നീലാംബരി
അവള് മൊഴിഞ്ഞു: നീ എന്നിലേക്ക് പകരുക, നിന്റെ ചിന്തകള്‍. ഞാന്‍ ഒരു നനുത്ത മേഘപടലമായ്, പിന്നെ...മഴത്തുള്ളിയായ്, ഒരു താരാട്ടുപാട്ടിന് ഈണവുമായി 'ബൂലോഗ'രിലേക്ക് പെയ്തിറങ്ങാം ...!
TO READ MALAYALAM FONTS
എന്നേക്കുറിച്ച്
- PRAMOD NEELAMBARI
- ഞാന്‍ ......ഇന്നുകളില്‍ ജീവിക്കുന്ന, നാളെകളെ തേടുന്ന , ഇന്നലെകളുടെ സൃഷ്ടി.
ഉള്ളടക്കം
- ഓര്‍മ്മകള്‍ ഇതള്‍ വിരിയുമ്പോള്‍. (1)
- കഥ (5)
- കവിത (1)
- യാത്ര (4)
- ലേഖനം - വികസനം (1)
- ലേഖനം- ഇകോണമി (5)
- ലേഖനം- പുരാണം / ചരിത്രം (3)
- ലേഖനം- രാഷ്ട്രീയം (2)
- ലേഖനം- സാമൂഹികം (1)
- ലേഖനം- സിനിമ (1)
26 ജൂൺ 2014
09 ഫെബ്രുവരി 2012
06 ഡിസംബർ 2011
ചൈനാബസാര്‍
കഥ (ഭാഗം -2)
ഞാനും മറ്റൊരു ഗവേഷണ വിദ്യാര്‍ത്ഥി ആദിത്യനും ഒന്നിച്ചായിരുന്നു ആ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ആദിത്യന് അവധി എടുത്ത് നാട്ടിലേക്ക് പോയ നാളുകളിലൊന്നായിരുന്നു ഞാന്‍ ടിവി വാങ്ങിയത്.
വിസിറ്റിംഗ് റൂമിലെ വടക്കുകിഴക്കേ കോണില്‍ ഇട്ടിരുന്ന ടീപ്പോയ്ക്കുമേല്‍ ടിവി സ്ഥാപിച്ചു. അടുത്ത നാള് തന്നെ കേബിള്‍ കണക്ഷനും ഒപ്പിച്ചു. അങ്ങനെ ആ സായാഹ്നത്തില്‍ സ്വസ്ഥമായി ആ ചെറിയ പെട്ടിക്കുമുന്നില്‍ ഞാന്‍ ഇരുന്നു. ആദ്യം പ്രത്യക്ഷപ്പെട്ടത് ഗ്രെയിന്‍സ് മാത്രമായിരുന്നു. പിന്നെ അത് പതുക്കെ ഏതാനും ചൈനീസ് സുന്ദരികളുടെ ദൃശ്യങ്ങളിലേക്ക് വഴിമാറി. അല്പവസ്ത്രധാരിണികളായ അവര്‍ അങ്ങോട്ടുമിങ്ങോട്ടും നിതംബങ്ങള്‍ ചലിപ്പിച്ചു നീങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴെല്ലാം നൃത്തത്തിന്റെ ചടുലഭാവങ്ങളും അവരിലേക്ക് ആവാഹിക്കപ്പെട്ടിരുന്നു. ആസ്വാദനം നിമിഷങ്ങളില്‍ നിന്നും മണിക്കൂറുകളിലേക്ക് നീങ്ങിയപ്പോള്‍ എനിക്ക് വിരസത അനുഭവപ്പെടാന്‍ തുടങ്ങി. ഞാന്‍ ചാനലുകള്‍ മാറ്റുവാന്‍ ശ്രമിച്ചു. എല്ലാ ചാനലുകളിലും ദൃശ്യമാകുന്നത് ഒരേ ബീംബങ്ങള്‍ തന്നെയായിരുന്നു.
ദിനങ്ങള്‍ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് അല്പവസ്ത്രധാരിണികള് പതുക്കെ അര്‍ദ്ധനഗ്നാംഗികളായും പിന്നീട് വിവസ്ത്രരായും പ്രത്യക്ഷപ്പെട്ടു.
ആ ദിനങ്ങളിലൊന്നില്‍ ആദിത്യന് അവധിക്കുശേഷം വീട്ടില്‍ തിരിച്ചെത്തി. ഒരത്ഭുതം കാണിക്കുന്നതുപോലെ ഞാനവനുമുമ്പില്‍ ടിവി ഓണ്‍ ചെയ്തു പറഞ്ഞു: " നോക്ക്, നല്ലവണ്ണം കണ്ടാസ്വദിക്ക്. "
കുറേനേരം അവന് ആ വിഡ്ഢിപ്പെട്ടിക്കുനേരേ തുറിച്ചു നോക്കി. പിന്നെ എന്നോടു പറഞ്ഞു: : "ഇല്ല, ഒന്നും കാണാനില്ല. "
ഞാനവനോട് വീണ്ടും ആവര്‍ത്തിച്ചു : " നീ ശരിക്ക് നോക്ക്. വിവസ്ത്രരായ സുന്ദരികളുടെ നീണ്ടനിര ."
ആദിത്യന് ഒന്നും കാണ്മാനില്ല എന്നാവര്‍ത്തിച്ചു. വീണ്ടും നോക്കാനായി ഞാനും. പിന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അവന് ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് നടന്നു.
എനിക്കും ആദിത്യനുമിടയില്‍ പിന്നേയും രണ്ടുമൂന്നു ദിനങ്ങള്‍ കൂടി മൌനം തളംകെട്ടിക്കിടന്നു. മൌനം ഭഞ്ജിച്ചുകൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി അവനെ ടിവിയുടെ മുന്നിലേക്ക് ക്ഷണിച്ചു. ചൈനീസ് തരുണികളുടെ നഗ്നനൃത്തം അതില്‍ തുടരുന്നുണ്ടായിരുന്നു. അവന് ഒന്നും മിണ്ടാതെ ടിവിയിലേക്ക് നോക്കിയിരുന്നു. അല്പനേരത്തിനുശേഷം തറപ്പിച്ച് എന്നോടു പറഞ്ഞു : 'സത്യശീലാ, നിന്റെ കണ്ണുകള്‍ക്ക് എന്തോ കുഴപ്പമുണ്ട്. "
കൂടുതലൊന്നു പറയാതെ ആദിത്യന് പുറത്തേക്കിറങ്ങി.
കണ്ണുകള്‍ രണ്ടുമൊന്നു പരിശോധിച്ചുകളയാം എന്നതീരുമാനത്തില് ഒടുവില്‍ ഞാനെത്തി. അങ്ങനെയാണ് നഗരത്തിലെ പ്രശസ്ത ഒഫ്താല്‍മോളജിസ്റ്റ് ഡോ. ജയപ്രകാശ് വാര്യരുടെ മുന്നില്‍ ഞാന്‍ എത്തപ്പെടുന്നത്. ലെന്‍സിലൂടേയും അല്ലാതേയും ടോര്‍ച്ചടിച്ചും അല്ലാതേയും എന്റെ പൊളിച്ചുപിടിച്ച കണ്ണുകളിലേക്ക് ഡോക്ടറും സഹായിയും ഊഴ്ന്നിറങ്ങി. മുന്നില്‍ നിരന്ന വിവിധ വലുപ്പത്തിലുള്ള അക്ഷരങ്ങള്‍ പലതും വായിപ്പിച്ചു. പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിധിയെഴുതി: " നിങ്ങളുടെ കണ്ണുകള്‍ക്കൊരു കുഴപ്പവുമില്ല ; കാഴ്ചയ്ക്കും. "
ഈ ദിനങ്ങളില്‍ ഞാന്‍ പുസ്തകങ്ങളില്‍ നിന്നും ഏറെ അകലുകയും ടിവിയോട് ഏറെ അടുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. നിയോഗമായിക്കരുതി ചിത്രപ്പെട്ടിക്കുമുന്നില്‍ തപസ്സുതുടര്‍ന്നുകൊണ്ടിരിക്കെ മുന്നില്‍ തെളിയുന്ന സുന്ദരികളുടെ ദൃശ്യങ്ങള്‍ക്ക് പ്രായേണ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നത് ഞാനറിഞ്ഞു. അവരുടെ വട്ടമുഖങ്ങള്‍ വക്രിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പതിഞ്ഞ മൂക്ക് നീണ്ടുയര്‍ന്നു. സ്തനങ്ങള്‍ ഇടിഞ്ഞുതൂങ്ങി. നിതംബങ്ങള്‍ ചുളിഞ്ഞുചാടി. കൈകാലുകളിലെ ചര്‍മ്മങ്ങള്‍ അടര്‍ന്നു ആടിക്കളിച്ചു. അതിനിടയില്‍ മറ്റൊരു യാഥാര്‍ത്ഥ്യവും ഞാന്‍ മനസ്സിലാക്കി - ടിവി ഓഫ് ചെയാനാവുന്നില്ല ; അഥവാ എനിക്കതിനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
അരോചകദൃശ്യങ്ങളുടെ അസഹനീയപര്‍വ്വത്തിനിടയിലൊരുദിനം എലേന തെരേസ പോള്‍ എന്നെ കാണാനായി വന്നു. അവളെ ടിവിയുടെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി ഞാന്‍ ആക്രോശിച്ചു : " നീ പറഞ്ഞായിരുന്നു ഞാന്‍ ചൈനാബസാര്‍ സന്ദര്‍ശിച്ചത്. ഈ ദൃശ്യങ്ങളിലേക്ക് നോക്ക്. "
എലേന ടിവിയിലേക്ക് ഒന്നുനോക്കി. നിഷേധാര്‍ത്ഥത്തില്‍തലയാട്ടി മൊഴിഞ്ഞു : " എനിക്കൊന്നും കാണാനാവുന്നില്ല സത്യശീലന്. "
ഞാന്‍ അവളുടെ നേരെ ഒന്നുകൂടി തട്ടിക്കയറി : " ആദ്യം നഗ്നസുന്ദരികളുടെ ദൃശ്യമായിരുന്നു. ഇപ്പോളിതാ അതിനു ഏതാനും മാംസപിണ്ടങ്ങളുടെ തുള്ളിയാട്ടമായി രൂപപരിണാമം സംഭവിച്ചിരിക്കുന്നു. "
തുടങ്ങിയ പൊട്ടിച്ചിരി പാതിവഴി വച്ച് നിര്‍ത്തി എലേന പറഞ്ഞു : " വര്‍ക്ക് ചെയ്യാത്ത ഒരു ടിവിയുടെ മുന്നിലിരുന്നു നീ മനോരാജ്യം കാണുകയാണ്. പിന്നെ, നീ പറഞ്ഞല്ലോ ചൈനാബസാര്‍ സന്ദര്‍ശിച്ചത് ഞാന്‍ പറഞ്ഞിട്ടാണെന്ന്. വര്‍ത്തമാനകാലത്തിന്റെ ചൈനാബസാറിലൂടെ സഞ്ചരിക്കാന്‍ മാത്രമേ
ഞാന്‍ നിന്നോടു പറഞ്ഞുള്ളൂ . പക്ഷേ, നീ..."
അവള് കുറച്ചു നേരം നിറുത്തി. അതിനുശേഷം അനുകമ്പയോടെ പറഞ്ഞു : " ബെറ്റര്‍ യു മേ കണ്‍സള്‍ട്ട് എ സൈക്യാട്രിസ്റ്റ്. "
എലേനയോടു ഇറങ്ങിപ്പോകുവാന് ഞാന്‍ ആവശ്യപ്പെട്ടു. അവളെ പുറത്തേക്ക് തള്ളി കതകുകള്‍ കൊട്ടിയടച്ചു.
ഓഫു ചെയ്യാനാവാത്ത ടെലിവിഷനും അതില്‍ തെളിയുന്ന മാംസ പിണ്ടങ്ങളുടെ ദൃശ്യങ്ങളുമായുള്ള ഏതാനും നാളുകള്‍ കൂടി നീണ്ട സഹാവാസത്തിന്നൊടുവില്‍ ഞാന്‍ മറ്റൊരു തീരുമാനം കൂടി എടുത്തു. ഒരു മനോരോഗവിദഗ്ദനെ കാണുക. ഡോക്ടര്‍ അബ്രഹാം ജോര്‍ജ്ജിന്റെ മുന്നില്‍ അന്നത്തെ ആറാം ഊഴക്കാരനായി ഞാന്‍ അങ്ങനെ ചെന്നിരുന്നു. അരമണിക്കൂറിലേറെ നീണ്ട ചോദ്യോത്തരപംക്തിക്ക് ശേഷം ഡോക്ടര്‍ തന്റെ താടി തടവിക്കൊണ്ട് താഴ്ത്തിവച്ച കണ്ണടക്കുമുകളിലൂടെ എന്റെ കണ്ണുകളിലേക്കു നോക്കി ഗഹനമായി
എന്തൊക്കെയോ പറഞ്ഞു. അദ്ദേഹം സംഭാഷണം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: " പ്രശ്നം നിങ്ങളുടെ കാഴ്ച്ചപ്പാടിന്റെതാണ്. "
അദ്ദേഹത്തിന്റെ കണ്‍സള്‍ട്ടിംഗ് സെന്ററില്‍ നിന്നും ഞാന്‍ വീട്ടിലേക്കു മടങ്ങി. അവിടെ നിന്നും അപ്പോഴും പ്രദര്‍ശനം തുടരുന്ന ടിവിയും കയ്യിലെടുത്ത് റോഡുകളും നിരത്തുകളും കീറിമുറിച്ച് ചൈനാബസാര്‍ ലക്ഷ്യമാക്കി ഞാന്‍ ഓടി. മഹാത്മാഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ്
നൂറുമീറ്ററോളംചെന്ന് വലത്തോട്ടുള്ള ഇടുങ്ങിയ നിരത്തിനു മുന്നില്‍ ഞാന്‍ കിതച്ചുനിന്നു. എനിക്ക് മുന്നില്‍ ചൈനാബസാര്‍ പ്രത്യക്ഷമാകുന്നില്ല..!!
