എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

29 നവംബർ 2011

ചൈനാബസാര്‍

കഥ (ഭാഗം -1 )



"മഹാനായ ചീനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി നാട്ടരചനെ  കാണാനാണ് ഞാന്‍ ഇവിടം സന്ദര്‍ശിക്കുന്നത്.  അന്നിതിനു പേര്‍ ചീനന്മാരുടെ പണ്ടകശാല എന്നായിരുന്നു. പണ്ടകശാലായുടേയും വ്യാപാരത്തിന്റേയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലങ്ങളില്‍ ചീനത്തുനിന്നും പ്രത്യേകമാളുകളെ അയച്ചിരുന്നു. നീലം, ഇഞ്ചി, കുരുമുളക്, മുത്ത്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഇവിടെ സംഭരിച്ചിരുന്നതും അതിനു ശേഷം 
കയറ്റി അയച്ചിരുന്നതും. പിഞ്ഞാണങ്ങള്‍, ഭരണികള്‍ തുടങ്ങി അനേകം മണ്പാത്രങ്ങളും ചീനപ്പട്ട് തുടങ്ങിയ തുണിത്തരങ്ങളും ചീനയില്‍ നിന്നും തദ്ദേശീയര്‍ക്ക് എത്തിയിരുന്നതും ഈ പണ്ടികശാലകള്‍ വഴിതന്നെ. "

-ചരിത്രത്താളുകളില്‍ നിന്നും മാര്‍ക്കോപോളോ (1254 - 1324 )

"അറുപതുകളില്‍ ചൈനീസ് റിവിഷനിസം നടക്കുമ്പോള്‍ ഞാന്‍ യൌവനത്തിന്റെ പടിവാതില്‍ക്കലായിരുന്നു.ഞങ്ങളുടെ  നാടിന്റെ സ്പന്ദനത്തിന്റെ  സിരാകേന്ദ്രം 'ഭാഷാപോഷിണി' വായനശാലയും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഏതാനും ചെറിയ കച്ചവട 
സ്ഥാപനങ്ങളുമായിരുന്നു. സഖാവ് കുമാരേട്ടന്‍ വായനശാലയുടെ മുറ്റത്ത് കൂടിയിരിക്കുന്ന ആളുകള്‍ക്ക് 
മുന്നില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് സംസാരിച്ച് കത്തിക്കയറും. അതിനുശേഷം ഹൈദ്രുവിന്റെ ചായക്കടയിലേക്ക് നീങ്ങും. ചൂടുചായ ഗ്ലാസ്സില്‍ നിന്നും പിഞ്ഞാണത്തിലേക്ക് പകര്‍ന്നു ഊതി മോത്തിക്കുടിക്കുന്നതിനിടയില്‍ അദ്ദേഹം പിന്നെയും വാചാലനാകും. മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനെക്കുറിച്ചും ചൈന, ഒരു വന്‍ ശക്തിയാകുന്നതിനെപ്പറ്റിയും റഷ്യ- ചൈന- ഇന്ത്യ അച്ചുതണ്ട്‌ രൂപപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചും അദ്ദേഹം വാതോരാതെ പറഞ്ഞുകൊണ്ടെയിരിക്കും. സഖാവ് കുമാരേട്ടന് അനുയായികള്‍ ഏറിവരികയായിരുന്നു. മറ്റനേകം പേരോടൊപ്പം ചായക്കട ഹൈദ്രു, പലചരക്കുകടക്കാരന്‍ അന്തോണി, ബാര്‍ബര്‍ വാസു, തുന്നല്‍ക്കാരന്‍ അപ്പു എന്നിവര്‍ കൂടി അദ്ദേഹത്തിനു ഐക്യദാര്ഡ്യം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ ഇച്ചിരി പോന്ന പ്രദേശത്തിന്റെ പേര് കുഴിക്കാട്ടിരി എന്നതില്‍നിന്നും ചൈനാബസാര്‍ എന്നായി രൂപാന്തരം പ്രാപിക്കുകയായിരുന്നു."

- തന്റെ ക്ലാസ്സുകളൊന്നില്‍  പ്രൊഫ. സോമശേഖരന്‍


"നഗരത്തിലെ തിരക്കേറിയ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും എട്ടുനിലകളുള്ള ഷോപ്പിംഗ്‌ മാളിനോട് ചേര്‍ന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് നൂറുമീറ്ററോളം പോയാല്‍ വലത്തോട്ട്  ഒരു ഇടുങ്ങിയ നിരത്ത് പ്രത്യക്ഷപ്പെടും. അതാണ്‌ ചൈനാബസാര്‍. പണ്ടിതിനു ബര്‍മ്മാബസാര്‍  എന്നായിരുന്നു പേര്.  അന്നും ഇന്നും വില്പന നടത്തുന്നത് ഭൂരിഭാഗം വരുന്ന നേപ്പാളികളും ഏതാനും ബര്‍മ്മാക്കാരും  തിബത്തന്മാരുമാണ്. വില്പന സാമഗ്രികള്‍ക്ക് പരിവര്‍ത്തനം വന്നിരിക്കുന്നു. ചൈനീസ് ടോയ്സ് മുതല്‍ ബൈക്കുവരെ നമുക്കിവിടെ കിട്ടും. "

