂസിയവും 'ബിഗ് ഫുട്ടും' ഉള്‍പ്പെടെയുള്ള ഹെരിറ്റേജ് സൈറ്റുകള്‍ .......
ഗോവ സഞ്ചാരിക്ക് നല്കുന്ന ദൃശ്യാനുഭവങ്ങള്‍ ഒട്ടെറെയാണ്. മനോഹരമായി ഉടുത്തൊരുങ്ങി കിടക്കുന്ന ബീച്ചുകള്‍, ഫ്രാന്‍സിസ് സേവിയര്‍ പുണ്ണ്യവാളന്റെ തിരുശേഷിപ്പ് അടക്കം ചെയ്തതുള്‍പ്പെടെയുള്ള പള്ളികള്‍, പനാജിയുടെ തീരത്തുകൂടെ മണ്ടോവി നദിയിലൂടെ മദ്യവും നൃത്തവും സംഗീതവും കൊളാഷ് ചെയ്ത സായന്ധന ബോട്ട് യാത്ര, പകല്‍ ചൂടില്‍ ഡോള്‍ഫിനുകളെ തേടിയുള്ള ബോട്ട് ക്രൂയിസ്, ദൂതസാഗര് വെള്ളച്ചാട്ടം,വാണിജ്യകേന്ദ്രങ്ങളായ 18th ജൂണ്‍, 31st മേയ് തുടങ്ങിയ സ്ട്രീട്ടുകള്, മദ്യമൊഴുകുന്ന നിരത്തുകള്‍, പുരാവസ്തു മ്യൂസിയവും 'ബിഗ് ഫുട്ടും' ഉള്‍പ്പെടെയുള്ള ഹെരിറ്റേജ് സൈറ്റുകള്‍ .......