ഏതോ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ ആ നിരത്തിലൂടെ വീണ്ടും മുന്നോട്ടു കുതിച്ചു. എത്രനേരം എത്രദൂരം ഓടിയിട്ടുണ്ടാകുമെന്ന് എനിക്കോര്‍മ്മയില്ല. എന്റെ ഓട്ടം ഒരു ചായക്കടക്കുമുന്നില് ചെന്നവസാനിച്ചു. അവിടെയുണ്ടായിരുന്നവര്‍ എന്നേയും എന്റെ കയ്യിലുള്ള വസ്തുവിനേയും മാറിമാറിനോക്കി. അദ്ഭുതമെന്നുപറയട്ടെ, അപ്പോള്‍ എന്റെ ടിവി
പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.
കിതപ്പിന്നിടയില്‍ ചിതറി വീഴുന്ന വാക്കുകളായി ഞാന്‍ അവരോടു ചോദിച്ചു : " എവിടെ .. ചൈനാ ബസാര്‍? "
ചായകുടിച്ചുകൊണ്ടിരിക്കുന്നവരില്‍ പ്രധാനി എന്നുതോന്നിക്കുന്ന ആള് പറഞ്ഞു : " ഇതുതന്നെ ചൈനാബസാര്‍. ഇപ്പോള്‍ നമ്മള് ഇരിക്കണത് ഹൈദ്രൂന്റെ ചായക്കട. അങ്ങോട്ട് നോക്ക്... അത് ഭാഷാപോഷിണി വായനശാല. അവിടെ അന്തോണിയുടെ പലചരക്കുകട. അതിനപ്പുറം അപ്പൂന്റെ തുന്നക്കട. "
വിശ്വാസം വരാതെ ഞാന്‍ അവരോടു തിരക്കി : " അപ്പോള്‍... ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പെവിടെ ? ...അദ്രിത എവിടെ?
" കുമാരേട്ടാ ഇയാള്‍ എന്തൊക്ക്യാ ഈ പറെണത് "
കുമാരേട്ടന് അസന്ദിഗ്ദമായി പ്രഖ്യാപിചു : " ഇതുതന്നെ ചൈനാ ബസാര്‍."
എനിക്കവരോടോ അവര്‍ക്കെന്നോടോ കൂടുതലായി ഒന്നും പറയാനില്ലായിരുന്നു. ഞാനപ്പോഴേക്കും കുറച്ചൊന്നു ശാന്തനായിക്കഴിഞ്ഞിരുന്നു.
"ഇത് നിങ്ങള്‍ക്കിരിക്കട്ടെ. ഇത് തരാനാണ് ഞാന്‍ വന്നത്. എന്റെ പേര് സത്യശീലന്."
ഞാന്‍ ആ പോര്‍ട്ടബിള്‍ ടിവി ചായഗ്ലാസുകള്‍ക്കിടയില്‍കണ്ട ഒരു സ്ഥലത്ത് മേശമേല്‍ വച്ചു.
"ഇതെന്തായ്ന് ?"
"ഇത് ടെലിവിഷനാകുന്നു . മിഥ്യയും യാതാര്‍ത്ഥ്യവും ഇഴപിരിഞ്ഞുകിടക്കുന്ന പല ചലിക്കുന്ന ചിത്രങ്ങളും കാണാം."
"പക്ഷെ ഇതില്‍ ഒന്നും കാണ്ണ്ല്ല്യല്ലോ. ഒരു ചില്ല് മാത്രംണ്ട് "
" ദൃശ്യങ്ങള്‍ തെളിയും ; തെളിയാതിരിക്കില്ല...."
അവരെ സമാധാനിപ്പിച്ച് പിന്നെയൊരക്ഷരം അവരുരുവിടുന്നതിനുമുമ്പ് ഞാന്‍ തിരിഞ്ഞു നടന്നു.
ഇപ്പോള്‍....
പിറകിലൊരാരവം ഉയരുന്നത് എനിക്ക് കേള്‍ക്കുവാന്‍ കഴിയുന്നു.
" ദാ സിനിമപോലെ ദില്‍ എന്തൊക്ക്യോ കുറെ ചിത്രങ്ങള്‍ ."
അവയ്ക്കിടയില്‍ ടിവിയില്‍ നിന്നും മുഴങ്ങുന്ന ശബ്ദം എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
"പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ചൈനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി മാര്‍ക്കോപോളോ ഇവിടം സന്ദര്‍ശിക്കുന്നത്. കച്ചവടത്തിനായി വന്ന വലിയ ചൈനീസ് കപ്പലുകളുടെ നീണ്ടനിര ഈ തുറമുഖത്ത് കാണാമായിരുന്നു. അത് ചൈനീസ് പണ്ടകശാലകളുടെ സുവര്‍ണ്ണ കാലമായിരുന്നു...."
==X==X==
29 നവംബർ 2011
ചൈനാബസാര്‍
കഥ (ഭാഗം -1 )
"നഗരത്തിലെ തിരക്കേറിയ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും എട്ടുനിലകളുള്ള ഷോപ്പിംഗ് മാളിനോട് ചേര്‍ന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് നൂറുമീറ്ററോളം പോയാല്‍ വലത്തോട്ട് ഒരു ഇടുങ്ങിയ നിരത്ത് പ്രത്യക്ഷപ്പെടും. അതാണ് ചൈനാബസാര്‍. പണ്ടിതിനു ബര്മ്മാബസാര് എന്നായിരുന്നു പേര്. അന്നും ഇന്നും വില്പന നടത്തുന്നത് ഭൂരിഭാഗം വരുന്ന നേപ്പാളികളും ഏതാനും ബര്‍മ്മാക്കാരും തിബത്തന്മാരുമാണ്. വില്പന സാമഗ്രികള്‍ക്ക് പരിവര്‍ത്തനം വന്നിരിക്കുന്നു. ചൈനീസ് ടോയ്സ് മുതല്‍ ബൈക്കുവരെ നമുക്കിവിടെ കിട്ടും. "
"മഹാനായ ചീനാ ചക്രവര്‍ത്തി കുബ്ലൈഖാന്റെ പ്രതിനിധിയായി നാട്ടരചനെ കാണാനാണ് ഞാന്‍ ഇവിടം സന്ദര്‍ശിക്കുന്നത്. അന്നിതിനു പേര് ചീനന്മാരുടെ പണ്ടകശാല എന്നായിരുന്നു. പണ്ടകശാലായുടേയും വ്യാപാരത്തിന്റേയും മേല്‍നോട്ടം വഹിക്കുന്നതിനായി ഓരോരോ കാലങ്ങളില്‍ ചീനത്തുനിന്നും പ്രത്യേകമാളുകളെ അയച്ചിരുന്നു. നീലം, ഇഞ്ചി, കുരുമുളക്, മുത്ത്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഇവിടെ സംഭരിച്ചിരുന്നതും അതിനു ശേഷം
കയറ്റി അയച്ചിരുന്നതും. പിഞ്ഞാണങ്ങള്‍, ഭരണികള്‍ തുടങ്ങി അനേകം മണ്‍പാത്രങ്ങളും ചീനപ്പട്ട് തുടങ്ങിയ തുണിത്തരങ്ങളും ചീനയില്‍ നിന്നും തദ്ദേശീയര്‍ക്ക് എത്തിയിരുന്നതും ഈ പണ്ടികശാലകള്‍ വഴിതന്നെ. "
-ചരിത്രത്താളുകളില്‍ നിന്നും മാര്‍ക്കോപോളോ (1254 - 1324 )
"അറുപതുകളില്‍ ചൈനീസ് റിവിഷനിസം നടക്കുമ്പോള്‍ ഞാന്‍ യൌവനത്തിന്റെ പടിവാതില്‍ക്കലായിരുന്നു.ഞങ്ങളുടെ നാടിന്റെ സ്പന്ദനത്തിന്റെ സിരാകേന്ദ്രം 'ഭാഷാപോഷിണി' വായനശാലയും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഏതാനും ചെറിയ കച്ചവട
സ്ഥാപനങ്ങളുമായിരുന്നു. സഖാവ് കുമാരേട്ടന് വായനശാലയുടെ മുറ്റത്ത് കൂടിയിരിക്കുന്ന ആളുകള്‍ക്ക്
മുന്നില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് സംസാരിച്ച് കത്തിക്കയറും. അതിനുശേഷം ഹൈദ്രുവിന്റെ ചായക്കടയിലേക്ക് നീങ്ങും. ചൂടുചായ ഗ്ലാസ്സില്‍ നിന്നും പിഞ്ഞാണത്തിലേക്ക് പകര്‍ന്നു ഊതി മോത്തിക്കുടിക്കുന്നതിനിടയില്‍ അദ്ദേഹം പിന്നെയും വാചാലനാകും. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനെക്കുറിച്ചും ചൈന, ഒരു വന്‍ ശക്തിയാകുന്നതിനെപ്പറ്റിയും റഷ്യ- ചൈന- ഇന്ത്യ അച്ചുതണ്ട് രൂപപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ചും അദ്ദേഹം വാതോരാതെ പറഞ്ഞുകൊണ്ടെയിരിക്കും. സഖാവ് കുമാരേട്ടന് അനുയായികള്‍ ഏറിവരികയായിരുന്നു. മറ്റനേകം പേരോടൊപ്പം ചായക്കട ഹൈദ്രു, പലചരക്കുകടക്കാരന് അന്തോണി, ബാര്‍ബര്‍ വാസു, തുന്നല്ക്കാരന് അപ്പു എന്നിവര്‍ കൂടി അദ്ദേഹത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ ഇച്ചിരി പോന്ന പ്രദേശത്തിന്റെ പേര് കുഴിക്കാട്ടിരി എന്നതില്‍നിന്നും ചൈനാബസാര്‍ എന്നായി രൂപാന്തരം പ്രാപിക്കുകയായിരുന്നു."
- തന്റെ ക്ലാസ്സുകളൊന്നില് പ്രൊഫ. സോമശേഖരന്‍
"നഗരത്തിലെ തിരക്കേറിയ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും എട്ടുനിലകളുള്ള ഷോപ്പിംഗ് മാളിനോട് ചേര്‍ന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് നൂറുമീറ്ററോളം പോയാല്‍ വലത്തോട്ട് ഒരു ഇടുങ്ങിയ നിരത്ത് പ്രത്യക്ഷപ്പെടും. അതാണ് ചൈനാബസാര്‍. പണ്ടിതിനു ബര്മ്മാബസാര് എന്നായിരുന്നു പേര്. അന്നും ഇന്നും വില്പന നടത്തുന്നത് ഭൂരിഭാഗം വരുന്ന നേപ്പാളികളും ഏതാനും ബര്‍മ്മാക്കാരും തിബത്തന്മാരുമാണ്. വില്പന സാമഗ്രികള്‍ക്ക് പരിവര്‍ത്തനം വന്നിരിക്കുന്നു. ചൈനീസ് ടോയ്സ് മുതല്‍ ബൈക്കുവരെ നമുക്കിവിടെ കിട്ടും. "
- ചുണ്ടില്‍വിരിഞ്ഞ മൃദുസ്മേരത്തിന്‍ അകമ്പടിയോടെ സഹപാഠി എലേന തെരേസ പോള്‍
"പ്രത്യയശാസ്ത്രപരമായ മാര്ഗ്ഗബോധമില്ലാതെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി യിലേക്ക് മുന്നേറാനാണ് ശ്രമമെങ്കില്‍ റഷ്യന്സുന്ദരികള് മദ്ധ്യപൂര്‍വേഷ്യയിലും മറ്റും വ്യഭിചരിക്കുന്ന പോലെ ഭാവിയില്‍ ചൈനാസുന്ദരികളും വ്യഭിചാരത്തിന്റെ കമ്പോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടെന്നുവരാം. ഒരു പക്ഷെ നമ്മുടെ നാട്ടിലും ഈ പുതിയ ചൈനാബസാറുകള് പ്രത്യക്ഷപ്പെട്ടേക്കാം "
- ഒരു പ്രഭാഷണത്തിന്നിടയില്‍ ഈ അവസരത്തില്‍ പേര് സൂചിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വന്ദ്യ വയോധിക ചിന്തകന്‍.
