എന്നേക്കുറിച്ച്

ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.

06 ഡിസംബർ 2011

ചൈനാബസാര്‍


കഥ (ഭാഗം -2) 


ഞാനും മറ്റൊരു ഗവേഷണ വിദ്യാര്‍ത്ഥി  ആദിത്യനും ഒന്നിച്ചായിരുന്നു ആ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ആദിത്യന്‍ അവധി എടുത്ത് നാട്ടിലേക്ക് പോയ നാളുകളിലൊന്നായിരുന്നു ഞാന്‍ ടിവി വാങ്ങിയത്.

വിസിറ്റിംഗ് റൂമിലെ വടക്കുകിഴക്കേ കോണില്‍ ഇട്ടിരുന്ന ടീപ്പോയ്ക്കുമേല്‍ ടിവി സ്ഥാപിച്ചു. അടുത്ത നാള്‍ തന്നെ കേബിള്‍ കണക്ഷനും ഒപ്പിച്ചു. അങ്ങനെ ആ സായാഹ്നത്തില്‍ സ്വസ്ഥമായി ആ ചെറിയ പെട്ടിക്കുമുന്നില്‍ ഞാന്‍ ഇരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഗ്രെയിന്‍സ് മാത്രമായിരുന്നു. പിന്നെ അത് പതുക്കെ ഏതാനും ചൈനീസ് സുന്ദരികളുടെ ദൃശ്യങ്ങളിലേക്ക് വഴിമാറി. അല്പവസ്ത്രധാരിണികളായ അവര്‍ അങ്ങോട്ടുമിങ്ങോട്ടും നിതംബങ്ങള്‍ ചലിപ്പിച്ചു നീങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴെല്ലാം നൃത്തത്തിന്റെ ചടുലഭാവങ്ങളും അവരിലേക്ക്‌ ആവാഹിക്കപ്പെട്ടിരുന്നു. ആസ്വാദനം നിമിഷങ്ങളില്‍ നിന്നും മണിക്കൂറുകളിലേക്ക് നീങ്ങിയപ്പോള്‍ എനിക്ക് വിരസത അനുഭവപ്പെടാന്‍ തുടങ്ങി. ഞാന്‍ ചാനലുകള്‍ മാറ്റുവാന്‍ ശ്രമിച്ചു. എല്ലാ ചാനലുകളിലും ദൃശ്യമാകുന്നത് ഒരേ ബീംബങ്ങള്‍ തന്നെയായിരുന്നു.

ദിനങ്ങള്‍ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് അല്പവസ്ത്രധാരിണികള്‍ പതുക്കെ അര്‍ദ്ധനഗ്നാംഗികളായും പിന്നീട് വിവസ്ത്രരായും പ്രത്യക്ഷപ്പെട്ടു.

ആ ദിനങ്ങളിലൊന്നില്‍ ആദിത്യന്‍ അവധിക്കുശേഷം  വീട്ടില്‍ തിരിച്ചെത്തി. ഒരത്ഭുതം കാണിക്കുന്നതുപോലെ ഞാനവനുമുമ്പില്‍ ടിവി ഓണ്‍ ചെയ്തു പറഞ്ഞു: " നോക്ക്, നല്ലവണ്ണം കണ്ടാസ്വദിക്ക്.  "

കുറേനേരം അവന്‍ ആ വിഡ്ഢിപ്പെട്ടിക്കുനേരേ തുറിച്ചു നോക്കി. പിന്നെ എന്നോടു പറഞ്ഞു: : "ഇല്ല, ഒന്നും കാണാനില്ല. "

ഞാനവനോട് വീണ്ടും ആവര്‍ത്തിച്ചു : " നീ ശരിക്ക് നോക്ക്. വിവസ്ത്രരായ സുന്ദരികളുടെ നീണ്ടനിര ."

ആദിത്യന്‍ ഒന്നും കാണ്മാനില്ല എന്നാവര്‍ത്തിച്ചു. വീണ്ടും നോക്കാനായി ഞാനും. പിന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ  കിടപ്പുമുറിയിലേക്ക് നടന്നു.

