എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

25 ഓഗസ്റ്റ് 2011

വിമര്‍ശിക്കപ്പെടേണ്ട അന്നക്കൂട്ടം
ടീം അന്നയുടെ ജന്‍ ലോക്പാല്‍ ബില്ലിനെതിരെ രാഷ്ട്രീയ രംഗത്ത് നിന്നുമല്ലാത്ത ആദ്യത്തെ ശക്തമായ പ്രതികരണമാണ് ചില മാധ്യമങ്ങളിലൂടെ അരുന്ധതി റായിയുടെതായി വന്നിട്ടുള്ളത്.

http://www.thehindu.com/opinion/lead/article2379704.ece?homepage=true

ശ്രീമതി റായി പറയുന്നതുപോലെ ഹസാരെയുടെ ഇപ്പോഴുള്ള സമര രീതികളും മാര്‍ഗ്ഗങ്ങളും ഗാന്ധിയന്‍ രീതികളുമായി താരതമ്യം ചെയ്യാനാകാത്തതാണ്. ഒരു പക്ഷെ, അഴിമതി തുടച്ചു നീക്കുക എന്ന അദ്ദേഹത്തിന്റെ ലക്‌ഷ്യം കലര്‍പ്പില്ലാത്തതാകാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ചിന്തകളെ നയിക്കുന്നവരും അദ്ദേഹത്തെ പിന്തുടരുന്നവരെന്ന്‍ സ്വയം കല്‍പ്പിക്കുകയും ചെയ്യുന്നവരുമായ വലിയ ഒരു വിഭാഗത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടതാണ്. ഇവരില്‍ പലരും നല്ല പുള്ളികളല്ല എന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഇവര്ക്കിടയില്‍പ്പെട്ട് ഒരു കളിപ്പാവയായി മാറിയിരിക്കുന്നു ഹസാരെ അവര്‍കള്‍.

അരാഷ്ട്രീയ വാദത്തിന്റെ നിസ്വനങ്ങളാണ് ടീം അന്നയുടെ സമരത്തില്‍ പ്രകടമാകുന്നത്. പലപ്പോഴും സ്വന്തം കാര്യങ്ങളില്‍ മാത്രം അഭിരമിക്കാന്‍ തയ്യാറാകുന്ന വലിയൊരു വിഭാഗം മധ്യവര്‍ത്തി സമൂഹമാണ് ഈ സംരഭത്തെ കയ്യയച്ചു പ്രോത്സാഹിപ്പിക്കുന്നത്. അഴിമതിക്കും കൈക്കൂലിക്കും എതിരെ ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ജീവിതപാതയിലെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ സ്വന്തം കാര്യം നേടാന്‍ അതിനു കൂട്ട് നില്‍ക്കുകയും ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് രാഷ്ട്രീയം എന്നത് പുച്ഛ്ച്ച് തള്ളാനുള്ള ഒരു സംജ്ഞയാണ്.

ആഫ്രിക്കയിലും ഗള്‍ഫ് നാടുകളിലും അടുത്തയിടെ നടന്ന ജന മുന്നേറ്റങ്ങളായിരിക്കാം ഹസാരെ സമരത്തിനു വലിയൊരു വൈകാരിക പിന്തുണ ലഭിക്കാന്‍ പ്രേരകമായത്. ഭരണനേതൃത്തങ്ങള്‍ക്കും അഴിമതിക്കും ഒക്കെ എതിരായിരുന്നു ഈ മുന്നേറ്റങ്ങലെങ്കിലും വ്യക്തമായ പ്രത്യയശാസ്ത്ര സമീപനങ്ങളില്ലാത്തവയായിരുന്നു ഇവയെല്ലാം. അരാഷ്ട്രീയ വാദികളുടെ അലക്ഷ്യ മുന്നേറ്റങ്ങള്‍ എന്നുതന്നെ അവയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒടുവില്‍, കിട്ടിയ കുതിരയെ നിലവിലുള്ളതിലും വൃത്തികെട്ട ലായത്തില്‍ കൊണ്ടുപോയി തളക്കേണ്ടിവരുമെന്നു ഈജിപ്തിലേതുപോലുള്ള സ്ഥിതിവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ രൂപപ്പെടുത്തിയ ഒരു ബില്‍ മാത്രമേ പാസ്സാക്കാനാകൂ എന്ന് പറയാന്‍ ഹസ്സാരെമാര്‍ക്ക് എന്തധികാരം? അതിനു മണിക്കൂറുകളുടെ സമയം കൊടുത്തു പാര്‍ലമെന്റിനെ സൂചിമുനയില്‍ നിര്‍ത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. ചര്‍ച്ചയിലൂടെ ഒരു സമവായത്തിലെത്താന്‍ സമ്മര്‍ദ്ദം കൊടുക്കുകയാണെങ്കില്‍ അത് സ്വീകാര്യം തന്നെ. പക്ഷേ അതിന്റെ റിസല്ട്ടിനായി കാത്തിരിപ്പ് വേണ്ടിവരും. അതായിരുന്നല്ലോ ഗാന്ധിയന്‍ രീതി . തന്റെ ലക്‌ഷ്യം നിറവേറ്റുന്നതിന് അഹീംസയില്‍ അധിഷ്ടിതമായ സത്യഗ്രഹസമര മാര്‍ഗത്തില്‍ രണ്ടു ദശകത്തിലേറെ കാത്തിരിക്കേണ്ടിവന്നു അദ്ദേഹത്തിന്.