ഇന്ത്യ- ചൈന ബന്ധത്തെക്കുറിച്ച് സാംസ്കാരികവും ചരിത്രപരവും രാഷ്ട്രീയവുമായ വീക്ഷണ കോണുകളിലൂടെ പഠനം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിയായ സത്യശീലന് എന്ന ഞാനങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയായിരുന്നു. നൂറ്റാണ്ടുകളുടെ പെരുമയുള്ള ബന്ധത്തിന്റെ സത്തയെന്ത് എന്ന ചോദ്യം എന്റെ മുന്നിലവശേഷിച്ചു.
മാര്‍ക്കോപോളോ പറഞ്ഞു : അത് വെറും ചരക്കുകളുടെ വിനിമയം മാത്രമായിരുന്നു. ഒപ്പം ഒരല്പം സാംസ്കാരിക വിനിമയവും നടന്നിരിക്കാം.
പ്രൊഫ. സോമശേഖരന്‍ : പ്രത്യയശാസ്ത്രപരമായ ഒരു സംവേദനമായിരുന്നു അത്. പെരുവിരലില്‍നിന്നും സിരകളിലൂടെ ചംക്രമിച്ച് മസ്തിഷ്കം വരെ എത്തുന്ന അഗോചരമായ ഒന്ന്.
കമ്പോളത്തിന്റെ വര്ത്തമാനരൂപമാണിത്. ഒരുതരം ഇന്വേഷ്യന്. കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന് വിവക്ഷ.
ഇതില്‍ പ്രത്യയശാസ്ത്രമോ സാംസ്കാരികമോ ആയ സ്വാധീനമേതുമില്ല. -എലേന തെരേസ പോള്‍
അടുത്ത ഊഴം ചിന്തകന്റെതായിരുന്നു: പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടമാണ് മുന്നില്‍
ഉറ്റു നോക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ മൂല്യച്യുതിയെ കണക്കിലെടുത്ത് വേണ്ടിവരും ഇനിയുള്ള നാളുകളില്‍ ഏതൊരു ബന്ധവും വിശകലനം ചെയ്യപ്പെടെണ്ടത്
ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളും ചരിത്രവും ഇഴ പിരിഞ്ഞുകിടക്കുന്ന പ്രതിസന്ധിഘട്ടത്തിനിടയില് ഒരു നാള് അവള്, എലേന തെരേസ പോള്‍, പാര്‍ക്കിലെ ചെറിയ മുളംകാട് നിഴല്‍ വീഴ്ത്തുന്ന കോണ്‍ക്രീറ്റ് ബഞ്ചില്‍ എന്റെ തോളിലേക്ക് ചാരിയിരുന്ന് പതുക്കെ പറഞ്ഞു: " നമ്മള് നമ്മുടേതുമാത്രമായ ഒരു കാലയളവിലാണ് ജീവിക്കുന്നത്. അതുകൊണ്ട് വര്‍ത്തമാന കാലത്തിന്റെ ഇടനാഴികകളിലൂടെ മാത്രം ചരിക്കുക."
അങ്ങിനെയാണ് ഞാന്‍ 'ചൈനാബസാര്‍ ' സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നത്.
അതൊരു ഞായറാഴ്ചയായിരുന്നു . നഗരത്തിന്റെ മുഖം ഞായറാഴ്ചകളില്‍ വിഭിന്നമാണ്. സ്ഥിരമായി തുറന്നു
കിടക്കാറുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിദ്രയിലായിരിക്കും. അവയുടെ സ്ഥാനത്ത് നടവഴികളില്‍ ചെറുകച്ചവടക്കാര്‍ പ്രത്യക്ഷപ്പെടും. സാധാരണ ദിനങ്ങളില്‍ ഏതോ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു പായുന്ന ആളുകള്‍ അന്ന് അലക്ഷ്യമായി അങ്ങുമിങ്ങും ചിതറി നടക്കുന്നുണ്ടാവും. അതിനിടയിലൂടെ ഞാനും നടന്നു. പക്ഷേ, എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. അവള് പറഞ്ഞത് പോലെ മഹാത്മാ ഗാന്ധി റോഡില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് അല്പം പോയപ്പോള്‍ വലതുഭാഗത്തെക്ക് നീളുന്ന ഒരു ഇടുങ്ങിയ നിരത്ത് കാണാനായി.
അതിന്റെ ഇരുവശങ്ങളിലുമായി മരപ്പലകകളും ടാര്‍പോളിന്‍ ഷീറ്റുകളും കൊണ്ട് സൃഷ്ടിച്ചെടുത്തിരിക്കുന്ന ഷെഡുകളുടെ നീണ്ടനിര ദൃശ്യമായി. അവയ്ക്കിടയില്‍ ചില വലിയ സ്ഥാപനങ്ങളും ഇലാതില്ല. കളിപ്പാട്ടങ്ങളും സുഗന്ധദ്രവ്യങ്ങളും മുതല്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വരെ നീളുന്ന പലവിധ സാമഗ്രികളും ഇവയില്‍ പലതിലുംമായി നിരത്തിയിരിക്കുന്നു. എല്ലാ കടകളുടേയും സ്ഥായിയായ ഭാവം ഏറെക്കുറെ ഒന്നുതന്നെ. മദ്ധ്യവയസ്കരോ അതിലുമേറെയോ പ്രായമുളള ഒരു നേപ്പാളി അഥവാ തിബത്തന്‍ സ്ത്രീയോ പുരുഷനോ അതിനുള്ളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും. ഒന്നോ രണ്ടോ മംഗ്ലോയ്ഡ് സുന്ദരന്മാരോ സുന്ദരികളോ നമ്മെ അവരുടെ വില്പനശാലയിലേക്ക് വാക്ചാതുരിയോടെ ക്ഷണിക്കുന്നു. ആ ചൈനാബസാറിലൂടെ ഓരോ ചലനവും സാകൂതം വീക്ഷിച്ചുകൊണ്ട് ഞാന്‍ പതുക്കെ നടന്നു.
"ഇദര്‍ ആയിയേ ഭായീ സാബ്" - ഒരു നേപ്പാളി സുന്ദരിയുടെ കിളിമൊഴി.
ഞാന്‍ ആ കടയിലേക്ക് നോക്കി . ഇലക്ട്രോണിക്സ് ഗുഡ്സ് വില്‍ക്കുന്ന സ്ഥലമാണ് - "ഫ്യൂജിയാന്‍ സൂപ്പര്‍ ഷോപ്പ്". കാല്‍ക്കുലേറ്റര്‍ മുതല്‍ ടെലിവിഷന്‍ വരെ പലതും അവിടെ ഇരിപ്പുണ്ട്. അവള് എന്റെ ശ്രദ്ധ ചെറിയൊരു ടിവിയിലേക്ക് ക്ഷണിച്ചു. സാധാരണ മാര്‍ക്കറ്റില്‍ കാണുന്ന പോര്‍ട്ടബിള്‍ ടിവിയെ അപേക്ഷിച്ച് അതിനു ഇരുപതു ശതമാനത്തോളം വില കിഴിവുണ്ട് എന്നും ഇപ്പോള്‍ അതിന്റേയും പകുതി വിലയ്ക്കാണ് വില്‍ക്കുന്നതെന്നും അവള് പറഞ്ഞു.. അത് വാങ്ങുന്നതിനായി ചെറിയൊരു കൊഞ്ചലോടെ അപേക്ഷിക്കുകയും ഇതിലും ലാഭത്തില്‍ വേറൊന്നു കിട്ടുകയില്ലെന്നു മോഹിപ്പിക്കുകയും ചെയ്തു. ടിവി വാങ്ങണമെന്ന് കുറച്ചു നാളുകളായി വിചാരിക്കുന്നതിനാലും ഇപ്പോള്‍ അതിനുള്ള പൈസ കയ്യിലുള്ളതിനാലും ഞാനാ പോര്‍ട്ടബിള്‍ ടിവി വാങ്ങാന്‍ തീരുമാനിച്ചു. അക്കാര്യം അദ്രിതയോട് -അതാണവളുടെ
പേരെന്ന് ഷോപ്പിനകത്തിരിക്കുന്ന വൃദ്ധന്റെ മുറിഞ്ഞു വീഴുന്ന സംഭാഷണശകലത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു - പറഞ്ഞു .
അവളുടെ പുഞ്ചിരി ഒരിക്കല്‍ കൂടി ഏറ്റുവാങ്ങി ടിവിയുമായി ഞാന്‍ ആ നിരത്തിലൂടെ തിരിച്ചു നടന്നു.
(തുടരും...)
25 ഓഗസ്റ്റ് 2011
വിമര്‍ശിക്കപ്പെടേണ്ട അന്നക്കൂട്ടം
ടീം അന്നയുടെ ജന്‍ ലോക്പാല്‍ ബില്ലിനെതിരെ രാഷ്ട്രീയ രംഗത്ത് നിന്നുമല്ലാത്ത ആദ്യത്തെ ശക്തമായ പ്രതികരണമാണ് ചില മാധ്യമങ്ങളിലൂടെ അരുന്ധതി റായിയുടെതായി വന്നിട്ടുള്ളത്.
http://www.thehindu.com/opinion/lead/article2379704.ece?homepage=true
http://www.thehindu.com/opinion/lead/article2379704.ece?homepage=true
ശ്രീമതി റായി പറയുന്നതുപോലെ ഹസാരെയുടെ ഇപ്പോഴുള്ള സമര രീതികളും മാര്‍ഗ്ഗങ്ങളും ഗാന്ധിയന്‍ രീതികളുമായി താരതമ്യം ചെയ്യാനാകാത്തതാണ്. ഒരു പക്ഷെ, അഴിമതി തുടച്ചു നീക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം കലര്പ്പില്ലാത്തതാകാം. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ചിന്തകളെ നയിക്കുന്നവരും അദ്ദേഹത്തെ പിന്തുടരുന്നവരെന്ന് സ്വയം കല്‍പ്പിക്കുകയും ചെയ്യുന്നവരുമായ വലിയ ഒരു വിഭാഗത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടെണ്ടതാണ്. ഇവരില്‍ പലരും നല്ല പുള്ളികളല്ല എന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഇവര്ക്കിടയില്പ്പെട്ട് ഒരു കളിപ്പാവയായി മാറിയിരിക്കുന്നു ഹസാരെ അവര്‍കള്‍.
അരാഷ്ട്രീയ വാദത്തിന്റെ നിസ്വനങ്ങളാണ് ടീം അന്നയുടെ സമരത്തില്‍ പ്രകടമാകുന്നത്. പലപ്പോഴും സ്വന്തം കാര്യങ്ങളില്‍ മാത്രം അഭിരമിക്കാന്‍ തയ്യാറാകുന്ന വലിയൊരു വിഭാഗം മധ്യവര്‍ത്തി സമൂഹമാണ് ഈ സംരഭത്തെ കയ്യയച്ചു പ്രോത്സാഹിപ്പിക്കുന്നത്. അഴിമതിക്കും കൈക്കൂലിക്കും എതിരെ ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ജീവിതപാതയിലെ നെട്ടോട്ടങ്ങള്ക്കിടയില് സ്വന്തം കാര്യം നേടാന്‍ അതിനു കൂട്ട് നില്‍ക്കുകയും ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് രാഷ്ട്രീയം എന്നത് പുച്ഛ്ച്ച് തള്ളാനുള്ള ഒരു സംജ്ഞയാണ്.
ആഫ്രിക്കയിലും ഗള്‍ഫ് നാടുകളിലും അടുത്തയിടെ നടന്ന ജന മുന്നേറ്റങ്ങളായിരിക്കാം ഹസാരെ സമരത്തിനു വലിയൊരു വൈകാരിക പിന്തുണ ലഭിക്കാന്‍ പ്രേരകമായത്. ഭരണനേതൃത്തങ്ങള്ക്കും അഴിമതിക്കും ഒക്കെ എതിരായിരുന്നു ഈ മുന്നേറ്റങ്ങലെങ്കിലും വ്യക്തമായ പ്രത്യയശാസ്ത്ര സമീപനങ്ങളില്ലാത്തവയായിരുന്നു ഇവയെല്ലാം. അരാഷ്ട്രീയ വാദികളുടെ അലക്ഷ്യ മുന്നേറ്റങ്ങള്‍ എന്നുതന്നെ അവയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒടുവില്‍, കിട്ടിയ കുതിരയെ നിലവിലുള്ളതിലും വൃത്തികെട്ട ലായത്തില്‍ കൊണ്ടുപോയി തളക്കേണ്ടിവരുമെന്നു ഈജിപ്തിലേതുപോലുള്ള സ്ഥിതിവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് തങ്ങള്‍ രൂപപ്പെടുത്തിയ ഒരു ബില്‍ മാത്രമേ പാസ്സാക്കാനാകൂ എന്ന് പറയാന്‍ ഹസ്സാരെമാര്ക്ക് എന്തധികാരം? അതിനു മണിക്കൂറുകളുടെ സമയം കൊടുത്തു പാര്‍ലമെന്റിനെ സൂചിമുനയില്‍ നിര്‍ത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. ചര്‍ച്ചയിലൂടെ ഒരു സമവായത്തിലെത്താന്‍ സമ്മര്‍ദ്ദം കൊടുക്കുകയാണെങ്കില്‍ അത് സ്വീകാര്യം തന്നെ. പക്ഷേ അതിന്റെ റിസല്‍ട്ടിനായി കാത്തിരിപ്പ് വേണ്ടിവരും. അതായിരുന്നല്ലോ ഗാന്ധിയന്‍ രീതി . തന്റെ ലക്ഷ്യം നിറവേറ്റുന്നതിന് അഹീംസയില് അധിഷ്ടിതമായ സത്യഗ്രഹസമര മാര്‍ഗത്തില്‍ രണ്ടു ദശകത്തിലേറെ കാത്തിരിക്കേണ്ടിവന്നു അദ്ദേഹത്തിന്.