എനിക്കും ആദിത്യനുമിടയില്‍ പിന്നേയും രണ്ടുമൂന്നു ദിനങ്ങള്‍  കൂടി മൌനം തളംകെട്ടിക്കിടന്നു.  മൌനം ഭഞ്ജിച്ചുകൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി അവനെ ടിവിയുടെ മുന്നിലേക്ക്‌ ക്ഷണിച്ചു. ചൈനീസ് തരുണികളുടെ നഗ്നനൃത്തം അതില്‍ തുടരുന്നുണ്ടായിരുന്നു. അവന്‍ ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കിയിരുന്നു. അല്പനേരത്തിനുശേഷം തറപ്പിച്ച്‌ എന്നോടു പറഞ്ഞു : 'സത്യശീലാ, നിന്റെ കണ്ണുകള്‍ക്ക്‌ എന്തോ കുഴപ്പമുണ്ട്. "

കൂടുതലൊന്നു പറയാതെ ആദിത്യന്‍ പുറത്തേക്കിറങ്ങി.

കണ്ണുകള്‍ രണ്ടുമൊന്നു പരിശോധിച്ചുകളയാം എന്നതീരുമാനത്തില്‍ ഒടുവില്‍ ഞാനെത്തി. അങ്ങനെയാണ് നഗരത്തിലെ പ്രശസ്ത ഒഫ്താല്‍മോളജിസ്റ്റ് ഡോ. ജയപ്രകാശ് വാര്യരുടെ മുന്നില്‍ ഞാന്‍ എത്തപ്പെടുന്നത്. ലെന്‍സിലൂടേയും അല്ലാതേയും ടോര്‍ച്ചടിച്ചും അല്ലാതേയും എന്റെ പൊളിച്ചുപിടിച്ച   കണ്ണുകളിലേക്ക് ഡോക്ടറും സഹായിയും ഊഴ്ന്നിറങ്ങി. മുന്നില്‍ നിരന്ന വിവിധ വലുപ്പത്തിലുള്ള അക്ഷരങ്ങള്‍ പലതും വായിപ്പിച്ചു. പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിധിയെഴുതി: " നിങ്ങളുടെ കണ്ണുകള്‍ക്കൊരു  കുഴപ്പവുമില്ല ; കാഴ്ചയ്ക്കും. "

ഈ ദിനങ്ങളില്‍ ഞാന്‍ പുസ്തകങ്ങളില്‍ നിന്നും ഏറെ അകലുകയും ടിവിയോട് ഏറെ അടുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. നിയോഗമായിക്കരുതി ചിത്രപ്പെട്ടിക്കുമുന്നില്‍ തപസ്സുതുടര്‍ന്നുകൊണ്ടിരിക്കെ മുന്നില്‍ തെളിയുന്ന സുന്ദരികളുടെ ദൃശ്യങ്ങള്‍ക്ക് പ്രായേണ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു. അവരുടെ വട്ടമുഖങ്ങള്‍ വക്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പതിഞ്ഞ മൂക്ക് നീണ്ടുയര്‍ന്നു. സ്തനങ്ങള്‍  ഇടിഞ്ഞുതൂങ്ങി. നിതംബങ്ങള്‍ ചുളിഞ്ഞുചാടി. കൈകാലുകളിലെ ചര്‍മ്മങ്ങള്‍ അടര്‍ന്നു ആടിക്കളിച്ചു. അതിനിടയില്‍ മറ്റൊരു യാഥാര്‍ത്ഥ്യവും ഞാന്‍ മനസ്സിലാക്കി - ടിവി ഓഫ് ചെയാനാവുന്നില്ല ; അഥവാ എനിക്കതിനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

അരോചകദൃശ്യങ്ങളുടെ അസഹനീയപര്‍വ്വത്തിനിടയിലൊരുദിനം  എലേന തെരേസ പോള്‍ എന്നെ കാണാനായി വന്നു. അവളെ ടിവിയുടെ മുന്നിലേക്ക്‌ വലിച്ചു നിര്‍ത്തി ഞാന്‍ ആക്രോശിച്ചു : " നീ പറഞ്ഞായിരുന്നു ഞാന്‍ ചൈനാബസാര്‍ സന്ദര്‍ശിച്ചത്. ഈ ദൃശ്യങ്ങളിലേക്ക് നോക്ക്. "

എലേന ടിവിയിലേക്ക്  ഒന്നുനോക്കി. നിഷേധാര്‍ത്ഥത്തില്‍തലയാട്ടി മൊഴിഞ്ഞു :  " എനിക്കൊന്നും കാണാനാവുന്നില്ല സത്യശീലന്‍. "

ഞാന്‍ അവളുടെ നേരെ ഒന്നുകൂടി തട്ടിക്കയറി : " ആദ്യം നഗ്നസുന്ദരികളുടെ ദൃശ്യമായിരുന്നു. ഇപ്പോളിതാ അതിനു ഏതാനും മാംസപിണ്ടങ്ങളുടെ തുള്ളിയാട്ടമായി രൂപപരിണാമം  സംഭവിച്ചിരിക്കുന്നു. "