- ചുണ്ടില്‍വിരിഞ്ഞ മൃദുസ്മേരത്തിന്‍  അകമ്പടിയോടെ സഹപാഠി  എലേന തെരേസ പോള്‍


"പ്രത്യയശാസ്ത്രപരമായ മാര്‍ഗ്ഗബോധമില്ലാതെ മുതലാളിത്ത   സാമ്പത്തിക വ്യവസ്ഥിതി യിലേക്ക് മുന്നേറാനാണ് ശ്രമമെങ്കില്‍ റഷ്യന്‍സുന്ദരികള്‍ മദ്ധ്യപൂര്‍വേഷ്യയിലും മറ്റും വ്യഭിചരിക്കുന്ന പോലെ ഭാവിയില്‍ ചൈനാസുന്ദരികളും വ്യഭിചാരത്തിന്റെ കമ്പോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടെന്നുവരാം. ഒരു പക്ഷെ നമ്മുടെ നാട്ടിലും ഈ പുതിയ ചൈനാബസാറുകള്‍  പ്രത്യക്ഷപ്പെട്ടേക്കാം  "

- ഒരു പ്രഭാഷണത്തിന്നിടയില്‍ ഈ അവസരത്തില്‍ പേര്‍ സൂചിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വന്ദ്യ വയോധിക ചിന്തകന്‍.


ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ച് സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ വീക്ഷണ കോണുകളിലൂടെ പഠനം നടത്തുന്ന ഗവേഷണ  വിദ്യാര്‍ത്ഥിയായ സത്യശീലന്‍ എന്ന ഞാനങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയായിരുന്നു. നൂറ്റാണ്ടുകളുടെ  പെരുമയുള്ള ബന്ധത്തിന്റെ സത്തയെന്ത് എന്ന ചോദ്യം എന്റെ മുന്നിലവശേഷിച്ചു.

മാര്‍ക്കോപോളോ പറഞ്ഞു : അത് വെറും ചരക്കുകളുടെ വിനിമയം മാത്രമായിരുന്നു. ഒപ്പം ഒരല്പം സാംസ്കാരിക വിനിമയവും നടന്നിരിക്കാം.

പ്രൊഫ.  സോമശേഖരന്‍ : പ്രത്യയശാസ്ത്രപരമായ ഒരു സംവേദനമായിരുന്നു  അത്. പെരുവിരലില്‍നിന്നും സിരകളിലൂടെ ചംക്രമിച്ച് മസ്തിഷ്കം വരെ എത്തുന്ന അഗോചരമായ ഒന്ന്.

കമ്പോളത്തിന്റെ  വര്‍ത്തമാനരൂപമാണിത്. ഒരുതരം ഇന്‍വേഷ്യന്‍. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന് വിവക്ഷ.
ഇതില്‍ പ്രത്യയശാസ്ത്രമോ  സാംസ്കാരികമോ ആയ സ്വാധീനമേതുമില്ല. -എലേന തെരേസ പോള്‍
  
അടുത്ത ഊഴം   ചിന്തകന്റെതായിരുന്നു:  പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടമാണ് മുന്നില്‍
ഉറ്റു നോക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ  മൂല്യച്യുതിയെ കണക്കിലെടുത്ത് വേണ്ടിവരും ഇനിയുള്ള നാളുകളില്‍ ഏതൊരു ബന്ധവും വിശകലനം ചെയ്യപ്പെടെണ്ടത്
 
ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളും ചരിത്രവും ഇഴ പിരിഞ്ഞുകിടക്കുന്ന പ്രതിസന്ധിഘട്ടത്തിനിടയില്‍ ഒരു നാള്‍    ‍അവള്‍,  എലേന തെരേസ പോള്‍, പാര്‍ക്കിലെ ചെറിയ മുളംകാട് നിഴല്‍ വീഴ്ത്തുന്ന കോണ്‍ക്രീറ്റ്   ബഞ്ചില്‍ എന്റെ  തോളിലേക്ക് ചാരിയിരുന്ന് പതുക്കെ പറഞ്ഞു:  " നമ്മള്‍ നമ്മുടേതുമാത്രമായ ഒരു  കാലയളവിലാണ് ജീവിക്കുന്നത്. അതുകൊണ്ട് വര്ത്തമാന   കാലത്തിന്റെ ഇടനാഴികകളിലൂടെ മാത്രം ചരിക്കുക."

അങ്ങിനെയാണ് ഞാന്‍ 'ചൈനാബസാര്‍ ' സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നത്. 