ഭരണകൂടവും UPA യും മറ്റു രാഷ്ട്രീയ കക്ഷികളുമെല്ലാം ഈ സമര മാര്‍ഗത്തിനോട് നടത്തിയ സമീപനവും അപലപനീയം തന്നെ. വേണ്ടകാര്യങ്ങള്‍ വേണ്ടസമയത്ത് വേണ്ടപോലെ കൈകാര്യം ചെയ്തില്ല എന്നത് ഇവരുടെയെല്ലാം പരാജയമാണ്.
നിലവിലുള്ള എക്സിക്യുട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്കുപരിയായി പുതിയൊരു സംവിധാനം ഉണ്ടാക്കാനുളള തത്രപ്പാടിലാണല്ലോ. സൃഷ്ടി-സ്ഥിതി-സംഹാരത്തിനു കെല്പുള്ള ഒരു സംവിധാനം. കുറുന്തോട്ടിക്കും വാതം വന്നാല്‍ എന്താകും?
ഹസ്സാരെ സംഘം വൈകാരികമായി പറയുന്നത് ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ലോക പാല് ബില്‍ ഈ പറയുന്ന വിഭാഗങ്ങള്‍ക്ക് സുരക്ഷാകവചം ഒരുക്കി കൊണ്ടുമാത്രമേ രൂപപ്പെടുത്തൂ എന്നാണു. എന്നാല്‍ ഗവണ്മെന്റ് കരടുരേഖയില്‍ NGOs നെ ബില്ലിന്റെ പരിധിയില്‍ കൊണ്ട് വരുമ്പോള്‍ NGOs ഉള്‍പ്പെടുന്ന, ടീം അന്ന ഒരുക്കുന്ന ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഇവര്‍ വരുന്നില്ല. രാഷ്ട്രീയക്കാരും അന്നക്കൂട്ടവും തമ്മില്‍ എന്ത് വ്യത്യാസം? ആരാന്റെ പറമ്പിലെ തേങ്ങയാവുംപോള് പ്രശ്നമില്ല എന്നോ?
അടുതകാലത്തുനടന്ന മിക്ക വന്‍ അഴിമതിക്കഥകളു ടേയും ഉള്ളടക്കം - അത് 2G Spectrum ആയാലും KG Basin ആയാലും CWG Contract ആയാലും - കോര്പ്പറേറ്റ്കളോ സമാന വ്യക്തികളോ ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവര്‍ക്ക് വേണ്ടിയാണ് പലപ്പോഴും കൂട്ടുനില്‍ക്കുന്നത്. സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങളും ചിലപ്പോഴൊക്കെ അഴിമതിക്ക് മറനില്ക്കുകയോ കുടചൂടുകയോ ഒക്കെ ചെയ്യുന്നുണ്ട്.
ഇവിടെയാണ് അരുന്ധതി റായുടെ വാദത്തിന്റെ പ്രസക്തി- ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കോര്‍പ്പറേറ്റുകളും മീഡിയയും NGOs ഉം വരണമെന്നത്.
ഏതായാലും ഒരുകാര്യം ഈയുള്ളവന് ഉറപ്പുണ്ട്. ലോക്പാല്‍ ബില്‍ , അത് 'ജന' ആയാലും 'ഗവ' ആയാലും ഇവിടുത്തെ അഴിമതി ശമിപ്പിക്കുന്നതിനുള്ള ഒരു ദിവ്യ ഔഷധമല്ല. അത് മുളയിലെ നുള്ളുന്നതിനുള്ള ഇച്ചാശക്തിയും ബോധവത്കരണവും സാഹചര്യങ്ങളുമാണ് നമുക്കാവശ്യം.
14 ഫെബ്രുവരി 2011
ബിയാസിന് തീരഭൂവില്‍ (ഭാഗം - 2 )
.
(ഭാഗം - 1 ന്റെ തുടര്‍ച്ച)
(ഭാഗം - 1 ന്റെ തുടര്‍ച്ച)
മനാലിയിലേക്ക്....

കുളുവില്‍ നിന്നും മനാലിയിലേക്കുള്ള ദൂരം 40 കി.മീ. ആണ്. വീണ്ടും ബിയാസിന്റെ തീരത്ത് കൂടി തന്നെ യാത്ര.
കുളു ജില്ലയില്‍ ഉള്‍പ്പെട്ട വിവിധ താഴ്വാരങ്ങളിലായി ആയിരത്തിലേറെ ചെറുതും വലുതുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഉണ്ടത്രേ. അതുകൊണ്ടുതന്നെ കുളു 'ദൈവങ്ങളുടെ താഴ്വര' എന്നും അറിയപ്പെടുന്നു. പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും സാകേതമായ ഇവിടം ഇങ്ങനെ അറിയപ്പെടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
കുളു ജില്ലയില്‍ ഉള്‍പ്പെട്ട വിവിധ താഴ്വാരങ്ങളിലായി ആയിരത്തിലേറെ ചെറുതും വലുതുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഉണ്ടത്രേ. അതുകൊണ്ടുതന്നെ കുളു 'ദൈവങ്ങളുടെ താഴ്വര' എന്നും അറിയപ്പെടുന്നു. പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും സാകേതമായ ഇവിടം ഇങ്ങനെ അറിയപ്പെടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
< മഹാദേവിതീര്‍ത്ഥം
ഇവയില്‍ പ്രസിദ്ധമായ ഒന്നാണ് മഹാദേവിതീര്‍ത്ഥം. മനാലി റോഡില്‍, കുളുവില്‍ നിന്നും 2 കി.മീ. മാത്രം ദൂരെയായി ബിയാസിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും നോക്കുമ്പോള്‍ ബിയാസിന്റെ രൂപം അല്‍പ്പം ഭയാനകമാണ് - ആര്‍ത്തലച്ച്, പതഞ്ഞുപൊങ്ങി, അങ്ങനെ.... പ്രശസ്തമായ വൈഷ്ണവദേവീ ക്ഷേത്രത്തിലേതുപോലെ ഒരു ഗുഹക്കുള്ളിലാണ് ഇവിടെ ദുര്‍ഗ്ഗയുടെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രദേശം വൈഷ്ണോദേവി എന്നും അറിയപ്പെടുന്നു. ഇടുങ്ങിയ ഗുഹാഗഹ്വരത്തിലൂടെ മുട്ടില്‍ ഇഴഞ്ഞു നീങ്ങിവേണം ക്ഷേത്ര ദര്‍ശനം നടത്താന്‍. 1964 -ല്‍ സ്ഥാപിച്ച ഈ ക്ഷേത്രത്തില്‍ 1965 മുതല്‍ ജ്വലിച്ചു നില്‍ക്കുന്നതെന്ന് പറയപ്പെടുന്ന 'അഖണ്ഡജ്യോതി' എന്ന ഒരു ദീപസംജയവുമുണ്ട്.
ഈ യാത്രയില്‍ വഴിയിലുടനീളം ഫല സമൃദ്ധമായ ആപ്പിള്‍ തോട്ടങ്ങള്‍ കാണാമായിരുന്നു. ബിയാസിന്റെ മറുകരയിലുള്ള മലനിരകളിലും ആപ്പിള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടത്രെ. ആര്‍ത്തൊഴുകുന്ന ബിയാസിനു കുറുകെ ഇട്ടിട്ടുള്ള ചെറിയ 'റോപ് വേ' കളിലൂടെ ഈ പ്രദേശത്തുനിന്നും ആപ്പിളുകള്‍ മുഖ്യപാതയിലേക്ക് എത്തിക്കുന്നത് കുളുവില്‍ നിന്നും മനാലിയിലേക്കുള്ള യാത്രയില്‍ പലയിടത്തും കാണാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ മാര്‍കറ്റ് സ്ഥിതിചെയുന്നത് മനാലിക്ക് സമീപമാണ്. ഈ മാര്‍ക്കറ്റ് സന്ദര്‍ശനം പുതിയൊരു അനുഭവമായിരുന്നു. സാധാരണ പഴം -പച്ചക്കറി മാര്‍ക്കറ്റുകളില്‍ കാണുന്ന വൃത്തിഹീനത അശ്ശേഷമില്ല. ഗ്രേഡിനനുസൃതമായി കിലോവിനു 10 രൂപ മുതല്‍ ആണ് ആപ്പിളിന് വില. 'ഫാം ഫ്രഷ്' ആയ ഈ ആപ്പിളുകള്‍ തേനൂറുന്നവയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ആപ്പിള്‍ കയറ്റി പോകാന്‍ കാത്തുകിടക്കുന്ന ഉയരത്തില്‍ ബോഡി കെട്ടിയ ട്രക്കുകളുടെ നീണ്ടനിരയും ഇവിടെ കാണാന്‍ കഴിഞ്ഞു.
മനാലി- സഞ്ചാരികളുടെ പറുദീസ
മുന്നില്‍ ബിയാസ് നദി. അതിനുമപ്പുറം പച്ച പുതച്ചു നില്ക്കുന്ന നിബിഡ വനങ്ങള്‍. ഇവയ്ക്കെല്ലാം പിറകില്‍ മഞ്ഞു കിരീടമണിഞ്ഞു തലയുയര്‍ത്തി നില്ക്കുന്ന പര്‍വ്വതശിഖരങ്ങള്‍. മനാലി സഞ്ചാരികളുടെ പറുദീസ തന്നെ.
സമുദ്രനിരപ്പില്‍ നിന്നും 6500 അടിയിലേറെ ഉയരത്തിലാണ് മനാലി സ്ഥിതിചെയ്യുന്നത്. നേരത്തെ പറഞ്ഞ മനോഹാരിത മനാലിക്ക് 'പര്‍വ്വതങ്ങളുടെ രാജ്ഞി' എന്ന പേരും നേടിക്കൊടുത്തിട്ടുണ്ട്. 'മനുവിന്റെ വീട് (ആലയ)' ആണ് മനാലിയായി ലോപിച്ചത് എന്നുപറയുന്നു. 1958-ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്റു ഇവിടെ വന്ന് താമസിച്ചതോടെയാണ് ഈ പ്രദേശം ടൂറിസ്റ്റ് മാപ്പില്‍ ഇടം നേടിയത്.
മാനാലിയിലൂടെ ഒഴുകുമ്പോള്‍ ബിയാസ് കാഴ്ചയില്‍ ഏറെക്കുറേ ശാന്തയാണ്. നദിയുടെ ചലനം വനഭൂവില്‍
പ്രതിധ്വനിച്ചുണ്ടാകുന്ന ഒരു ഇരമ്പിച്ച അല്പം വന്യത നല്കാതില്ല. വലിയ പാറക്കല്ലുകളിലൂടെയാണ് ഇവിടെ ബിയാസ് ഒഴുകുന്നത്. പാറകള്ക്കൊന്നിനും വഴുക്കലുള്ളതായി തോന്നിയില്ല. നട്ടുച്ചക്കു പോലും ജലത്തിന് കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബിയാസിനോടു ചേര്‍ന്നും അല്ലാതെയും മനാലിയില്‍ 400-ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട്.
മനാലി ടൌണ്‍ ചെറുതെങ്കിലും വൃത്തിയോടെയും ചിട്ടയോടെയും ക്രമീകരിച്ചിരിക്കുന്ന പ്രദേശമാണ്. എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍, അലങ്കാര ബാഗുകള്‍, വനവിഭവങ്ങള്‍ എന്നിവകൊണ്ട് സജീവമാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍. മനാലിയിലെ എംബ്രോയ്ഡറി പ്രത്യേകം പരാമര്ശമര്ഹിക്കത്തക്കവിധം മനോഹരമാണ്. ചുരിദാറുകളിലും ഉറുമാലുകളിലും തുന്നല്പ്പണിചെയ്യുന്ന സ്ത്രീകളെ മിക്ക കടകള്‍ക്ക് മുന്നിലും കാണാം. ഇവിടെ പൊടിപൊടിക്കുന്ന മറ്റൊരു കച്ചവടം ഐസ്ക്രീമിന്റെതാണ്. മറ്റേതൊരു നഗരത്തേയും പോലെ മനാലി ടവ്നും സജീവമാകുന്നത് സന്ധ്യയോടെ തന്നെ. കിടുകിടുക്കുന്ന തണുപ്പില്‍ വിവിധ ഫ്ലേവറകളിലുള്ള ഐസ്ക്രീം നുകര്‍ന്ന് നടക്കുന്ന വിനോദ സഞ്ചാരികളാണ് ഇതിലേറെപങ്കും.