തുടങ്ങിയ പൊട്ടിച്ചിരി പാതിവഴി വച്ച് നിര്‍ത്തി എലേന പറഞ്ഞു : " വര്‍ക്ക് ചെയ്യാത്ത ഒരു ടിവിയുടെ മുന്നിലിരുന്നു നീ മനോരാജ്യം കാണുകയാണ്. പിന്നെ, നീ പറഞ്ഞല്ലോ ചൈനാബസാര്‍ സന്ദര്‍ശിച്ചത് ഞാന്‍ പറഞ്ഞിട്ടാണെന്ന്. വര്‍ത്തമാനകാലത്തിന്റെ ചൈനാബസാറിലൂടെ സഞ്ചരിക്കാന്‍ മാത്രമേ
ഞാന്‍ നിന്നോടു പറഞ്ഞുള്ളൂ . പക്ഷേ, നീ..."

അവള്‍ കുറച്ചു നേരം നിറുത്തി. അതിനുശേഷം അനുകമ്പയോടെ പറഞ്ഞു : " ബെറ്റര്‍ യു മേ കണ്സള്‍ട്ട് എ സൈക്യാട്രിസ്റ്റ്. " 

എലേനയോടു ഇറങ്ങിപ്പോകുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവളെ പുറത്തേക്ക് തള്ളി കതകുകള്‍ കൊട്ടിയടച്ചു.

ഓഫു ചെയ്യാനാവാത്ത ടെലിവിഷനും അതില്‍ തെളിയുന്ന മാംസ പിണ്ടങ്ങളുടെ  ദൃശ്യങ്ങളുമായുള്ള ഏതാനും നാളുകള്‍ കൂടി നീണ്ട സഹാവാസത്തിന്നൊടുവില്‍  ഞാന്‍ മറ്റൊരു തീരുമാനം കൂടി എടുത്തു. ഒരു മനോരോഗവിദഗ്ദനെ കാണുക. ഡോക്ടര്‍ അബ്രഹാം ജോര്‍ജ്ജിന്റെ മുന്നില്‍ അന്നത്തെ ആറാം ഊഴക്കാരനായി  ഞാന്‍ അങ്ങനെ ചെന്നിരുന്നു. അരമണിക്കൂറിലേറെ നീണ്ട ചോദ്യോത്തരപംക്തിക്ക് ശേഷം ഡോക്ടര്‍ തന്റെ താടി തടവിക്കൊണ്ട് താഴ്ത്തിവച്ച  കണ്ണടക്കുമുകളിലൂടെ എന്റെ കണ്ണുകളിലേക്കു നോക്കി ഗഹനമായി
എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം  സംഭാഷണം ഉപസംഹരിച്ചത് ‌ ഇങ്ങനെയായിരുന്നു: " പ്രശ്നം നിങ്ങളുടെ കാഴ്ച്ചപ്പാടിന്റെതാണ്. "

അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ് സെന്ററില്‍ നിന്നും ഞാന്‍ വീട്ടിലേക്കു മടങ്ങി. അവിടെ നിന്നും അപ്പോഴും പ്രദര്‍ശനം തുടരുന്ന ടിവിയും കയ്യിലെടുത്ത് റോഡുകളും നിരത്തുകളും കീറിമുറിച്ച് ചൈനാബസാര്‍  ലക്ഷ്യമാക്കി ഞാന്‍ ഓടി. മഹാത്മാഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് 
നൂറുമീറ്ററോളംചെന്ന് വലത്തോട്ടുള്ള ഇടുങ്ങിയ നിരത്തിനു മുന്നില്‍ ഞാന്‍ കിതച്ചുനിന്നു. എനിക്ക് മുന്നില്‍ ചൈനാബസാര്‍ പ്രത്യക്ഷമാകുന്നില്ല..!!

ഏതോ ആവേശം ഉള്ക്കൊണ്ടുകൊണ്ട്  ഞാന്‍ ആ നിരത്തിലൂടെ വീണ്ടും മുന്നോട്ടു കുതിച്ചു. എത്രനേരം എത്രദൂരം ഓടിയിട്ടുണ്ടാകുമെന്ന് എനിക്കോര്‍മ്മയില്ല. എന്റെ ഓട്ടം  ഒരു ചായക്കടക്കുമുന്നില്‍ ചെന്നവസാനിച്ചു. അവിടെയുണ്ടായിരുന്നവര്‍  എന്നേയും എന്റെ കയ്യിലുള്ള വസ്തുവിനേയും മാറിമാറിനോക്കി. അദ്ഭുതമെന്നുപറയട്ടെ,  അപ്പോള്‍ എന്റെ ടിവി
പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.

