.
[ക്രൂശിക്കപ്പെട്ട പ്രകൃതി... പ്രതികരണ ശേഷി നഷ്ടപ്പെട്ട് അത് കണ്ടു നിന്നവന്, പാരിസ്ഥിതികാസുന്തലിതാവസ്ഥയുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നവന്, പഴയ പ്രകൃതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് മടുത്ത് കേഴുന്നവന് --- അപ്പോസ്തലനായ പുതിയ പത്രോസ്. ]
കോഴി രണ്ടു കൂവുവതിനു മുന്നേ ഞാന്‍.
കണ്ടു നിന്നു നിന്നെ ഗോല്ഗോഥായില്
നിഷ്ടൂരമായി ക്രൂശിക്കുന്നതും ഞാന്‍.
മൂന്നു നാള് കഴിഞ്ഞിരിക്കുന്നു, എന്നിട്ടു -
മെന്തെ നീ ഉയിര്ത്തെഴുന്നെല്ക്കാഞ്ഞൂ ?
വത്സരങ്ങളൊട്ടു കൊഴിഞ്ഞു പോയിരിക്കുന്നു, എന്നിട്ടും
നിന്നെക്കണ്ടില്ല മഗ്ദാലനക്കാരി മറിയയവള്.
പന്തിരുവര്‍ ഞങ്ങള്‍ക്കും നീ പ്രത്യക്ഷനായില്ലി -
തെന്തേ നീ ഉയിര്ത്തെഴുന്നെല്ക്കാഞ്ഞൂ ?
ഗലീലയും യഹൂദ്യയും പിന്നെയീ ലോകവും
കേഴുന്നൂ ; വരണ്ടിരിക്കുന്നൂ യോര്ദ്ദാന് നദി.
നിന്നെച്ചൊല്ലി വിലപിച്ച ജനത്തോടും
ശിക്ഷ വിധിച്ചശേഷമീനീതിമാന്റെ
രക്തത്തില്‍ തനിക്കു പങ്കില്ലെന്നുചൊല്ലി
കയ്യൊഴിഞ്ഞ പിലാത്തോസിനോടും
ഇവനോ യെഹൂദരുടെ രാജാവിവനെ
തങ്ങള്‍ക്കു വിട്ടു തരികെന്നട്ടഹസിച്ച
പാമരരാം പുരോഹിതരോടും നീ പറഞ്ഞ
വാക്കുകള്‍ ഓര്‍ക്കുന്നു ഞാന്‍, ഇന്ന് .
"ഹേ, ജനതയേ, ക്രോധിക്കേണ്ട, കരയേണ്ട
നിങ്ങളെന്നെച്ചൊല്ലി ; ഓര്‍ക്കുക
ഭാവിയെ, നിങ്ങള്‍ തന് മക്കളെ
പിന്നെ കാണ്ക വരും ദുരന്തങ്ങളെ."
അവര്‍ പങ്കിട്ടെടുത്തില്ലേ നിന്നങ്കി
ചാട്ടവാര്‍ കൊണ്ടടിച്ചില്ലേ നിന്നെയവര്‍
അവരുടെയുമിനീരിന് കറ വീണില്ലെയാസ്യത്തില്
ദു:ഖിക്കുന്നു ഞാനിന്നതോര്ത്ത് : ഹാ! കഷ്ടം.
അറിഞ്ഞിരുന്നീല്ല നിന്നെ ഞാന്‍
നീ ഞങ്ങളൊത്തുള്ളപ്പോളെന്നാ -
ലിന്നീ ദുരന്തങ്ങളേറ്റുവാങ്ങുമ്പോള്
മനസ്സിലാക്കുന്നു, സത്യം !
ആശ്രിതന്തന്നെ വെള്ളിക്കാശിനായ്
ചുംബനത്തിലൂടെ നിന്നെയൊറ്റിക്കൊടുത്തപ്പോള്
കഴിഞ്ഞില്ലെനിക്കും എതിര്‍ക്കുവാന്‍
ഞാനുമീ സംസാരത്തിന്നടിമയല്ലോ, ക്ഷമിക്കുക !
ആപത്തില്‍ ഉപേക്ഷിച്ചു പോയവന്,
നിന്നെ തള്ളിപ്പറഞ്ഞവന് ,
ഞാന്‍, ഈ പത്രോസ്, കാത്തിരിക്കുന്നൂ
നിന്നുയിര്ത്തെഴുന്നേല്പ്പിനായ്.... .
##########