'റോജാ' ടെമ്പിളും ഗുലാബയും
ഈ യാത്രയില്‍ വഴിയിലുടനീളം ഫല സമൃദ്ധമായ ആപ്പിള്‍ തോട്ടങ്ങള്‍ കാണാമായിരുന്നു. ബിയാസിന്റെ മറുകരയിലുള്ള മലനിരകളിലും ആപ്പിള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടത്രെ. ആര്‍ത്തൊഴുകുന്ന ബിയാസിനു കുറുകെ ഇട്ടിട്ടുള്ള ചെറിയ 'റോപ് വേ' കളിലൂടെ ഈ പ്രദേശത്തുനിന്നും ആപ്പിളുകള്‍ മുഖ്യപാതയിലേക്ക് എത്തിക്കുന്നത് കുളുവില്‍ നിന്നും മനാലിയിലേക്കുള്ള യാത്രയില്‍ പലയിടത്തും കാണാന്‍ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ മാര്‍കറ്റ് സ്ഥിതിചെയുന്നത് മനാലിക്ക് സമീപമാണ്. ഈ മാര്‍ക്കറ്റ് സന്ദര്‍ശനം പുതിയൊരു അനുഭവമായിരുന്നു. സാധാരണ പഴം -പച്ചക്കറി മാര്‍ക്കറ്റുകളില്‍ കാണുന്ന വൃത്തിഹീനത അശ്ശേഷമില്ല. ഗ്രേഡിനനുസൃതമായി കിലോവിനു 10 രൂപ മുതല്‍ ആണ് ആപ്പിളിന് വില. 'ഫാം ഫ്രഷ്' ആയ ഈ ആപ്പിളുകള്‍ തേനൂറുന്നവയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ആപ്പിള്‍ കയറ്റി പോകാന്‍ കാത്തുകിടക്കുന്ന ഉയരത്തില്‍ ബോഡി കെട്ടിയ ട്രക്കുകളുടെ നീണ്ടനിരയും ഇവിടെ കാണാന്‍ കഴിഞ്ഞു.
മനാലി- സഞ്ചാരികളുടെ പറുദീസ
ബിയാസ് മാനാലിയിലൂടെ
മുന്നില്‍ ബിയാസ് നദി. അതിനുമപ്പുറം പച്ച പുതച്ചു നില്ക്കുന്ന നിബിഡ വനങ്ങള്‍. ഇവയ്ക്കെല്ലാം പിറകില്‍ മഞ്ഞു കിരീടമണിഞ്ഞു തലയുയര്‍ത്തി നില്ക്കുന്ന പര്‍വ്വതശിഖരങ്ങള്‍. മനാലി സഞ്ചാരികളുടെ പറുദീസ തന്നെ.
സമുദ്രനിരപ്പില്‍ നിന്നും 6500 അടിയിലേറെ ഉയരത്തിലാണ് മനാലി സ്ഥിതിചെയ്യുന്നത്. നേരത്തെ പറഞ്ഞ മനോഹാരിത മനാലിക്ക് 'പര്‍വ്വതങ്ങളുടെ രാജ്ഞി' എന്ന പേരും നേടിക്കൊടുത്തിട്ടുണ്ട്. 'മനുവിന്റെ വീട് (ആലയ)' ആണ് മനാലിയായി ലോപിച്ചത് എന്നുപറയുന്നു. 1958-ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. ജവഹര്‍ലാല്‍ നെഹ്റു ഇവിടെ വന്ന് താമസിച്ചതോടെയാണ് ഈ പ്രദേശം ടൂറിസ്റ്റ് മാപ്പില്‍ ഇടം നേടിയത്.
മാനാലിയിലൂടെ ഒഴുകുമ്പോള്‍ ബിയാസ് കാഴ്ചയില്‍ ഏറെക്കുറേ ശാന്തയാണ്. നദിയുടെ ചലനം വനഭൂവില്‍
പ്രതിധ്വനിച്ചുണ്ടാകുന്ന ഒരു ഇരമ്പിച്ച അല്പം വന്യത നല്കാതില്ല. വലിയ പാറക്കല്ലുകളിലൂടെയാണ് ഇവിടെ ബിയാസ് ഒഴുകുന്നത്. പാറകള്ക്കൊന്നിനും വഴുക്കലുള്ളതായി തോന്നിയില്ല. നട്ടുച്ചക്കു പോലും ജലത്തിന് കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ബിയാസിനോടു ചേര്‍ന്നും അല്ലാതെയും മനാലിയില്‍ 400-ഓളം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട്.
മനാലി ടൌണ്‍ ചെറുതെങ്കിലും വൃത്തിയോടെയും ചിട്ടയോടെയും ക്രമീകരിച്ചിരിക്കുന്ന പ്രദേശമാണ്. എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍, അലങ്കാര ബാഗുകള്‍, വനവിഭവങ്ങള്‍ എന്നിവകൊണ്ട് സജീവമാണ് ഇവിടുത്തെ മാര്‍ക്കറ്റുകള്‍. മനാലിയിലെ എംബ്രോയ്ഡറി പ്രത്യേകം പരാമര്ശമര്ഹിക്കത്തക്കവിധം മനോഹരമാണ്. ചുരിദാറുകളിലും ഉറുമാലുകളിലും തുന്നല്പ്പണിചെയ്യുന്ന സ്ത്രീകളെ മിക്ക കടകള്‍ക്ക് മുന്നിലും കാണാം. ഇവിടെ പൊടിപൊടിക്കുന്ന മറ്റൊരു കച്ചവടം ഐസ്ക്രീമിന്റെതാണ്. മറ്റേതൊരു നഗരത്തേയും പോലെ മനാലി ടവ്നും സജീവമാകുന്നത് സന്ധ്യയോടെ തന്നെ. കിടുകിടുക്കുന്ന തണുപ്പില്‍ വിവിധ ഫ്ലേവറകളിലുള്ള ഐസ്ക്രീം നുകര്‍ന്ന് നടക്കുന്ന വിനോദ സഞ്ചാരികളാണ് ഇതിലേറെപങ്കും.
'റോജാ' ടെമ്പിളും ഗുലാബയും
മനാലി ടൌണില്‍ നിന്നും ഏതാണ്ട് ഒന്നൊന്നര കിലോ മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഹിഡിംബി ക്ഷേത്രം. പഗോഡ ശൈലിയില്‍ ഒന്നിനുമുകളില്‍ മറ്റൊന്നെന്നപോലെ അടുക്കിയ നാല് മേല്ക്കൂരകളോടുകൂടിയതാണ് ഈ ക്ഷേത്രം. 'റോജ' എന്ന മണിരത്നം ചിത്രത്തിലെ നായിക പ്രതിസന്ധിഘട്ടങ്ങളില്‍ ഇടയ്ക്കിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.
അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക്, ടൂറിസ്റ്റ് ഗൈഡുകള്‍ ഈ ക്ഷേത്രത്തെ പരിചയപ്പെടുത്തുന്നത് 'റോജാ ടെമ്പിള്‍' എന്ന രീതിയിലാണ്.
പഞ്ചപാണ്ടവരില് ഒരാളായ ഭീമസേനന്റെ പത്നിയും രാക്ഷസിയുമായ ഹിഡിംബി പിന്നീട് ദുര്‍ഗ്ഗയായി മാറിയത്രെ. 1553 A.D.യില്‍ രാജാ ബഹാദൂര്‍സിംഗ് ആണ് ക്ഷേത്രം നവീകരിച്ചതെന്നും പറയുന്നു. 80അടിയോളം ഉയരമുള്ള ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും അതിപുരാതനങ്ങളാണ്. ഹിഡിംബിയുടേതെന്നു പറയപ്പെടുന്ന പാറയില്പതിഞ്ഞ കാല്പാടവും അവര്‍ ധ്യാനിച്ചിരുന്നതെന്ന് കരുതുന്ന മുന്നില്‍ ഒരു പാറയോടുകൂടിയ ചെറിയ ഗുഹയും ഈ ക്ഷേത്രത്തിനകത്തുണ്ട്.
ഉയര്‍ന്നുപൊങ്ങിനില്‍ക്കുന്ന വന്‍ ദേവതാരു മരങ്ങള്‍ ചുറ്റിലുമുണ്ട്. പ്രാചീന ക്ഷേത്രത്തിനു ഒരു വന്യമായ പശ്ചാത്തലം ഇതൊരുക്കുന്നു. ഇടതൂര്‍ന്നു നീണ്ടുനില്‍ക്കുന്ന രോമങ്ങളോടു കൂടിയ കുറിയ 'യാക്കുകളും' പഞ്ഞിക്കെട്ടുപോലെ രോമാവരണമുള്ള വെള്ളമുയലുകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്. പൈസ കൊടുത്ത്, യാക്കിനു പുറത്ത് കയറിയും മുയലിനെ എടുത്തുമെല്ലാം ഫോട്ടോക്ക് പോസ് ചെയ്യുന്ന ധാരാളം ടൂറിസ്റ്റുകളെ കാണാന്‍ കഴിഞ്ഞു.
മനാലിയില്‍ നിന്നും ൨൦ കി.മീ. മാറിയാണ് ഗുലാബ സ്ഥിതിചെയ്യുന്നത്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളും അതിനിരുവശവും പരന്നുകിടക്കുന്ന പുല്‍ത്തകിടിയും കാട്ടുപൂക്കള്‍ വിരിക്കുന്ന പരവതാനിയും എല്ലാം ചേര്‍ന്ന പ്രകൃതി ദൃശ്യമാണ് ഗുലാബയില്‍ ഉള്ളത്. മഞ്ഞുകാലം പക്ഷേ ഇതെല്ലാം കവര്ന്നെടുക്കുമത്രെ.
രോഹ്തംഗ് പാസ്സ്
ഒരു നദിയുടെ ജനനം മുന്നില്‍ കാണുന്നത് എത്ര അവാച്യമായ അനുഭൂതിയാണ് നല്‍കുക എന്നത് രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര നമ്മെ അറിയിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 13050 അടി ഉയരത്തിലാണ് രോഹ്തംഗ് നിലകൊള്ളുന്നത്. ബിയാസിന്റെ തീരത്തുകൂടി മുകളിലേക്കുള്ള ഈ യാത്രയില്‍ ബിയാസ് നേര്‍ത്ത് ഒരു നീര്ച്ചാല് മാത്രമായി മാറുന്നത് നമുക്ക് കാണാം. ഹിമാലയത്തിന്റെ അടരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ചെറിയ ജലസ്രോതസ്സുകള്‍ ഇതിനെ പുഷ്ടിപ്പെടുത്തുന്നതും കാണേണ്ട കാഴ്ചയാണ്.
തിബത്തന്‍ ഭാഷയില്‍ രോഹ്തംഗ് എന്നാല്‍ മൃതദേഹങ്ങളുടെ ആലയം എന്നത്രേ അര്‍ത്ഥം. കാലാകാലങ്ങളില്‍ ഇവിടെ നടക്കുന്ന അപകടമരണങ്ങളുടെ ശൃംഖല ഈ വാക്കിനെ അന്വര്‍ത്ഥമാക്കുന്നു. ഇവിടുത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. ചിലപ്പോള്‍ ശക്തമായ കാറ്റ്, മറ്റു ചിലപ്പോള്‍ ഭയാനകമായ മഞ്ഞു വീഴ്ച. പ്രശാന്തസുന്ദരമായ കാലാവസ്ഥയായിരിക്കും ഇനിചിലപ്പോള്‍. റോഡുവഴി എത്തിച്ചേരാവുന്ന ലോകത്തിലെ തന്നെ ഉയരം കൂടിയ ഇടങ്ങളിലൊന്നായ രോഹ്തംഗ് പാസ്സിലേക്കുള്ള യാത്ര തീര്‍ത്തും ദുര്‍ഘടമേറിയത് തന്നെ.
മനാലിയില്‍ നിന്നും 51 കി.മീ. ആണ് രോഹ്തംഗിലേക്കുള്ള ദൂരം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷ നാണ് ഇവിടങ്ങളിലെ റോഡ് സംരക്ഷിക്കുന്നത്. ഒരു ഗട്ടര്‍ പോലുമില്ലാതെ വളരെ സുഖപ്രദമായ റോഡ്. ഈ റോഡ് താഴെ കാര്‍ഗിലിലേക്കും ലേയിലേക്കും നീളുന്നു.
കാലത്ത് 11 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയ്ക്കുള്ള സമയമാത്രേ രോഹ്തംഗ് പാസ്സിലൂടെ കടന്നുപോകുന്നതിനു ഏറ്റവും അഭികാമ്യം. അതല്ലാത്ത ഒരു സമയമാണെങ്കില്‍ മഞ്ഞുവീഴ്ചയോ ഹിമക്കാറ്റോ മൂലം ജീവന് അപകടത്തിലായേക്കാം.
ഞങ്ങളുടെ രോഹ്തംഗ് യാത്ര കാലത്ത് മനാലിയില്‍ നിന്നും ആരംഭിക്കുന്നു. വാഹനത്തില്‍, ഉയരങ്ങളിലേക്കുള്ള യാത്ര....