കിതപ്പിന്നിടയില്‍ ചിതറി വീഴുന്ന വാക്കുകളായി ഞാന്‍ അവരോടു ചോദിച്ചു : " എവിടെ .. ചൈനാ ബസാര്‍? "

ചായകുടിച്ചുകൊണ്ടിരിക്കുന്നവരില്‍ പ്രധാനി എന്നുതോന്നിക്കുന്ന ആള്‍ പറഞ്ഞു : " ഇതുതന്നെ ചൈനാബസാര്‍. ഇപ്പോള്‍ നമ്മള് ഇരിക്കണത് ഹൈദ്രൂന്റെ ചായക്കട. അങ്ങോട്ട്‌ നോക്ക്... അത് ഭാഷാപോഷിണി വായനശാല. അവിടെ അന്തോണിയുടെ പലചരക്കുകട. അതിനപ്പുറം അപ്പൂന്റെ തുന്നക്കട. "

വിശ്വാസം വരാതെ ഞാന്‍ അവരോടു തിരക്കി : " അപ്പോള്‍... ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പെവിടെ  ? ...അദ്രിത എവിടെ?

" കുമാരേട്ടാ ഇയാള്‍ എന്തൊക്ക്യാ ഈ പറെണത് "

കുമാരേട്ടന്‍ അസന്ദിഗ്ദമായി പ്രഖ്യാപിചു : " ഇതുതന്നെ ചൈനാ ബസാര്‍."

എനിക്കവരോടോ അവര്‍ക്കെന്നോടോ കൂടുതലായി ഒന്നും പറയാനില്ലായിരുന്നു. ഞാനപ്പോഴേക്കും കുറച്ചൊന്നു ശാന്തനായിക്കഴിഞ്ഞിരുന്നു.

"ഇത് നിങ്ങള്‍ക്കിരിക്കട്ടെ. ഇത് തരാനാണ് ഞാന്‍ വന്നത്. എന്റെ പേര് സത്യശീലന്‍."

ഞാന്‍ ആ പോര്‍ട്ടബിള്‍ ടിവി ചായഗ്ലാസുകള്‍ക്കിടയില്‍കണ്ട ഒരു സ്ഥലത്ത് മേശമേല്‍ വച്ചു.

"ഇതെന്തായ്ന്‌ ?"

"ഇത് ടെലിവിഷനാകുന്നു . മിഥ്യയും യാതാര്‍ത്ഥ്യവും ഇഴപിരിഞ്ഞുകിടക്കുന്ന പല ചലിക്കുന്ന ചിത്രങ്ങളും കാണാം."

"പക്ഷെ ഇതില് ഒന്നും കാണ്‌ണ്ല്ല്യല്ലോ. ഒരു ചില്ല് മാത്രംണ്ട്   "

" ദൃശ്യങ്ങള്‍ തെളിയും ; തെളിയാതിരിക്കില്ല...."

അവരെ സമാധാനിപ്പിച്ച് പിന്നെയൊരക്ഷരം അവരുരുവിടുന്നതിനുമുമ്പ്    ഞാന്‍ തിരിഞ്ഞു നടന്നു.

ഇപ്പോള്‍....

പിറകിലൊരാരവം   ഉയരുന്നത് എനിക്ക് കേള്‍ക്കുവാന്‍ കഴിയുന്നു.

" ദാ സിനിമപോലെ ദില് എന്തൊക്ക്യോ കുറെ ചിത്രങ്ങള്‍ ."

അവയ്ക്കിടയില്‍ ടിവിയില്‍ നിന്നും മുഴങ്ങുന്ന ശബ്ദം എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

"പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ചൈനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി മാര്‍ക്കോപോളോ ഇവിടം സന്ദര്‍ശിക്കുന്നത്. കച്ചവടത്തിനായി വന്ന വലിയ ചൈനീസ് കപ്പലുകളുടെ  നീണ്ടനിര ഈ തുറമുഖത്ത് കാണാമായിരുന്നു. അത് ചൈനീസ് പണ്ടകശാലകളുടെ സുവര്‍ണ്ണ കാലമായിരുന്നു...."

==X==X==

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