ഭരണകൂടവും  UPA യും മറ്റു രാഷ്ട്രീയ കക്ഷികളുമെല്ലാം ഈ സമര മാര്‍ഗത്തിനോട് നടത്തിയ സമീപനവും അപലപനീയം തന്നെ. വേണ്ടകാര്യങ്ങള്‍ വേണ്ടസമയത്ത് വേണ്ടപോലെ കൈകാര്യം ചെയ്തില്ല എന്നത് ഇവരുടെയെല്ലാം പരാജയമാണ്.

നിലവിലുള്ള എക്സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്കുപരിയായി പുതിയൊരു സംവിധാനം ഉണ്ടാക്കാനുളള തത്രപ്പാടിലാണല്ലോ. സൃഷ്ടി-സ്ഥിതി-സംഹാരത്തിനു കെല്പുള്ള ഒരു സംവിധാനം. കുറുന്തോട്ടിക്കും വാതം വന്നാല്‍ എന്താകും?

ഹസ്സാരെ സംഘം വൈകാരികമായി പറയുന്നത് ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലോക പാല്‍ ബില്‍ ഈ പറയുന്ന വിഭാഗങ്ങള്‍ക്ക് സുരക്ഷാകവചം ഒരുക്കി കൊണ്ടുമാത്രമേ രൂപപ്പെടുത്തൂ എന്നാണു.  എന്നാല്‍ ഗവണ്‍മെന്റ് കരടുരേഖയില്‍ NGOs നെ  ബില്ലിന്റെ പരിധിയില്‍ കൊണ്ട് വരുമ്പോള്‍ NGOs ഉള്‍പ്പെടുന്ന, ടീം അന്ന ഒരുക്കുന്ന ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഇവര്‍ വരുന്നില്ല. രാഷ്ട്രീയക്കാരും അന്നക്കൂട്ടവും തമ്മില്‍ എന്ത് വ്യത്യാസം? ആരാന്റെ പറമ്പിലെ  തേങ്ങയാവുംപോള്‍ പ്രശ്നമില്ല എന്നോ? 

അടുതകാലത്തുനടന്ന മിക്ക വന്‍ അഴിമതിക്കഥകളു ടേയും ഉള്ളടക്കം - അത് 2G Spectrum ആയാലും KG Basin ആയാലും CWG Contract ആയാലും - കോര്‍പ്പറേറ്റ്കളോ സമാന വ്യക്തികളോ ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവര്‍ക്ക് വേണ്ടിയാണ് പലപ്പോഴും കൂട്ടുനില്‍ക്കുന്നത്. സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങളും ചിലപ്പോഴൊക്കെ അഴിമതിക്ക് മറനില്‍ക്കുകയോ കുടചൂടുകയോ ഒക്കെ ചെയ്യുന്നുണ്ട്.

ഇവിടെയാണ് അരുന്ധതി റായുടെ  വാദത്തിന്റെ പ്രസക്തി- ലോക്പാല്‍  ബില്ലിന്റെ പരിധിയില്‍ കോര്‍പ്പറേറ്റുകളും മീഡിയയും NGOs ഉം  വരണമെന്നത്.

ഏതായാലും ഒരുകാര്യം ഈയുള്ളവന് ഉറപ്പുണ്ട്. ലോക്പാല്‍ ബില്‍ , അത് 'ജന' ആയാലും 'ഗവ' ആയാലും ഇവിടുത്തെ അഴിമതി ശമിപ്പിക്കുന്നതിനുള്ള ഒരു ദിവ്യ ഔഷധമല്ല. അത് മുളയിലെ നുള്ളുന്നതിനുള്ള ഇച്ചാശക്തിയും ബോധവത്കരണവും സാഹചര്യങ്ങളുമാണ് നമുക്കാവശ്യം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