മനാലിയില്‍ നിന്നും യാത്ര ഏതാണ്ട് 10 കി. മീ. ആയിക്കാണും. ആ പ്രദേശത്ത് മരപ്പലകകള്‍ കൊണ്ടു തട്ടികൂട്ടിയ ഒട്ടേറെ കുടിലുകള്‍ ദൃശ്യമായി. യാത്രികള്‍ക്കുള്ള ബൂട്ട്സ്, കട്ടിയുള്ള രോമക്കുപ്പായം, കയ്യുറകള്‍ എന്നിവ വാടകയ്ക്ക് കൊടുക്കുന്ന കടകളാണിവയെല്ലാം. ഓരോ കടക്കാരനും നമ്മെക്കൊണ്ടു സാധനങ്ങള്‍ എടുപ്പിക്കാന്‍ മത്സരിക്കുന്നു. പക്ഷേ ബാര്ഗൈനിങ്ങിനു സ്കോപ്പില്ല. റേറ്റ് ഫിക്സെഡ്. ഗ്രേ നിറത്തില്‍ തലമുതല്‍ മുട്ടിനു താഴെ വരെ നീളുന്ന ഒരു വസ്ത്രം ഞാനും തരപ്പെടുത്തി. ഒപ്പം ബൂട്ട്സും ഓട്ടവീണു തുടങ്ങിയിരിക്കുന്ന ഒരു ഗ്ലൌസും.
താഴെ പരന്നു കിടക്കുന്ന മനാലി ടൌണ്‍. ഒരു വശത്ത് പച്ച വിരിച്ച കുളു താഴ്വര. അതിനു പതക്കം ചാര്‍ത്തി നീര്‍ച്ചാലുകള്‍.മറുവശത്ത് മഞ്ഞും ഹിമപാളികളും മൂടിക്കിടക്കുന്ന ഗിരി ശൃംഖങ്ങള്‍.... യാത്രയില്‍ കാണുന്ന കാഴ്ച ഇങ്ങനെ നീളുന്നു.
വഴിക്കൊരിടത്ത് നടന്നുകൊണ്ടിരിക്കുന്ന വിവാഹച്ചടങ്ങില്‍ ചെറുതായൊന്നു പങ്കുകൊണ്ടു. പാരമ്പര്യ വസ്ത്രമണിഞ്ഞു വരനും വധുവും. ഒരു ഫോട്ടോക്ക് ഒപ്പം നില്ക്കാന് അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ തടസ്സമൊന്നുമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ചില
കാരണവന്മാര് ചാടി വീണു. വധൂവരന്മാര്ക്ക് വിവാഹാശംസകളും നേര്‍ന്നു യാത്ര തുടര്‍ന്നു.
ടൂറിസ്റ്റ് വാഹനങ്ങളും മിലിട്ടറി ട്രക്കുകലുമല്ലാതെ മറ്റെന്തെങ്കിലും വണ്ടികള്‍ അധികമൊന്നും വഴിയില്‍ കാണാനുണ്ടായിരുന്നില്ല.
രോഹ്തംഗിന്റെ മുകളിലെത്തുമ്പോള്‍ സമയം 11മണി ആവുന്നു. ശക്തമായ ഹിമക്കാറ്റ് വീശുന്നുണ്ട്. അതില്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്യാനാകാതെ നമ്മള് ആടിയുലയുന്നു. മഞ്ഞിന്‍കണങ്ങള്‍ വന്ന് ചെറുതായി നമ്മെ പൊതിയുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയെല്ലാം നീങ്ങി ശാന്തമായി. ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരുന്നു.
അത് ഒക്ടോബര്‍ മാസമായിരുന്നു. കുളു താഴ്വരയേയും സമീപ പ്രദേശങ്ങളെയും ശൈത്യം ഗ്രസിക്കുന്നത്
ഒക്ടോബറിലാണ്. അതുവരെ മഴക്കാലമാണ്. ഫെബ്രുവരി/ മാര്‍ച്ച് വരെ ശൈത്യം നീളും. നവംബര്‍ മുതല്‍ ഫെബ്രുവരിവരെ കുളു മിക്കവാറും മഞ്ഞില്‍ പുതച്ചുനില്ക്കുകയായിരിക്കും. പല പ്രദേശങ്ങളിലേയും താപനില (-)10 ഡിഗ്രീ സെല്‍ഷിയസ് വരെ എത്തിയിരിക്കും. രോഹ്തംഗ് പാസ്സ് പോലുള്ള ഒരു പ്രദേശത്ത് ആ സമയം എത്തിച്ചേരുക എന്നത് അചിന്ത്യം. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഒക്ടോബര്‍ മാസം യാത്രക്കായി തിരഞ്ഞെടുത്തത്. പക്ഷേ, രോഹ്തംഗില്‍ എത്തിയപ്പോഴാണ് ഈ തിരഞ്ഞെടുപ്പില്‍ സങ്കടം തോന്നിയത്. ഹിമം കട്ടപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര സ്വപ്നം കണ്ടു വന്നത് വെറുതെയായിപ്പോയോ?
2 മണിയാവുമ്പോഴേക്കും മടങ്ങണം. ഇനിയും മൂന്നു മണിക്കൂര്‍ സമയം കയ്യിലുണ്ട്. ആദ്യം നടന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ മഞ്ഞ ഫലകത്തിനടുത്തെക്കായിരുന്നു. റോഡു വഴി കടന്നുപോകാന്‍ പറ്റുന്ന ഏറ്റവും ഉയരത്തിലുള്ള പ്രദേശം എന്ന് ആ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. റോഡ് അവിടെ നിന്നും ലേ വരെ നീളുന്നു.
അല്പം കൂടി ഉയരത്തിലേക്ക് നടക്കുകയാണെങ്കില്‍ ഒരുപക്ഷേ, മഞ്ഞുമൂടിയ ചെറുതായി ഹിമം പൊഴിയുന്ന പ്രദേശങ്ങള്‍ കാണാനായേക്കുമെന്ന് ഗൈഡ് പറഞ്ഞിരുന്നു. ഒപ്പം അവിടെയുള്ള കുതിരക്കാരുറെ മോഹനവലയത്ത്തില് വീഴരുതെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ നമ്മെ ഒരുപാടു ദൂരം സഞ്ചരിപ്പിച്ച് പ്രത്യേകിച്ച് ഒന്നും കാണിക്കാതെ തിരിച്ചെത്തിച്ചെന്നും വരാമത്രേ.
ഞങ്ങള്‍, ഒരു ചെറു സംഘം ഏതായാലും നടക്കാന്‍ തീരുമാനിച്ചു. മുകളിലേക്കുള്ള കയറ്റം ദുസ്സഹമായിരുന്നു. ഹിമക്കാറ്റ്, ശ്വാസതടസ്സം, കനത്ത സ്വെറ്ററിന്നുള്ളിലൂടെപ്പോലും അരിച്ചെത്തുന്ന തണുപ്പിന്റെ തീവ്രത.... കുറിയ ചില പുല്ലുകളും ചെറിയ പാറകളും അല്ലാതെ മറ്റൊന്നുമില്ല. വഴിയില്‍ കസ്തൂരിയും കുങ്കുമവുമൊക്കെ വില്‍ക്കുന്ന നാടോടികള്‍ ചിലപ്പോഴൊക്കെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. തിരിച്ചു വരാനുള്ള ദിശ തെറ്റാതെ ഇരുന്നും നടന്നുമോക്കെയായി ഒരു മണിക്കൂര്‍ കൊണ്ട് ഒരു ശൃംഖത്തിന്റെ മുകളിലെത്തി. അവിടെനിന്നും താഴേക്കുള്ള കാഴ്ച... രണ്ടു മല നിരകള്‍ക്കിടയിലുള്ള പ്രദേശം. പല ഭാഗങ്ങളിലും അവിടെ മഞ്ഞിന്റെ വെള്ളപരവതാനി വിരിച്ചിരിക്കുന്നു. സൂര്യ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഹിമശിഖരങ്ങള്‍ ഏതാനും കിലോ മീറ്ററുകള്‍ മാത്രം മുന്നില്‍. ആ 'ഹിമഭൂവിലേക്ക്' ഞങ്ങള്‍ ഇറങ്ങിച്ചെന്നു. കടുത്ത തണുപ്പിനെ വകവെയ്ക്കാതെ പത്തുമിനിട്ടിലേറെ അവിടെ ചിലവഴിച്ചു കാണും. ബൂട്ടുകള്ക്കടിയില്ക്കൂടി പോലും തണുപ്പ് എത്തിനോക്കാന്‍ തുടങ്ങി. ഗൈഡ് പറഞ്ഞ മുന്നറിയിപ്പു ഓര്‍മ്മയിലെത്തി. ഇനിയും നിന്നാല്‍ ഒരു പക്ഷേ, കാലുകള്‍ സ്ഥിരമായി മരവിച്ചു പോയേക്കാം. തിരിച്ചു നടക്കുമ്പോഴും ആ വിസ്മയ ലോകത്തിന്റെ ആസ്വാദനത്തിന്റെ അനുരണനങ്ങള്‍ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു.
ഏതാനും നീര്‍ച്ചാലുകള്‍ ചേര്‍ന്ന് സുന്ദരിയായ ബിയാസ് ആയിമാറുന്ന കാഴ്ചയും കണ്ടുകൊണ്ട് രോഹ്തംഗില്‍ നിന്നുമുള്ള മടക്കയാത്ര, മനാലിയിലേക്ക്.
കലാകാരനും പര്വ്വതചാരുതയും സന്ധിക്കുമ്പോള്‍
മനാലിയില്‍ നിന്നുമുള്ള മടക്ക യാത്രയിലാണ് നഗ്ഗാര്‍ സന്ദര്‍ശിക്കുന്നത്. ഇത് ബിയാസിന്റെ മറുകരയിലാണ്. കുളുവില്‍ നിന്നും നഗ്ഗാറിലേക്കുള്ള ദൂരം 22 കി.മീ ആണ്. വിശ്വപ്രശസ്തമായ റോറിച്ച് ആര്‍ട്ട് ഗാലറി ഇവിടെ സ്ഥിതി ചെയ്യുന്നു.
1874 -ല്‍ റഷ്യയിലെ സെയിന്റ് പിറ്റേഴ്സ്ബര്‍ഗില്‍ ജനിച്ച നിക്കോളാസ് റോറിച്ച് നിയമത്തിലാണ് ബിരുദമെടുത്തതെങ്കിലും അദ്ദേഹത്തിന്റെ മേച്ചില്പുറം കല, സംസ്കാരം, പുരാവസ്തു ഗവേഷണം എന്നീ മേഖലകളിലായിരുന്നു. അദ്ദേഹത്തെ ലോകം അറിയപ്പെടാന്‍ തുടങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍, 1923-ല്‍, ഇന്ത്യയില്‍ വരികയും നഗ്ഗാറില്‍ വാസമുറപ്പിക്കുകയും ചെയ്തു. അദ്ദേഹം മാണ്ടിയിലെ രാജാവില്‍ നിന്നും വാങ്ങിയ ഗൃഹത്തിലാണ് ഇന്ന് ആര്‍ട്ട് ഗാലറി നിലകൊള്ളുന്നത്. 1947 ഡിസംബറില്‍ അവസാനിച്ച തന്റെ ജീവിത കാലത്തിനിടക്ക് 7000 -ത്തോളം പെയിന്റിംഗുകളും 30 -ഓളം ഗ്രന്ഥങ്ങളും അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രനായ ഡോ. സ്വെറ്റസ്ലോവ് റോറിച്ചും പിതാവിനെ പോലെത്തന്നെ പ്രശസ്തനായിരുന്നു. പ്രശസ്ത ഹിന്ദി നടി ദേവികാ റാണി ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.
റോറിച്ച് ആര്‍ട്ട് ഗാലറിയുടെ നിയന്ത്രണം ഇപ്പോള്‍ റോറിച്ച് മെമ്മോറിയല്‍ ട്രസ്റ്റ് എന്ന സംഘടനക്കാണ്. രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആര്‍ട്ട് ഗാലറി. അതില്‍ 45 -ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹിമാലയത്തിലെ സൂര്യാസ്തമയവും , എഴുന്നു നില്ക്കുന്ന ഹിമശിഖരങ്ങളും ഉള്‍പ്പെടെ ഒട്ടനവധി മനോഹര ചിത്രങ്ങള്‍ ഇവിടെയുണ്ട്. മുകളിലത്തെ നിലയില്‍ റോറിച്ച് കുടുംബം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അടച്ചിട്ടിരിക്കുന്ന സുതാര്യ ജാലകത്തിലൂടെയാണ് ഇവ കാണാന്‍ കഴിയുക. ആര്‍ട്ട് ഗാലറിയുടെ ഗാരേജില്‍ റോറിച്ച് ഉപയോഗിച്ചിരുന്ന 1928 മോഡല്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
കല്ലുപാകി വൃത്തിയാക്കി സൂക്ഷിച്ച നടപ്പാതയും നല്ലതുപോലെ പരിപാലിച്ചുവരുന്ന ചെറിയ പൂന്തോട്ടവും ചുറ്റും ഉയര്‍ന്നു നില്ക്കുന്ന ദേവദാരുവൃക്ഷങ്ങളും പുറകില്‍ ദൃശ്യമാകുന്ന ഹിമാസാനുക്കളും റോറിച്ച് ആര്‍ട്ട് ഗാലറിയുടെ വശ്യത കൂട്ടുന്നു.