അതൊരു ഞായറാഴ്ചയായിരുന്നു . നഗരത്തിന്റെ മുഖം ഞായറാഴ്ചകളില്‍  വിഭിന്നമാണ്. സ്ഥിരമായി തുറന്നു
കിടക്കാറുള്ള വ്യാപാരസ്ഥാപനങ്ങള്‍  നിദ്രയിലായിരിക്കും. അവയുടെ സ്ഥാനത്ത് നടവഴികളില്‍ ചെറുകച്ചവടക്കാര്‍   പ്രത്യക്ഷപ്പെടും. സാധാരണ ദിനങ്ങളില്‍ ഏതോ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു പായുന്ന ആളുകള്‍ അന്ന് അലക്ഷ്യമായി അങ്ങുമിങ്ങും ചിതറി നടക്കുന്നുണ്ടാവും. അതിനിടയിലൂടെ ഞാനും നടന്നു. പക്ഷേ, എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. അവള്‍ പറഞ്ഞത് പോലെ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് അല്പം പോയപ്പോള്‍ വലതുഭാഗത്തെക്ക് നീളുന്ന ഒരു ഇടുങ്ങിയ നിരത്ത് കാണാനായി. 
അതിന്റെ ഇരുവശങ്ങളിലുമായി മരപ്പലകകളും ടാര്‍പോളിന്‍ ഷീറ്റുകളും കൊണ്ട് സൃഷ്ടിച്ചെടുത്തിരിക്കുന്ന ഷെഡുകളുടെ നീണ്ടനിര ദൃശ്യമായി. അവയ്ക്കിടയില്‍ ചില വലിയ സ്ഥാപനങ്ങളും ഇലാതില്ല. കളിപ്പാട്ടങ്ങളും സുഗന്ധദ്രവ്യങ്ങളും മുതല്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ നീളുന്ന പലവിധ സാമഗ്രികളും ഇവയില്‍ പലതിലുംമായി നിരത്തിയിരിക്കുന്നു. എല്ലാ കടകളുടേയും സ്ഥായിയായ ഭാവം ഏറെക്കുറെ ഒന്നുതന്നെ.  മദ്ധ്യവയസ്കരോ അതിലുമേറെയോ പ്രായമുളള ഒരു നേപ്പാളി അഥവാ തിബത്തന്‍ സ്ത്രീയോ പുരുഷനോ അതിനുള്ളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും. ഒന്നോ രണ്ടോ മംഗ്ലോയ്ഡ് സുന്ദരന്മാരോ സുന്ദരികളോ നമ്മെ അവരുടെ വില്പനശാലയിലേക്ക് വാക്ചാതുരിയോടെ  ക്ഷണിക്കുന്നു. ആ ചൈനാബസാറിലൂടെ ഓരോ ചലനവും സാകൂതം വീക്ഷിച്ചുകൊണ്ട് ഞാന്‍ പതുക്കെ നടന്നു.

"ഇദര്‍ ആയിയേ ഭായീ സാബ്" - ഒരു നേപ്പാളി സുന്ദരിയുടെ കിളിമൊഴി.

ഞാന്‍ ആ കടയിലേക്ക് നോക്കി . ഇലക്ട്രോണിക്സ് ഗുഡ്സ്‌  വില്‍ക്കുന്ന സ്ഥലമാണ് - "ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പ്". കാല്‍ക്കുലേറ്റര്‍ മുതല്‍ ടെലിവിഷന്‍ വരെ പലതും അവിടെ ഇരിപ്പുണ്ട്. അവള്‍ എന്റെ ശ്രദ്ധ ചെറിയൊരു ടിവിയിലേക്ക് ക്ഷണിച്ചു. സാധാരണ മാര്‍ക്കറ്റില്‍ കാണുന്ന പോര്‍ട്ടബിള്‍ ടിവിയെ അപേക്ഷിച്ച് അതിനു ഇരുപതു ശതമാനത്തോളം വില കിഴിവുണ്ട് എന്നും ഇപ്പോള്‍ അതിന്റേയും  പകുതി വിലയ്ക്കാണ് വില്‍ക്കുന്നതെന്നും അവള്‍ പറഞ്ഞു.. അത് വാങ്ങുന്നതിനായി ചെറിയൊരു കൊഞ്ചലോടെ അപേക്ഷിക്കുകയും ഇതിലും ലാഭത്തില്‍ വേറൊന്നു കിട്ടുകയില്ലെന്നു മോഹിപ്പിക്കുകയും ചെയ്തു. ടിവി വാങ്ങണമെന്ന് കുറച്ചു നാളുകളായി വിചാരിക്കുന്നതിനാലും ഇപ്പോള്‍ അതിനുള്ള പൈസ കയ്യിലുള്ളതിനാലും ഞാനാ പോര്‍ട്ടബിള്‍ ടിവി വാങ്ങാന്‍ തീരുമാനിച്ചു. അക്കാര്യം അദ്രിതയോട് -അതാണവളുടെ  
പേരെന്ന് ഷോപ്പിനകത്തിരിക്കുന്ന  വൃദ്ധന്റെ മുറിഞ്ഞു വീഴുന്ന സംഭാഷണശകലത്തില്‍   നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു - പറഞ്ഞു . 
അവളുടെ പുഞ്ചിരി ഒരിക്കല്‍ കൂടി ഏറ്റുവാങ്ങി ടിവിയുമായി ഞാന്‍ ആ നിരത്തിലൂടെ  തിരിച്ചു നടന്നു.


(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