ഓര്‍മ്മയില്‍ പെയ്തൊഴിയാതെ ബിയാസ്
ഇനി മടക്കയാത്രയാണ്.
ബിയാസിന്റെ തീരത്തുകൂടി.
കുളു, ഭുണ്ടാര്‍, ബജൌരി എന്നീ പ്രദേശങ്ങള്‍ താണ്ടി മാണ്ടിയിലെത്തി.
ബിയാസ്....,
ഇവിടെ വച്ച് ഞാന്‍ നിന്നോടു വിട പറയുകയാണ്,
പിരിയണമെന്നോരാഗ്രഹം ഒട്ടുമില്ലെന്നാകിലും.
മൂന്നുനാള്‍ നീണ്ട സഹാവാസത്തിന്റെ യാമങ്ങളില്‍ നിയെനിക്കേകിയ അനുഭൂതികള്‍....
ഓര്‍ക്കുന്നു ഞാനവയെല്ലാം ഇന്നുമിപ്പോഴും,
ഓര്‍മ്മകളില്‍ വിരിയുന്ന കളകളാരവങ്ങള്ക്കൊപ്പം.
============
31 ജനുവരി 2011
ബിയാസിന് തീരഭൂവില്‍ (ഭാഗം -1)
.
ബിയാസിനെ ആദ്യമായി കണ്ടുമുട്ടുന്നത് മാണ്ടിയില്‍ വച്ചാണ്. അപ്പോഴേക്കും സിംലയില്‍ നിന്നും 150 കിലോമീറ്ററോളം ഞാന്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായിരുന്നില്ല ആ പ്രഥമ ദര്‍ശനം. ഏറെക്കുറേ അനാകര്‍ഷകയായ അവളെ നോക്കി ഞാന്‍ അറിയാതെ മന്ത്രിച്ചുപോയി: നീയോ ബിയാസ് ? കുളുവിന്റെ മാനസപുത്രിയാണ് പോലും...
അവളില്‍ നിന്നും ഒരു തണുത്ത ചിരി ഉതിര്ന്നുവോ? അതില്‍ പരിഹാസത്തിന്റെയും പുച്ചത്തിന്റെയും ശല്കങ്ങള് ഒളിഞ്ഞിരുന്നുവോ?
ഇനിയുള്ള യാത്ര ഉയരങ്ങളിലേക്കാണ്. ഹിമവാന്റെ മടിത്തട്ടിലൂടെ , കുളുവിലേക്ക്. യാത്രയില്‍ കാണുന്ന ദൃശ്യം- ഇടതു വശത്ത് നിറഞ്ഞു നില്ക്കുന്ന കുളുതാഴ്വര ; വലതു ഭാഗത്ത് ബിയാസ് നദി. മുകളിലോട്ടുപോകുംതോറും ബിയാസ് കൂടുതല്‍ ലാവണ്യവതിയാകുന്നു. ഉയരങ്ങളില്‍ നിന്നും വെളുത്ത പാറകളെ തഴുകിയുള്ള യാത്ര കളകളാരവം ഉയര്‍ത്തുന്നു. ചിലപ്പോളൊക്കെ അവള് ചുഴികള്‍ സൃഷ്ടിച്ച് അട്ടഹസിക്കുന്നു.
ബിയാസ് നദി
ബിയാസിനെ ആദ്യമായി കണ്ടുമുട്ടുന്നത് മാണ്ടിയില്‍ വച്ചാണ്. അപ്പോഴേക്കും സിംലയില്‍ നിന്നും 150 കിലോമീറ്ററോളം ഞാന്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായിരുന്നില്ല ആ പ്രഥമ ദര്‍ശനം. ഏറെക്കുറേ അനാകര്‍ഷകയായ അവളെ നോക്കി ഞാന്‍ അറിയാതെ മന്ത്രിച്ചുപോയി: നീയോ ബിയാസ് ? കുളുവിന്റെ മാനസപുത്രിയാണ് പോലും...
അവളില്‍ നിന്നും ഒരു തണുത്ത ചിരി ഉതിര്ന്നുവോ? അതില്‍ പരിഹാസത്തിന്റെയും പുച്ചത്തിന്റെയും ശല്കങ്ങള് ഒളിഞ്ഞിരുന്നുവോ?
ഇനിയുള്ള യാത്ര ഉയരങ്ങളിലേക്കാണ്. ഹിമവാന്റെ മടിത്തട്ടിലൂടെ , കുളുവിലേക്ക്. യാത്രയില്‍ കാണുന്ന ദൃശ്യം- ഇടതു വശത്ത് നിറഞ്ഞു നില്ക്കുന്ന കുളുതാഴ്വര ; വലതു ഭാഗത്ത് ബിയാസ് നദി. മുകളിലോട്ടുപോകുംതോറും ബിയാസ് കൂടുതല്‍ ലാവണ്യവതിയാകുന്നു. ഉയരങ്ങളില്‍ നിന്നും വെളുത്ത പാറകളെ തഴുകിയുള്ള യാത്ര കളകളാരവം ഉയര്‍ത്തുന്നു. ചിലപ്പോളൊക്കെ അവള് ചുഴികള്‍ സൃഷ്ടിച്ച് അട്ടഹസിക്കുന്നു.
'ലഷ് വാലി ഓഫ് കുളു '
പതിമ്മൂന്നു -പതിന്നാലു വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ മനനം ചെയ്ത് പരുവപ്പെടുത്തിയിരുന്ന ഒരു സ്വപ്നമാണ് 'ലഷ് വാലി ഓഫ് കുളു'- സമൃദ്ധമായ കുളുതാഴ്വര. തിരുവനന്തപുരത്തെ ആര്‍ട്ട് ഗാലറി അന്ന് സന്ദര്‍ശിച്ചപ്പോള്‍ എന്നെ ആകര്‍ഷിച്ചത് രവിവര്‍മ ചിത്രങ്ങളേക്കാളെറേ മറ്റൊരു കലാകാരന്റെ സൃഷ്ടികളായിരുന്നു. കുളു താഴ്വരയെ ഏറെ സ്നേഹിച്ച റഷ്യക്കാരനായ നിക്കോളാസ് റോറിച്ചിന്റെ 'ലഷ് വാലി ഓഫ് കുളു' സീരീസിലുള്ള റിയലിസ്റ്റിക്ക് ചിത്രങ്ങള്‍. അന്നുമുതല്‍ എന്നെ സംബന്ധിച്ചിടത്തോളം കുളു ഒരു സ്വപ്ന ലോകമായിരുന്നു- മഞ്ഞിന്റെ ധവളാഭയും സസ്യജാലങ്ങളുടെ ഹരിതാഭയും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു 'ഫെയറി ലാന്റ്'.
5503 ച. കി.മീ. വിസ്തീര്‍ണ്ണമുളള കുളു ജില്ല ഹിമാചല്‍ പ്രദേശിന്റെ ആകെ വ്യാപ്തിയുടെ ഇരുപതു ശതമാനത്തോളം വരും. 50 മൈലോളം നീളത്തിലും ഒരു മൈല്‍ വീതിയിലും കുളു വാലി വ്യാപിച്ചുകിടക്കുന്നു.
ചരിത്രം
കുളു എന്ന വാക്കിന്റെ ഉദ്ഭവം ബിയാസ് നദീതീരത്ത് വസിച്ചിരുന്ന 'കളൂട്ട്' എന്ന ഗോത്രവര്ഗ്ഗത്തില് നിന്നുമാണെന്ന് വിശ്വസിക്കുന്നു. മഹാഭാരതത്തില്‍ കളൂട്ടുകളെക്കുറിച്ച് പറയുന്നുണ്ട്. ഈ വംശത്തില്‍പ്പെട്ട പര്വ്വതേശ്വര രാജാവ് അര്‍ജ്ജുനനുമായി യുദ്ധം ചെയ്യുന്നതായും മറ്റൊരു രാജാവായ ക്ഷേമധ്രുതി യുദ്ധത്തില്‍ പരാജയപ്പെടുന്നതായും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഒന്നാം നൂറ്റാണ്ടിലേതുള്പ്പെടെയുള്ള നാണയങ്ങളും കളൂട്ട് വംശത്തിലേക്ക് വെളിച്ചം നല്‍കുന്നതത്രെ. പിന്നീട് 1500 വര്‍ഷത്തോളം കുളു 'പാല്' സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വെഹങ്കമണിപാലില് തുടങ്ങി ഏതാണ്ട് 85 -ഓളം പാല് രാജാക്കന്മാര് ഈ കാലയളവില്‍ കുളു ഭരിച്ചു. അതിനുശേഷം ഭരണം ഏതാനും 'സിക്' രാജാക്കന്മാരുടെ വശമായിരുന്നു. ലാഹോര്‍ ഉടമ്പടി പ്രകാരം 1846-ല്‍ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കൈവശമായി. 1963-ല്‍ കുളു ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. 1966-ല്‍ ഹിമാചല്‍പ്രദേശ് സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ അതിന്റെ ഭാഗമായി.
ബിയാസ് നദി
പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും പിന്‍ബലത്തില്‍, ആദിമമനുഷ്യന്റെ ഉത്ഭവം ബിയാസിന്റെ തീരഭൂവില്‍ നിന്നുമാണെന്ന് വാദിക്കുന്ന പണ്ടിതരുണ്ട്. ആദിമ സംസ്കാരങ്ങള്‍ നിലനിന്നിരുന്ന ഏഴു നദീതടങ്ങളിലൊന്നു ബിയാസിന്റെതാണെന്നും കരുതപ്പെടുന്നു. പുരാണങ്ങളില്‍ ഈ നദി 'ആര്‍ജിക' എന്ന പെരിലത്രേ അറിയപ്പെടുന്നത്.
ബിയാസിന്റെ ഉത്ഭവം രോഹ്തങ്ങില് നിന്നും 8 കി. മീ. അകലെ 3978 മീറ്റര്‍ ഉയരത്തിലുള്ള ബിയാസ് റിഖി തടാകത്തില്‍ നിന്നുമാണ്. അവിടേ നിന്നും താഴ്വരയിലൂടെ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടങ്ങളില്‍ വച്ച് നീര്‍ച്ചാലുകള്‍ ബിയാസിനെ സമ്പുഷ്ടമാക്കുന്നു. ഭുണ്ടാറില്‍ വച്ച് പാര്വ്വതിനദി ബിയാസിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു. ലാര്ജിവരെ തെക്കോട്ടൊഴുകുന്ന ഈ നദി, അവിടെ വച്ച് പടിഞ്ഞാറോട്ട് തിരിയുന്നു. വഴിയിലുടനീളം പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞോഴുകുകയാണ് ബിയാസ്.
യാത്ര തുടരുകയാണ്.....
ബിയാസിന്റെ ഭാവം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. NH-21 ലൂടെ മാണ്ടിയില്‍ നിന്നും 58 കി.മീ ദൂരം ബിയാസിന്റെ തീരത്തുകൂടെ സഞ്ചരിച്ച പ്പോള്‍ ഭുണ്ടാര്‍ എന്ന സ്ഥലത്തെത്തി. ഇവിടെ വച്ചാണ് പാര്‍വ്വതി (പാര്‍ബതി) നദി ബിയാസുമായി സംഗമിക്കുന്നത്.
തത്കാലം ബിയാസിനു വിട ! ഇനി കുറച്ചു മണിക്കൂറുകള്‍ ബിയാസിന്റെ സഖിയായ പാരവ്വതീ നദിയുമൊത്ത്. മാണ്ടി - കുളു NH -21 ല്‍ നിന്നും ഭുണ്ടാറില്‍ വച്ച് വലത്തോട്ട് തിരിഞ്ഞ് 35കി.മീ.പോയാലാണ് മണികറന്‍ എന്ന സ്ഥലം. ഇനിയുള്ള യാത്ര അങ്ങോട്ട്. ഇപ്പോള്‍ ഇടതുവശത്ത് തളിര്‍ത്തു നില്ക്കുന്ന പാര്‍വ്വതീ വാലി. വലതുവശത്ത് ആര്‍ത്തൊഴുകുന്ന പാര്വ്വതീനദി.യാത്ര വളരെ സാവധാനമാണ്. മണികറന്‍ സമുദ്ര നിരപ്പില്‍ നിന്നും 5200 അടി ഉയരത്തില്‍ കിടക്കുന്ന പ്രദേശമാണ്.
കസോള്‍ മുതല്‍ ബ്രഹ്മഗംഗ വരെയുള്ള പാര്‍വ്വതി നദിയുടെ തീരത്തുള്ള 5കി.മീ. പ്രദേശം ചൂട് നീരുറവകളാല്‍ പ്രശസ്തമാണ്. അവയില്‍ ചൂടേറെയുള്ളത് മണികറനില്‍ കാണുന്ന ഏതാനും ഉറവകള്‍ക്കാണ്.
മണികറന്‍ - ഐതിഹ്യവും ശാസ്ത്രവും
88 ഡിഗ്രി മുതല്‍ 94 ഡിഗ്രി സെല്‍ഷിയസ് വരെയാണ് മണികറനിലെ നീരുറവകളില്‍ നിന്നും വമിക്കുന്ന ജലത്തിന്റെ ചൂട്. മണി കറന് എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം ചെവിയിലെ രത്നം എന്നാണ്. (മണി = രത്നം ; കറണ്‍ =കര്‍ണ്ണം(ചെവി)). ഈ വാക്കിന്റെ ഉത്ഭവം ഒരു ശിവ-പാര്‍വ്വതി കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പതിനൊന്നായിരം വര്‍ഷത്തോളം ശിവനും പാര്‍വ്വതിയും ഈ താഴ്വാരത്തില്‍ ധ്യാനവും ക്രീഡയും ആയി താമസിച്ചു വന്നിരുന്നത്രേ. പാര്‍വ്വതിയുടെ കര്‍ണ്ണത്തില്‍ അണിഞ്ഞിരുന്ന രത്നം ഒരു ദിനം നദിയില്‍ വീണു. ശിവന് തന്റെ ഭൂതഗണങ്ങളോട് അത് കണ്ടെടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ക്കതിനായില്ല. ക്രോധപൂര്‍വ്വം ശിവന് തന്റെ തൃക്കണ്‍ തുറന്നത്രേ. അതില്‍ നിന്നും 'നൈനാ'ദേവി പുറത്തുവന്നു. ശേഷനാഗം ഫണമുയര്‍ത്തി ചീറ്റി. എല്ലാം കൂടിയായപ്പോള്‍ അവിടെയുള്ള വെള്ളം തിളക്കാന്‍ തുടങ്ങി. ആയിരക്കണക്കിന് രത്നങ്ങളും കല്ലുകളും അതില്‍ നിന്നും പുറത്തുവന്നു. അതിലൊന്ന് പാര്‍വ്വതിയുടേതായിരുന്നു.
ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ചൂട് നീരുറവകള്‍ക്ക് നല്കുന്ന വിശദീകരണം ഈ പ്രദേശങ്ങളില്‍ കാണുന്ന 'റേഡിയം' മൂലകത്തിന്റെ സാന്നിദ്ധ്യമാണ്. 1905 -ലെ ഭൂകമ്പം വരെ ഇവിടുത്തെ ഉറവകളില്‍ നിന്നും പതിന്നാലടി ഉയരത്തില്‍ വരെ വെള്ളം വമിച്ചിരുന്നത്രേ. നിരവധി അമൂല്യമായ കല്ലുകളും രത്നങ്ങളും പുറത്തേയ്ക്ക് വന്നിരുന്നതായും പറയപ്പെടുന്നു! എന്നാലിന്ന് ഈ ചൂടുറവകളില്‍ നിന്നും അധികം ഉയരത്തിലെക്കൊന്നും വെള്ളം വമിക്കുന്നില്ല. ഇത്തരം നീരുറവകളുടെ ചുറ്റും പുകപടലം പോലെ ശക്തമായ ആവി ഉയരുന്നത് കാണാമായിരുന്നു.
ഇവിടുത്തെ വെള്ളത്തിനു സ്വാദ് വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ല. ചൂടുനീരുറവകളിലെ ജലവും പാര്‍വ്വതി നദിയിലെ വെള്ളവും മിശ്രണം ചെയ്ത 'ബാത്തിംഗ് ഘട്ടുകളില്‍' ഏറെപ്പേര്‍ കുളിക്കുന്നുണ്ട്. വാതം ത്വക് രോഗം തുടങ്ങിയവ ഈ ജലത്തില്‍ സ്ഥിരമായി കുളിക്കുന്നത് വഴി മാറുമെന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടത്രേ. അരിയും ഉരുളക്കിഴങ്ങും പയറുവര്‍ഗ്ഗങ്ങളും ചൂടുനീരുരവയില് മുക്കിവച്ച പാത്രങ്ങളില്‍ വേവിക്കുന്നതും കാണാമായിരുന്നു.
ക്ഷേത്രവും ഗുരുദ്വാരയും
മണികറനിലെ പിരമിഡ് ആകൃതിയിലുള്ള രാമക്ഷേത്രം അതിന്റെ നിര്‍മ്മാണ ശൈലികൊണ്ടു ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. വൈഷ്ണവ വിശ്വാസിയായിരുന്ന രാജ ജഗത്സിംഗ്, 16-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ 17 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അയോധ്യയില്‍ നിന്നും രാമവിഗ്രഹം കൊണ്ടുവന്ന് രണ്ട് ശിവ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് നിര്‍മ്മിച്ചതത്രേ ഈ രാമക്ഷേത്രം. 1889-ല്‍ രാജാദിലീപ് സിംഗ് ഇത് നവീകരിച്ചു. ആവി പാറുന്ന ഒരു മുഖ്യ ചൂടുനീരുറവ ഈ ക്ഷേത്രത്തിനു സമീപമാണ്.
ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ശ്രീനാരായണ് ഹരി ഗുരുദ്വാര. ഗുരു ശ്രീനാരായണ് ഹരി 1940-ല്‍ കുളുവില്‍ വരികയും മണികറനെ തന്റെ പ്രവര്‍ത്തന കേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989-ല്‍ അദ്ദേഹം മരിക്കുമ്പോഴേക്കും ഗുരുദ്വാര വളരെ പ്രശസ്തമായി കഴിഞ്ഞിരുന്നു. ഹരിഹര്ഘട്ട് എന്നും ഈ പ്രദേശം അറിയപ്പെടുന്നു. മിക്കവാറും മാര്‍ബിളിലാണ് ഗുരുദ്വാര പണിതിട്ടുള്ളത്. അടിയിലൂടെ ചൂടുറവകള്‍ ഒഴുകുന്നതിനാല്‍ പലയിടങ്ങളിലും നഗ്നപാദങ്ങള്‍ കൊണ്ടു നടക്കാന്‍ പ്രയാസമാണ്. (പാദരക്ഷകള്‍ പുറത്ത് വച്ചിരിക്കുമല്ലോ.) ഇത്തരം ഭാഗങ്ങളിലൊക്കെ മരപ്പലകകള്‍ ഇട്ടിരിക്കുകയാണ്. അതിലൂടെ വേണം നടന്നു നീങ്ങുവാന്‍. ആചാര പ്രകാരം തലമുടി തൊപ്പികൊണ്ടും ടവല്കൊണ്ടും ചുരിദാര്‍ ഷാള്‍ കൊണ്ടുമൊക്കെ മറിച്ച് ആളുകള്‍ നടന്നു നീങ്ങുന്നു.
ഗുരുദ്വാരയില്‍ ഉച്ചഭക്ഷണം സൌജന്യമാണ്. അതിനായി ഞങ്ങളുടെ യാത്രാസംഘത്തിലെ എലാവരും ഇരുന്നു, നിലത്തുവിരിച്ച പായയില്‍. വിശേഷ ദിനങ്ങളില്‍ നല്ല സദ്യയാണത്രെ. ഏതായാലും അന്നൊരു വിശേഷ ദിനമായിരുന്നില്ല. റൊട്ടിയുണ്ട് ചോറുണ്ട് കൂട്ടിനു പേരറിയാത്ത രണ്ടു-മൂന്ന് കറികളും. ഭക്ഷണം എത്ര വേണമെങ്കിലും തരും. അവര്‍ സമൃദ്ധിയായി വിളമ്പി. എല്ലാം കഴിച്ചേ എഴുന്നെല്‍ക്കാവൂ എന്ന നിബന്ധന പിന്നീടാണറിഞ്ഞത് . തീര്‍ച്ചയായും ന്യായം തന്നെ. അത് നിരീക്ഷിക്കുന്നതിനായി രണ്ടുമൂന്നു 'സൂപ്പര്‍വൈസര്‍മാര്‍' ആക്രോശിച്ചു കൊണ്ടു നില്‍പ്പുണ്ട് അവരുടെ നോട്ടവും നീണ്ട കൃപാണ്ഉം കാണുമ്പോള്‍ തന്നെ നമ്മള് ചകിതരാകും റൊട്ടിയും ചോറും ഓ.കെ. പക്ഷേ, കറികള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യക്കാരായ ഞങ്ങളെല്ലാവരും നമോവാകം ചൊല്ലി. എന്തുചെയ്യാം ? കാവല്‍ നില്ക്കുകയല്ലേ നമ്മുടെ കഥാപാത്രങ്ങള്‍. ഒരു വിധം തീര്‍ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ഉരുളക്കിഴങ്ങും അരിയുമെല്ലാം ഇവിടെയും വേവിക്കുന്നത് നീരുരവയില്‍ മുക്കിവച്ച പാത്രങ്ങള്‍ വഴിയാണ്. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ കഴുകി 'ഹൈജീനിക്ക്' ആവാനും ഏറെ എളുപ്പം !
കുളു പട്ടണം
മണികറനില്‍ നിന്നും മടക്കയാത്ര. ഇപ്പോള്‍ വലതുവശത്ത് പാര്‍വ്വതി വാലി, ഇടതുവശത്ത് പാര്‍വ്വതി നദി. വീണ്ടും ഭുണ്ടാര്‍. അവിടെ നിന്നും മാണ്ടി -കുളു ദേശീയ പാതയിലൂടെ ബിയാസിന്റെ തീരത്തുകൂടി സഞ്ചരിച്ച് കുളുവിലേക്ക് ....
സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 4000അടി ഉയരത്തിലാണ് കുളു സ്ഥിതിചെയ്യുന്നത്. കുളു പട്ടണത്തെ നാലായി തിരിച്ചിരിക്കുന്നു- ധാല്‍പൂര്‍, സര്വ്വാരി, ആഖാര, സുല്‍ത്താന്‍പൂര്‍ എന്നിങ്ങനെ. സുല്‍ത്താന്‍പൂര്‍ പഴയ ഒരു ബാസാറാണ്. സര്‍വ്വാരിയും അഖാരയും പുതിയ വാണിജ്യകേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളൊക്കെ താരതമ്യേന വൃത്തിഹീനമാണെന്ന് വേണം പറയാന്‍. ധാല്‍പൂര്‍ ആണ് ജില്ലാ ആസ്ഥാനം. മിക്കവാറും എല്ലാ ഗവണ്മെന്റ് ഓഫീസുകളും ഇവിടെ സ്ഥിതിചെയ്യുന്നു. വിശാലമായ മൈതാനങ്ങളും അതിനു പശ്ചാത്തലമൊരുക്കുന്ന വലിയ മലനിരകളും കൊണ്ടു മനോഹരമാണ് ഈ പ്രദേശം. വൈകുന്നേരങ്ങളില്‍ ഒറ്റയായും കൂട്ടമായും ആളുകള്‍ മൈതാനത്തിരുന്നു മലയുടെ ദൃശ്യചാരുത ആസ്വദിക്കുന്നത് കാണാനായി. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കുളുവിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണിതെന്ന് എനിക്ക് മനസ്സിലായി. ഒരു മാസ്മരിക ലോകത്ത് പിണ്ഡവും രൂപവും നഷ്ടപ്പെട്ട് മേഘപാളികളെപോല് പാറിനടക്കുന്ന ഒരവസ്ഥ...
മൂന്നു കാര്യങ്ങള്ക്കത്രേ കുളു ഏറെ പ്രശസ്തം. ആദ്യത്തേത് കുളു താഴ്വര തന്നെ. കുളു ഷാളുകളും ദസറ ഉത്സവവും അത്രതന്നെ പ്രശസ്തമാണ്.
30,000 പേര്‍ക്ക് നേരിട്ടും അല്ലാതെയുമായി തൊഴില്‍ നല്കുന്ന ഒരു കുടില്‍ വ്യവസായമാണ് കുളുവിലെ ഷാള്‍ നിര്‍മ്മാണമേഖല. 300-ഓളം സഹകരണസംഘങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഷാള്‍ കൂടാതെ സ്വെറ്ററുകളും തൊപ്പികളും ഈ സ്ഥാപനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നുരണ്ടു കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി. നമ്മുടെ നാട്ടിലെ കൈത്തറികള്‍ക്ക് സമാനമായ തറികളില്‍ തന്നെയാണ് ഇവയുടെ നിര്‍മ്മാണവും. ഇഴയടുപ്പം, ഡിസൈനുകള്‍, നൂലിന്റെ ഗുണം എന്നിവയ്ക്കനുസരിച്ച് ഷാളിന്റെ വിലയിലും വ്യത്യാസമുണ്ട്. ഇരുന്നൂറു രൂപ മുതല്‍ പതിനായിരക്കണക്കിനു രൂപവരെ വിലയുള്ള ഷാളുകള്‍ കാണുവാന്‍ കഴിഞ്ഞു. മുപ്പതോ അന്‍പതോ രൂപയ്ക്ക് കിട്ടുമെന്നതിനാല്‍ കുളു തൊപ്പികള്‍ മിക്കവാറും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തദേശീയരുടെ വസ്ത്രധാരണത്തിന്റെ ഒരു ഭാഗമാണ് ഈ തൊപ്പികള്‍. ബഹുവര്‍ണ്ണത്തിലുളള ഒരു തുണികഷ്ണമോ വെല്‍വറ്റ് നാടയോ ഒരുവശത്ത് തുന്നിപ്പിടിപ്പിച്ച കിന്നരിതൊപ്പികളാണിവ.
കുളുതാഴ്വര
(തുടരും....)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)